വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളം ഇന്ത്യ പോസ്റ്റ് പാഴ്‌സൽ സേവനങ്ങൾക്കായി തപാൽ വകുപ്പും ബ്ലൂ ഡാർട്ട് എക്‌സ്പ്രസ് ലിമിറ്റഡും ധാരണാപത്രം ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 09 OCT 2026 7:07PM by PIB Thiruvananthpuram

രാജ്യത്തെ പാഴ്‌സൽ, ലോജിസ്റ്റിക്‌സ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും (ഡിഒപി) ബ്ലൂ ഡാർട്ട് എക്‌സ്പ്രസ് ലിമിറ്റഡും ഇന്ത്യ പോസ്റ്റ് പാഴ്‌സൽ സേവനങ്ങൾക്കായി കരാർ ഒപ്പുവച്ചു. 

 

രണ്ട് സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 2026 ഒക്ടോബർ 9-ന് ന്യൂഡൽഹിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

തപാൽ വകുപ്പിൻ്റെ വിപുലമായ ശൃംഖലയും ജനവിശ്വാസവും, ബ്ലൂ ഡാർട്ടിൻ്റെ ലോജിസ്റ്റിക്‌സ് രംഗത്തെ മികച്ച പരിചയസമ്പത്തും സമഗ്രമായി പ്രയോജനപ്പെടുത്തി രാജ്യത്തുടനീളം കൂടുതൽ കാര്യക്ഷമവും വിശ്വസനീയവും ഉപഭോക്തൃ സൗഹൃദവുമായ പാഴ്‌സൽ വിതരണ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിൻ്റെ പ്രധാന ലക്ഷ്യം.

 


 

കരാറിൻ്റെ പ്രധാന നേട്ടങ്ങൾ

  • രാജ്യവ്യാപകമായി എല്ലാ പ്രദേശങ്ങളിലും ലഭ്യത: നഗരങ്ങളിലും അർദ്ധനഗരങ്ങളിലും ഗ്രാമങ്ങളിലും, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലും സേവനങ്ങൾ എത്താത്ത ഇടങ്ങളിലും പാഴ്‌സലുകൾ എത്തിക്കുന്നതിനായി ബ്ലൂ ഡാർട്ട്, ഇന്ത്യ പോസ്റ്റിൻ്റെ വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തും.
  • സമഗ്രമായ വിതരണ മാർഗങ്ങൾ: പ്രീപെയ്ഡ്, ക്യാഷ് ഓൺ ഡെലിവറി പാഴ്‌സലുകൾ എത്തിക്കലും ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവറി സ്ഥിരീകരണവും തത്സമയ ഷിപ്പ്‌മെൻ്റ് ട്രാക്കിംഗും ഇതിൽ ഉൾപ്പെടുന്നു.
  • ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം: വേഗതയേറിയ ഡെലിവറി, മികച്ച പ്രവർത്തന ഏകോപനം, പാഴ്‌സൽ നീക്കവും വിതരണവും കാര്യക്ഷമമാക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ തടസ്സമില്ലാത്ത സംയോജനം എന്നിവയിൽ ഈ കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഇ-കോമേഴ്സ് വളർച്ചയ്ക്കുള്ള പിന്തുണ: രാജ്യത്ത്  അതിവേഗം വളരുന്ന ഇ-കോമേഴ്സ് മേഖലയ്ക്ക് കരുത്തുപകരുന്ന ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളെ ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


 

ബ്ലൂ ഡാർട്ട് എക്‌സ്പ്രസ് ലിമിറ്റഡിന് ലഭിക്കുന്ന നേട്ടങ്ങൾ

രാജ്യത്തുടനീളം വ്യാപിച്ച് കിടക്കുന്ന ഇന്ത്യ പോസ്റ്റിൻ്റെ 1.64 ലക്ഷം പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖല പ്രയോജനപ്പെടുത്താൻ ബ്ലൂ ഡാർട്ടിന് സാധിക്കും. ഈ പങ്കാളിത്തത്തിലൂടെ ബ്ലൂ ഡാർട്ടിന് തങ്ങളുടെ ലോജിസ്റ്റിക്‌സ് പ്രവർത്തനങ്ങൾ വികസിപ്പിക്കാനും, വിതരണ വേഗത വർദ്ധിപ്പിക്കാനും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ വളർന്നുവരുന്ന ഇ-കോമേഴ്സ് മേഖലയുടെ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റാനും സാധിക്കും.

തപാൽ വകുപ്പിനുണ്ടാകുന്ന നേട്ടങ്ങൾ


തപാൽ വകുപ്പിന്, തങ്ങളുടെ തപാൽ-പാഴ്‌സൽ ശൃംഖലയെ കൂടുതൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും സംഘടിത ലോജിസ്റ്റിക്‌സ് മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കാനും ഈ സഹകരണം അവസരമൊരുക്കുന്നു. കൂടാതെ, പ്രമുഖ എക്‌സ്പ്രസ് ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ബ്ലൂ ഡാർട്ടിൻ്റെ പ്രവർത്തന പരിചയവും വ്യവസായ മാതൃകകളും ഉപയോഗപ്പെടുത്താനും തപാൽ വകുപ്പിന് ഇതിലൂടെ സാധിക്കും.

തപാൽ വകുപ്പിനെക്കുറിച്ച്

കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തപാൽ വകുപ്പ്, രാജ്യത്തുടനീളമുള്ള 1.64 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുള്ള ലോകത്തിലെ ഏറ്റവും വലിയ അഞ്ചൽ ശൃംഖലയാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ഇ-കോമേഴ്സ് വളർച്ചയ്ക്ക് കരുത്തേകുന്നതിനൊപ്പം ആശയവിനിമയം, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലും തപാൽ വകുപ്പ് നിർണ്ണായക പങ്കുവഹിക്കുന്നു.

ബ്ലൂ ഡാർട്ട് എക്‌സ്പ്രസ് ലിമിറ്റഡിനെക്കുറിച്ച്

രാജ്യത്തുടനീളം വിതരണവും  ലോജിസ്റ്റിക്‌സ് സേവനങ്ങളും നൽകുന്ന പ്രമുഖ എക്‌സ്‌പ്രസ് ലോജിസ്റ്റിക്‌സ്, വിതരണ കമ്പനിയാണ് ബ്ലൂ ഡാർട്ട് എക്‌സ്‌പ്രസ് ലിമിറ്റഡ്. വിപുലമായ ആഭ്യന്തര ശൃംഖലയുള്ള കമ്പനിക്ക്, ഇ-കോമേഴ്‌സ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ ബിസിനസ്സുകൾക്കും സമയബന്ധിതമായി എത്തിക്കേണ്ട എക്‌സ്‌പ്രസ് ലോജിസ്റ്റിക്‌സ് ആവശ്യങ്ങൾക്കും സേവനം നൽകി മികച്ച പരിചയസമ്പത്തുണ്ട്.

 

***

 

( റിലീസ് ഐ.ഡി: 2321642) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Telugu