വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി കണ്ടെത്തിയ, നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, ജില്ലാ പോലീസ് വിഭാഗങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) ആദരിക്കും

പോസ്റ്റഡ് ഓണ്‍: 14 OCT 2026 6:03PM by PIB Thiruvananthpuram

സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി കണ്ടെത്തിയ, നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, ജില്ലാ പോലീസ് വിഭാഗങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) ആദരിക്കുകയും അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്യും. മൊബൈല്‍ വരിക്കാരെ ശാക്തീകരിക്കാനും അവരുടെ സുരക്ഷ  ഉറപ്പാക്കാനും സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം വളര്‍ത്താനുമായി  
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് നടപ്പാക്കിയ പൗരകേന്ദ്രീകൃത സംരംഭമാണ് സഞ്ചാര്‍ സാഥി. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ദേശീയ, മേഖലാതല, സംസ്ഥാനതല പരിപാടികളില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതില്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേന നല്‍കിയ സുപ്രധാന സംഭാവനകളെ   അംഗീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കൂടാതെ, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്, അതിന്റെ ലൈസന്‍സ് സര്‍വീസ് ഏരിയ (LSA) ഫീല്‍ഡ് യൂണിറ്റുകള്‍, പോലീസ് സേന, ടെലികോം സേവനദാതാക്കള്‍ എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും, മികച്ച വീണ്ടെടുക്കല്‍ രീതികള്‍ പ്രോത്സാഹിപ്പിക്കാനും, രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തിരികെ ലഭിക്കുന്നത് കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കൃത്യമായ പ്രകടന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുക. കൃത്യത (വിവരങ്ങള്‍ ലഭ്യമായതില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വീണ്ടെടുത്ത ഫോണുകളുടെ അനുപാതം), ആകെ കണ്ടെടുത്ത ഫോണുകളുടെ എണ്ണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, ജില്ലാ പോലീസ് വിഭാഗങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവ നടത്തിയ വീണ്ടെടുക്കല്‍ ശ്രമങ്ങളുടെ വ്യാപ്തി, കൃത്യത, സമയബന്ധിതത എന്നിവ വിലയിരുത്താന്‍ ഈ മാനദണ്ഡങ്ങള്‍ സഹായകമാകും. വിശദമായ മൂല്യനിര്‍ണയ രീതിയും വിലയിരുത്തല്‍ കാലയളവും ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പിന്നീട്  അന്തിമമായി നിശ്ചയിക്കും.

സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി കണ്ടെത്തി വീണ്ടെടുത്ത മൊബൈല്‍ ഫോണുകളുടെ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ തിരിച്ചുള്ള വിവരങ്ങള്‍ പോര്‍ട്ടലിന്റെ ഡാഷ്‌ബോര്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ഫോണുകള്‍ വീണ്ടെടുക്കുന്നതിലെ പുരോഗതിയും പ്രവണതകളും ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാനാകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന അധികാരപരിധികളെയും പോലീസ് യൂണിറ്റുകളെയും തിരിച്ചറിയുന്നതിനും അവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഈ വിവരങ്ങള്‍ സഹായകമാകും.

സെന്‍ട്രല്‍ എക്യുപ്‌മെന്റ്  ഐഡന്റിറ്റി രജിസ്റ്റര്‍ (CEIR) സംവിധാനത്തിലൂടെ നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും അവയുടെ സ്ഥാനം കണ്ടെത്താനും സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ സൗകര്യമൊരുക്കുന്നു. പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഫോണ്‍ പിന്നീട് ഏതെങ്കിലും ടെലികോം നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍, ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുകയും ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്ക് കൈമാറുകയും ചെയ്യും. ഫോണിന്റെ സ്ഥാനം  കണ്ടെത്താനും അത് വീണ്ടെടുക്കാനുമുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകമാകും. ഫോണ്‍ ട്രാക്ക് ചെയ്തത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ്., ഇമെയില്‍ എന്നിവ വഴിയും ബന്ധപ്പെട്ട പൗരനും  അയച്ചുനല്‍കും.

മൊബൈല്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും പൗരന്മാരുടെ ഡിജിറ്റല്‍ ആസ്തികള്‍ സംരക്ഷിക്കുന്നതിലും ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്, അതിന്റെ എല്‍.എസ്.എ ഫീല്‍ഡ് യൂണിറ്റുകള്‍, ടെലികോം സേവനദാതാക്കള്‍, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേന എന്നിവ തമ്മിലുള്ള അടുത്ത ഏകോപനത്തിന്റെ പ്രാധാന്യമാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനും, പ്രകടനാധിഷ്ഠിതമായ  ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും, വിവിധ സംസ്ഥാനങ്ങള്‍ക്കും പോലീസ് യൂണിറ്റുകള്‍ക്കും ഇടയില്‍ വിജയകരമായി നടപ്പാക്കിയ പ്രവര്‍ത്തനരീതികള്‍ പങ്കുവെക്കുന്നതിനും നിര്‍ദ്ദിഷ്ട അവാര്‍ഡുകള്‍ വേദിയൊരുക്കും.

സഞ്ചാര്‍ സാഥി സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ  മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതില്‍ നിയമപാലന ഏജന്‍സികളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധത ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ആവര്‍ത്തിക്കുന്നു. നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും താഴെപ്പറയുന്ന പൗരകേന്ദ്രീകൃത സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും പൗരന്മാര്‍ക്ക് www.sancharsaathi.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ 'സഞ്ചാര്‍ സാഥി' മൊബൈല്‍ ആപ്പ് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

പൗരന്മാരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന സേവനങ്ങള്‍

താഴെപ്പറയുന്ന പൗരകേന്ദ്രീകൃത സേവനങ്ങള്‍ സഞ്ചാര്‍ സാഥി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നു:

ചക്ഷു – സംശയാസ്പദമായ വ്യാജ കോളുകളും സ്പാം സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം: വ്യാജ കെ.വൈ.സി. അറിയിപ്പുകള്‍, ബില്‍ അടയ്ക്കുന്നതിനുള്ള അറിയിപ്പുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ബാങ്ക് അധികൃതര്‍ എന്നിവരുടെ പേരിലുള്ള ആള്‍മാറാട്ടം, വ്യാജ നിക്ഷേപ വാഗ്ദാനങ്ങള്‍, ജോലി വാഗ്ദാനങ്ങള്‍, വായ്പാ വാഗ്ദാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയാസ്പദമായ കോളുകള്‍, എസ്.എം.എസ്., വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവ ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യാം.

നിങ്ങളുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ അറിയാം: നിങ്ങളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ മൊബൈല്‍ കണക്ഷനുകളും പരിശോധിക്കാം. നിങ്ങള്‍ എടുത്തിട്ടില്ലാത്തതോ ഇനി ആവശ്യമില്ലാത്തതോ ആയ കണക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ അവ ദുരുപയോഗം ചെയ്യുന്നത് തടയാനാകും.

നഷ്ടപ്പെട്ടതോ  മോഷണം പോയതോ  ആയ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യാം: എല്ലാ ടെലികോം സേവനദാതാക്കളുടെയും ശൃംഖലകളില്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ എവിടെയും അത് ഉപയോഗിക്കുന്നത് തടയാം. ഫോണിന്റെ സ്ഥാനം കണ്ടെത്തുന്നതിനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കം ചെയ്യാനും സാധിക്കും.

മൊബൈല്‍ ഫോണിന്റെ ആധികാരികത ഉറപ്പാക്കാം: പുതിയതോ സെക്കന്‍ഡ് ഹാന്‍ഡ് ആയതോ ആയ  മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനു മുമ്പ് അതിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ച് ആധികാരികത പരിശോധിക്കാം.

ഇന്ത്യന്‍ നമ്പറുകളായി തോന്നിക്കുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം: വിദേശത്തുനിന്ന് വിളിക്കുന്നതും ഇന്ത്യയിലെ (+91) നമ്പറുകളായി കാണിക്കുന്ന കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. ഇത്തരം നിയമവിരുദ്ധ ടെലികോം സംവിധാനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കും.

വിശ്വസനീയമായ ബന്ധപ്പെടല്‍ വിവരങ്ങള്‍: വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുന്നതിനു മുമ്പ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താം.

ജാഗ്രതയോടെ ഇരിക്കുക: വ്യാജ ലോണ്‍ ആപ്പുകള്‍, നിക്ഷേപ തട്ടിപ്പുകള്‍, വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍, വ്യാജ ട്രാഫിക് പിഴ അറിയിപ്പുകള്‍ തുടങ്ങിയ നിലവിലുള്ള തട്ടിപ്പ് പ്രവണതകളെക്കുറിച്ചുള്ള ബോധവത്കരണ വിവരങ്ങള്‍ മനസ്സിലാക്കാം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള ക്രിയാത്മക നടപടികളിലൂടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. സഞ്ചാര്‍ സാഥി, മൊബൈല്‍ ആപ്പ് രൂപത്തിലും ലഭ്യമാണ്; ഇത് താഴെപ്പറയുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

****

 

( റിലീസ് ഐ.ഡി: 2323627) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil