യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

യുവശക്തിയാണ് വികസിത ഇന്ത്യയുടെ കരുത്ത് : ഡോ. മൻസുഖ് മാണ്ഡവ്യ

യുവജന പങ്കാളിത്തത്തെ അംഗീകാരം, അവസരം, നേതൃത്വം എന്നിവയാക്കി മാറ്റുന്നതിനുള്ള മൈ ഭാരത് പദ്ധതിയുടെ പോയിൻ്റുകൾ, പാരിതോഷികങ്ങൾ, അംഗീകാര സംവിധാനം

പോസ്റ്റഡ് ഓണ്‍: 06 OCT 2026 3:53PM by PIB Thiruvananthpuram

സന്നദ്ധപ്രവർത്തനം, അനുഭവങ്ങളിലൂടെയുള്ള പഠനം, യുവജന വികസന സംരംഭങ്ങൾ, മറ്റ് രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ യുവാക്കളുടെ നിരന്തരമായ പങ്കാളിത്തം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം 'എൻ്റെ  യുവ ഭാരതം (മേരാ യുവ ഭാരത്/ മൈ ഭാരത്) പോർട്ടലിലൂടെ 'പോയിൻ്റുകൾ, പാരിതോഷികങ്ങൾ, അംഗീകാരം' (പി.ആർ.ആർ.) എന്നിവ അടങ്ങിയ ഒരു സംവിധാനം നടപ്പിലാക്കുന്നു.
രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ യുവജന പങ്കാളിത്തത്തിൻ്റെ  പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു: 'യുവശക്തിയാണ് 'വികസിത ഇന്ത്യയുടെ കരുത്ത്. 'മൈ ഭാരത്' ൻ്റെ   പി.ആർ.ആർ. സംവിധാനത്തിലൂടെ, യുവജന പങ്കാളിത്തത്തെ അംഗീകാരവും അവസരങ്ങളും നേതൃത്വവുമായി മോദി ഗവണ്മെൻ്റ്  മാറ്റിയെടുക്കുകയാണ്.

പി.ആർ.ആർ. സംവിധാനം ഘടനാപരവും നാഴികക്കല്ലുകളെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു രീതി അവതരിപ്പിക്കുന്നു; ഇതിലൂടെ, മൈ ഭാരത് പോർട്ടലിലെ ഇടപെടലുകളിലൂടെ നേടുന്ന പോയിൻ്റുകളുടെ അടിസ്ഥാനത്തിൽ യുവാക്കൾക്ക് അംഗീകാരവും പാരിതോഷികവും അവസരങ്ങളും ലഭിക്കുന്നു. സന്നദ്ധപ്രവർത്തനം, അനുഭവങ്ങളിലൂടെയുള്ള പഠനം, സാമൂഹിക ഇടപെടലുകൾ, യുവജന വികസന പ്രവർത്തനങ്ങൾ എന്നിവയിൽ യുവാക്കളുടെ പങ്കാളിത്തം നിലനിർത്തുന്നതിനും, ഒപ്പം കൂടുതൽ ഉയർന്ന നാഴികക്കല്ലുകൾ കൈവരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഈ സംവിധാനപ്രകാരം, 1,000 പോയിൻ്റുകൾ നേടുന്ന യുവാക്കൾക്ക് മൈ ഭാരത് ഡിവിഷൻ ഡയറക്ടർ ഒപ്പിട്ട ഔദ്യോഗിക അംഗീകാരക്കത്ത്  ലഭിക്കും. 2,500 പോയിൻ്റ്  എന്ന നാഴികക്കല്ല് പിന്നിടുമ്പോൾ, പങ്കെടുക്കുന്ന അർഹരായവർക്ക് അവരുടെ പേര്, ഫോട്ടോ, മൈ ഭാരത് ഐഡി എന്നിവ പ്രസിദ്ധീകരിക്കുന്നതിന് അവരുടെ സമ്മതം വാങ്ങുന്ന വ്യവസ്ഥയ്ക്ക് വിധേയമായി, ഔദ്യോഗിക മൈ ഭാരത് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അംഗീകരിക്കുന്നതാണ്.

5,000 പോയിൻ്റുകൾ നേടുന്ന യുവാക്കളെ മൈ ഭാരത് പോർട്ടലിലെ പ്രത്യേക മൈ ഭാരത് ഡിജിറ്റൽ ഹാൾ ഓഫ് ഫെയിമി(മികവ് തെളിയിച്ചവരുടെ പട്ടിക)ൽ ഉൾപ്പെടുത്തുന്നതാണ്. നേട്ടം കൈവരിച്ചവരുടെ പേര്, മൈ ഭാരത് ഐ.ഡി, ഫോട്ടോ, കൂടാതെ അവരുടെ പൊതു വ്യക്തി വിവരങ്ങളി(പ്രൊഫൈൽ)ൽ നിന്നുള്ള സംക്ഷിപ്ത വ്യക്തിവിവരം എന്നിവ ഈ ഹാൾ ഓഫ് ഫെയിമിൽ പ്രദർശിപ്പിക്കും. ഉചിതമായ സുരക്ഷാ ക്രമീകരണങ്ങൾക്ക് വിധേയമായി, മറ്റ് ഉപയോക്താക്കൾക്ക് ഈ വ്യക്തികൾക്ക് സന്ദേശങ്ങൾ അയയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിച്ചേക്കാം.

ഉയർന്ന നാഴികക്കല്ലുകൾ പിന്നിടുമ്പോൾ കൂടുതൽ മികച്ച പാരിതോഷികങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 7,500 പോയിൻ്റുകൾ നേടുന്നവർക്ക് 'മോദി@20' എന്ന ഉറപ്പാർന്ന പുറംചട്ടയുള്ള പുസ്തകം ലഭിക്കും. 10,000 പോയിൻ്റുകൾ നേടുന്നവർക്ക്, വില്യം ഡാൽറിംപിൾ എഴുതിയ 'സുവർണ്ണ പാത: പുരാതന ഇന്ത്യ എങ്ങനെ ലോകത്തെ മാറ്റിമറിച്ചു' ('ദി ഗോൾഡൻ റോഡ്: ഹൗ ആൻഷ്യൻ്റ്  ഇന്ത്യ ട്രാൻസ്‌ഫോമ്ഡ് ദി വേൾഡ്) എന്ന പുസ്തകത്തിൻ്റെ , കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ഒപ്പിട്ട കട്ടിയുള്ള പുറംചട്ടയുള്ള പതിപ്പ് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. 20,000 പോയിൻ്റ്  എന്ന നാഴികക്കല്ല് പിന്നിടുന്ന അർഹരായവർക്ക്,  കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഒപ്പിട്ട, ഡി.കെ പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ നിധികൾ: പുരാതന കാലം മുതൽ ആധുനികത വരെ (ട്രഷേഴ്‌സ് ഓഫ് ഇന്ത്യ: ഫ്രം ആൻ്റിക്വിറ്റി ടു മോഡേണിറ്റി') എന്ന പുസ്തകത്തിൻ്റെ  ഉറപ്പാർന്ന പുറംചട്ടയുള്ള പതിപ്പ് ലഭിക്കും.

പി.ആർ.ആർ. സംവിധാനത്തിന് കീഴിലുള്ള ഉയർന്ന നാഴികക്കല്ലുകൾ, മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന യുവജനങ്ങൾക്ക് ഉന്നത നേതൃത്വവുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 50,000 പോയിൻ്റ്  എന്ന നാഴികക്കല്ല് പിന്നിടുന്ന അർഹരായ യുവജനങ്ങൾക്ക്, 'വികസിത ഇന്ത്യ യുവ നേതൃത്വ സംവാംദ (വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്/ വി.ബി.വൈ.എൽ.ഡി.)ത്തിൻ്റെ  വരാനിരിക്കുന്ന പതിപ്പിലോ അല്ലെങ്കിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുന്ന സമാനമായ മറ്റൊരു പ്രധാന പരിപാടിയിലോ വെച്ച്,  കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രിയെ നേരിൽ കാണാനുള്ള അവസരം ലഭിക്കും. നേട്ടങ്ങൾ കൈവരിച്ച അർഹരെ പോർട്ടലിൽ നിന്ന് കണ്ടെത്തി, അവരുടെ വിവരങ്ങൾ 'മൈ ഭാരത്' ആസ്ഥാനം പരിശോധിക്കും.

നിശ്ചയിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന നാഴികക്കല്ലായ ഒരു ലക്ഷം പോയിൻ്റുകൾ നേടുന്ന അർഹരായ യുവജനങ്ങൾക്ക്, വി.ബി.വൈ.എൽ.ഡി.യുടെ വരാനിരിക്കുന്ന പതിപ്പിനിടെ  കേന്ദ്ര യുവജനകാര്യ-കായിക മന്ത്രിയെ നേരിൽ കാണാൻ അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ മൈ ഭാരത് പോർട്ടൽ വഴി കണ്ടെത്തുകയും അവരുടെ വിവരങ്ങൾ 'മൈ ഭാരത്' ആസ്ഥാനം പരിശോധിക്കുകയും ചെയ്യും. 50,000, 1,00,000 പോയിൻ്റ്  എന്നീ നാഴികക്കല്ലുകൾ പിന്നിടുന്ന യുവാക്കളെ ആദരിക്കുന്ന പരിപാടി 2027 ഒക്ടോബർ മുതൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

പി.ആർ.ആർ. സംവിധാനം ഔദ്യോഗിക അംഗീകാരത്തിലും ഡിജിറ്റൽ ദൃശ്യതയിലും തുടങ്ങി, മൂർത്തമായ പാരിതോഷികങ്ങളിലേക്കും ദേശീയ യുവനേതൃത്വ വേദികളിൽ ഇടപെടാനുള്ള അവസരങ്ങളിലേക്കും നീളുന്ന ഒരു പുരോഗമനപരമായ സഞ്ചാരപഥം ഒരുക്കുന്നു. ഈ സംരംഭത്തിലൂടെ, ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ പങ്കാളിത്തം, സേവനം, നേതൃത്വം എന്നിവയുടെ സുസ്ഥിരമായ ഒരു സംസ്‌കാരം വളർത്തിയെടുക്കാൻ മൈ ഭാരത് ലക്ഷ്യമിടുന്നു.

ഒരു വികസിത രാഷ്ട്രമാകുന്നതിനായുള്ള ഇന്ത്യയുടെ പ്രയാണത്തിൽ, സജീവവും ശാക്തീകരിക്കപ്പെട്ടതുമായ യുവജനങ്ങളാണ് കേന്ദ്രസ്ഥാനീയർ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, കഴിവുറ്റ യുവത്വം, വികസിത ഇന്ത്യ (സമർത്ഥ് യുവ, വികസിത് ഭാരത്) എന്ന കാഴ്ചപ്പാടിനെ ഈ സംരംഭം ഊട്ടിയുറപ്പിക്കുന്നു. വ്യക്തിഗത സംഭാവനകളെ അംഗീകരിച്ചുകൊണ്ടും കൂടുതൽ സജീവമായി ഇടപെടാനുള്ള അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും, നേതൃത്വം, സാമൂഹിക സേവനം, രാഷ്ട്രനിർമ്മാണം എന്നിവയിലുള്ള തങ്ങളുടെ പ്രയാണം തുടരാൻ യുവ പൗരന്മാരെ മൈ ഭാരത് മുഖേന പ്രചോദിപ്പിക്കാനാണ് പി.ആർ.ആർ. സംവിധാനം ലക്ഷ്യമിടുന്നത്.

 
 
****
 

( റിലീസ് ഐ.ഡി: 2319779) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: हिन्दी , Urdu , English , Gujarati , Tamil