സാംസ്‌കാരിക മന്ത്രാലയം
ബ്രിക്‌സ് തിയേറ്റര്‍ ഫെസ്റ്റിവല്‍ 2026 സാംസ്‌കാരിക മന്ത്രാലയം 2026 ഒക്ടോബര്‍ 12 മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കും
പോസ്റ്റഡ് ഓണ്‍:
24 SEP 2026 5:40PM by PIB Thiruvananthpuram
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിക്ക് കീഴില്‍ സാംസ്‌കാരിക മന്ത്രാലയം, 2026 ഒക്ടോബര്‍ 12 മുതല്‍ 14 വരെ ബ്രിക്‌സ് തിയേറ്റര്‍ ഫെസ്റ്റിവല്‍ 2026 ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കും. 'പങ്കുവെക്കപ്പെടുന്ന കഥകള്‍, പങ്കുവെക്കപ്പെടുന്ന ഭാവി' (Shared Stories, Shared Futures) എന്ന പ്രമേയത്തിന്മേല്‍ നടക്കുന്ന മൂന്ന് ദിവസത്തെ ആഘോഷപരിപാടിയില്‍ ഒന്‍പത് ബ്രിക്‌സ് അംഗ-പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നായി നൂറിലധികം നാടക പ്രവര്‍ത്തകരും ഗവേഷകരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയിലുള്ള പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടിയെന്ന നിലയില്‍ ഇതിന്റെ പ്രാധാന്യവും, നാടകങ്ങളിലൂടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ മേള വഹിക്കുന്ന പങ്കും വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി വിവേക് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
2026 ഓഗസ്റ്റില്‍ നടന്ന ബ്രിക്‌സ് സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തില്‍ അംഗീകരിച്ച 'ഭോപ്പാല്‍ പ്രഖ്യാപന'ത്തിന്റെ തുടര്‍ച്ചയാണ് മേളയെന്ന് സെക്രട്ടറി പറഞ്ഞു. സാംസ്‌കാരിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം, കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമിടയിലെ കൂട്ടായ്മകള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഭോപ്പാല്‍ പ്രഖ്യാപനം ഊന്നിപ്പറഞ്ഞിരുന്നു. ഇത്തരം കൈമാറ്റങ്ങള്‍ സുഗമമാക്കുന്നതിനായി ഒരു 'വോളന്ററി ആര്‍ട്ടിസ്റ്റ് രജിസ്ട്രി' ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള നാടക പ്രവര്‍ത്തകരുടെ അവതരണങ്ങളിലൂടെയും തൊഴില്‍പരമായ ആശയവിനിമയങ്ങളിലൂടെയും ഈ കാഴ്ചപ്പാടാണ് മേള മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭോപ്പാല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും സാംസ്‌കാരിക സഹകരണവും കൈമാറ്റവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പരാമര്‍ശിക്കുകയും ചെയ്ത ബ്രിക്‌സ് ഉച്ചകോടി പ്രഖ്യാപനത്തിലും (BRICS Leaders' Declaration) ഈ നാടകോത്സവത്തിന്റെ പ്രാധാന്യം അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യ, തായ്ലന്‍ഡ്, ഇന്തോനേഷ്യ, റഷ്യ, വിയറ്റ്‌നാം, ഇറാന്‍, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തം മേളയിലുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള രണ്ട് നാടകങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങള്‍ അവരുടെ വൈവിധ്യമാര്‍ന്ന ഭാഷകളും നാടക പാരമ്പര്യവും സമകാലിക സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളും പ്രതിഫലിപ്പിക്കുന്ന നാടകങ്ങള്‍ അവതരിപ്പിക്കും. റഷ്യയെ പ്രതിനിധീകരിച്ച് രണ്ട് നാടക സമിതികള്‍ പങ്കെടുക്കും.
2026 ഒക്ടോബര്‍ 12-ന് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലാണ് (NSD) ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, അതിലെ അഭിമഞ്ച് ഓഡിറ്റോറിയം, പ്രമുഖ നാടക വേദികളായ കമാനി ഓഡിറ്റോറിയം, എല്‍.ടി.ജി. ഓഡിറ്റോറിയം, മേഘ്ദൂത് തിയേറ്റര്‍, സമ്മുഖ് ഓഡിറ്റോറിയം എന്നിവയുള്‍പ്പെടെ ന്യൂഡല്‍ഹിയിലെ പ്രധാന വേദികളിലായിരിക്കും നാടകങ്ങള്‍ അരങ്ങേറുക.
ക്ലാസിക്കല്‍, സമകാലിക, പരീക്ഷണാത്മക നാടക രൂപങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകര്‍, കലാകാരന്മാര്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംവാദാത്മക ശില്പശാലകളും ചര്‍ച്ചകളും കലാപരമായ കാഴ്ചപ്പാടുകള്‍, അവതരണ പാരമ്പര്യങ്ങള്‍, അഭിനയരീതികള്‍, രംഗസജ്ജീകരണം (stagecraft), സാങ്കേതിക രൂപകല്പന എന്നിവയില്‍ ആശയവിനിമയത്തിനുള്ള അവസരങ്ങള്‍ നല്‍കും.
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയായിരിക്കും ഫെസ്റ്റിവല്‍ സംഘാടനത്തിനുള്ള നോഡല്‍ ഏജന്‍സി.
ഒരു പങ്കാളിത്ത കലാവേദിയിലൂടെ കലാകാരന്മാരെയും നാടകപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒരുമിപ്പിച്ച്, ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താനാണ് ബ്രിക്‌സ് തിയേറ്റര്‍ ഫെസ്റ്റിവല്‍ 2026 ലക്ഷ്യമിടുന്നത്.
ബ്രിക്‌സ് തിയേറ്റര്‍ ഫെസ്റ്റിവല്‍ 2026 -സമയവിവരപ്പട്ടിക (Schedule)
***
( റിലീസ് ഐ.ഡി: 2314547)
സന്ദര്‍ശക കൗണ്ടര്‍ : 12