ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ സംഘടിപ്പിച്ച മൂന്നാമത് അരുൺ ജെയ്റ്റ്‌ലി മെമ്മോറിയൽ ഡിബേറ്റ് മത്സരത്തിലെ വിജയികൾക്ക് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 25 SEP 2026 6:48PM by PIB Thiruvananthpuram

സമൂഹത്തോടും രാജ്യത്തോടും ശക്തമായ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, വിമർശനാത്മകമായി ചിന്തിക്കാനും ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്ന് രാജ്യത്തെ യുവതയോട് ആഹ്വാനം ചെയ്തു.

ചോദ്യം ചെയ്യൽ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട സ്തംഭമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹി സർവ്വകലാശാലയ്ക്ക് കീഴിലുള്ള ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ  നടന്ന മൂന്നാമത് അരുൺ ജെയ്റ്റ്‌ലി മെമ്മോറിയൽ ഡിബേറ്റ് മത്സരത്തിന്റെ പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ചോദ്യങ്ങൾ ചോദിക്കാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ല. എന്നാൽ ചോദ്യങ്ങൾ ചോദിക്കേണ്ടത് തടസ്സങ്ങൾ സൃഷ്ടിക്കാനല്ല, മറിച്ച് വികസനത്തിന് വേണ്ടിയാണ്. എവിടെയൊക്കെ ആവശ്യമാണോ അവിടെയെല്ലാമാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്," 

 ഉപരാഷ്ട്രപതി വ്യക്തമാക്കി.

സ്വതന്ത്രമായ ചിന്താശേഷി ഉപയോഗിക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച അദ്ദേഹം,  ആരെയെങ്കിലും പിന്തുണയ്ക്കുന്നതിന് മുൻപ്, അത് സമൂഹത്തിനും രാജ്യത്തിനും ഗുണകരമാണോ എന്ന്  ചോദിക്കണമെന്ന് ആവശ്യപ്പെട്ടു. അത്തരമൊരു ചിന്താഗതി നിങ്ങൾക്കുണ്ടെങ്കിൽ, 2047-ന് മുൻപ് ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും ശ്രീ. സി.പി.രാധാകൃഷ്ണൻ പറഞ്ഞു.

നൂറുവർഷത്തെ പ്രൗഢമായ പ്രവർത്തന പാരമ്പര്യം പൂർത്തിയാക്കിയ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിനെ ഡൽഹി സർവ്വകലാശാല ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഒരു നൂറ്റാണ്ട് എന്നത് "കേവലം കാലത്തിന്റെ മാത്രമല്ല, ആ സ്ഥാപനത്തിന്റെ പ്രവർത്തന മികവിന്റെയും  മഹത്വത്തിന്റെയും കൂടി അളവുകോലാണ്" അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങൾ തങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയും, മാറുന്ന കാലത്തിനനുസരിച്ച് സ്വയം നവീകരിക്കുകയും, ഭാവിക്ക് വേണ്ടി സജ്ജമാകുകയും ചെയ്യുമ്പോൾ മാത്രമേ അവ കാലാതിവർത്തിയായി നിലനിൽക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി ശ്രീ അരുൺ ജെയ്റ്റ്‌ലിയെ എസ്‌ആർ‌സി‌സിയുടെ (SRCC) പ്രഗത്ഭനായ പൂർവ്വ വിദ്യാർത്ഥിയായും, രാഷ്ട്രീയ നേതാവായും, സംഘാടകനായും, മികച്ച  വാഗ്മിയായും വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, നിയമപരമായ കൗശലം, രാഷ്ട്രീയ വിവേകം, സാമ്പത്തിക വീക്ഷണം, അസാധാരണമായ ആശയവിനിമയ ശേഷി എന്നിവയുടെ അപൂർവമായ സംയോജനമായിരുന്നു അദ്ദേഹമെന്ന് ഓർമ്മിപ്പിച്ചു.

വിയോജിപ്പുകളെ ഒഴിവാക്കുന്നതിലൂടെയല്ല  മറിച്ച്, യുക്തിയും തെളിവുകളും സംവാദങ്ങളും വഴി വിയോജിപ്പുകളെ അഭിമുഖീകരിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും ഉപരാഷ്ട്രപതി അടിവരയിട്ടു.

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് ശ്രീ അരുൺ ജെയ്റ്റ്‌ലിയുമായി പുലർത്തിയ ആശയവിനിമയങ്ങൾ ഉപരാഷ്ട്രപതി ഓർത്തെടുത്തു. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി എന്ന നിലയിലടക്കം വിവിധ പ്രധാന ചുമതലകളിൽ ഇരുന്നുകൊണ്ട് രാഷ്ട്രനിർമ്മാണത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.

ജിഎസ് ടി, ലയന-പാപ്പരത്ത നിയമം, നികുതി-ധനകാര്യ പരിഷ്കാരങ്ങൾ, ഇന്ത്യയുടെ സാമ്പത്തിക-ധനകാര്യ ഘടനയെ ശക്തിപ്പെടുത്തുന്ന നടപടികൾ എന്നിവയുൾപ്പെടെ പ്രധാന പരിഷ്കാരങ്ങളിൽ ശ്രീ ജെയ്റ്റ്‌ലി വഹിച്ച പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയ്ക്ക്  അദ്ദേഹം നൽകിയ സംഭാവനകളെയും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.

'ഈ മഹാനായ വ്യക്തിക്കുള്ള ഏറ്റവും മികച്ച ആദരം ഒരു സംവാദമല്ലാതെ മറ്റെന്താണ്' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, തങ്ങളുടെ പ്രഗത്ഭനായ ഒരു പൂർവ്വ വിദ്യാർത്ഥിയെ ഒരു ബൗദ്ധിക വേദിയിലൂടെ അനുസ്മരിച്ചതിന്  എസ്‌ആർ‌സി‌സിയെ  അഭിനന്ദിക്കുകയും ചെയ്തു.

ജനാധിപത്യപരമായ ചർച്ചകൾക്ക് ആശയപ്രകടന സ്വാതന്ത്ര്യം, വിരുദ്ധ കാഴ്ചപ്പാടുകളോടുള്ള ബഹുമാനം, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വാദമുഖങ്ങൾ, പാർലമെന്ററി ശൈലിയിലുള്ള പെരുമാറ്റം എന്നിവ അത്യന്താപേക്ഷിതമാണെന്ന് ഉപരാഷ്ട്രപതി ആവർത്തിച്ച് വ്യക്തമാക്കി.

റൈറ്റ് ടു ഡിസ്‌കണക്ട്, സാർവത്രിക അടിസ്ഥാന വരുമാനം, കോർപ്പറേറ്റ് ഭരണത്തിൽ ജീവനക്കാരുടെ പങ്കാളിത്തം, വികസിത് ഭാരതം @2047-നായുള്ള മനുഷ്യവിഭവശേഷി എന്നിവയുൾപ്പെടെയുള്ള സമകാലിക വിഷയങ്ങൾ സംവാദത്തിനായി തിരഞ്ഞെടുത്ത സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

സോഷ്യൽ മീഡിയയും അൽഗോരിതങ്ങളും തൽക്ഷണ പ്രതികരണങ്ങളും ഹ്രസ്വ രൂപത്തിലുള്ള വിവരങ്ങളും  നിറഞ്ഞ ഇന്നത്തെ ആശയവിനിമയ ലോകത്ത്, യുക്തിഭദ്രവും ഉത്തരവാദിത്തമുള്ളതുമായ പൊതുചർച്ചകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിജയികളെയും അഭിനന്ദിച്ച ഉപരാഷ്ട്രപതി, ബുദ്ധിപരമായ ആശയവിനിമയത്തിന്റെയും വാക്കുകളുടെ ശക്തിയുടെയും മൂല്യം തെളിയിക്കാൻ അവർക്ക് സാധിച്ചുവെന്ന് അഭിപ്രായപ്പെട്ടു.

മാറുന്ന കാലഘട്ടത്തിനനുസരിച്ച് "സ്വയം പൊരുത്തപ്പെടാനും പഠനം തുടർച്ചയാക്കാനും" വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ഒരു കാലത്ത് കമ്പ്യൂട്ടറുകളുടെ വരവ് തൊഴിലവസരങ്ങൾക്ക് ഭീഷണിയാകുമെന്ന് പലരും കരുതിയിരുന്നുവെങ്കിലും, പിൽക്കാലത്ത് അത് ഇന്ത്യയുടെ ഐടി മേഖലയിലെ കുതിപ്പിനും വലിയ സാമ്പത്തിക വളർച്ചയ്ക്കും ചാലക ശക്തിയായി മാറിയ കാര്യവും ശ്രീ.സി.പി.രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു.

"നിർമ്മിത ബുദ്ധി നമുക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്, എന്നാൽ ആ വെല്ലുവിളികളെ നമുക്ക് അവസരങ്ങളാക്കി മാറ്റാൻ കഴിയും," അദ്ദേഹം പറഞ്ഞു."ഇന്ത്യയെപ്പോലെ വൈവിദ്ധ്യമാർന്ന ഒരു രാജ്യത്തെ വെല്ലുവിളികളെ നേരിടാൻ നിർമ്മിത ബുദ്ധിയ്ക്കുള്ള  സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട്, തത്സമയ ഭാഷാ വിവർത്തനത്തെ  ഒരു സുപ്രധാന ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള മുഴുവൻ ഭാഷകളിലും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള തത്സമയ വിവർത്തന സംവിധാനം കൊണ്ടുവരാൻ രാജ്യസഭ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.

'നിങ്ങളുടെ ബുദ്ധിക്ക് പകരമാവാൻ ഒരിക്കലും അൽഗോരിതങ്ങളെ അനുവദിക്കരുത്. മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്ക് പകരമാകാൻ ഒരിക്കലും നിർമ്മിത ബുദ്ധിക്ക് കഴിയില്ല'. വിദ്യാർത്ഥികൾക്ക് അദ്ദേഹം  മുന്നറിയിപ്പ് നൽകി.

'ഓരോ തലമുറയും തങ്ങൾക്ക് ലഭിച്ചതിനേക്കാൾ മികച്ച രീതിയിൽ സ്ഥാപനങ്ങളെ വളർത്തി അടുത്ത തലമുറയ്ക്ക് കൈമാറുമ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മഹത്തരമാകുന്നത്' എന്ന് എസ്‌ആർ‌സി‌സിയുടെ  ശതാബ്ദി ആഘോഷങ്ങൾ എല്ലാവരെയും ഓർമ്മിപ്പിക്കണമെന്ന്  തന്റെ പ്രസംഗം ഉപസംഹരിക്കവെ ഉപരാഷ്ട്രപതി പറഞ്ഞു.

മൂന്നാമത് ശ്രീ അരുൺ ജെയ്റ്റ്‌ലി മെമ്മോറിയൽ ഡിബേറ്റിലെ വിജയികൾക്ക് ഉപരാഷ്ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമകാലിക വിഷയങ്ങളിലെ ചിന്തോദ്ദീപകമായ വാദങ്ങൾക്കും സജീവമായ ഇടപെടലുകൾക്കും എല്ലാ പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. വിവിധ മേഖലകളിലെ അസാധാരണമായ നേട്ടങ്ങൾക്കും സംഭാവനകൾക്കുമായി എസ്‌ആർ‌സി‌സിയുടെ  പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളെ അദ്ദേഹം ആദരിച്ചു. ഇവരുടെ നേട്ടങ്ങൾ സ്ഥാപനത്തിന്റെ മികവിന്റെയും നേതൃത്വത്തിന്റെയും സമ്പന്നമായ പാരമ്പര്യത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിങ്, എസ്‌ആർ‌സി‌സി ഗവേണിംഗ് ബോഡി ചെയർമാൻ ശ്രീ അജയ് എസ്. ശ്രീറാം, എസ്‌ആർ‌സി‌സി പ്രിൻസിപ്പൽ പ്രൊഫ. സിമൃത് കൗർ, യശശ്ശരീരനായ ശ്രീ അരുൺ ജെയ്റ്റ്‌ലിയുടെ പത്നി ശ്രീമതി സംഗീത ജെയ്റ്റ്‌ലി എന്നിവർക്ക് പുറമെ പ്രമുഖരായ ഫാക്കൽറ്റി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും സ്ഥാപനത്തിലെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

***


( റിലീസ് ഐ.ഡി: 2315171) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Urdu , Tamil