ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഓഹരികള്‍ വില്‍ക്കുന്നത് ഉള്‍പ്പെടെ, IDBI ബാങ്ക് ലിമിറ്റഡിന്റെ പുനഃസംഘടനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി

പോസ്റ്റഡ് ഓണ്‍: 14 OCT 2026 4:50PM by PIB Thiruvananthpuram
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിയന്ത്രണത്തിലുള്ള ഒരു ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കാണ് IDBI ബാങ്ക് ലിമിറ്റഡ്. സാമ്പത്തിക സ്ഥിതി മോശമായതിനെത്തുടര്‍ന്ന്, ആദ്യം ഭാരത സര്‍ക്കാരും പിന്നീട് LIC-യും നല്‍കിയ മൂലധന സഹായം ബാങ്കിന് ആവശ്യമായി വന്നു. ബാങ്കിനുണ്ടായ നഷ്ടങ്ങളും തിരിച്ചടവ് മുടങ്ങിയ വായ്പകളും (Non-Performing Assets) കണക്കിലെടുത്ത്, 2017 മെയ് 5ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) IDBI ബാങ്കിനെ 'പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍' (PCA) ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരികയും വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടായ പുരോഗതി പരിഗണിച്ച്, 2021 മാര്‍ച്ച് 10ലെ കത്തിലൂടെ, ചില നിബന്ധനകള്‍ക്കും തുടര്‍ച്ചയായ നിരീക്ഷണത്തിനും വിധേയമായി IDBI ബാങ്കിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ RBI പിന്‍വലിച്ചു.

ഈ പശ്ചാത്തലത്തിലാണ് IDBI ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപരമായ പുനഃസംഘടനയ്ക്ക് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നല്‍കിയത്. ഇതിന്റെ ഭാഗമായി, ബാങ്കിലെ ആകെ ഓഹരി പങ്കാളിത്തത്തില്‍ 60.72 ശതമാനം ഒരു തന്ത്രപ്രധാന നിക്ഷേപകന് (Strategic Buyer) വില്‍ക്കാന്‍ തീരുമാനിച്ചു; ഇതില്‍ ഭാരത സര്‍ക്കാരിന്റെ വിഹിതം 30.48 ശതമാനവും LIC യുടെ വിഹിതം 30.24 ശതമാനവുമായിരിക്കും. ഇതോടെ, ഭാരത സര്‍ക്കാരിന്റെ കൈവശം 15 ശതമാനവും LIC യുടെ കൈവശം 19 ശതമാനവും ഓഹരികള്‍ അവശേഷിക്കും.

അന്തര്‍മന്ത്രിതല സമിതി (Inter-Ministerial Group-IMG), ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച സെക്രട്ടറിമാരുടെ കോര്‍ ഗ്രൂപ്പ് (CGD), പ്രത്യേകം അധികാരപ്പെടുത്തിയ കേന്ദ്ര മന്ത്രിമാരുടെ സംഘം ഉള്‍പ്പെടുന്ന ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം (AM) എന്നിവയടങ്ങുന്ന ബഹുതല തീരുമാനമെടുക്കല്‍ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍, രണ്ട് ഘട്ടങ്ങളിലായുള്ള മത്സരാധിഷ്ഠിത ലേല നടപടിക്രമത്തിലൂടെയാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയുടെ (CCEA) തീരുമാനം നടപ്പിലാക്കിയത്.

താത്പര്യമുള്ള കക്ഷികളില്‍ നിന്ന് താത്പര്യപത്രങ്ങള്‍ (Expression of Interest – EoI) ക്ഷണിക്കുന്നതിനായി പ്രാഥമിക വിവരക്കുറിപ്പ് (Preliminary Information Memorandum – PIM) 2022 ഒക്ടോബര്‍ 7ന് പുറത്തിറക്കി. 'യോഗ്യരും അനുയോജ്യരും' (Fit and Proper) എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിലയിരുത്തുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) സുരക്ഷാ അനുമതി ലഭിക്കുകയും ചെയ്ത കക്ഷികള്‍ക്ക് മാത്രമാണ് തുടര്‍ന്നുള്ള ലേല നടപടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി, യോഗ്യത നേടിയ താത്പര്യമുള്ള കക്ഷികളില്‍ (Qualified Interested Parties – QIPs) നിന്ന് സാങ്കേതിക-സാമ്പത്തിക ലേലങ്ങള്‍ ക്ഷണിച്ചുകൊണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അഭ്യര്‍ത്ഥന (Request for Proposal – RFP) പുറപ്പെടുവിച്ചു. നിശ്ചയിച്ചിരുന്ന യോഗ്യതാ മാനദണ്ഡങ്ങളും അയോഗ്യതാ വ്യവസ്ഥകളും പരിഗണിക്കുമ്പോള്‍ പ്രാരംഭ ഘട്ടത്തില്‍ താത്പര്യം പ്രകടിപ്പിച്ച അഞ്ച് കക്ഷികളില്‍ നാലെണ്ണം യോഗ്യത നേടിയതായി കണ്ടെത്തി. എന്നാല്‍, ഇവയില്‍ രണ്ട് കക്ഷികള്‍ മാത്രമാണ് അന്തിമമായി സാങ്കേതിക-സാമ്പത്തിക ലേലങ്ങള്‍ സമര്‍പ്പിച്ചത്. ഇതോടെ, പ്രസ്തുത ഇടപാടിന് യോഗ്യതയുള്ള ലേലക്കാരായി (Qualified Bidders – QBs) അവര്‍ മാറി.

 CGD നടത്തിയ വിശദമായ വിലയിരുത്തലിന്റെയും ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസത്തിന്റെ (AM) ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍, 2026 ഒക്ടോബര്‍ 14ന് ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി (CCEA), IDBI ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപ്രധാന നിക്ഷേപകനായി (tSrategic Buyer) M/s 10955230 Canada Inc.-നെ (മാതൃസ്ഥാപനം: M/s Fairfax Financial Holdings Ltd.) അംഗീകരിച്ചു. IDBI ബാങ്കിലെ 60.72 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി 52,878.08 കോടി രൂപയാണ് (അമ്പത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തിയെട്ട് കോടി എട്ട് ലക്ഷത്തി എട്ടായിരം രൂപയോളം) വാങ്ങുന്നതിനുള്ള തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC) കൈവശമുള്ള 30.24 ശതമാനം ഓഹരികളും ഉള്‍പ്പെടുന്നു.

ഇത്തരം ഇടപാടുകളില്‍, ലേലം വിളിക്കുന്നതിനായി മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളൊന്നും ഉണ്ടാകാറില്ല. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തമായി മൂല്യനിര്‍ണ്ണയം നടത്തി, അതീവ രഹസ്യമായി സീല്‍ ചെയ്ത കവറുകളിലാണ് ലേലത്തുക സമര്‍പ്പിക്കുന്നത്. അതേസമയം, സ്ഥാപനത്തിന്റെ ന്യായമായ മൂല്യം നിര്‍ണ്ണയിക്കുന്നതിനായി സ്വതന്ത്ര ഏജന്‍സികളെ നിയോഗിക്കാറുണ്ട്; സമര്‍പ്പിക്കപ്പെട്ട ലേലത്തുകകള്‍ എത്രത്തോളം ന്യായമാണെന്ന് വിലയിരുത്തുന്നതിന് ഈ മൂല്യനിര്‍ണ്ണയ ഫലം താരതമ്യ മാനദണ്ഡമായി ഉപയോഗിക്കുന്നു.

ഈ ഇടപാടിന്റെ ഭാഗമായി, 2025-26 സാമ്പത്തിക വര്‍ഷത്തിലാണ് പ്രാഥമിക ലേലങ്ങള്‍ ക്ഷണിച്ചത്. താരതമ്യത്തിനായി അന്ന് ഒരു ഓഹരിക്ക് 94.42 രൂപ എന്ന അടിസ്ഥാന വില (reserve price) നിശ്ചയിച്ചിരുന്നു; വിപണി വിലയിലുണ്ടായ മാറ്റങ്ങള്‍ (impacted market price) ഇതിനെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുകയുണ്ടായി. PIM/EoI (പ്രാഥമിക വിവര രേഖ/താത്പര്യ പത്രം) പുറപ്പെടുവിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന വ്യാപാര ദിവസമായ 2022 ഒക്ടോബര്‍ 7ന് IDBI ഓഹരിയുടെ വില (വിപണിയിലെ സ്വാധീനത്തിന് മുമ്പുള്ള വില) 42.40 രൂപയായിരുന്നു എന്നത് ഒഴിച്ചാല്‍, വിപണിയിലെ സ്വാധീനമില്ലാത്ത അവസ്ഥയിലുള്ള വില (unimpacted counter-factual) അന്ന് ലഭ്യമായിരുന്നില്ല. എന്നാല്‍, പ്രാഥമിക ലേലങ്ങള്‍ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന വ്യാപാര ദിവസമായ 2026 ജനുവരി 8ന് ഓഹരി വില 108.12 രൂപയായിരുന്നു. ലഭിച്ച പ്രാഥമിക ലേലത്തുകകള്‍ അന്ന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വിലയേക്കാള്‍ കുറവായിരുന്നു; അതിനാല്‍ അവ അംഗീകരിക്കപ്പെട്ടില്ല. പ്രാഥമിക ലേലങ്ങള്‍ വിജയിച്ചില്ലെന്ന് വ്യക്തമായതോടെ, വിപണിയിലെ സ്വാധീനത്താല്‍ ഉയര്‍ന്നിരുന്ന ഓഹരി വിലയില്‍ തിരുത്തല്‍ സംഭവിക്കുകയും, ലേലത്തില്‍ കണ്ടെത്തിയ 75 രൂപ എന്ന വിലയേക്കാള്‍ താഴേക്ക് ഗണ്യമായി കുറയുകയും ചെയ്തു.

തുടര്‍ന്ന്, കൂട്ടായ തീരുമാനമെടുക്കല്‍ സംവിധാനത്തിന് കൈമാറിയതും അതില്‍ നിക്ഷിപ്തവുമായ അധികാരങ്ങള്‍ വിനിയോഗിച്ച്, ഇടപാടിലൂടെ പരമാവധി മൂല്യം ഉറപ്പാക്കുന്നതിനായി 2026–27 സാമ്പത്തിക വര്‍ഷത്തില്‍ യോഗ്യരായ ലേലക്കാരില്‍ നിന്ന് അവരുടെ ഏറ്റവും മികച്ച സാമ്പത്തിക വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സീല്‍ ചെയ്ത ലേലങ്ങള്‍ ക്ഷണിച്ചു. ഈ ലേലങ്ങള്‍ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പുള്ള വ്യാപാര ദിനമായ 2026 മേയ് 18ന് IDBI ബാങ്കിന്റെ ഓഹരിവില ഒന്നിന് 70.38 രൂപയായിരുന്നു.

IDBI ബാങ്കിന്റെ ഓഹരിയില്‍ പരിമിതമായ വ്യാപാരം മാത്രമാണ് നടന്നിരുന്നതെന്നും, അതിന്റെ വിപണിവിലയില്‍ ഗണ്യമായ ചാഞ്ചാട്ടം ഉണ്ടായിരുന്നെന്നും വിലയിരുത്തല്‍ കാലയളവിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഓഹരിവില 118.38 രൂപ വരെ ഉയരുകയും 61.01 രൂപ വരെ താഴുകയും ചെയ്തു. ലേലത്തിലൂടെ കണ്ടെത്തിയ വിലയേക്കാള്‍ മുകളിലും താഴെയുമായി വിപണിവിലയില്‍ വലിയ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തിയതിനാല്‍, അത് കമ്പനിയുടെ യഥാര്‍ഥ മൂല്യത്തെ (Itnrinsic Value) പ്രതിഫലിപ്പിക്കുന്നതായി കണക്കാക്കാനായില്ല. അതിനാല്‍, മൂല്യനിര്‍ണയത്തിനായി ഓഹരിയുടെ വിപണി വില പരിഗണിച്ചില്ല. പകരം, വിപണി വിലയിലെ ഇത്തരം വ്യതിയാനങ്ങള്‍ മറികടക്കുന്നതിനായി, വിപണിയിലെ സമാന കമ്പനികളുമായി താരതമ്യം ചെയ്ത് മൂല്യം നിര്‍ണയിക്കുന്ന റിലേറ്റീവ് വാല്യുവേഷന്‍ (Relative Valuation) രീതിയും അതിന്റെ ഭാഗമായ മാര്‍ക്കറ്റ് മള്‍ട്ടിപ്പിള്‍ മെത്തേഡ് (Market Multiple Method) രീതിയും അവലംബിച്ചു. 2026 മാര്‍ച്ച് 31ലെ എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും ക്ലോസിംഗ് അക്കൗണ്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ രീതിയിലൂടെ IDBI ബാങ്കിന്റെ ന്യായമായ വിപണിമൂല്യം നിര്‍ണയിച്ചത്. കൂടാതെ, IDBI ബാങ്ക് ലിമിറ്റഡിന്റെ 2026 മാര്‍ച്ച് 31ലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള്‍ അടിസ്ഥാനമാക്കി, ബാങ്കിന്റെ ന്യായമായ അറ്റ ആസ്തിമൂല്യം (Net Asset Value) നിര്‍ണയിക്കുന്നതിനായി അസറ്റ് വാല്യുവേഷന്‍ മെത്തേഡ് (Asset Valuation Method) എന്ന രീതിയും ഉപയോഗിച്ചു. ഭൂമി, കെട്ടിടങ്ങള്‍, മറ്റ് മൂര്‍ത്ത ആസ്തികള്‍ (Tangible Assets), അമൂര്‍ത്ത ആസ്തികള്‍ (Intangible Assets), ബാധ്യതകള്‍ എന്നിവയുടെ മൂല്യം കണക്കിലെടുത്താണ് ഈ രീതിയിലൂടെ അറ്റ ആസ്തിമൂല്യം നിര്‍ണയിച്ചത്.

ഇതനുസരിച്ച്, മുകളില്‍ വിശദീകരിച്ച രണ്ട് വ്യത്യസ്ത മൂല്യനിര്‍ണയ രീതികള്‍ അവലംബിച്ച് രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ മൂല്യനിര്‍ണയ ഏജന്‍സികള്‍ IDBI ബാങ്കിന്റെ ന്യായമായ മൂല്യം നിര്‍ണയിച്ചു. ഈ രണ്ട് മൂല്യനിര്‍ണയങ്ങളുടെയും ശരാശരി കണക്കാക്കിയപ്പോള്‍, ഓഹരി ഒന്നിന് 75.99 രൂപയാണ് ലഭിച്ചത്. യോഗ്യരായ ലേലക്കാരുടെ ലേലങ്ങള്‍ വിലയിരുത്തുന്നതിനുള്ള അടിസ്ഥാന വിലയായി (Benchmark Price) ഈ തുക നിശ്ചയിച്ചു. വിജയിച്ച ലേലക്കാരന്‍ സമര്‍പ്പിച്ച ഓഹരി ഒന്നിന് 81 രൂപ എന്ന ഉയര്‍ന്ന ലേലം, നിശ്ചയിച്ച അടിസ്ഥാന വിലയേക്കാളും രണ്ട് സ്വതന്ത്ര ഏജന്‍സികള്‍ നിര്‍ണയിച്ച ന്യായമായ മൂല്യത്തേക്കാളും കൂടുതലായിരുന്നു. അതിനാല്‍, ഈ ലേലം ന്യായമായ വിലയാണെന്ന് വിലയിരുത്തി അംഗീകരിച്ചു.

വിജയിക്കുന്ന ലേലക്കാരന്‍, 'താത്പര്യപത്രം' (EoI) സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ നടത്തിയ 'യോഗ്യതാ പരിശോധന'യ്ക്ക് (Fit and Proper Assessment) അനുസൃതമായ രേഖകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്; കൂടാതെ, അതില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയും സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായി (FDI) ഇത് മാറും.

കഉആക ബാങ്ക് ലിമിറ്റഡിലെ കേന്ദ്ര സര്‍ക്കാരിന്റെ ശേഷിക്കുന്ന 15 ശതമാനം ഓഹരികളില്‍ ഒരു ഭാഗം ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ വില്‍ക്കുന്നതിനുള്ള അധികാരം സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി (CCEA) ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസത്തിന് (AM) കൈമാറിയിട്ടുണ്ട്. നിശ്ചിത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (Standard Operating Procedure – SOP) പാലിച്ചായിരിക്കും ഈ വില്‍പ്പന നടപ്പാക്കുക. അതേസമയം, നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി, തങ്ങളുടെ കൈവശമുള്ള ശേഷിക്കുന്ന ഓഹരികള്‍ സ്വന്തം ആഭ്യന്തര നടപടിക്രമങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (LIC) ഉണ്ടായിരിക്കും.
 

***


( റിലീസ് ഐ.ഡി: 2323610) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Telugu