രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷൻ ദൃഷ്ടി:സായുധ സേനാ മെഡിക്കൽ സർവീസസ് കാശ്മീരിൽ രണ്ട് മെഗാ നേത്ര ശസ്ത്രക്രിയാ ക്യാമ്പുകൾ സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
30 SEP 2026 8:13PM by PIB Thiruvananthpuram
ഓപ്പറേഷൻ ദൃഷ്ടിക്ക് കീഴിലുള്ള 11-ാമത് മെഗാ നേത്ര ശസ്ത്രക്രിയാ ക്യാമ്പ് 2026 സെപ്റ്റംബർ 30-ന് ശ്രീനഗറിലെ 92- ബേസ് ഹോസ്പിറ്റലിൽ സമാപിച്ചു. ഇതോടെ ഈ ദൗത്യത്തിൻ്റെ കാശ്മീർ ഘട്ടത്തിന് വിജയകരമായ സമാപനമായി. തങ്ധാർ, ശ്രീനഗർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച രണ്ട് മെഗാ നേത്ര ക്യാമ്പുകളിലായി, സേന ആശുപത്രിയിൽ നിന്നും (റിസർച്ച് & റഫറൽ - AHRR) ബ്രിഗേഡിയർ സഞ്ജയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ ശസ്ത്രക്രിയാ സംഘം തിമിരം, ഗ്ലോക്കോമ, റ്റെറിജിയം (pterygium), റെറ്റിന സംബന്ധമായ ചികിത്സകൾ ഉൾപ്പെടെ 364 നേത്ര ശസ്ത്രക്രിയകൾ നടത്തി.
ശസ്ത്രക്രിയാ ക്യാമ്പുകൾക്ക് മുൻപായുള്ള ആഴ്ചകളിൽ, 92 ബേസ് ഹോസ്പിറ്റലിൽ നിന്നും 328 ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുമുള്ള സംഘങ്ങൾ തങ്ധാർ, ദവാർ, മച്ചിൽ, ഉറി, ബാരമുള്ള, ബന്ദിപ്പോറ, ഖനാബൽ, കംഗൻ എന്നിവയുൾപ്പെടെ കാശ്മീർ താഴ്‌വരയിലെ വിവിധ മേഖലകളിലായി 18 പരിശോധനാ ക്യാമ്പുകൾ നടത്തി. 6,000 ത്തോളം പേരെ പരിശോധിച്ചതിൽ 500-ഓളം പേർക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തി. തുടർന്ന് ഓപ്പറേഷൻ ദൃഷ്ടിക്ക് കീഴിൽ രണ്ട് ഘട്ടങ്ങളായാണ് ഗുണഭോക്താക്കൾക്ക് ചികിത്സ നൽകിയത്.
നിയന്ത്രണ രേഖയ്ക്ക് (LoC) സമീപമുള്ള മേഖലയായ തങ്ധാറിലാണ് ആദ്യഘട്ടം നടന്നത്. 2026 സെപ്റ്റംബർ 24-25 തീയതികളിൽ നടന്ന ഈ ക്യാമ്പ്, നിയന്ത്രണ രേഖയിൽ ഒരു ഭൂഗർഭ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് നടന്ന ചരിത്രത്തിലെ ആദ്യത്തെ മെഗാ നേത്ര ശസ്ത്രക്രിയാ ക്യാമ്പായിരുന്നു. വിദൂരവും പ്രവർത്തനപരമായി വെല്ലുവിളി നിറഞ്ഞതുമായ സ്ഥലങ്ങളിൽ പോലും അത്യാധുനിക നേത്രചികിത്സ നൽകാനുള്ള ശേഷി തെളിയിച്ചുകൊണ്ട് രണ്ട് ദിവസങ്ങളിലായി 220 കാഴ്ച വീണ്ടെടുക്കൽ ശസ്ത്രക്രിയകൾ സംഘം വിജയകരമായി പൂർത്തിയാക്കി.
രണ്ടാം ഘട്ടം 2026 സെപ്റ്റംബർ 28-29 തീയതികളിൽ ശ്രീനഗറിലെ 92 ബേസ് ഹോസ്പിറ്റലിൽ നടന്നു. അവിടെ 144 പേർ നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായി. കാഴ്ചശക്തി തീരെ കുറഞ്ഞ പലർക്കും കാര്യമായ പുരോഗതി അനുഭവപ്പെട്ടു, ചിലർക്ക് അടുത്ത ദിവസം തന്നെ വ്യക്തമായ കാഴ്ച തിരിച്ചുകിട്ടി. തിമിര ശസ്ത്രക്രിയകൾക്ക് പുറമെ, ഗ്ലൂഡ് ഐ.ഒ.എൽ (glued IOL) ഇംപ്ലാന്റേഷൻ, ഗ്ലോക്കോമ ശസ്ത്രക്രിയ, റ്റെറിജിയം എക്സിഷൻ, ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള റെറ്റിന ചികിത്സകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ചികിത്സകളും ക്യാമ്പിൽ നൽകി.
ജമ്മു കാശ്മീർ ലഫ്റ്റനൻ്റ് ഗവർണർ ശ്രീ മനോജ് സിൻഹ സമാപന ചടങ്ങിൽ പങ്കെടുത്തു. കാശ്മീരിലെ ജനങ്ങൾക്കായി നേത്രരോഗ വിദഗ്ദ്ധ സംഘം പ്രദർശിപ്പിച്ച അർപ്പണബോധത്തെയും പ്രൊഫഷണൽ കാര്യക്ഷമതയെയും സഹാനുഭൂതിയോടെയുള്ള സേവനത്തെയും അദ്ദേഹം പ്രശംസിച്ചു. 15 കോർപ്സ് ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനൻ്റ് ജനറൽ ബൽബീർ സിംഗും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി വളരെ ദൂരം സഞ്ചരിക്കേണ്ടി വരുമായിരുന്ന ജനങ്ങൾക്ക് അത്യാധുനിക നേത്ര, അനുബന്ധ ചികിത്സകൾ അരികിലെത്തിക്കാൻ ഈ സംരംഭത്തിന് കഴിഞ്ഞു. കാശ്മീർ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഓപ്പറേഷൻ ദൃഷ്ടി ഇപ്പോൾ രാജ്യത്തിൻ്റെ വടക്ക്, പടിഞ്ഞാറ്, കിഴക്ക്, മധ്യ മേഖലകളിൽ എത്തിക്കഴിഞ്ഞു. സംരംഭത്തിൻ്റെ അടുത്ത ഘട്ടം ഒഡീഷയിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്
****
( റിലീസ് ഐ.ഡി: 2317385)
സന്ദര്‍ശക കൗണ്ടര്‍ : 3