വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇന്ത്യാ മൊബൈൽ കോൺഗ്രസിലെ മന്ത്രിതല പരിപാടിക്ക് അധ്യക്ഷത വഹിച്ച് കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ; അടുത്ത നൂറുകോടി ജനങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കാൻ ആഗോള സഹകരണത്തിന് ആഹ്വാനം
പോസ്റ്റഡ് ഓണ്‍:
08 OCT 2026 6:58PM by PIB Thiruvananthpuram
ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ന്റെ ഭാഗമായി കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലെ ടെലികോം വകുപ്പ് സംഘടിപ്പിച്ച മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര കമ്യൂണിക്കേഷന്‍സ്, വടക്കുകിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അധ്യക്ഷനായി. 'അതിരുകളില്ലാത്ത വികാസം: അടുത്ത നൂറുകോടി ഡിജിറ്റൽ കണക്ഷനുകൾക്കായി നിക്ഷേപം' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. അർത്ഥപൂർണമായ ഡിജിറ്റൽ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനും വരുംതലമുറ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം വേഗത്തിലാക്കുന്നതിനും തന്ത്രങ്ങൾ ചർച്ച ചെയ്യാന്‍ മന്ത്രിമാർ, അന്താരാഷ്ട്ര സംഘടനകൾ, ആഗോള ടെലികോം രംഗത്തെ പ്രമുഖർ, വ്യവസായ പങ്കാളികൾ എന്നിവർ ഉന്നതതല പരിപാടിയിൽ ഒത്തുചേർന്നു.
ചെലവുകുറഞ്ഞതും കാര്യക്ഷമവുമായ ഡിജിറ്റൽ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതില്‍ സുസ്ഥിര നിക്ഷേപം, ശക്തമായ അന്താരാഷ്ട്ര സഹകരണം, അനുകൂല നയ ചട്ടക്കൂടുകൾ എന്നിവയുടെ പ്രാധാന്യം ശ്രീ ജ്യോതിരാദിത്യ സിന്ധ്യ അഭിസംബോധനയില്‍ വ്യക്തമാക്കി.

അതിരുകളില്ലാത്ത വികാസമെന്നത് കേവലം ടെലികോം ശൃംഖലകളുടെ വിപുലീകരണം മാത്രമല്ലെന്നും അത് മനുഷ്യർക്ക് ലഭിക്കുന്ന അവസരങ്ങളുടെ വിപുലീകരണമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇനി നാം കണക്റ്റിവിറ്റി എത്തിക്കേണ്ട നൂറുകോടി ജനങ്ങളിലേക്ക് ചെന്നെത്തുക അത്ര എളുപ്പമായിരിക്കില്ല. എങ്കിലും, പുതിയ പഠിതാക്കളെയും സംരംഭകരെയും നൂതനാശയക്കാരെയും ആഗോള ഡിജിറ്റൽ സാമ്പത്തികരംഗത്തേക്ക് കൊണ്ടുവരുന്നതിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിക്കും. താങ്ങാവുന്ന ചെലവ്, നൂതനാശയങ്ങൾ, പൊതുലക്ഷ്യം എന്നിവയിലൂടെ കണക്റ്റിവിറ്റി വിപുലീകരിക്കാൻ കഴിയുമെന്ന് ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു. 5G-അഡ്വാൻസ്ഡ്, 6G, ഉപഗ്രഹ ശൃംഖലകൾ, നിർമിതബുദ്ധി (എഐ) എന്നിവയിലേക്ക് നാം ഉറ്റുനോക്കുമ്പോൾ ഭൂമിശാസ്ത്രമോ വരുമാനമോ സാഹചര്യങ്ങളോ ആർക്കും അവസരങ്ങൾക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതിരുകളില്ലാത്ത കണക്റ്റിവിറ്റിയും അതിലൂടെ അതിരുകളില്ലാത്ത അവസരങ്ങളുമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ശ്രീ സിന്ധ്യ വ്യക്തമാക്കി.
ചെലവുകുറഞ്ഞതും വിശ്വസനീയവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ കണക്റ്റിവിറ്റി മുന്നോട്ട് കൊണ്ടുപോകാനും ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താനും നയം, നിയന്ത്രണം, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് പരിപാടി വേദിയൊരുക്കി.
എസ്റ്റോണിയൻ നീതിന്യായ-ഡിജിറ്റൽ കാര്യ മന്ത്രി ലിസ-ലി പകോസ്ത, ജപ്പാൻ ആഭ്യന്തര-വാർത്താവിനിമയ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യ വൈസ് മിനിസ്റ്റർ ഹിഡിയോ ഫുസെദ എന്നിവർ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തു. കൂടാതെ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയന് കീഴിലെ ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ ബ്യൂറോ ഡയറക്ടർ സീസോ ഒനോയ്, ജി.എസ്.എം.എ ഫൗണ്ടേഷൻ പ്രസിഡന്റും ചീഫ് റെഗുലേറ്ററി ഓഫീസറുമായ ജോൺ ജിയുസ്റ്റി തുടങ്ങി ആഗോള ടെലികോം രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

അടുത്ത നൂറുകോടി ഡിജിറ്റൽ കണക്ഷനുകളിൽ ശ്രദ്ധയൂന്നി ചർച്ചകൾ
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ അന്തരീക്ഷത്തോട് പൊരുത്തപ്പെടാന്‍ ഗവണ്‍മെന്റുകളും വ്യവസായ ലോകവും അന്താരാഷ്ട്ര സംഘടനകളും തമ്മിൽ ശക്തമായ സഹകരണം അനിവാര്യമാണെന്ന് ചർച്ചകൾ ചൂണ്ടിക്കാട്ടി. പുത്തൻ സാങ്കേതികവിദ്യകൾ ആഗോള ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നിക്ഷേപ സമാഹരണം, നയപരമായ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തൽ, ചെലവുകുറഞ്ഞതും അർത്ഥപൂർണവുമായ കണക്റ്റിവിറ്റി വ്യാപിപ്പിക്കൽ എന്നിവയ്ക്കുള്ള വഴികൾ പ്രതിനിധികൾ ചർച്ച ചെയ്തു.

2030-ലെ ഡിജിറ്റൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭാവി അധിഷ്ഠിത ശൃംഖലകൾ, അന്താരാഷ്ട്ര നിലവാരങ്ങൾ, നൂതനാശയങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയുടെ പ്രാധാന്യവും സമ്മേളനത്തിൽ ചര്‍ച്ചയായി.

സമഗ്ര ഡിജിറ്റൽ വളർച്ചയ്ക്ക് ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തും
വരും തലമുറ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ചർച്ചകൾ ആവർത്തിച്ച് വ്യക്തമാക്കി. നിക്ഷേപം, നൂതനാശയങ്ങൾ, സുസ്ഥിര ഡിജിറ്റൽ വികസനം എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും പങ്കാളിത്തവും അനിവാര്യമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കൂടുതൽ പരസ്പര ബന്ധിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ ശാക്തീകരണത്തില്‍ സാങ്കേതികവിദ്യ, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ പങ്ക് ഉയർത്തിക്കാട്ടി ‘അതിരുകളില്ലാത്ത വികാസം' എന്ന കാഴ്ചപ്പാടില്‍ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഡിജിറ്റൽ ലഭ്യത വ്യാപിപ്പിക്കുന്നതിനും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പൊതു മുൻഗണനകൾ കണ്ടെത്താനും ആഗോള കാഴ്ചപ്പാടുകൾ ഒരുമിച്ച് കൊണ്ടുവരാനും ടെലികോം വകുപ്പിന് സുപ്രധാന വേദിയൊരുക്കുന്നതായിരുന്നു മന്ത്രിതല പരിപാടി. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ കണക്റ്റിവിറ്റി ഉറപ്പാക്കാനും അടുത്ത നൂറുകോടി ജനങ്ങളെ ഡിജിറ്റൽ ലോകവുമായി ബന്ധിപ്പിക്കാനും സഹായിക്കുന്ന കൂട്ടായ പ്രതിബദ്ധത ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026 ആവര്‍ത്തിച്ച് വ്യക്തമാക്കി.
Follow DoT Handles for more: -
X - https://x.com/DoT_India
Insta- https://www.instagram.com/department_of_telecom?igsh=MXUxbHFjd3llZTU0YQ==
Fb - https://www.facebook.com/DoTIndia
Youtube: https://youtube.com/@departmentoftelecom?si=DALnhYkt89U5jAaa
***
( റിലീസ് ഐ.ഡി: 2320985)
സന്ദര്‍ശക കൗണ്ടര്‍ : 5