രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിരോധശേഷി, കരുത്ത്, നൂതനാശയങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സഹാനുഭൂതി എന്നിവ കൈമുതലാക്കി 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുന്നു: രക്ഷാമന്ത്രി

പോസ്റ്റഡ് ഓണ്‍: 18 SEP 2026 3:29PM by PIB Thiruvananthpuram

2047-ഓടെ വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനായി പൗരന്മാർക്കിടയിൽ പ്രതിരോധശേഷി, നിശ്ചയദാർഢ്യം, സഹാനുഭൂതി, നൂതനാശയങ്ങൾ, കരുത്ത്, സമഗ്ര അഭിവൃദ്ധി, ശക്തമായ ദേശീയ സ്വത്വബോധം എന്നിവ വളർത്തിയെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഗവണ്മെൻ്റ്  രാജ്യത്തെ സേവിക്കുന്നതെന്ന് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. 2026 സെപ്റ്റംബർ 18-ന് കേരളത്തിലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ധൈര്യം, പൗരന്മാരുടെ സുരക്ഷയും  സംരക്ഷണവും, സേവന മനോഭാവം, ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നിശ്ചയദാർഢ്യം, സഹാനുഭൂതി, വരുംതലമുറകൾക്ക് പ്രചോദനം പകരൽ, ദേശീയ ശേഷികൾ ശക്തിപ്പെടുത്തൽ, സമഗ്ര അഭിവൃദ്ധിയും ആഗോള നേതൃത്വവും ഉറപ്പാക്കൽ തുടങ്ങിയ ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വികസന പാതയിൽ മുന്നേറുന്നതെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

2014-ന് മുൻപ് അഴിമതിയും കെടുകാര്യസ്ഥതയും പോലുള്ള കടുത്ത വെല്ലുവിളികൾ ഇന്ത്യ നേരിട്ടിരുന്നുവെന്നും, അത് ജനങ്ങളുടെ മനോവീര്യം തകർത്തുവെന്നും രക്ഷാമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ 12 വർഷത്തെ രാജ്യത്തിൻ്റെ പുരോഗതിക്ക് രൂപം നൽകിയത് പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുമുള്ള കഴിവിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. "കഴിഞ്ഞ 12 വർഷത്തിനിടെ ലോകം കോവിഡ്-19 പോലുള്ള മഹാമാരിയെ അഭിമുഖീകരിക്കുകയും ആഗോള സമ്പദ്‌ വ്യവസ്ഥയെ സാരമായി ബാധിച്ച നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. ആഗോള വെല്ലുവിളികൾക്കിടയിലും, സ്വയംപര്യാപ്തവും വികസിതവുമായ ഒരു രാഷ്ട്രമായി മാറുന്നതിനുള്ള പാതയിൽ നാം സ്ഥിരതയോടെ  മുന്നേറുകയാണ്," അദ്ദേഹം പറഞ്ഞു.

 



 

ദുഷ്ടശക്തികളിൽ നിന്ന് പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിലുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, രാജ്യത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നവരെ ഇല്ലാതാക്കാൻ അതിർത്തി കടന്നും നടപടി സ്വീകരിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നതിൻ്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂറെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. നക്സലിസത്തിനും ഇതോടെ അറുതിവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

തദ്ദേശീയ ശേഷികൾ തുടർച്ചയായി ശക്തിപ്പെടുത്താനുള്ള ഗവണ്മെൻ്റിൻ്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കവേ, 2014-ൽ വെറും 40,000 കോടി രൂപയായിരുന്ന തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം ഇപ്പോൾ ഏകദേശം 1.80 ലക്ഷം കോടി രൂപയിലെത്തിയെന്ന് രക്ഷാമന്ത്രി വ്യക്തമാക്കി. പ്രതിരോധ കയറ്റുമതി ഏതാണ്ട് 600 കോടി രൂപയിൽ നിന്ന് 40,000 കോടിയോളം രൂപയായി ഉയർന്നുവെന്നും, ഇന്ത്യൻ നിർമിത ഉപകരണങ്ങൾ നൂറോളം രാജ്യങ്ങളിലേക്ക് ഇപ്പോൾ എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കാനുള്ള രാജ്യത്തിൻ്റെ ദൃഢനിശ്ചയം വ്യക്തമാക്കിക്കൊണ്ട്, യുവജനങ്ങളാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ കരുത്തെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു. “നമ്മുടെ യുവജനങ്ങൾ സ്റ്റാർട്ടപ്പുകൾ കെട്ടിപ്പടുക്കുന്നു, യൂണികോണുകൾ സൃഷ്ടിക്കുന്നു, ഡ്രോണുകൾ വികസിപ്പിക്കുന്നു, ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കുന്നു, കൂടാതെ റോക്കറ്റുകളും ഉപഗ്രഹങ്ങളും വികസിപ്പിച്ചെടുക്കുന്നു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ സാധ്യമായതെല്ലാം അവർ ചെയ്യുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

സഹാനുഭൂതി എന്ന മൂല്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം  മെച്ചപ്പെടുത്താൻ ഗവണ്മെൻ്റ് പ്രവർത്തിച്ചുവരികയാണെന്ന് രക്ഷാമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 മുതൽ 12 വർഷത്തിനിടെ 25 കോടിയിലധികം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ വിജയമായാലും ക്ഷേമപദ്ധതികളുടെ വിജയമായാലും, ഇന്ന് ഇന്ത്യ ലോകത്തിന് തന്നെ വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തത്സമയ പേയ്‌മെൻ്റ്  സംവിധാനമായ യുപിഐ ഇപ്പോൾ പതിനൊന്നിലധികം രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. വികസനം എല്ലാവരിലേക്കും എത്തിക്കാൻ സഹായിച്ച പി.എം ശ്രീ, ആയുഷ്മാൻ ഭാരത്, ലാഖ്പതി ദീദി, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

 



 

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന് നിശ്ചയിച്ചിരുന്ന പല ലക്ഷ്യങ്ങളും സമയപരിധിക്ക് മുമ്പുതന്നെ കൈവരിച്ചതിലൂടെ ഇന്ത്യ ഇന്ന് ലോകത്തിന് പ്രതീക്ഷയുടെ ഉറവിടമായി മാറിയിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകിയതിനൊപ്പം 100 രാജ്യങ്ങളിലേക്ക് 30 കോടിയിലധികം വാക്സിനുകൾ അയച്ചുനൽകാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യ ഒരു നാഗരിക നേതൃത്വമായി ഉയർന്നുവന്നിരിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സൗര സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യ ഇപ്പോൾ ലോകത്തിന് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വികസന യാത്ര സാമ്പത്തിക വളർച്ചയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, മറിച്ച് ദേശീയ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതും കൊളോണിയൽ മനോഭാവത്തിൽ നിന്ന് പുറത്തുകടക്കുന്നതും ഉൾപ്പെടുന്നതാണെന്ന് രക്ഷാമന്ത്രി അടിവരയിട്ടു പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു സാംസ്കാരിക-നാഗരിക നവോത്ഥാനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാംസ്കാരിക-നാഗരിക പൈതൃകത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തിൻ്റെ ആധുനികവൽക്കരണം നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ വിലമതിക്കുന്നതിനൊപ്പം ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. “'സർവ്വ ധർമ്മ സമഭാവന' അഥവാ എല്ലാ വിശ്വാസങ്ങളോടുമുള്ള തുല്യ ബഹുമാനം എപ്പോഴും നമ്മുടെ നാഗരിക മൂല്യങ്ങളുടെ അന്തസ്സത്തയായി നിലകൊണ്ടിട്ടുണ്ട്. എന്നിരുന്നാലും പാശ്ചാത്യ മതേതരത്വം കാരണം നമ്മുടെ ധർമ്മം വർഗീയതയായും, പാരമ്പര്യം പിന്നാക്കാവസ്ഥയായും, വിശ്വാസം മതഭ്രാന്തായും, ഭക്തി അന്ധവിശ്വാസമായും ചിത്രീകരിക്കപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയെക്കുറിച്ച് യുവതലമുറയ്ക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. യുവജനങ്ങളെ ബോധവത്കരിക്കുന്നത് ശക്തമായ ദേശീയബോധം വളർത്തുന്നതിനും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് ആത്മവിശ്വാസം രൂപപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക, സാങ്കേതിക പരിവർത്തനത്തിൽ പങ്കാളികളാകാൻ യുവജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആത്മവിശ്വാസവും കഴിവും സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്ത്യക്ക് വികസിത രാഷ്ട്രമായി മാറാനും ലോകത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ കാലഘട്ടത്തിൽ മാധ്യമങ്ങളുടെ നിർണായക പങ്കിനെക്കുറിച്ച് പരാമർശിച്ച രക്ഷാമന്ത്രി, പത്രപ്രവർത്തനം ജനാധിപത്യത്തിൻ്റെ നാലാമത്തെ സ്തംഭമെന്ന് ഉചിതമായി വിശേഷിപ്പിക്കപ്പെടുന്നതായി പറഞ്ഞു. ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപാധികളിലൊന്നാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങളെന്നും ചൂണ്ടിക്കാട്ടി. “വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമല്ല മാധ്യമങ്ങളുടെ ധർമ്മം. പ്രയാസമേറിയ ചോദ്യങ്ങൾ ചോദിക്കുക, ജനങ്ങൾക്ക് മുന്നിൽ സത്യം കൊണ്ടുവരിക, അധികാരത്തിലിരിക്കുന്നവരെ ഉത്തരവാദിത്തമുള്ളവരാക്കുക എന്നിവ കൂടിയാണത്,” അദ്ദേഹം പറഞ്ഞു.

 

***


( റിലീസ് ഐ.ഡി: 2312182) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu