റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയപാത അതോറിറ്റി ദ്വാരക എക്സ്പ്രസ്‌വേയിലെ 25 ഡീസൽ ജനറേറ്റർ സെറ്റുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കുന്നു

പോസ്റ്റഡ് ഓണ്‍: 09 OCT 2026 4:46PM by PIB Thiruvananthpuram

ദേശീയ തലസ്ഥാന മേഖലയിലെ  ദേശീയപാതാ ഇടനാഴികളിൽ പരിസ്ഥിതി സംരക്ഷണ നടപടികൾ ശക്തമാക്കുന്നതിൻ്റെ   ഭാഗമായി ദേശീയപാതാ അതോറിട്ടി  സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ബസായിയെ ഖേർക്കി ധൗളയുമായും ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ്സ് വേ ക്ലോവർലീഫ് ഇൻ്റർസെക്ഷനുമായും ബന്ധിപ്പിക്കുന്ന ദ്വാരക എക്സ്പ്രസ്സ് വേയുടെ 8.7 കിലോമീറ്റർ നീളമുള്ള പാക്കേജ്-IV-ൽ വിന്യസിച്ചിട്ടുള്ള 25 ഡീസൽ ജനറേറ്റർ  സെറ്റുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ  സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് ദേശീയ പാത അതോറിറ്റി (NHAI) തുടക്കം കുറിച്ചു.

 

ദേശീയ തലസ്ഥാന മേഖലയിൽ  ഡീസൽ ജനറേറ്റർ (DG) സെറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് അന്തരീക്ഷ ഗുണനിലവാര മാനേജ്‌മെൻ്റ്  കമ്മീഷൻ (CAQM) നൽകിയ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശൈത്യകാലത്ത് 'ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ'  പ്രകാരം വായു മലിനീകരണം ലഘൂകരിക്കുക എന്നതാണ് ഇതിൻ്റെ   പ്രധാന ലക്ഷ്യം. കടുത്ത വായു മലിനീകരണം അനുഭവപ്പെടുന്ന ഡൽഹി NCR പരിധിയിലാണ് ദ്വാരക എക്സ്പ്രസ്സ് വേ പാക്കേജ് IV ഉൾപ്പെടുന്നത്. ഈ നിർണായക സമയത്ത് അന്തരീക്ഷ വായുവിൻ്റെ   ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡിജി സെറ്റുകൾക്ക് നിയന്ത്രണങ്ങളും മലിനീകരണ നിവാരണ മാർഗ്ഗങ്ങളും CAQM നിർബന്ധമാക്കിയിട്ടുണ്ട്.

 

ദ്വാരക എക്സ്പ്രസ് വേയിലെ തെരുവ് വിളക്കുകളുടെ പ്രവർത്തനത്തിനും മറ്റ് അനുബന്ധ കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഡീസൽ ജനറേറ്ററുകളിലാണ്  മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ  സ്ഥാപിക്കുന്നത്. ഇവയുടെ ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയ്‌ക്കൊപ്പം സമഗ്രമായ അറ്റകുറ്റപ്പണി സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും.

 

ദേശീയപാതകളുടെ നിർമ്മാണത്തിലും പരിപാലനത്തിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന ദേശീയ പാത അതോറിറ്റിയുടെ വിപുലമായ നയത്തിൻ്റെ   ഭാഗമായാണ് എൻസിആർ  മേഖലയിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രവർത്തിപ്പിക്കുന്ന ഡിജി സെറ്റുകൾ ഗവണ്മെൻ്റ്  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പുവരുത്താനാകും. കൂടാതെ, സുതാര്യത ഉറപ്പാക്കുന്നതിനായി ഓരോ സ്ഥലത്തും ഉപകരണങ്ങൾ ഘടിപ്പിച്ചതിൻ്റെ   ജിപിഎസ് അധിഷ്ഠിത ചിത്രങ്ങൾ  സൂക്ഷിക്കുമെന്നുംദേശീയ പാത അതോറിറ്റി അറിയിച്ചു.

 

ദേശീയ തലസ്ഥാന മേഖലയിലെ  ദേശീയപാതാ പദ്ധതികൾക്കായി എൻഎച്ച്എഐ  നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ നടപടികൾ, വായു ഗുണനിലവാര മാനദണ്ഡങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള വിപുലമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.പരിസ്ഥിതി സംരക്ഷണത്തിനായി എൻസിആർ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ ദേശീയപാത അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം വായുമലിനീകരണം തടയുന്നതിനുള്ള ഗവണ്മെൻ്റ്  നയങ്ങൾക്ക് അനുസൃതമാണെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.

*****


( റിലീസ് ഐ.ഡി: 2321556) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu