വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ ഡിറ്റോക്സ്' ക്യാമ്പയിനിലൂടെ പോസ്റ്റ് കാർഡുകളെ ആകാശവിതാനങ്ങളിലെത്തിച്ച് തപാല്‍ വകുപ്പും ഇൻഡിഗോയും

ദേശീയ തപാൽ വാരാഘോഷത്തോടനുബന്ധിച്ച് സ്റ്റാമ്പ് ശേഖരണ ദിനത്തിൽ 30,000 അടി ഉയരത്തിൽ വെച്ച് ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് മാറി വിമാനയാത്രികർ വീണ്ടെടുത്തത് കൈയെഴുത്തു കത്തുകളുടെ മാധുര്യവും ആത്മബന്ധങ്ങളും

പോസ്റ്റഡ് ഓണ്‍: 13 OCT 2026 3:42PM by PIB Thiruvananthpuram
ഡിജിറ്റൽ സാങ്കേതികവിദ്യകൾ വലിയതോതില്‍ സ്വാധീനം ചെലുത്തുന്ന സമകാലിക ലോകത്ത് കൈയെഴുത്തു കത്തുകളുടെ സന്തോഷവും സൗന്ദര്യവും പുനരുജ്ജീവിപ്പിക്കുന്നതിന് തപാൽ വകുപ്പും വിമാനക്കമ്പനിയായ ഇൻഡിഗോയും ചേർന്ന് ഒക്ടോബർ 12-ന് പ്രത്യേക 'ഡിജിറ്റൽ ഡിറ്റോക്സ്' ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒക്ടോബർ 9 മുതൽ 15 വരെ  ദേശീയ തപാൽ വാരാഘോഷത്തോടനുബന്ധിച്ച് സ്റ്റാമ്പ് ശേഖരണ ദിനമായി  ആചരിച്ച ഒക്ടോബർ 12-നാണ്  വേറിട്ട സംരംഭമൊരുക്കിയത്.  ഡിജിറ്റൽ ഉപകരണങ്ങളുടെ ലോകത്തുനിന്ന് അല്പനേരം മാറി സ്വന്തം ചിന്തകൾ കടലാസിലേക്ക് പകർത്തി കത്തെഴുത്തിലൂടെ പ്രിയപ്പെട്ടവരുമായി വീണ്ടും ആത്മബന്ധം സ്ഥാപിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പദ്ധതി.  
 
  
 
 
ക്യാമ്പയിന്റെ ഭാഗമായി, തിരഞ്ഞെടുത്ത ചില ഇൻഡിഗോ വിമാനങ്ങളിലെ യാത്രക്കാർക്ക്  യാത്രയ്ക്കിടെ പോസ്റ്റ് കാർഡുകൾ ഉൾപ്പെടുത്തിയ പ്രത്യേക 'ഡിജിറ്റൽ ഡിറ്റോക്സ് കിറ്റുകൾ' വിതരണം ചെയ്തു.
 
 
ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് സർവീസ് നടത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്കിടയിലാണ്  ക്യാമ്പയിൻ സംഘടിപ്പിച്ചത്.  കൈയെഴുത്തു കത്തുകളുടെ അനുഭവമാസ്വദിച്ച യാത്രക്കാർ ആവേശത്തോടെ സംരംഭത്തില്‍ പങ്കുചേരുകയും  വിമാനത്താവളങ്ങളിലെ ആഗമന ടെർമിനലുകളിൽ  പ്രത്യേകം സജ്ജീകരിച്ച  തപാല്‍പ്പെട്ടികളില്‍  കത്തുകൾ നിക്ഷേപിക്കുകയും ചെയ്തു. കത്തുകൾ ഇവിടെനിന്ന് മേൽവിലാസക്കാരിലേക്ക് എത്തിക്കും.  ആറ് നഗരങ്ങളിലെയും പ്രധാന പൈതൃകങ്ങള്‍ ഉൾപ്പെടുത്തി മനോഹരമായി രൂപകല്പന ചെയ്ത പോസ്റ്റ് കാർഡുകളാണ് ഇതിനായി ഉപയോഗിച്ചത്.
 
      
 
 
യാത്രയിലെ അനുഭവത്തെക്കുറിച്ച് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ പറഞ്ഞു: "ബ്ലൂ ടിക്കുകളുടെ ഡിജിറ്റൽ കാലത്ത് 30,000 അടി ഉയരത്തിൽ വെച്ച് ഞാന്‍ പോസ്റ്റ് കാർഡില്‍ ഒരു കത്തെഴുതി! മേഘങ്ങൾക്കും ശാന്തതയ്ക്കുമിടയില്‍ നിന്ന് ജീവിതത്തിലെ പ്രിയപ്പെട്ടവർക്കായി മനസ്സിലെ ചിന്തകൾ കടലാസിൽ പകർത്താൻ അനുയോജ്യമായ സുന്ദര നിമിഷം ലഭിച്ചു."
 
 
സ്ക്രീൻ സമയം കുറയ്ക്കാനും മനസ്സിന് ഏകാഗ്രത നൽകാനും വ്യക്തിബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാനും ഡിജിറ്റൽ ഡിറ്റോക്സ് എത്രത്തോളം പ്രധാനമാണെന്ന്  ക്യാമ്പയിൻ വ്യക്തമാക്കുന്നു. കൈയെഴുത്തു കത്തുകളുടെ കാലാതീതമായ ചാരുതയും അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ മനുഷ്യരെ പരസ്പരം അടുപ്പിക്കാനുള്ള പ്രതിബദ്ധതയും തപാല്‍വകുപ്പ് സംരംഭത്തിലൂടെ ആവര്‍ത്തിച്ചു.  

Social Media Links:
1. https://www.instagram.com/p/DeZPSrTkjrX/?srtk=MWZhejBwNWtibnd5cQ==

SKY

*****

 

( റിലീസ് ഐ.ഡി: 2322846) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Telugu