വാണിജ്യ വ്യവസായ മന്ത്രാലയം
ആന്ധ്രാപ്രദേശിലെ എഫ്.സി.വി പുകയില കർഷകർക്ക് ഓരോ ബാണിനും 50,000 രൂപ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്ര ഗവണ്‍മെന്റ്
പോസ്റ്റഡ് ഓണ്‍:
25 SEP 2026 6:12PM by PIB Thiruvananthpuram
ആഗോള വിപണി സാഹചര്യങ്ങൾ മാറുന്ന പശ്ചാത്തലത്തിൽ കർഷകർക്ക് സമയോചിതമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന്, ആന്ധ്രാപ്രദേശിലെ ഫ്ലൂ-ക്യൂർഡ് വിർജീനിയ (എഫ്.സി.വി) പുകയില കർഷകർക്ക് ഓരോ ബാണിനും (പുകയില സംസ്കരണ ശാല) 50,000 രൂപ വീതം ഒറ്റത്തവണ പലിശരഹിത വായ്പ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചു. 'പലിശരഹിത പ്രവർത്തന മൂലധന സഹായ പദ്ധതി'ക്ക് കീഴിലാണ് ഈ സഹായം നൽകുന്നത്.
ആന്ധ്രാപ്രദേശിൽ 2025–26 വിളവെടുപ്പ് സീസണിലെ ലേലം 2026 മാർച്ച് 25-നാണ് ആരംഭിച്ചത്; ഇതുവരെ ഏകദേശം 10 കോടി കിലോഗ്രാം എഫ്.സി.വി പുകയില ലേലം ചെയ്തു കഴിഞ്ഞു. പ്രധാനമായും ആന്ധ്രാപ്രദേശിലും കർണാടകയിലുമാണ് എഫ്.സി.വി പുകയില കൃഷി ചെയ്യുന്നത്.
ആഗോള പുകയില വിപണിയിലെ ആവശ്യകതയിൽ വന്ന മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ, അന്താരാഷ്ട്ര വ്യാപാര സാഹചര്യങ്ങൾ എന്നിവ സംഭരണ-വിപണന മേഖലകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുകയില സംഭരണം സുഗമമാക്കാനും വിപണി പങ്കാളിത്തം വർദ്ധിപ്പിക്കാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഗവണ്‍മെന്റ് ഏകോപിത നടപടികൾ സ്വീകരിച്ചു വരികയാണ്. ഉല്പന്നത്തിന്റെ സുഗമമായ വിപണനം ഉറപ്പാക്കാനും എഫ്.സി.വി പുകയില മേഖലയെ ശക്തിപ്പെടുത്താനും കയറ്റുമതിക്കാർ, വ്യാപാരികൾ, കർഷകർ, മറ്റ് പങ്കാളികൾ എന്നിവരുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്.
ഒറ്റത്തവണ സഹായ പദ്ധതിയുടെ ഭാഗമായി എഫ്.സി.വി പുകയില കർഷകർക്ക് ഓരോ ബാണിനും 50,000 രൂപ വീതമാണ് പലിശരഹിത പ്രവർത്തന മൂലധന സഹായമായി അനുവദിച്ചിരിക്കുന്നത്. ഏകദേശം 44,000 കർഷകർക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്ക് 220 കോടിയോളം രൂപയുടെ സാമ്പത്തിക സഹായം വകയിരുത്തിയിട്ടുണ്ട്. ഡി.ബി.ടി വഴി സഹായധനം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
കർഷകർക്ക് അടിയന്തര പണലഭ്യത ഉറപ്പാക്കാനും കുടുംബ ആവശ്യങ്ങൾ, ബാങ്ക് വായ്പകളുടെ തിരിച്ചടവ്, അടുത്ത വിളവെടുപ്പ് സീസണിലേക്കുള്ള കാർഷിക വസ്തുക്കൾ വാങ്ങല്‍ തുടങ്ങിയവയ്ക്ക് സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സാമ്പത്തിക സഹായം വഴിയൊരുക്കും. സമയോചിത സാമ്പത്തിക സഹായം നൽകിയും പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് പിന്തുണയേകിയും എഫ്.സി.വി പുകയില കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തുന്ന പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് നടപടി.
****
( റിലീസ് ഐ.ഡി: 2315140)
സന്ദര്‍ശക കൗണ്ടര്‍ : 8