കൃഷി മന്ത്രാലയം
azadi ka amrit mahotsav

കർഷകരുടെ വരുമാനത്തിനും കാർഷിക വളർച്ചയ്ക്കും ഊന്നൽ നൽകി ഹൈദരാബാദിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മേഖലാ കാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ

പോസ്റ്റഡ് ഓണ്‍: 18 SEP 2026 8:07PM by PIB Thiruvananthpuram
ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള മേഖലാ കാർഷിക സമ്മേളനത്തെ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് അഭിസംബോധന ചെയ്തു. മേഖലയിലെ കൃഷിയുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികളും അവസരങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നത്. എൽ നിനോയുടെ ആഘാതം, വിള വൈവിധ്യവൽക്കരണം, വരാനിരിക്കുന്ന റാബി സീസണിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു. ഈ കൂടിയാലോചനകൾ കേവലം ചർച്ചകളിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്നും, മറിച്ച് കർഷകരുടെ ജീവിതത്തിൽ പ്രകടമായ പുരോഗതി കൊണ്ടുവരിക, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കൃഷിയിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, കാർഷിക മേഖലയിലൂടെ സമ്പദ്‌ വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് പകരുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും ശ്രീ ചൗഹാൻ പറഞ്ഞു. 'രാഷ്ട്രം ആദ്യം' എന്നതാണ് ഗവണ്മെൻ്റിൻ്റെ മാർഗ്ഗനിർദ്ദേശ തത്വമെന്ന് വ്യക്തമാക്കിയ ശ്രീ ചൗഹാൻ, ഒരു സംസ്ഥാനത്ത് ഏത് രാഷ്ട്രീയ പാർട്ടിയാണ് അധികാരത്തിലിരിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലല്ല കേന്ദ്ര ഗവണ്മെൻ്റ് കാർഷിക വിഷയങ്ങളെ സമീപിക്കുന്നതെന്നും കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
 
 
യന്ത്രങ്ങൾ ഭക്ഷണമുണ്ടാക്കും, പക്ഷെ അവ ഗോതമ്പ് വിളയിക്കില്ല

നിർമിതബുദ്ധി, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ലോകത്തെ മാറ്റിമറിക്കുന്നത് തുടരുമെങ്കിലും കൃഷി ഒഴിച്ചുകൂടാനാവാത്ത ഒന്നായി നിലനിൽക്കുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. “പഴങ്ങളും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും കൃഷിയിടങ്ങളിൽ നിന്നു മാത്രമേ ലഭിക്കൂ, അവ ഉത്പാദിപ്പിക്കുന്നത് കർഷകരാണ്. കൃഷി ഇല്ലാതെ ലോകത്തിന് മുന്നോട്ടുപോകാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ഒരു യന്ത്രത്തിന് ഭക്ഷണമുണ്ടാക്കാൻ സാധിച്ചേക്കാമെന്നും എന്നാൽ അതിന് ഗോതമ്പ് ഉത്പാദിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ധാന്യങ്ങൾ എപ്പോഴും കൃഷിയിടത്തിൽ തന്നെ വിളയിക്കേണ്ടിവരും. അതുകൊണ്ടാണ് കർഷകൻ 'അന്നദാതാവ്' മാത്രമല്ല, 'ജീവദാതാവ്' കൂടിയാകുന്നത്,” അദ്ദേഹം പറഞ്ഞു. കൃഷി മനുഷ്യജീവിതത്തിൻ്റെ അടിസ്ഥാന ഘടകമായതിനാൽ കർഷകരെ സേവിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. രാജ്യത്തെ കാർഷിക മേഖലയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.  140 കോടിയിലധികം വരുന്ന ജനസംഖ്യയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ആദ്യത്തേത്. നിലവിലെ സാഹചര്യങ്ങളിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും ഭക്ഷ്യാവശ്യങ്ങൾക്കായി ഇന്ത്യക്ക് ലോകത്തെ ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ഉപജീവനമാർഗ്ഗം സുരക്ഷിതമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. രാജ്യത്തിന് അന്നം നൽകുന്ന കർഷകൻ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം നയിക്കേണ്ടതുണ്ടെന്നും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ഒരു പ്രധാന മുൻഗണനയായി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. പോഷകാഹാര സുരക്ഷയാണ് മൂന്നാമത്തെ ലക്ഷ്യം. ജനങ്ങൾക്ക്  വെറും ഭക്ഷണമല്ല, പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് കാർഷിക നയത്തിൻ്റെ  കേന്ദ്രബിന്ദുവായി നിലനിൽക്കണം. സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, കശുവണ്ടി, കൊക്കോ, ചന്ദനം, മറ്റ് വിളകൾ എന്നിവയിൽ ദക്ഷിണേന്ത്യയിലെ തോട്ടവിള മേഖലയ്ക്കുള്ള അപാരമായ സാധ്യതകൾ  ശ്രീ ചൗഹാൻ എടുത്തുപറഞ്ഞു. പോഷകാഹാര സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഈ മേഖലകൾക്കും പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 

 
 
 
മേഖലാധിഷ്ഠിത ആസൂത്രണത്തിന് മേഖലാ കാർഷിക സമ്മേളനങ്ങൾ അത്യന്താപേക്ഷിതം

രാജ്യത്തെ കാർഷിക മേഖല വൈവിധ്യങ്ങൾ നിറഞ്ഞതാണെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. മുൻപ് രാജ്യത്ത് ഒരൊറ്റ റാബി സമ്മേളനം മാത്രമാണ് നടത്തിയിരുന്നതെങ്കിലും, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത കാർഷിക-കാലാവസ്ഥാ മേഖലകളും, വിഭവങ്ങളും, ജലഭ്യതയും, മണ്ണ് ഘടനയുമാണുള്ളത്. “ഒരിടത്ത് ഒരു ദിവസം ഇരുന്ന് രാജ്യത്താകമാനമുള്ള പൊതുവായ ഒരു റാബി അല്ലെങ്കിൽ ഖാരിഫ് പദ്ധതി തയ്യാറാക്കുക എന്നത് സാധ്യമല്ല,” അദ്ദേഹം പറഞ്ഞു. അതിനാൽ, ഓരോ സംസ്ഥാനത്തിനും അവരുടെ ആശങ്കകളും വെല്ലുവിളികളും നിർദ്ദേശങ്ങളും അവതരിപ്പിക്കാൻ കൂടുതൽ അവസരം നൽകുന്നതിനായി റാബി സമ്മേളനം ഒരു ദിവസത്തിൽ നിന്ന് രണ്ടു ദിവസമായി ദീർഘിപ്പിച്ചു. കേന്ദ്ര ഗവണ്മെൻ്റിന് അതിൻ്റെ പ്രതീക്ഷകൾ സംസ്ഥാനങ്ങൾക്ക് മുന്നിൽ വെക്കാനും സംയുക്തമായി ഒരു കാർഷിക രൂപരേഖ തയ്യാറാക്കാനും ഇതിലൂടെ സാധിക്കും. മേഖലാ സമ്മേളനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. ജമ്മു കശ്മീർ, ഗുജറാത്ത് അല്ലെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ആന്ധ്രാപ്രദേശ് അല്ലെങ്കിൽ തെലങ്കാന നേരിടുന്ന വെല്ലുവിളികൾക്ക് സമാനമാകണമെന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ സാഹചര്യങ്ങൾക്ക് കൃഷിയിൽ വ്യത്യസ്ത സമീപനങ്ങൾ ആവശ്യമാണ്. ഈ തിരിച്ചറിവോടെയാണ് ദക്ഷിണേന്ത്യൻ മേഖലാ കാർഷിക സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെന്നും, മേഖലയുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
 
 
 
ചട്ടങ്ങൾ ജനങ്ങളെ സേവിക്കാനാകണം, അതവർക്ക് ഭാരമായി മാറരുത്

പരിഷ്കാരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായ ഊന്നൽ നൽകിയിട്ടുണ്ടെന്നും, മാറ്റം വരുത്തേണ്ടതായി വന്നേക്കാവുന്ന ചട്ടങ്ങളും നിയമങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ശ്രീ ചൗഹാൻ പറഞ്ഞു. “ചട്ടങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്; അല്ലാതെ ജനങ്ങൾ ചട്ടങ്ങൾക്ക് വേണ്ടിയല്ല,” അദ്ദേഹം വ്യക്തമാക്കി. കാലഹരണപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം സംസ്ഥാന ഗവണ്മെൻ്റുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്മെൻ്റ് തലത്തിൽ ഏതെങ്കിലും വിഷയത്തിൽ ഇടപെടൽ ആവശ്യമാണെങ്കിൽ, സംസ്ഥാനങ്ങൾ അത് അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണം ഫയലുകളിൽ മാത്രമായി ഒതുങ്ങാതെ ജനങ്ങളുടെ ജീവിതത്തിൽ ദൃശ്യമാകണമെന്ന് പ്രധാനമന്ത്രി പലപ്പോഴും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ചട്ടങ്ങളിൽ എവിടെയൊക്കെ മാറ്റങ്ങൾ വേണമോ അവിടെയെല്ലാം സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാവുന്നതാണ്. കേന്ദ്ര തലത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കും. അതോടൊപ്പം പൗരന്മാർക്ക് കൂടുതൽ ആശ്വാസം പകരുന്നതിനായി സംസ്ഥാനങ്ങൾ അവരുടെ അധികാരപരിധിക്കുള്ളിൽ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
 
മികച്ച മാതൃകകളിൽ നിന്ന് സംസ്ഥാനങ്ങൾ പഠിക്കണം, സംയുക്തമായി കാർഷിക രൂപരേഖ തയ്യാറാക്കണം

വിവിധ കാർഷിക വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചകളും സമ്മേളനത്തിൽ ഉൾപ്പെടുമെന്നും, തുടർന്ന് കർഷകരുമായും മറ്റ് പങ്കാളികളുമായും സംവദിച്ച് അവരുടെ നിർദ്ദേശങ്ങൾ തേടുമെന്നും ശ്രീ ചൗഹാൻ പറഞ്ഞു. ഒരു സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിയ സംരംഭങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് അവരുടേതായ സാഹചര്യങ്ങൾക്കനുസരിച്ച് മാതൃകയാക്കാൻ സാധിക്കുന്ന തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച പ്രവർത്തനരീതികളും അവതരിപ്പിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൃഷിയിലും തോട്ടവിള മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും മെച്ചപ്പെടുത്തലിനുള്ള സാധ്യതകൾ ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. “കേന്ദ്ര ഗവണ്മെൻ്റ് പൂർണ്ണ ശക്തിയോടെ സംസ്ഥാനങ്ങളെ പിന്തുണയ്ക്കും. ഭൂമി സംസ്ഥാനങ്ങളുടെ പക്കലാണ്, കർഷകർ ഉള്ളത് സംസ്ഥാനങ്ങളിലാണ്, കേന്ദ്ര ഗവണ്മെൻ്റ് സാധ്യമായ എല്ലാ പിന്തുണയും നൽകും. ഇരുകൂട്ടരും ഒരുമിച്ച് പ്രവർത്തിക്കണം,” അദ്ദേഹം പറഞ്ഞു. 'രാഷ്ട്രം ആദ്യം' എന്ന തത്വം ആവർത്തിച്ചുകൊണ്ട്, കൃഷി മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര-സംസ്ഥാന സഹകരണം അത്യന്താപേക്ഷിതമാണെന്നും മേഖലാ സമ്മേളനങ്ങൾ പ്രാധാന്യമർഹിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നും ശ്രീ ചൗഹാൻ വ്യക്തമാക്കി.
 
ഒരു വർഷത്തിനിടെ നാളികേര കയറ്റുമതിയിൽ 62 ശതമാനം വളർച്ച

നാളികേര മേഖലയുടെ സാധ്യതകൾ എടുത്തുപറഞ്ഞുകൊണ്ട്, ഒരു വർഷത്തിനിടെ ഇന്ത്യയുടെ നാളികേര കയറ്റുമതി 4,349 കോടി രൂപയിൽ നിന്ന് 7,038 കോടി രൂപയായി വർദ്ധിച്ചതായും 62 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും ശ്രീ ചൗഹാൻ പറഞ്ഞു. നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റിൽ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അത് പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നാളികേര ഉൽപ്പാദനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്  മുൻപന്തിയിൽ നിൽക്കുന്നത് എന്നതിനാൽ, ഈ പുതിയ പദ്ധതി പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അവർ തയ്യാറെടുപ്പുകൾ ആരംഭിക്കണം. പഴയ തെങ്ങിൻതോപ്പുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായി ഒരു കർമ്മപദ്ധതി ആവിഷ്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 60-70 വർഷം പഴക്കമുള്ള തെങ്ങുകൾ പലപ്പോഴും കുറഞ്ഞ അളവിലാണ് കായ്ഫലം തരുന്നതെന്നും അവയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗുണനിലവാരം ലഭിച്ചേക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, പഴയ തെങ്ങുകൾക്ക് പകരം പുതിയ തൈകൾ വച്ചുപിടിപ്പിക്കാനും ഘട്ടംഘട്ടമായി തെങ്ങിൻ തോപ്പുകൾ വളർത്തിയെടുക്കാനും സംസ്ഥാനങ്ങൾ മുൻകൈയെടുക്കണം. കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രോത്സാഹന പദ്ധതികൾക്കായി സംസ്ഥാനങ്ങൾ മുൻകൂട്ടി തയ്യാറെടുക്കണമെന്നും, അതിലൂടെ ഈ മേഖലകളിലെ കർഷകർക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന തരത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ശ്രീ ചൗഹാൻ ആവശ്യപ്പെട്ടു.
 
സ്വതന്ത്ര വ്യാപാര കരാറുകൾ ആഗോള വിപണിയിൽ ഇന്ത്യൻ കർഷകർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഇന്ത്യ നിരവധി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഈ കരാറുകൾ പഴങ്ങളും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടെയുള്ള വിവിധ കാർഷിക ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കിയിട്ടുണ്ട്. ആഗോള വിപണിയിൽ ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നതിനും അതനുസരിച്ച് ആഭ്യന്തര ഉത്പാദനം ക്രമീകരിക്കുന്നതിനുമായി ഈ കരാറുകളെക്കുറിച്ച് വിശദമായ പഠനം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഉത്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിക്കുന്ന ആഗോള വിപണിയുടെ പ്രയോജനം ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്നതിനായി കാർഷിക മൂല്യശൃംഖലയിലുടനീളം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കണം. “ലോക വിപണികൾ ഇന്ത്യയ്ക്കായി തുറക്കപ്പെടുകയാണ്, ഇത് കർഷകർക്ക് ലഭിച്ച വലിയൊരു അവസരമാണ്,” റാബി സീസണെക്കുറിച്ചും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ചും ഗൗരവമായി ചർച്ച ചെയ്യാൻ എല്ലാ പങ്കാളികളോടും അഭ്യർത്ഥിച്ചുകൊണ്ട് ശ്രീ ചൗഹാൻ പറഞ്ഞു.
 
പി.എം.എ.വൈ-ജി പദ്ധതിക്ക് കീഴിൽ തെലങ്കാനയ്ക്ക് 2 ലക്ഷം വീടുകൾ

2 ലക്ഷം വീടുകളുടെ നിർമാണത്തിനായി നിലവിലെ സംസ്ഥാന ഗവണ്മെൻ്റ് മുൻകൈയെടുത്തിട്ടുണ്ടെന്നും ഇതിനായി കേന്ദ്ര ഗവണ്മെൻ്റിൽ നിന്നുള്ള ആദ്യ ഗഡു തെലങ്കാന മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ശ്രീ ചൗഹാൻ പറഞ്ഞു. ഈ 2 ലക്ഷം വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർവേയിലൂടെ കണ്ടെത്തിയ, ഇപ്പോഴും മൺവീടുകളിലും താൽക്കാലിക വീടുകളിലും താമസിക്കുന്ന ഗുണഭോക്താക്കളെ തുടർന്നുള്ള ഘട്ടങ്ങളിൽ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ശ്രീ ചൗഹാൻ കൂട്ടിച്ചേർത്തു. വിവിധ മേഖലകളിലായി തെലങ്കാനയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നത് കേന്ദ്ര ഗവണ്മെൻ്റ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള കാർഷിക മുൻഗണനകൾ ചർച്ച ചെയ്യുന്നതിനും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ കൃഷിക്കായി ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര ഗവണ്മെൻ്റ് , ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കാർഷിക വിദഗ്ദ്ധർ, ഐ.സി.എ.ആർ സ്ഥാപനങ്ങൾ, പുരോഗമന ചിന്താഗതിക്കാരായ കർഷകർ, മറ്റ് പങ്കാളികൾ എന്നിവരെ ദക്ഷിണേന്ത്യൻ മേഖലാ കാർഷിക സമ്മേളനം ഒരുമിപ്പിക്കുന്നു.
 
 
****

( റിലീസ് ഐ.ഡി: 2312284) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Kannada