ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ് പ്രൊബേഷണർമാരുമായി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി ഭവനിൽ ആശയവിനിമയം നടത്തി
പോസ്റ്റഡ് ഓണ്‍:
30 SEP 2026 6:23PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ഭവനിൽ ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ് (2025 ബാച്ച്) പ്രൊബേഷണർമാരുമായി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ സംവദിച്ചു. അർപ്പണബോധത്തോടും സത്യസന്ധതയോടും ഉയർന്ന പൊതു ഉത്തരവാദിത്തബോധത്തോടും കൂടി രാജ്യത്തെ സേവിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം യുവ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
പ്രൊബേഷണർമാരിൽ പലരും ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും വരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, കഠിനാധ്വാനവും സമർപ്പണവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് അവർ തെളിയിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി. സ്വന്തം നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നതോടൊപ്പം, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ നിക്ഷിപ്തമായ വിലയേറിയ ഉത്തരവാദിത്തത്തെക്കുറിച്ച് സദാ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തുടനീളം ഏകദേശം 18 ലക്ഷം ഏക്കർ പ്രതിരോധ ഭൂമിയുടെ കാര്യക്ഷമമായ പരിപാലനമാണ് ഡിഫൻസ് എസ്റ്റേറ്റ്സ് ഓർഗനൈസേഷൻ്റെ പ്രധാന ചുമതലയെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. ദേശീയ സ്വത്തുക്കൾ സംരക്ഷിക്കുക, അടിസ്ഥാന സൗകര്യങ്ങളും പൗരസേവനങ്ങളും ലഭ്യമാക്കുക, സായുധ സേനയുടെ പ്രവർത്തന സജ്ജതയ്ക്ക് ആവശ്യമായ പിന്തുണ നൽകുക എന്നിവ ഉൾപ്പെടുന്നതാണ് ഈ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഫൻസ് എസ്റ്റേറ്റ്സ് ഓർഗനൈസേഷൻ ഡിജിറ്റൽ ഭരണ രംഗത്ത് നടപ്പിലാക്കുന്ന കാതലായ മാറ്റങ്ങളെയും പ്രത്യേകിച്ച് കാൻ്റോൺമെൻ്റുകളിലെ പൊതുസേവന വിതരണം കാര്യക്ഷമമാക്കിയ 'ഇഛാവനി' (e-Chhawani) സംരംഭത്തെയും ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. പ്രതിരോധ ഭൂമി പരിപാലനത്തിൽ നിർമ്മിത ബുദ്ധി, ജി.ഐ.എസ്., ഡ്രോൺ സർവേകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, ഓട്ടോമേറ്റഡ് ചേഞ്ച് ഡിറ്റക്ഷൻ, 3-ഡി വിഷ്വലൈസേഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് കൃത്യതയും സുതാര്യതയും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ വളരുമ്പോഴും മനുഷ്യൻ്റെ ഉത്തരവാദിത്തബോധം അതിനേക്കാൾ പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "ഉത്തരവാദിത്തത്തെ കൂടുതൽ ശക്തമാക്കാനാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്, അല്ലാതെ അതിന് പകരമാവരുത്" എന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ വ്യക്തമാക്കി. സാങ്കേതികവിദ്യ ചിലപ്പോൾ പരാജയപ്പെട്ടേക്കാം, എന്നാൽ ഒരു ഉദ്യോഗസ്ഥൻ്റെ ഉത്തരവാദിത്തബോധവും ദൃഢനിശ്ചയവും ഒരിക്കലും തളരരുതെന്ന് അദ്ദേഹം പ്രൊബേഷണർമാരോട് ആഹ്വാനം ചെയ്തു.
അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ശാസ്ത്ര - സാങ്കേതിക മേഖലയിൽ യുവ ഉദ്യോഗസ്ഥർ തങ്ങളുടെ അറിവും നൈപുണ്യവും നിരന്തരം നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരമായ ശേഷി വികസനത്തിന് സഹായിക്കുന്ന '' iGOT കർമ്മയോഗി' പ്ലാറ്റ്‌ഫോം പരമാവധി പ്രയോജനപ്പെടുത്താനും പുതിയ ആശയങ്ങളെയും നവീന രീതികളെയും സ്വാഗതം ചെയ്യാനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
പ്രശസ്ത തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരെ ഉദ്ധരിച്ചുകൊണ്ട്, അറിവ് പെരുമാറ്റത്തിലൂടെ പ്രകടമാകുമ്പോൾ മാത്രമേ അതിന് യഥാർത്ഥ അർത്ഥം കൈവരുകയുള്ളൂ എന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു.നിയമങ്ങൾ, നടപടിക്രമങ്ങൾ, ഭരണസംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവിനോടൊപ്പം സ്വഭാവശുദ്ധി, ദയ, സത്യസന്ധത, ധാർമ്മികത എന്നിവയും ഉദ്യോഗസ്ഥർക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതോടൊപ്പം അനാവശ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വതന്ത്രമായി പ്രവർത്തിക്കാനും, ഫയലുകളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കാനും അദ്ദേഹം യുവ ഉദ്യോഗസ്ഥരെ ഉപദേശിച്ചു.
'വികസിത ഇന്ത്യ @2047'എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നിർണ്ണായക പങ്കുണ്ടെന്നും പ്രത്യേകിച്ച്, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം ഉറപ്പാക്കിക്കൊണ്ട് ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ അവർ ശ്രദ്ധിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഏൽപ്പിക്കപ്പെടുന്ന ഏതൊരു ഉത്തരവാദിത്തവും പരമാവധി നന്നായി നിർവ്വഹിക്കണമെന്നും ജനങ്ങൾക്കു വേണ്ടിയുള്ള ആത്മാർത്ഥ സേവനമാണ് പൊതുസേവനത്തിൻ്റെ ഏറ്റവും വലിയ അളവുകോലെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്, പ്രതിരോധ മന്ത്രാലയത്തിലെയും ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2317317)
സന്ദര്‍ശക കൗണ്ടര്‍ : 9