ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

20-ാമത് EAS ഊർജ്ജ മന്ത്രിമാരുടെ യോഗത്തിൽ പ്രാദേശിക ഊർജ്ജ സഹകരണത്തിനും ഊർജ്ജ സുരക്ഷയ്ക്കും ഊന്നൽ നൽകി ഇന്ത്യ

പോസ്റ്റഡ് ഓണ്‍: 08 OCT 2026 1:12PM by PIB Thiruvananthpuram

ഫിലിപ്പീൻസിലെ മനിലയിൽ ഇന്ന് നടന്ന 20-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടി (EAS) ഊർജ്ജ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ഊർജ്ജ, നവ-പുനരുപയോഗ ഊർജ്ജ സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക് പങ്കെടുത്തു. പ്രാദേശിക ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഊർജ്ജ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള  ഇന്ത്യയുടെ പ്രതിബദ്ധത, യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ നായിക് ഊന്നിപ്പറഞ്ഞു.

 

WhatsApp Image 2026-10-08 at 12.17.55.jpeg

 

ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയവും ആസിയാനുമായുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തവും എടുത്തുപറഞ്ഞ കേന്ദ്ര മന്ത്രി, ഊർജ്ജ സഹകരണത്തിനായുള്ള ആസിയാൻ കർമ്മപദ്ധതി 2026–2030-നെ സ്വാഗതം ചെയ്തു. ആസിയാൻ പവർ ഗ്രിഡ്, പ്രാദേശിക വൈദ്യുതി പ്രസരണം, ബഹുമുഖ വൈദ്യുതി വ്യാപാരം, ശുദ്ധ ഊർജ്ജം, ഊർജ്ജ സുരക്ഷ എന്നിവയുൾപ്പെടെയുള്ള ആസിയാൻ-ഇന്ത്യ കർമ്മപദ്ധതി 2026–2030-ന് കീഴിലുള്ള സഹകരണം  ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രിഡ് കണക്റ്റിവിറ്റിയിൽ 400 പ്രൊഫഷണലുകൾക്ക് പരിശീലനം നൽകിക്കൊണ്ട് ആസിയാൻ പവർ ഗ്രിഡ് സംരംഭത്തെ പിന്തുണയ്ക്കുമെന്ന് 2025-ൽ നടന്ന 22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെക്കുറിച്ചും  അദ്ദേഹം പരാമർശിച്ചു.

 



 

വൈദ്യുതി മേഖലയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതിയിലേക്ക് ശ്രീ നായിക് ശ്രദ്ധ ക്ഷണിച്ചു. 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച്, രാജ്യത്തെ സ്ഥാപിത വൈദ്യുതി ഉൽപ്പാദനശേഷി 558.8 ജിഗാവാട്ടിലെത്തി. ഇതിൽ 308 ജിഗാവാട്ട് ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്നുള്ളതാണ്. ഇത് രാജ്യത്തെ ആകെ സ്ഥാപിത വൈദ്യുതി ഉൽപ്പാദനശേഷിയുടെ 55 ശതമാനമാണ്. പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. 2026 സെപ്റ്റംബർ 29 വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 5.01 ദശലക്ഷം പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചതിലൂടെ 5.95 ദശലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. 2030-ലെ NDC ലക്ഷ്യം കൈവരിക്കുന്നതിന് അഞ്ച് വർഷം മുമ്പ്, അതായത് 2025 ജൂണിൽ തന്നെ, രാജ്യത്തെ ആകെ സ്ഥാപിത വൈദ്യുതി ഉൽപ്പാദനശേഷിയുടെ 50 ശതമാനം ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് കൈവരിക്കാൻ  ഇന്ത്യയ്ക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക വൈദ്യുതി ബന്ധത്തെക്കുറിച്ച് സംസാരിച്ച ശ്രീ നായിക്, നിർദ്ദിഷ്ട 2,000 മെഗാവാട്ട് അതിർത്തി കടന്നുള്ള വൈദ്യുതി ബന്ധത്തിനുള്ള സാധ്യതകൾ ഇന്ത്യയും സിംഗപ്പൂരും പരിശോധിച്ചുവരികയാണെന്ന് വ്യക്തമാക്കി. ഇന്ത്യയിലെ ഇംഫാലിൽ നിന്ന് മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ എന്നിവയിലൂടെ സിംഗപ്പൂരിനെ ബന്ധിപ്പിക്കുന്ന ഏകദേശം 3,000 കിലോമീറ്റർ ദൈർഘ്യമുള്ള കരമാർഗ്ഗ വൈദ്യുതി പ്രസരണ ഇടനാഴിയാണ് പരിഗണനയിലുള്ള ഒരു സാധ്യത. ഈ വൈദ്യുതി ബന്ധം യാഥാർഥ്യമായാൽ വിശ്വസനീയമായ അതിർത്തി കടന്നുള്ള വൈദ്യുതി വ്യാപാരം സുഗമമാക്കാനും ശുദ്ധ ഊർജ്ജ സംയോജനത്തിന് പിന്തുണ നൽകാനും പ്രാദേശിക ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും കഴിയും.

വൻതോതിലുള്ള പുനരുപയോഗ ഊർജ്ജ വിന്യാസം, ഗ്രിഡ് സംയോജനം, വൈദ്യുതി പ്രസരണ ആസൂത്രണം, ഊർജ്ജ സംഭരണം, ഹരിത ഹൈഡ്രജൻ, ശുദ്ധ ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയിലെ അനുഭവപരിചയം EAS പങ്കാളിത്ത രാജ്യങ്ങളുമായി പങ്കിടാനുള്ള ഇന്ത്യയുടെ സന്നദ്ധത മന്ത്രി അറിയിച്ചു. ആസിയാൻ സെൻ്റർ ഫോർ എനർജിയും NTPC, പവർഗ്രിഡ്, CEA, NIWE, NISE, NPTI എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള സ്ഥാപനതല ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരം, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്,  വൈദ്യുതി സംവിധാനങ്ങളുടെ പ്രതിരോധശേഷി, എൽ.എൻ.ജി, പ്രകൃതിവാതക വിതരണ സുരക്ഷ, പുനരുപയോഗ ഊർജ്ജ പ്രവചനം, ബാറ്ററി അധിഷ്ഠിത ഊർജ്ജ സംഭരണം, ഹരിത ഹൈഡ്രജൻ, ഉയർന്നുവരുന്ന മറ്റ് ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണ സാധ്യതകളും ശ്രീ നായിക് വിശദീകരിച്ചു. പങ്കാളി രാജ്യങ്ങളുടെ മുൻഗണനകളും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട്, സി.സി.യു.എസ് (കാർബൺ ക്യാപ്‌ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ്), കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം എന്നിവയിൽ ആസിയാൻ പങ്കാളികളുമായി വിജ്ഞാന കൈമാറ്റത്തിനും സഹകരണത്തിനുമുള്ള ഇന്ത്യയുടെ താൽപ്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.

ആസിയാൻ പവർ ഗ്രിഡിനെക്കുറിച്ചുള്ള വിപുലീകരിച്ച ധാരണാപത്രം പ്രവർത്തനക്ഷമമാക്കുന്നതിനും ബഹുമുഖ വൈദ്യുതി വ്യാപാരം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള ആസിയാൻ്റെ  ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ച്  വ്യക്തമാക്കി.

 

*****

 

( റിലീസ് ഐ.ഡി: 2320719) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी