പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ ചെന്നൈയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു


ചെന്നൈയിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തമിഴ്‌നാടിനെ സംബന്ധിച്ച് ഇതൊരു ചരിത്രദിനമാണെന്നും പ്രധാനമന്ത്രി. പതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഇന്നത്തെ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പൂർത്തിയായ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പുതിയവയ്ക്ക് തറക്കല്ലിടുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇന്ത്യ അതിന്റെ സാംസ്കാരിക ശക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും, ശാസ്ത്രീയ പുരോഗതിയോടെ മുന്നേറുകയും, ആധുനിക അടിസ്ഥാനസൗകര്യങ്ങളിലൂടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ പൈതൃകവും ഭാവി അഭിലാഷങ്ങളും ഒത്തൊരുമിച്ചു മുന്നേറുന്നു: പ്രധാനമന്ത്രി

ആധുനിക നഗരങ്ങളിൽ നമുക്ക് സമഗ്രമായ അടിസ്ഥാനസൗകര്യങ്ങളാണ് ആവശ്യം. കഴിഞ്ഞ ദശകത്തിൽ,, രാജ്യമൊട്ടാകെ മെട്രോ ശൃംഖലയുടെ വൻ വിപുലീകരണമാണ് നാം നടപ്പിലാക്കിയത്: പ്രധാനമന്ത്രി

ഷിപ്പിംഗ് മേഖലയ്ക്ക് പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുന്ന രീതിയിൽ, ഇന്ന് രാജ്യത്തുടനീളമുള്ള തുറമുഖ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുകയാണ്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 11 OCT 2026 5:56PM by PIB Thiruvananthpuram


തമിഴ്‌നാട്ടിലെ ചെന്നൈയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിർവ്വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികളെയും തമിഴ്‌നാട്ടിലെ ജനങ്ങളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഊർജ്ജസ്വലമായ ഈ സംസ്ഥാനത്ത് തനിക്കു പ്രസംഗിക്കാൻ സാധിച്ചതിലുള്ള അളവറ്റ സന്തോഷം പ്രകടിപ്പിച്ചു. ഈ ദിനത്തിന്റെ ചരിത്രപരമായ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പതിനായിരം കോടിയിലധികം രൂപയുടെ വൻകിട പദ്ധതികളാണ് ഇന്നത്തെ പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് അറിയിച്ചു. പൂർത്തിയായതും വരാനിരിക്കുന്നതുമായ ഈ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ദൈനംദിന യാത്രകൾ വളരെ എളുപ്പമാക്കുന്നതിനൊപ്പം വ്യവസായത്തിനും വാണിജ്യത്തിനും വലിയ ഉത്തേജനം നൽകുകയും സംസ്ഥാനത്തെ യുവാക്കൾക്ക് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. "ഈ വേളയിൽ സംസ്ഥാനത്തെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു," ശ്രീ മോദി പറഞ്ഞു.

പവിത്രമായ നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ച ഈ ദിനത്തിന്റെ ആത്മീയ പ്രാധാന്യം അനുസ്മരിച്ച പ്രധാനമന്ത്രി ചടങ്ങിൽ എത്തുന്നതിന് മുൻപ് ജലകണ്ഠേശ്വരർ ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം തേടിയ കാര്യം പങ്കുവെച്ചു. ശിവന്റെയും ശക്തിയുടെയും പുണ്യഭൂമിയാണ് തമിഴ്‌നാടെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് നവരാത്രി ഉത്സവാശംസകൾ നേർന്നു. "തമിഴ്‌നാടിന്റെ ഈ തീർത്ഥാടന ഭൂമിയിൽ നിന്ന് എല്ലാ സഹോദരീസഹോദരന്മാർക്കും ഞാൻ ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ നേരുന്നു," ശ്രീ മോദി പറഞ്ഞു.

രാഷ്ട്രശില്പികളുടെ ജന്മവാർഷികത്തിൽ അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, ഭാരതരത്ന ജയപ്രകാശ് നാരായൺ, ഭാരതരത്ന നാനാജി ദേശ്മുഖ് എന്നിവരുടെ മഹത്തായ സംഭാവനകൾ അനുസ്മരിച്ചു. കൂടുതൽ അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കാൻ ഇവരുടെ ആജീവനാന്ത സേവനം വലിയ പ്രചോദനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ വേദിയിൽ നിന്ന് ഞാൻ ആ രണ്ട് മഹദ് വ്യക്തികൾക്ക് മുന്നിലും ശിരസ്സു നമിക്കുന്നു," ശ്രീ മോദി വ്യക്തമാക്കി.

നേരത്തെ നടന്ന പരിപാടികൾ അനുസ്മരിച്ച പ്രധാനമന്ത്രി, ഐ.ഐ.ടി മദ്രാസിലെ ബ്രെയിൻ റിസർച്ച് സെന്റർ സന്ദർശിച്ച കാര്യം പരാമർശിച്ചു. പൊതുജനാരോഗ്യ രംഗത്ത് നിരവധി മുന്നേറ്റങ്ങൾ കൈവരിക്കാൻ അവിടെ നടക്കുന്ന നൂതന ഗവേഷണങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ചെന്നൈ മെട്രോയുടെ പുതിയ പാത പൊതുജനങ്ങൾക്കായി സമർപ്പിക്കാൻ കഴിഞ്ഞതിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. "ഇതിനു പുറമേ, ചെന്നൈ മെട്രോയുടെ മറ്റൊരു പാത കൂടി ജനങ്ങൾക്ക് സമർപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു," ശ്രീ മോദി പറഞ്ഞു.

ആത്മീയതയും ആധുനിക വികസനവും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പുരാതന ക്ഷേത്രങ്ങളും ആധുനിക മെട്രോയും ഒരുപോലെ അനുഭവവേദ്യമാകുന്നത് സമകാലിക ഭാരതത്തിന്റെ ആത്മാവിനെയാണ് പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നേറുന്നതോടൊപ്പം അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടു രാജ്യം അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. "നമ്മുടെ പൈതൃകവും ഭാവിയിലേക്കുള്ള നമ്മുടെ അഭിലാഷങ്ങളും ഒരുമിച്ച് മുന്നേറുന്നു," ശ്രീ മോദി പറഞ്ഞു.

തന്റെ ബൃഹത്തായ രാഷ്ട്രീയ യാത്രയെക്കുറിച്ച് പരാമർശിക്കവേ, 2001 ഒക്ടോബറിൽ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ ഭരണത്തലവനായി തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയെന്ന നാഴികക്കല്ല് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിനായുള്ള തന്റെ കാൽനൂറ്റാണ്ട് നീണ്ട സേവനം, ജനങ്ങളുടെ ജനാധിപത്യ ശക്തിയിലും സഹകരണ ഫെഡറലിസത്തിന്റെ അടിസ്ഥാന ചട്ടക്കൂടിലുമുള്ള തന്റെ ഉറച്ച വിശ്വാസത്തെ കൂടുതൽ ദൃഢമാക്കിയെന്ന് അദ്ദേഹം വിശദമാക്കി. "സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തെ വികസിപ്പിക്കുക എന്ന മന്ത്രവുമായാണ് ഞാൻ എപ്പോഴും മുന്നോട്ട് പോയിട്ടുള്ളത്," ശ്രീ മോദി വ്യക്തമാക്കി.

സംസ്ഥാന തലത്തിലെ തന്റെ ഭരണകാലം ദേശീയ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തി എന്ന് വിശദീകരിച്ച പ്രധാനമന്ത്രി, മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത് സംസ്ഥാന തലത്തിലുള്ള പ്രതീക്ഷകളും ആവശ്യങ്ങളും മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്ന് പറഞ്ഞു. "അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിയായതിന് ശേഷം ആ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുക മാത്രമല്ല, ഓരോ സംസ്ഥാനത്തിനും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്തു," ശ്രീ മോദി പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരുണാനിധി, ജയലളിത തുടങ്ങിയ പ്രമുഖരുമായുണ്ടായ ഫലപ്രദമായ ചർച്ചകളെയും, പ്രധാനമന്ത്രിയായ ശേഷം ഒ. പനീർശെൽവം, എടപ്പാടി കെ പളനിസ്വാമി, എം.കെ. സ്റ്റാലിൻ തുടങ്ങിയ നേതാക്കളുമായി സഹകരിച്ച് തുടർന്നുപോന്ന പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഗവൺമെന്റുകൾ മാറിവന്നാലും തമിഴ്‌നാടിന്റെ വികസനത്തോടുള്ള തന്റെ പ്രതിബദ്ധത ഉറച്ചുനിൽക്കുന്നുവെന്ന്  അദ്ദേഹം എടുത്തുപറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ജോസഫ് വിജയ്ക്കൊപ്പം പ്രവർത്തിക്കുമ്പോഴും താൻ അതേ നിശ്ചയദാർഢ്യമാണ് പുലർത്തുന്നത്. "മുഖ്യമന്ത്രി ജോസഫ് വിജയ് ജിയോടൊപ്പം ചേർന്ന്, തമിഴ്‌നാടിന്റെ ഈ വികസന യാത്ര നാം മുന്നോട്ട് നയിക്കുകയാണ്," ശ്രീ മോദി വ്യക്തമാക്കി.

നഗരവൽക്കരണത്തെ വളർച്ചയുടെ സുപ്രധാന മാർഗ്ഗമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, തമിഴ്‌നാട്ടിലെ നഗരവികസനം ഗവണ്മെന്റിന്റെ പരമപ്രധാനമായ മുൻഗണനയാണെന്ന് പ്രഖ്യാപിച്ചു. നഗരവിപുലീകരണത്തെ ഒരു വെല്ലുവിളിയായല്ല, മറിച്ച് ശക്തമായ പൊതുഗതാഗത സംവിധാനത്തിലൂടെ പിന്തുണയ്ക്കേണ്ട വലിയൊരു അവസരമായാണ് കാണേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. "ഗതാഗത സൗകര്യങ്ങൾ മികവുറ്റതാണെങ്കിൽ, അത് ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നു," ശ്രീ മോദി പറഞ്ഞു.

സമഗ്രമായ നഗരാസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, റോഡുകൾ വീതികൂട്ടുന്നത് മാത്രം പോരെന്നും ആധുനിക 
നഗരങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിൽ തികച്ചും സമഗ്രമായ ഒരു സമീപനമാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തുടനീളം മെട്രോ റെയിൽ ശൃംഖലയിലുണ്ടായ വൻ വിപുലീകരണത്തെ അദ്ദേഹം പ്രകീർത്തിച്ചു. "2014-ൽ മെട്രോ വെറും അഞ്ച് നഗരങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നെങ്കിൽ, ഇന്ന് അത് രാജ്യത്തെ ഇരുപത്തഞ്ച് നഗരങ്ങളിൽ വ്യാപിച്ചുകഴിഞ്ഞു," ശ്രീ മോദി പറഞ്ഞു.

ഈ അതിവേഗ അടിസ്ഥാനസൗകര്യ വികസനത്തിന്റെ പുരോഗതി വ്യക്തമാക്കി, രാജ്യത്തെ മെട്രോ ശൃംഖല 2014-ൽ ഏകദേശം 250 കിലോമീറ്ററായിരുന്നത് ഇന്ന് 1,100 കിലോമീറ്ററിലധികമായി വികസിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെന്നൈ മെട്രോയുടെ ഏറ്റവും പുതിയ വികസനം ഈ ശൃംഖലയെ കൂടുതൽ വിപുലീകരിക്കുമെന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. “ചെന്നൈയിൽ താമസിക്കുന്ന സാധാരണക്കാർക്ക് യാത്ര കൂടുതൽ എളുപ്പമാക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാനും വേണ്ടിയാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്” - ശ്രീ നരേന്ദ്രമോദി വ്യക്തമാക്കി.

ആഭ്യന്തര വ്യവസായത്തിന്റെ നിർണായക പങ്കിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി, സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിലൂടെയാണ് രാജ്യത്തെ മുഴുവൻ ശാക്തീകരിക്കാൻ കഴിയുകയെന്ന് പറഞ്ഞു. അതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാർ തമിഴ്‌നാട്ടിൽ ഉൽപ്പാദന മേഖലയെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ഊർജസ്വലമായ ചെറുകിട വ്യവസായങ്ങളെയും അവിടുത്തെ തൊഴിലാളികളെയും അദ്ദേഹം പ്രശംസിച്ചു. മേക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ തുടങ്ങിയ ദേശീയ പദ്ധതികൾ പ്രാദേശിക മേഖലകൾക്ക് വലിയ നേട്ടങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “തമിഴ്‌നാട്ടിലെ ഉൽപ്പാദന മേഖലയിലും ഇവിടുത്തെ ചെറുകിട വ്യവസായങ്ങളിലും അവയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയിലും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

രാജ്യത്തിന്റെ വ്യവസായ നയങ്ങൾ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, ഘടകഭാഗങ്ങൾ മുതൽ പൂർത്തിയായ സാങ്കേതിക ഉൽപ്പന്നങ്ങൾ വരെയുള്ള ഉൽപ്പാദന ശൃംഖല ശക്തിപ്പെടുത്തിയതിലൂടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ ഉൽപ്പാദക രാജ്യമായി മാറിയെന്ന് ചൂണ്ടിക്കാട്ടി. 2014-നുശേഷമുള്ള വളർച്ചയുടെ കണക്കുകൾ അദ്ദേഹം അഭിമാനത്തോടെ അവതരിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി പതിനൊന്ന് മടങ്ങ് വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി. “നമ്മുടെ പ്രതിരോധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി അമ്പത് മടങ്ങ് വർധിച്ചു. എൻജിനീയറിങ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും പുതിയ റെക്കോർഡ് സൃഷ്ടിച്ചു” - ശ്രീ മോദി പറഞ്ഞു.

വ്യവസായ വളർച്ചയെ യുവാക്കളുടെ ശാക്തീകരണവുമായി ബന്ധിപ്പിച്ച പ്രധാനമന്ത്രി, ഉൽപ്പാദന മേഖലയിലെ ഈ വലിയ വളർച്ച രാജ്യത്തുടനീളം ലക്ഷക്കണക്കിന് നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ്‌നാടിന്റെ സംഭാവന ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനിക ലൂബ്രിക്കന്റ് ബേസ് ഓയിൽ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. “ഈ പദ്ധതി ഇവിടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിന് വലിയ സഹായമാകുകയും ചെയ്യും”- ശ്രീ മോദി വ്യക്തമാക്കി.

അടിസ്ഥാനസൗകര്യ വികസനവും വ്യവസായ വളർച്ചയും തമ്മിലുള്ള പരസ്പരബന്ധം വിശദീകരിച്ച പ്രധാനമന്ത്രി, അസംസ്‌കൃത വസ്തുക്കൾ കാര്യക്ഷമമായി എത്തിക്കുന്നതിന് മികച്ച റോഡുകളും റെയിൽവേ സംവിധാനങ്ങളും തുറമുഖങ്ങളും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. ശക്തമായ ഉൽപ്പാദന മേഖലയ്ക്ക് ഇത്തരം അടിസ്ഥാനസൗകര്യങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുമ്പോൾ വിവിധ തലങ്ങളിൽ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു” - ശ്രീ മോദി വ്യക്തമാക്കി.

ഈ വികസന പ്രവർത്തനങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന തുടർപ്രഭാവങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, നിർമാണ പദ്ധതികൾ ആരംഭിക്കുന്നതോടെ എൻജിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും തൊഴിലാളികൾക്കും ഉടൻതന്നെ തൊഴിൽ ലഭിക്കുമെന്ന് പറഞ്ഞു. അതോടൊപ്പം സിമന്റ്, സ്റ്റീൽ, ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന ചെറുകിട കമ്പനികൾക്കും ഫാക്ടറികൾക്കും ഉണർവ് ലഭിക്കും. ഇന്ന് ഉദ്ഘാടനം ചെയ്യുന്നതും തറക്കല്ലിടുന്നതുമായ റെയിൽ-റോഡ് പദ്ധതികൾ പൂർത്തിയാകുന്നതോടെ മെച്ചപ്പെടുന്ന ഗതാഗത ബന്ധം തമിഴ്‌നാട്ടിലെ വ്യവസായ-സേവന മേഖലകളുടെ വളർച്ചയ്ക്ക് നിർണായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. “അതുകൊണ്ടുതന്നെ ഇന്ന് തറക്കല്ലിടുന്നതും രാജ്യത്തിന് സമർപ്പിക്കുന്നതുമായ റെയിൽ-റോഡ് പദ്ധതികൾ തമിഴ്‌നാടിന്റെ പുരോഗതിയിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കും”- ശ്രീ മോദി പറഞ്ഞു.

സമുദ്രഗതാഗത മേഖലയിലെ തന്ത്രപ്രധാനമായ ആധുനികവൽക്കരണത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, രാജ്യത്തെ കപ്പൽഗതാഗത മേഖലയെ അഭൂതപൂർവമായ ഉയരങ്ങളിലെത്തിക്കുന്നതിനായി തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തിവരികയാണെന്ന് പ്രഖ്യാപിച്ചു. ഇതിൽ തമിഴ്‌നാട് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൂത്തുക്കുടിയിലെ വി.ഒ.സി. തുറമുഖത്തെ ലോകോത്തര മെഗാ കണ്ടെയ്‌നർ - ഹരിതോർജ കേന്ദ്രമാക്കി മാറ്റുന്നതിനായി ഏകദേശം 17,000 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള സുപ്രധാന തീരുമാനം അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവലിയ കണ്ടെയ്‌നർ കപ്പലുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന രീതിയിലാണ് തുറമുഖം വികസിപ്പിക്കുക. “ഇതിലൂടെ തമിഴ്‌നാടിന് വ്യവസായ - ഗതാഗത മേഖലകളിലെ ആഗോള കേന്ദ്രമായി മാറാൻ കഴിയും” - ശ്രീ മോദി വ്യക്തമാക്കി.

തുറമുഖ മേഖലയിലെ ഈ ശ്രദ്ധയുടെ നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, സമീപ വർഷങ്ങളിൽ ഇന്ത്യൻ തുറമുഖങ്ങളുടെ പ്രവർത്തനവേഗവും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെട്ടതായി പറഞ്ഞു. കപ്പലുകൾ തുറമുഖങ്ങളിൽ ചെലവഴിക്കുന്ന സമയം പകുതിയായി കുറയ്ക്കാൻ കഴിഞ്ഞത് ആഭ്യന്തര ഉൽപ്പന്നങ്ങൾ ആഗോള വിപണികളിലെത്തിക്കുന്ന വേഗം വർധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇതിലൂടെ ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്കും മുമ്പത്തേക്കാൾ വേഗത്തിൽ ആഗോള വിപണികളിലെത്താൻ കഴിയുന്നു” - ശ്രീ മോദി പറഞ്ഞു.

നീല സമ്പദ്‌വ്യവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ സമുദ്രസമ്പദ്‌വ്യവസ്ഥ എന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിൽ മത്സ്യത്തൊഴിലാളികൾക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി. പി.എം. മത്സ്യ സമ്പദ യോജന ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ തമിഴ്‌നാടിന് ആയിരക്കണക്കിന് കോടി രൂപയുടെ സഹായം അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം, മത്സ്യങ്ങൾ കരയിലെത്തിക്കുന്ന കേന്ദ്രങ്ങളുടെ വികസനം, ശീതീകരണ - ശീതശൃംഖലാ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. “മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി അവ കൊണ്ടുപോകാനുള്ള വാഹനങ്ങൾ വാങ്ങുന്നതിനും സഹായം നൽകിയിട്ടുണ്ട്” - ശ്രീ മോദി പറഞ്ഞു.

തീരദേശ ജനവിഭാഗങ്ങൾക്ക് ലക്ഷ്യമിട്ടുള്ള സഹായങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, ചെന്നൈ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണവും സംസ്ഥാനത്ത് കടൽപ്പായൽ പാർക്ക് വികസിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ ചൂണ്ടിക്കാട്ടി. “കിസാൻ ക്രെഡിറ്റ് കാർഡ് വഴി മത്സ്യത്തൊഴിലാളികൾക്ക് പ്രവർത്തന മൂലധനവും ഇപ്പോൾ എളുപ്പത്തിൽ ലഭ്യമാകുന്നുണ്ട്” - ശ്രീ മോദി വ്യക്തമാക്കി.

ഈ സമുദ്രാധിഷ്ഠിത നയങ്ങൾ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ മത്സ്യ ഉൽപ്പാദനം അതിവേഗം വർധിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം സമുദ്രോൽപ്പന്ന കയറ്റുമതി അളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. “ഇത് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും തീരദേശ സമൂഹങ്ങളിലെ ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു” - ശ്രീ മോദി വ്യക്തമാക്കി.

ഭാവിയെക്കുറിച്ചുള്ള ഏകീകൃത കാഴ്ചപ്പാട് അവതരിപ്പിച്ച് ഉപസംഹരിച്ച പ്രധാനമന്ത്രി, തമിഴ്‌നാടിനെ തുടർച്ചയായി കൂടുതൽ സമൃദ്ധിയുടെ ഉയരങ്ങളിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ പൂർണവും അചഞ്ചലവുമായ പിന്തുണ ഉറപ്പുനൽകി. വികസിത ഇന്ത്യ എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന് ആദ്യം വികസിത തമിഴ്‌നാട് ഉറപ്പാക്കണമെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതുതായി ആരംഭിച്ച എല്ലാ പദ്ധതികളുടെയും വിജയത്തിന് അദ്ദേഹം ആശംസകൾ നേർന്നു. “വികസിത തമിഴ്‌നാടിലൂടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം നമുക്ക് ഒരുമിച്ച് സാക്ഷാത്കരിക്കാം” - ശ്രീ മോദി പറഞ്ഞു.

-SK-

( റിലീസ് ഐ.ഡി: 2322040) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Manipuri , Gujarati , Odia , Tamil , Kannada