പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കടുവ പുനരധിവാസ പദ്ധതിയുടെ ഭാഗമായി, ബക്‌സ കടുവ സങ്കേതത്തിലേക്ക് ആദ്യ പെൺകടുവയെ കേന്ദ്ര പരിസ്ഥിതി മന്ത്രിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ചേർന്ന് തുറന്നുവിട്ടു

പോസ്റ്റഡ് ഓണ്‍: 02 OCT 2026 1:14PM by PIB Thiruvananthpuram
ഇന്ത്യയിലെ കടുവ സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലെന്ന നിലയിൽ, പശ്ചിമ ബംഗാളിലെ ബക്‌സ കടുവ സങ്കേതത്തിലേക്ക് ഒരു പെൺകടുവയെ ഇന്ന് തുറന്നുവിട്ടു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ചരിത്രപരമായി പ്രാധാന്യമുള്ള ഈ കടുവാ ആവാസവ്യവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്നതും സ്വയംപര്യാപ്തവുമായ കടുവാ സമൂഹത്തെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, ഘട്ടംഘട്ടമായി നടപ്പാക്കുന്ന കടുവ പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഈ നടപടി, ഇന്ത്യയുടെ 2026-ലെ വന്യജീവി വാരത്തിന് ഉചിതമായ തുടക്കം നൽകി.
 
ഭൂപ്രകൃതി സംരക്ഷണത്തിനും ജീവിവർഗങ്ങളുടെ സംരക്ഷണത്തിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകുന്ന ഊന്നലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ബക്‌സയിൽ കടുവകളെ പുനരധിവസിപ്പിക്കുമെന്ന സുപ്രധാന വാഗ്ദാനം ഇന്ന് നിറവേറ്റിയതായി ചടങ്ങിനെ തുടർന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീ ഭൂപേന്ദർ യാദവ് വ്യക്തമാക്കി. കടുവകളെ വിജയകരമായി പുനരധിവസിപ്പിക്കുന്നതിന് നൽകിയ പിന്തുണയ്ക്ക് ബിഹാർ മുഖ്യമന്ത്രി ശ്രീ സാമ്രാട്ട് ചൗധരിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരിക്കും അദ്ദേഹം നന്ദി അറിയിച്ചു.

ചരിത്രപരമായി വടക്കൻ ബംഗാളിലെ പ്രധാന കടുവാ ആവാസമേഖലയാണ് ബക്‌സ. 1983-ൽ കടുവ സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഇത്, ഭൂട്ടാനിലെയും അസമിലെയും വനങ്ങളോടും സംരക്ഷിത മേഖലകളോടും ബന്ധപ്പെട്ടു കിടക്കുന്ന വിശാലമായ ഒരു പാരിസ്ഥിതിക മേഖലയുടെ ഭാഗമാണ്. എന്നിരുന്നാലും, പതിറ്റാണ്ടുകളായി സംഭവിച്ച ആവാസവ്യവസ്ഥയുടെ തകർച്ചയും വിഭജനവും, ഭൂവിനിയോഗത്തിലെ മാറ്റങ്ങളും, ഇരമൃഗങ്ങളുടെ ലഭ്യതയിലുണ്ടായ കുറവും പ്രദേശത്ത് സ്വാഭാവികമായി വസിക്കുന്ന കടുവകളുടെ എണ്ണം നിലനിർത്തുന്നതിന് ആവശ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളെ ബാധിച്ചു. തുടർന്ന്, സങ്കേതത്തിൽ സ്ഥിരതയുള്ള കടുവാ സാന്നിധ്യം ദീർഘകാലത്തേക്ക് ഇല്ലാതായി.
 
ബക്‌സയുടെ വീണ്ടെടുക്കൽ ശാസ്ത്രീയമായ അടിത്തറയിൽ ഊന്നിയുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലമാണ്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെയും (എൻ.ടി.സി.എ) വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും (ഡബ്ലു.ഐ.ഐ) പിന്തുണയോടെ പശ്ചിമ ബംഗാൾ ഗവണ്മെൻ്റ് ആരംഭിച്ച കടുവകളുടെ എണ്ണം വർദ്ധിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള പദ്ധതി 2018 മുതൽ സംയുക്തമായി നടപ്പാക്കിവരുന്നു. ആവാസവ്യവസ്ഥ മെച്ചപ്പെടുത്തൽ, ഇരകളുടെ ലഭ്യത വർദ്ധിപ്പിക്കൽ, സംരക്ഷണ-നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, ശാസ്ത്രീയമായ വിലയിരുത്തൽ, ശേഷി വികസനം എന്നിവയിലൂടെ കടുവകളുടെ വീണ്ടെടുക്കലിന് ആവശ്യമായ പാരിസ്ഥിതിക അടിത്തറ പുനഃസ്ഥാപിക്കുന്നതിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 800-ലധികം പുള്ളിമാനുകളെ വനത്തിലേക്ക് തുറന്നുവിട്ടിട്ടുണ്ട്; അതോടൊപ്പം കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏകദേശം 380 ഹെക്ടർ പുൽമേടുകൾ പുനഃസ്ഥാപിക്കുകയോ പരിവർത്തനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇരമൃഗങ്ങളുടെ സാന്നിധ്യത്തിൽ അനുകൂലമായ പുരോഗതിയുണ്ടെന്ന് ശാസ്ത്രീയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
 
ദീർഘകാല നിരീക്ഷണത്തിലൂടെ ഈ ഭൂപ്രദേശത്തുകൂടിയുള്ള കടുവകളുടെ സഞ്ചാരത്തെക്കുറിച്ചും പ്രോത്സാഹജനകമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2021, 2023, 2026 വർഷങ്ങളിൽ ക്യാമറ ട്രാപ്പുകൾ കടുവകളുടെ സാന്നിധ്യം രേഖപ്പെടുത്തി. പ്രത്യേകിച്ച്, 2023-ൽ ക്യാമറയിൽ പതിഞ്ഞ ഒരു കടുവ അസമിലെ മാനസ് കടുവ സങ്കേതത്തിൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു; തൊട്ടടുത്തുള്ള കടുവാ ആവാസവ്യവസ്ഥകൾക്കിടയിലെ സ്വാഭാവിക സഞ്ചാരത്തിൻ്റെ തെളിവാണ് ഇത് നൽകുന്നത്. കൃത്യമായി ആസൂത്രണം ചെയ്തതും ശാസ്ത്രീയമായി നയിക്കപ്പെടുന്നതുമായ ഇടപെടലുകളിലൂടെ കടുവകളുടെ സ്വാഭാവിക വീണ്ടെടുപ്പിന് പിന്തുണ നൽകാനാണ് നിലവിലെ എണ്ണം വർദ്ധിപ്പിക്കൽ പദ്ധതി ലക്ഷ്യമിടുന്നത്.
 
ഇന്ന് പെൺകടുവയെ തുറന്നുവിട്ടത് ആസൂത്രിതവും ഘട്ടംഘട്ടമായും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതുമായ വീണ്ടെടുപ്പ് പദ്ധതിയുടെ ഒന്നാം ഘട്ടത്തെ അടയാളപ്പെടുത്തുന്നു. പ്രസക്തമായ പാരിസ്ഥിതിക, വെറ്ററിനറി, പരിപാലന മാനദണ്ഡങ്ങൾ വിലയിരുത്തുകയും കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കുകയും ചെയ്ത ശേഷമാണ് ബിഹാറിലെ വാൽമീകി കടുവ സങ്കേതത്തിൽ നിന്ന് ഈ പെൺകടുവയെ ഇവിടേക്ക് മാറ്റിയത്. പെൺകടുവയെ തുറന്നുവിട്ടതിന് ശേഷം ടെലിമെട്രി, ക്യാമറ ട്രാപ്പിംഗ്, ഫീൽഡ് തല നിരീക്ഷണം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള തീവ്രമായ നിരീക്ഷണത്തിന് വിധേയമാക്കും. ഇതിലൂടെ പെൺകടുവയുടെ സഞ്ചാരം, പുതിയ സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടൽ, ആരോഗ്യം, പെരുമാറ്റം എന്നിവ വിലയിരുത്താനാകും.
 
കടുവകളെ ബക്‌സയിലേക്ക് തിരികെ എത്തിക്കുക എന്നത് മാത്രമല്ല ഈ പദ്ധതിയുടെ ലക്ഷ്യം. കടുവകൾക്ക് ഇവിടെ വസിക്കാനും പ്രജനനം നടത്താനും ഒടുവിൽ സ്വയംപര്യാപ്തവും നിലനിൽക്കാൻ പ്രാപ്തവുമായ ഒരു സമൂഹമായി മാറാനും കഴിയുന്ന സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം. ആവാസവ്യവസ്ഥ, ഇരകളുടെ ലഭ്യത, സംരക്ഷണത്തിനുള്ള തയ്യാറെടുപ്പ്, കടുവാ സമൂഹത്തിൻ്റെ നിലനിൽപ്പിനുള്ള സാധ്യത, നിരീക്ഷണ ഫലങ്ങൾ, വിദഗ്ധ ഉപദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി ഉചിതമെന്ന് കണ്ടെത്തുന്നിടത്ത് കൂടുതൽ കടുവകളെ ഘട്ടംഘട്ടമായി സങ്കേതത്തിലേക്ക് എത്തിക്കും.
 
ഈ വീണ്ടെടുപ്പ് ശ്രമത്തിൽ ജനപങ്കാളിത്തം ഒരു പ്രധാന ഘടകമായി തുടരുന്നു. 64 ഇക്കോ-ഡെവലപ്‌മെൻ്റ് കമ്മിറ്റികളെയും/സംയുക്ത വന പരിപാലന കമ്മിറ്റികളെയും പദ്ധതിയിൽ പങ്കാളികളാക്കിയിട്ടുണ്ട്. ജനങ്ങളുമായുള്ള ആശയവിനിമയം, ഉപജീവന മാർഗ്ഗങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം, സംരക്ഷണവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ എന്നിവയ്ക്കാണ് ഇതിൽ ഊന്നൽ നൽകുന്നത്. കടുവകളുടെ തിരിച്ചുവരവ് പുരോഗമിക്കുന്നതിനനുസരിച്ച്, ജനങ്ങളുമായുള്ള തുടർച്ചയായ ഇടപെടലും സഹവർത്തിത്വത്തിനായുള്ള ഫലപ്രദമായ സംവിധാനങ്ങളും ഈ പദ്ധതിയുടെ അവിഭാജ്യ ഘടകമായി തുടരും.
 
വിശാലമായ ഭൂപ്രദേശതലത്തിലും ബക്‌സയിലെ കടുവകളുടെ തിരിച്ചുവരവ് ഏറെ പ്രാധാന്യമർഹിക്കുന്നു. വടക്കൻ ബംഗാൾ, അസം, ഭൂട്ടാൻ എന്നിവയുമായുള്ള ഇതിൻ്റെ പാരിസ്ഥിതിക ബന്ധം പരസ്പരം ബന്ധിപ്പിക്കപ്പെട്ട വിശാലമായ ഒരു ഭൂപ്രദേശത്തിലൂടെ വന്യജീവികൾക്ക് സഞ്ചരിക്കാനും വ്യാപിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുന്നു. അതിനാൽ, ബക്‌സയെ ശക്തിപ്പെടുത്തുന്നത് കടുവ സംരക്ഷണത്തിന് മാത്രമല്ല, വനങ്ങൾ, പുൽമേടുകൾ, ഇരമൃഗങ്ങൾ, വിശാലമായ ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണത്തിനും നിർണായകമാണ്.
 
ഇന്ന് പെൺകടുവയെ തുറന്നുവിട്ടത് ബക്‌സയുടെ സംരക്ഷണ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിൻ്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. എത്ര കടുവകളെ തുറന്നുവിട്ടു, എന്നതിലല്ല ഈ പദ്ധതിയുടെ വിജയം അളക്കപ്പെടുന്നത്; മറിച്ച് സുരക്ഷിതമായ ആവാസവ്യവസ്ഥ, ആവശ്യത്തിന് ഇരകളുടെ ലഭ്യത, ഫലപ്രദമായ സംരക്ഷണം, പാരിസ്ഥിതിക ബന്ധം, ശാസ്ത്രീയ നിരീക്ഷണം, പ്രാദേശിക ജനങ്ങളുടെ അർത്ഥപൂർണ്ണമായ പങ്കാളിത്തം എന്നിവയുടെ പിൻബലത്തോടെ കാലക്രമേണ ആരോഗ്യമുള്ളതും സ്വതന്ത്രമായി വിഹരിക്കുന്നതും സ്വയംപര്യാപ്തവുമായ ഒരു കടുവാ സമൂഹം ഇവിടെ സ്ഥാപിക്കപ്പെടുന്നതിലാണ്.
 

***

 

( റിലീസ് ഐ.ഡി: 2318232) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी