രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

നാവികസേനാ കമാൻഡർമാരുടെ സമ്മേളനത്തിന്റെ രണ്ടാം പതിപ്പിന് ന്യൂഡൽഹിയിൽ തുടക്കം

നാവികസേനാ കമാൻഡർമാരെ രക്ഷാമന്ത്രി അഭിസംബോധന ചെയ്തു; ഇന്ത്യൻ നാവികസേനയുടെ വർധിച്ചുവരുന്ന തന്ത്രപ്രധാന പങ്കും പ്രവർത്തന വ്യാപ്തിയും ചൂണ്ടിക്കാട്ടി

പോസ്റ്റഡ് ഓണ്‍: 30 SEP 2026 12:14PM by PIB Thiruvananthpuram
നാവികസേനാ കമാൻഡർമാരുടെ 2026-ലെ സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് 2026 സെപ്റ്റംബർ 29-ന് ന്യൂഡൽഹിയിലെ നൗസേന ഭവനിൽ ആരംഭിച്ചു.പ്രവർത്തന സജ്ജത, സമുദ്ര സുരക്ഷ, ഭാവി ശേഷി വികസനം എന്നിവയിൽ വിശദമായ ചർച്ചകൾക്കായി ഒപ്പറേഷണൽ, ഏരിയ കമാൻഡർമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികസേനയുടെ ഉന്നത നേതൃത്വം സമ്മേളനത്തിൽ ഒത്തുചേർന്നു.

നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നിലവിലുള്ള സമുദ്ര സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന സജ്ജതയും അദ്ദേഹം അവലോകനം ചെയ്തു. സമുദ്രമേഖലയിലെ സമകാലികവും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെ നേരിടുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗവും ശേഷി വികസനവും വേഗത്തിലാക്കുന്നതിനൊപ്പം, ഉയർന്ന പോരാട്ടവീര്യവും വേഗതയും ജാഗ്രതയും നിലനിർത്തേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം  ഊന്നിപ്പറഞ്ഞു.

നാവികസേനാ കമാൻഡർമാരെ അഭിസംബോധന ചെയ്യവേ,സമുദ്രമേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന തന്ത്രപ്രധാനമായ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ 'പ്രഥമ പ്രതികരണ സേന' 'വിശ്വസ്ത സുരക്ഷാ പങ്കാളി' എന്നീ നിലകളിൽ ഇന്ത്യൻ നാവികസേന വഹിക്കുന്ന പങ്കിനെക്കുറിച്ചും രക്ഷാമന്ത്രി  ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. സമുദ്ര നിരീക്ഷണം, അപഗ്രഥന ശേഷി, പ്രവർത്തനപരമായ കാര്യക്ഷമത എന്നിവ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ പരാമർശിക്കവേ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ നാവികസേന നടത്തുന്ന 'ഓപ്പറേഷൻ ഊർജ്ജ സുരക്ഷ'യെ അദ്ദേഹം പ്രശംസിച്ചു.സ്വയംപര്യാപ്തത, തദ്ദേശീയ ശേഷി വികസനം, സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള സംയോജനം എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച അദ്ദേഹം, സുരക്ഷിതമായ കടലുകൾ, സുരക്ഷിതവും വികസിതവുമായ ഒരു രാഷ്ട്രത്തിന് അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത സംയുക്ത സൈനിക മേധാവി ജനറൽ എൻ. എസ്. രാജ സുബ്രമണി, ഇന്ത്യൻ നാവികസേനയെ രാജ്യത്തിന്റെ തന്ത്രപ്രധാന ശക്തി സ്രോതസ്സായി വിശേഷിപ്പിച്ചു. സ്വയംപര്യാപ്തതയ്ക്കും ഊർജ്ജ സുരക്ഷയ്ക്കുമായി സേന നടത്തുന്ന നിരന്തര പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യുദ്ധമുറകളിൽ വരുന്ന മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയ സംയുക്ത സൈനിക മേധാവി,മൂന്ന് സേനാവിഭാഗങ്ങളും തമ്മിലുള്ള ശക്തമായ  ഏകോപനത്തിലൂടെയും സംയോജനത്തിലൂടെയും വേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങൾ, തടസ്സരഹിത  വിവര കൈമാറ്റം ,ഉയർന്ന പ്രതിരോധ ശേഷി എന്നിവ കൈവരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.

കരസേനാ മേധാവി ജനറൽ ധീരജ് സേഥ് നാവിക കമാൻഡർമാരുമായി സംവദിക്കുകയും സമകാലിക സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു. കര-നാവിക-വ്യോമസേനകൾ തമ്മിലുള്ള ഏകോപനം, പരസ്പര പ്രവർത്തനക്ഷമത, ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കെതിരെയുള്ള സംയുക്ത പ്രതികരണങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കുന്നതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.  മൂന്ന് സേനാവിഭാഗങ്ങളും തമ്മിൽ ഉയർന്ന ഏകോപനവും പ്രവർത്തന അനുഭവങ്ങളുടെ തുടർച്ചയായ പങ്കുവെക്കലും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


മാറിക്കൊണ്ടിരിക്കുന്ന യുദ്ധമുറകൾ, ശേഷി വികസനം, ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ സംയോജിത പ്രവർത്തനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറാൻ സംയുക്ത സൈനിക മേധാവി,കരസേനാ മേധാവി എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ നാവിക നേതൃത്വത്തിന് അവസരം നൽകി.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ തുടർന്നുള്ള സെഷനുകളിൽ പ്രവർത്തനങ്ങൾ, യുദ്ധോപകരണ ലഭ്യത, ലോജിസ്റ്റിക്സ്, മാനവവിഭവശേഷി, പരിശീലനം, നൂതന സാങ്കേതികവിദ്യകളുടെ സംയോജനം എന്നിവയിൽ വിശദമായ ചർച്ചകൾ നടക്കും.കൂടാതെ,യുദ്ധ സന്നദ്ധത  ശക്തിപ്പെടുത്തുന്നതിനും, സൈനിക സജ്ജീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളും സമ്മേളനം അവലോകനം ചെയ്യും
.
 
SKY
 
 
********

( റിലീസ് ഐ.ഡി: 2316945) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Marathi , Bengali , Gujarati , Tamil