ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിൽ നടന്ന 11-ാമത് സന്ത് ഈശ്വർ സമ്മാൻ-2026-ൽ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 02 OCT 2026 7:37PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ ഇന്ന് നടന്ന 11-ാമത് സന്ത് ഈശ്വർ സമ്മാൻ-2026-ൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹത്തിന് മാതൃകാപരവും നിസ്വാർത്ഥവുമായ സേവനം കാഴ്ചവെച്ച വ്യക്തികൾക്കും സംഘടനകൾക്കും സന്ത് ഈശ്വർ സേവാ സമ്മാൻ വിതരണം ചെയ്തു.
 
നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരവും ഇന്ത്യയുടെ കരുണ, ഉത്തരവാദിത്വo, സംസ്‌കാരം എന്നിവയുടെ ആഘോഷവുമാണ് സന്ത് ഈശ്വർ സമ്മാൻ എന്ന് ചടങ്ങിൽ ഉപരാഷ്ട്രപതി പറഞ്ഞു. രാഷ്ട്രത്തിന് നൽകിയ അമൂല്യ സംഭാവനകൾക്ക് അദ്ദേഹം എല്ലാ പുരസ്‌കാര ജേതാക്കളെയും ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
 
 പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും തുടർച്ചയായ 11 വർഷമായി ഈ സംരംഭം നിലനിർത്തുകയും ചെയ്ത സന്ത് ഈശ്വർ ഫൗണ്ടേഷനെയും രാഷ്ട്രീയ സേവാ ഭാരതിയെയും ശ്രീ സി.പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും ഏവരെയും ഉൾപ്പെടുത്തി രാഷ്ട്രത്തെ കൂടുതൽ സമഗ്രമാക്കുന്നതിനും നിശ്ശബ്ദമായി പ്രവർത്തിക്കുന്ന നിരവധിയായ വ്യക്തികളെ അംഗീകരിക്കുന്നതിലൂടെ, ഈ പുരസ്കാരങ്ങൾ സേവന പാത പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ പാരമ്പര്യത്തിൽ സേവനത്തിൻ്റെ കാലാതീതമായ പങ്ക് പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഇങ്ങനെ പറഞ്ഞു: "നമ്മുടെ നാഗരിക സംസ്കാരം നമ്മെ പഠിപ്പിച്ചിട്ടുള്ളത് 'നരസേവയാണ് നാരായണസേവ' എന്നാണ്". സ്വാർത്ഥതയുടെ ഇടുങ്ങിയ അതിരുകൾ ഭേദിച്ച് ഉയർന്നുവരാനും മറ്റുള്ളവരുടെ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാനും ഇന്ത്യയിലെ  മഹത്തുക്കളായ സന്യാസിമാരും ചിന്തകരും ജനങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
വികസിത ഇന്ത്യ @ 2047 എന്ന ലക്ഷ്യത്തെ പരാമർശിക്കവേ, വികസനത്തെ സാമ്പത്തിക വളർച്ചയോ അടിസ്ഥാന സൗകര്യ വികസനമോ സാങ്കേതിക മുന്നേറ്റമോ കൊണ്ട് മാത്രം അളക്കാൻ കഴിയില്ലെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഓരോ പൗരനും അന്തസ്സും അവസരവും പ്രതീക്ഷയും അനുഭവപ്പെടുന്നതാണ് യഥാർത്ഥത്തിൽ വികസിതമായ ഒരു ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
 
രാഷ്ട്രത്തിൻ്റെ പുരോഗതിയിൽ ഓരോ പൗരനും പങ്കാളിയാണെന്നും സേവന സംഘടനകളുടെയും വ്യക്തികളുടെയും പ്രവർത്തനം അടിസ്ഥാനതലത്തിലുള്ള രാഷ്ട്ര നിർമ്മാണമാണെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് മിഷനെ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനപങ്കാളിത്തം എങ്ങനെ ഒരു ഗവണ്മെൻ്റ് പരിപാടിയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്ന് ഈ സംരംഭം തെളിയിച്ചതായി പറഞ്ഞു.
 
മയക്കുമരുന്നിൻ്റെയും രാസലഹരി വസ്തുക്കളുടെയും ദുരുപയോഗം യുവാക്കളുടെ ആരോഗ്യത്തിനും ഭാവിക്കും ഉയർത്തുന്ന ഗുരുതരമായ ഭീഷണിയെക്കുറിച്ചും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'വികസിത ഇന്ത്യ സങ്കൽപ്പ് ലക്ഷ്യ'ത്തിനായി 'നശാ മുക്ത് യുവ' ആരംഭിച്ചതും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 'നശാ മുക്ത് ഭാരത് 2029' കർമ്മപദ്ധതി അവതരിപ്പിച്ചതും അദ്ദേഹം അനുസ്മരിച്ചു. ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെയ്പുകളാണ് ഇരു സംരംഭങ്ങളെന്നും അദ്ദേഹം പറഞ്ഞു.
 
വികസനത്തോടൊപ്പം കരുണയും സ്വഭാവ മഹിമയും സാമൂഹിക ഉത്തരവാദിത്വവും ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ സി.പി. രാധാകൃഷ്ണൻ പ്രഭാഷണം ഉപസംഹരിച്ചു. എല്ലാ പുരസ്കാര ജേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ഇവരുടെ ജീവിതം കൂടുതൽ പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ, സമൂഹത്തിൻ്റെ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാനും സേവനത്തിൻ്റെയും കർത്തവ്യ ബോധത്തിൻ്റെയും മനോഭാവം ശക്തിപ്പെടുത്താനും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 
 
 
 
 
 
 
 
 
 
****

( റിലീസ് ഐ.ഡി: 2318495) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी