വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യുകെ സംയുക്ത സാമ്പത്തിക-വ്യാപാര സമിതിയുടെ (JETCO) 16-ാമത് യോഗത്തെ തുടര്‍ന്നുള്ള സംയുക്ത പ്രസ്താവന

പോസ്റ്റഡ് ഓണ്‍: 12 OCT 2026 5:58PM by PIB Thiruvananthpuram

1.ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പിയൂഷ് വേദ് പ്രകാശ് ഗോയലും യുണൈറ്റഡ് കിംഗ്ഡത്തിന്റെ ബിസിനസ്, ഇന്നൊവേഷന്‍, ശാസ്ത്ര, വ്യാപാരവകുപ്പ് സ്‌റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് എംപിയും ചേര്‍ന്ന് ഇന്ത്യ-യുകെ സംയുക്ത സാമ്പത്തിക-വ്യാപാര സമിതിയുടെ (JETCO) 16-ാമത് യോഗത്തിനായി ഇന്ന് ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

2 ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിനായുള്ള (CETA) ചര്‍ച്ചകള്‍ 2022 ജനുവരിയില്‍ ആരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ JETCO യോഗമാണിത്. ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖലകള്‍ക്ക് ഇതിനകം തന്നെ നേട്ടങ്ങള്‍ നല്‍കിത്തുടങ്ങിയ ഈ ചരിത്രപ്രധാനമായ കരാറിനെ ഞങ്ങള്‍ സ്വീകരിച്ചു. CETA ഇരു രാജ്യങ്ങളുടെയും   സംയുക്ത അഭിലാഷത്തിന്റെ അവസാനമല്ല, തുടക്കമാണെന്ന് ഞങ്ങള്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തവും വിപുലവുമായ സാമ്പത്തിക പങ്കാളിത്തത്തിനുള്ള അടിത്തറയാണ് ഈ കരാര്‍.

3.വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഏഴ് മേയര്‍മാരും ഒരു സംയുക്ത അതോറിറ്റി നേതാവും സന്ദര്‍ശനത്തിനെത്തിയ വേളയില്‍തന്നെ JETCO-നടന്നതിനാല്‍ അതിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. ഇരു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകള്‍, ബിസിനസ് മേഖലകള്‍, സര്‍വകലാശാലകള്‍, നവീനാശയ വിദഗ്ധര്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ സംവാദത്തിന് ഇത് വഴിയൊരുക്കി. സ്‌കോട്ട്‌ലന്‍ഡിന്റെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യങ്ങളുടെ ചുമതലയുള്ള യുകെ സ്‌റ്റേറ്റ് സെക്രട്ടറിമാരുടെ സന്ദര്‍ശനങ്ങളും ഇതിന്റെ ഭാഗമായി സമാന്തരമായി നടന്നു.

4.വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങളും പ്രദേശങ്ങളും നഗരങ്ങളും നല്‍കുന്ന സംഭാവനകള്‍ അംഗീകരിക്കുകയും ചെയ്തു.

5.ഇന്ത്യ–യുകെ പങ്കാളിത്തത്തിന്റെ വര്‍ധിച്ചുവരുന്ന അഭിലാഷങ്ങളും വ്യാപ്തിയും ഞങ്ങളുടെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചു. ആഗോള സാമ്പത്തിക സ്ഥിതിയും CETA പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള പുരോഗതിയും ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും അടുത്ത വര്‍ഷത്തേക്കുള്ള മുന്‍ഗണനകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.

 നേട്ടങ്ങള്‍ ഉറപ്പാക്കല്‍:

6.ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖലകള്‍ ഈ കരാര്‍ വേഗത്തില്‍ പ്രയോജനപ്പെടുത്തിയ രീതിയെ ഞങ്ങള്‍ സ്വാഗതം ചെയ്തു. കരാര്‍ പ്രാബല്യത്തില്‍ വന്ന ദിവസം തന്നെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ യുകെയിലേക്ക് 50ലധികം ചരക്ക് കയറ്റുമതികള്‍ നടത്തി. സ്മാര്‍ട്ട്‌ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടര്‍ബോജെറ്റുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുത യന്ത്രസാമഗ്രികള്‍, സ്വര്‍ണാഭരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കമ്പിളിനൂല്‍, തേയില , കാപ്പി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.


അസമില്‍ നിന്നുള്ള സവിശേഷ പ്രാദേശിക ഇനം അരിയായ ജോഹ യുകെയിലേക്ക് ആദ്യമായി കയറ്റുമതി ചെയ്തു. CETA പ്രകാരമുള്ള ആദ്യത്തെ ഉത്ഭവ സര്‍ട്ടിഫിക്കറ്റുകളും ഇന്ത്യയുടെ eCoO 2.0 പ്ലാറ്റ്‌ഫോമിലൂടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ അടിസ്ഥാനത്തില്‍ നല്‍കി. ഇതുവഴി തുടക്കം മുതല്‍ തന്നെ കയറ്റുമതിക്കാര്‍ക്ക് മുന്‍ഗണനാപരമായ വ്യാപാര ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു.

യുകെയില്‍ നിന്നുള്ള ആദ്യത്തെ തീരുവ രഹിത സ്‌കോട്ടിഷ് സാല്‍മണ്‍ മത്സ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തി. അതിനുശേഷം ആയിരക്കണക്കിന് കിലോഗ്രാം സാല്‍മണ്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. കുറഞ്ഞ തീരുവയില്‍ സ്‌കോച്ച് വിസ്‌കിയും ഇന്ത്യന്‍ വിപണിയിലെത്തി. തീരുവ നിരക്ക് ക്വാട്ട പ്രകാരം ആദ്യമായി കയറ്റുമതി ചെയ്ത കാറുകള്‍ കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുകയും ചെയ്തു.

7.CETA പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ മുതല്‍, ബിസിനസ് സ്ഥാപനങ്ങള്‍ ഈ കരാര്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വര്‍ഷംതോറും പരസ്പരം കൈമാറാന്‍ ഞങ്ങള്‍ തീരുമാനിച്ചു. CETA പ്രകാരമുള്ള കുറഞ്ഞ തീരുവകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും, കരാറില്‍ ഏതെല്ലാം കാര്യങ്ങളാണ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്, കൂടുതലായി പിന്തുണ എവിടെയാണ് ആവശ്യമുള്ളത് എന്നിവ സംബന്ധിച്ച ബിസിനസ് മേഖലയുടെ പ്രതികരണങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഇതുവഴി ഞങ്ങള്‍ക്ക് മുന്‍ഗണനകളെക്കുറിച്ച് ഒരു പൊതുധാരണ ലഭിക്കുകയും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ കമ്പനികള്‍ക്ക് ഈ കരാറിന്റെ പ്രയോജനങ്ങള്‍ നേടാന്‍ എവിടെയെല്ലാം സഹായിക്കാനാകുമെന്ന് മനസിലാക്കുകയും ചെയ്യാം.

8.CETA-യുടെ സുഗമമായ പ്രവര്‍ത്തനം തുടര്‍ന്നും ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിക്ക് ഞങ്ങള്‍ അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി കരാറിന് കീഴിലുള്ള കമ്മിറ്റികളും പ്രവര്‍ത്തക ഗ്രൂപ്പുകളും രൂപീകരിക്കുകയും കരാറിന്റെ ഓരോ മേഖലയിലും ഗവണ്മെന്റുകള്‍ തമ്മിലുള്ള ആശയവനിമയം ഉറപ്പാക്കുകയും ചെയ്യും. പ്രശ്‌നങ്ങള്‍ നേരത്തേ പരിഹരിക്കാന്‍ സഹായിച്ച ഏകോപനത്തോടെയുള്ള സഹകരണത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

ബിസിനസ് മേഖലയ്ക്ക് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കല്‍:

9. CETA-യുടെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍, നൂതനാശയങ്ങള്‍ , ഗവണ്മെന്റ് സംഭരണം, ശാസ്ത്രസാങ്കേതികവിദ്യ, ലിംഗസമത്വം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഞങ്ങള്‍ സമ്മതിച്ചു. ഇരു രാജ്യങ്ങളിലെയും എല്ലാ മേഖലകളിലും വളര്‍ച്ച ഉറപ്പാക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ വര്‍ധിപ്പിക്കുകയും പ്രാദേശിക പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.

10. ഇന്ന് നടന്ന ഇന്ത്യ–യുകെ ശാസ്ത്ര നൂതനാശയ കൗണ്‍സിലിന്റെ യോഗങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്തു. ഇത്തരം ഇടപെടലുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, ഗവേഷകര്‍ എന്നിവരെ ബന്ധിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യകളെ വേഗത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

11.16-ാമത് JETCOയോടനുബന്ധിച്ച് വ്യവസായ മേഖലയില്‍ നിന്നുണ്ടായ ശക്തമായ പങ്കാളിത്തത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ ആശയവിനിമയങ്ങള്‍, മേഖലാതല ചര്‍ച്ചകള്‍, പങ്കാളികളുമായുള്ള ഇടപെടലുകള്‍ എന്നിവ അവസരങ്ങളും അവയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും തിരിച്ചറിയുന്നതില്‍ നല്‍കുന്ന പങ്കും ഞങ്ങള്‍ അംഗീകരിച്ചു.

12.CETA നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായ അസോസിയേഷനുകള്‍, കയറ്റുമതി പ്രോത്സാഹന സ്ഥാപനങ്ങള്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.

13.ഈ JETCO യോഗത്തിലൂടെ സൃഷ്ടിക്കപ്പെട്ട ആക്കം നിലനിര്‍ത്തുന്നതിനായി ഉന്നതതല പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശനങ്ങള്‍ തുടര്‍ന്നും നടത്താനും ഞങ്ങള്‍ ധാരണയിലെത്തി.

 അടുത്ത JETCO യോഗം:

14.17-ാമത് JETCO യോഗം 2027ല്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.


*****


( റിലീസ് ഐ.ഡി: 2322545) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati