ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ (SUT) അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു


“സാങ്കേതികവിദ്യയ്ക്ക് ഡോക്ടറെ സഹായിക്കാനാകും, എന്നാൽ ഡോക്ടറിലെ മാനുഷിക വശങ്ങൾക്ക് പകരമാകാനാകില്ല”: ശാസ്ത്രീയ മികവിനൊപ്പം കാരുണ്യവും സംയോജിപ്പിക്കണമെന്ന് മെഡിക്കൽ ബിരുദധാരികളോട് ഉപരാഷ്ട്രപതി

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം: ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 27 SEP 2026 6:23PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ (SUT) അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ബിരുദം നേടുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, കേരളത്തിന്റെ ആരോഗ്യപരിപാലന-മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിൽ SUT അക്കാദമി ഓഫ് മെഡിക്കൽ സയൻസസിനുള്ള പ്രധാന സ്ഥാനം എടുത്തുപറഞ്ഞു.

“ഒരു മെഡിക്കൽ സ്ഥാപനത്തിന്റെ യഥാർത്ഥ ശക്തി അത് നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും, അത് വാർത്തെടുക്കുന്ന ഡോക്ടർമാരിലും, നടത്തുന്ന ഗവേഷണങ്ങളിലും, സേവനം നൽകുന്ന രോഗികളിലുമാണ്”- ഉപരാഷ്ട്രപതി പറഞ്ഞു.

നിർമിതബുദ്ധി, റോബോട്ടിക്സ്, ഡിജിറ്റൽ ഹെൽത്ത്, നൂതന ഇമേജിംഗ്, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ആരോഗ്യ മേഖലയെ മാറ്റിമറിക്കുന്ന അസാധാരണമായ കാലഘട്ടത്തിലാണ് ബിരുദം നേടുന്ന ഡോക്ടർമാർ ആരോഗ്യരംഗത്തേക്ക് പ്രവേശിക്കുന്നതെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു.

ഈ സാഹചര്യത്തിൽ, സ്ഥാപനത്തിൽ റോബോട്ടിക് സർജറി, കമ്പ്യൂട്ടർ സഹായത്തോടെയുള്ള രോഗനിർണയ സംവിധാനങ്ങൾ എന്നിവ ആരംഭിച്ചത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാങ്കേതിക പുരോഗതിക്കനുസരിച്ച് മുന്നേറേണ്ടതിന്റെ ആവശ്യകതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സാങ്കേതികവിദ്യ ഒരിക്കലും വൈദ്യശാസ്ത്രത്തിലെ മാനുഷിക വശത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “സാങ്കേതികവിദ്യയ്ക്ക് ഒരു ഡോക്ടറെ സഹായിക്കാനാകും, എന്നാൽ ഡോക്ടറിലെ മാനുഷിക വശങ്ങൾക്ക് പകരമാകാനാവില്ല. ഒരു യന്ത്രത്തിന് വിശകലനം നടത്താനാകും. ഒരു റോബോട്ടിന് സഹായിക്കാനാകും. ഒരു അൽഗോരിതത്തിന് വിവിധ രീതികൾ തിരിച്ചറിയാനാകും. എന്നാൽ രോഗിക്ക് ഇപ്പോഴും തന്റെ വാക്കുകൾ കേൾക്കാനും മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും കഴിയുന്ന ഒരു ഡോക്ടറെയാണ് ആവശ്യം” - അദ്ദേഹം പറഞ്ഞു.

രോഗനിർണയത്തിൽ കൃത്യത പുലർത്തിയും, ആശയവിനിമയത്തിൽ സത്യസന്ധത പുലർത്തിയും, ചികിത്സയിൽ കരുണ കാട്ടിയും, എല്ലാ തീരുമാനങ്ങളിലും ധാർമികത പാലിച്ചും വെളുത്ത കോട്ട് പ്രതിനിധാനം ചെയ്യുന്ന വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി ബിരുദധാരികളോട് ആഹ്വാനം ചെയ്തു. ശാസ്ത്രീയ മികവും മാനുഷിക കാരുണ്യവും എപ്പോഴും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവച്ച വികസിത ഇന്ത്യ @ 2047 എന്ന ദർശനത്തിലേക്ക് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോഴേ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ഈ ദേശീയ ദർശനത്തിന്റെ കാതലായ ഘടകമാണ് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 12 വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപുലീകരണം എടുത്തുപറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, നേരത്തെ ന്യൂഡൽഹിയിൽ ഒരു AIIMS മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ 12 പുതിയ AIIMS സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബിരുദദാന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും അവിടെ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ബിരുദങ്ങളും മെഡലുകളും നേടുന്ന സ്വാഗതാർഹമായ പ്രവണത താൻ കണ്ടിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

നിലവിലെ ബിരുദദാന ചടങ്ങിൽ 60 വനിതകളും 32 പുരുഷന്മാരും ബിരുദങ്ങളും, 5 വനിതാ ഡോക്ടർമാരും 2 പുരുഷ ഡോക്ടർമാരും ബിരുദാനന്തര ബിരുദങ്ങളും നേടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സ്വാഗതാർഹമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ബിരുദം നേടുന്ന ഡോക്ടർമാർക്ക് മൂന്ന് മാർഗനിർദേശ തത്വങ്ങളും ഉപരാഷ്ട്രപതി മുന്നോട്ടുവച്ചു: മനസ്സിൽ അറിവ്, ഹൃദയത്തിൽ കാരുണ്യം, പെരുമാറ്റത്തിൽ സത്യസന്ധത.

വിനയം കൈവിടാതെ ആത്മവിശ്വാസത്തോടെ മുന്നേറാനും, ധാർമികത കൈവിടാതെ അഭിലാഷങ്ങളോടെ പ്രവർത്തിക്കാനും, കാരുണ്യം നിലനിർത്തി സാങ്കേതികമായി മുന്നേറാനും, സമൂഹവുമായുള്ള ബന്ധം നിലനിർത്തി വിജയിക്കാനും അദ്ദേഹം ബിരുദധാരികളോട് ആഹ്വാനം ചെയ്തു. യുവ ഡോക്ടർമാർ “എപ്പോഴും ലഹരിവസ്തുക്കളോട് ‘അ‌രുത്’ എന്ന് പറയണം” - എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഉപസംഹരിക്കവെ, ബിരുദധാരികളുടെ ഔദ്യോഗിക ജീവിതം വിജയകരവും അർഥവത്തും സംതൃപ്തികരവുമാകട്ടെയെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ആശംസിച്ചു. “മറ്റൊരു മനുഷ്യന്റെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള അവസരമാണ് ഒരു ഡോക്ടറായിരിക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യേകാവകാശമെന്ന് നിങ്ങൾ എപ്പോഴും ഓർക്കട്ടെ” - അദ്ദേഹം പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗവേഷണം, നവീകരണം എന്നിവയിലെ മികവിന്റെ കേന്ദ്രമായി SUT അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് തുടർന്നും വളരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തമിഴ്നാട് ഗവർണറും കേരള ഗവർണറുമായ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേരള തൊഴിൽ - മൃഗസംരക്ഷണം - വനിതാ-ശിശു വികസന മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ, SUT അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ചെയർമാൻ ഡോ. എ. സി. ഷൺമുഖം, കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, അധ്യാപകർ, ജീവനക്കാർ, ബിരുദധാരികൾ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

***


( റിലീസ് ഐ.ഡി: 2315652) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil