ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാന്‍ ദേശീയ ശില്പശാല സംഘടിപ്പിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പ്; പ്രവേശന പാസും ഔദ്യോഗിക അനുമതി പത്രവുമുള്ളവരുമായി ആശയവിനിമയം നടത്തി

പോസ്റ്റഡ് ഓണ്‍: 17 SEP 2026 5:52PM by PIB Thiruvananthpuram

ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനും പ്രവേശന പാസും ഔദ്യോഗിക അനുമതി പത്രവുമുള്ളവരുമായി ആശയവിനിമയത്തിനും കേന്ദ്ര ഫിഷറീസ് വകുപ്പ് 2026 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ ദേശീയ ശില്പശാല സംഘടിപ്പിച്ചു. ഉയർന്ന മൂല്യമുള്ള സമുദ്രവിഭവങ്ങൾ പ്രയോജനപ്പെടുത്താൻ മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ മേഖലയിലെ പ്രായോഗിക വെല്ലുവിളികൾ മനസ്സിലാക്കാനും ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ സ്വീകരിച്ച് മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും വേദിയൊരുക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. മത്സ്യകർഷക ഉത്പാദക സംഘടനകളെയും ഫിഷറീസ് സഹകരണ സംഘങ്ങളെയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ പദ്ധതികളിലൂടെ മത്സ്യമേഖലയുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനും കേന്ദ്ര ഫിഷറീസ് വകുപ്പ് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ്, സഹമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേൽ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. വനിതകൾ ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ, കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ICAR, INCOIS, CIFNET, ASCI, NABARD, NCEL, NCDC, SEAI, MPEDA, EIC തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കാളികളായി.

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീരദേശമുള്ള ഗുജറാത്തിന്റെ സവിശേഷ സാധ്യതകൾ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്‍മെന്റിന്റെ ആഴക്കടൽ മത്സ്യബന്ധന പദ്ധതികൾ നല്‍കുന്ന അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ അദ്ദേഹം മത്സ്യത്തൊഴിലാളികളോട് ആഹ്വാനം ചെയ്തു. ആഴക്കടൽ മത്സ്യബന്ധനം, പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിപണി ലഭ്യത എന്നിവയിലെ നിക്ഷേപങ്ങൾ ഗുജറാത്തിന് വലിയ നേട്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ശേഷി വികസന-പരിശീലന പരിപാടികളിൽ പങ്കാളിത്തമുറപ്പാക്കാൻ സംസ്ഥാന ഗവണ്‍മെന്റിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

 

നൈപുണ്യ വികസനം, ശീതീകരണ സംഭരണ-വിതരണ സംവിധാനങ്ങൾ, സഹകരണാടിസ്ഥാനത്തിലുള്ള സംരംഭങ്ങൾ എന്നിവയടക്കം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നൽകുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടു. സമുദ്രവിഭവങ്ങളിൽ നിന്ന് മികച്ച വരുമാനം ഉറപ്പാക്കാന്‍ ശീതീകരണ സംഭരണ-വിതരണ സൗകര്യങ്ങള്‍ സ്ഥാപിക്കാനും പരിശീലനത്തിന് അവസരങ്ങളൊരുക്കാനും സംസ്ഥാന ഗവണ്‍മെന്റ് സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിന്റെ വിപുലമായ സമുദ്ര സമ്പത്ത് പ്രയോജനപ്പെടുത്താനും മത്സ്യമേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും 2047-ഓടെ വികസിത ഗുജറാത്തും വികസിത ഭാരതവും എന്ന ലക്ഷ്യം കൈവരിക്കാനും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മത്സ്യബന്ധന മേഖല കൈവരിച്ച സമഗ്ര വളർച്ച കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് എടുത്തുപറഞ്ഞു. 2024-25 കാലയളവിൽ മത്സ്യോല്പാദനം റെക്കോർഡ് നേട്ടമായ 197.75 ലക്ഷം ടണ്ണായി ഉയർന്നതായും സമുദ്രോല്പന്ന കയറ്റുമതി ഇരട്ടിയിലധികമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വ്യാപാര തടസ്സങ്ങളും പ്രധാന വിപണികളിലെ ഉയർന്ന തീരുവയും നിലനിൽക്കെ ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി 11,400 കോടി രൂപ വർധിച്ച് സർവകാല റെക്കോർഡായ 73,890 കോടി രൂപയിലെത്തി. ഈ മേഖലയുടെ കരുത്തും ആഗോളതല മത്സരശേഷിയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലയിലെ മത്സ്യബന്ധനത്തിന് പ്രവേശന പാസുകളും അന്താരാഷ്ട്ര സമുദ്ര മേഖലയിലെ മത്സ്യബന്ധനത്തിന് അനുമതി പത്രവും നൽകുന്നതിന്റെ ലക്ഷ്യം മന്ത്രി വിശദീകരിച്ചു. ട്യൂണ ഉൾപ്പെടെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവങ്ങളുടെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്താനും കയറ്റുമതി വർധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉയർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത മത്സ്യബന്ധന മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ പ്രത്യേക സാമ്പത്തിക മേഖല, അന്താരാഷ്ട്ര സമുദ്ര മേഖല എന്നിവയിലെ ഉയർന്ന മൂല്യമുള്ള മത്സ്യങ്ങൾ ലക്ഷ്യമിട്ട് മത്സ്യബന്ധനം വ്യാപിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. യാനങ്ങളിലെ സംസ്കരണ സൗകര്യങ്ങൾ, ശീതീകരണ സംഭരണ വിതരണ സംവിധാനങ്ങള്‍, മൂല്യവര്‍ധന, ബ്രാൻഡിങ്, കയറ്റുമതി ലക്ഷ്യമിട്ടുള്ള വിപണി ബന്ധങ്ങൾ എന്നിവയോടെ ആധുനിക മത്സ്യബന്ധന രീതികൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശിച്ചു. നൈപുണ്യ വികസനത്തിന്റെയും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രി, മത്സ്യത്തൊഴിലാളികൾക്കായി കൃത്യമായ പരിശീലന രൂപരേഖ തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസന ഫണ്ട് വഴി ഇളവുകളോടുകൂടിയ വായ്പകൾ പ്രയോജനപ്പെടുത്താൻ ഗുണഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്ര മേഖലയിലെ മത്സ്യബന്ധന അനുമതി പത്രത്തിന്റെ ഫീസ് സഹകരണ സംഘങ്ങൾക്ക് 25,000 രൂപയിൽ നിന്ന് 5,000 രൂപയായി കുറച്ചതായി അറിയിച്ച മന്ത്രി മത്സ്യത്തൊഴിലാളി കൂട്ടായ്മകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിൽ പങ്കാളികളാകാനും ഇന്ത്യയുടെ സമുദ്ര സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനും ഇത് സഹായകമാകുമെന്നും വ്യക്തമാക്കി.

 

സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ, ശീതീകരണ സംഭരണ-വിതരണ അ‌ടിസ്ഥാന സൗകര്യങ്ങള്‍, മൂല്യവർധന, സംസ്കരണം, വിപണി ലഭ്യത, കയറ്റുമതി അവസരങ്ങൾ തുടങ്ങി ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്ന മികച്ച വേദിയായി ശില്പശാല മാറിയെന്ന് കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന-പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേൽ വ്യക്തമാക്കി. പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ചതും പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന ആരംഭിച്ചതും നീലവിപ്ലവത്തിനും സമുദ്ര സമ്പദ്‍വ്യവസ്ഥയ്ക്കും നൽകിയ പ്രോത്സാഹനവും മത്സ്യമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യോല്പാദനവും ഉല്പാദനക്ഷമതയും കയറ്റുമതിയും തൊഴിലവസരങ്ങളും വർധിപ്പിക്കാന്‍ ഇവ സഹായിച്ചു. പ്രവേശന പാസുകൾ ലഭ്യമാക്കിയതോടെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ആഴക്കടലിലേക്ക് ഇറങ്ങാനും ട്യൂണ പോലെ ഉയർന്ന മൂല്യമുള്ള വിഭവങ്ങൾ ശേഖരിക്കാനും സാധിക്കുന്നുണ്ടെന്നും ഇത് വരുമാന വർധനയ്ക്കും കയറ്റുമതിക്കും പുതുവഴികൾ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, സംസ്കരണം, മൂല്യവർധന, വിപണി ബന്ധങ്ങൾ എന്നിവയുൾപ്പെടെ മത്സ്യബന്ധന മൂല്യശൃംഖലയെ സമഗ്രമായി ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ സമുദ്ര മത്സ്യബന്ധന മേഖലയുടെ പൂർണ സാധ്യതകൾ പ്രയോജനപ്പെടുത്താനും കരുത്തുറ്റ സമുദ്ര സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കാനും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

മത്സ്യത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ, കർഷകോല്പാദക സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, വനിതാ പങ്കാളികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തിലൂടെ മാത്രമേ ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനാവൂ എന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി പറഞ്ഞു. ട്യൂണ ഉൾപ്പെടെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവങ്ങളിലെ വൻ സാധ്യതകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സമുദ്ര മത്സ്യബന്ധന മേഖലയുടെ മത്സരശേഷി ഉയർത്താനും ആധുനിക മത്സ്യബന്ധന യാനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, സുസ്ഥിര മത്സ്യബന്ധന രീതികൾ, ശേഷി വികസനം, നൈപുണ്യ വികസനം എന്നിവ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ശില്പശാലയിലെ ചർച്ചകളെ പരാമർശിച്ച അദ്ദേഹം പരിശീലനവും ശേഷി വികസനവും, വായ്പാ സൗകര്യങ്ങൾ സുഗമമാക്കല്‍, സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ എന്നിവയാണ് ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂന്ന് പ്രധാന മുൻഗണനകളെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ ആഴക്കടൽ മത്സ്യമേഖലയുടെ സുസ്ഥിര വളർച്ച വേഗത്തിലാക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും ശില്പശാലയിൽ ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും നയരൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

 

തുടർന്ന് നടന്ന പ്രത്യേക ആശയവിനിമയ പരിപാടിയില്‍ അനുമതിപത്രവും പ്രവേശന പാസും നേടിയ മത്സ്യത്തൊഴിലാളികൾ ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിച്ചു. പരമ്പരാഗത തീരദേശ മത്സ്യബന്ധന മേഖലകൾക്കപ്പുറം പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് കടക്കാനും ട്യൂണ പോലെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവങ്ങൾ ലക്ഷ്യമിട്ട് പുതിയ അവസരങ്ങൾ കണ്ടെത്താനും ഇത് വഴിയൊരുക്കിയതായി അവർ ചൂണ്ടിക്കാട്ടി. കൂടുതൽ ആഴക്കടൽ മേഖലകളിലേക്ക് പ്രവേശനം ലഭിച്ചത് ഉപജീവന സാധ്യതകൾ മെച്ചപ്പെടുത്താനും കയറ്റുമതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെ ഉയർന്ന വരുമാനം നേടാനും സഹായിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒപ്പം ഗുണനിലവാരം കാത്തുസൂക്ഷിക്കാനും മൂല്യവർധനയ്ക്കും പരിശീലനം, മത്സ്യബന്ധന തുറമുഖങ്ങളില്‍ ശീതീകരണ സംഭരണ-വിതരണ ശൃംഖലാ സൗകര്യങ്ങൾ, ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ നവീകരണം, മികച്ച വാർത്താവിനിമയ സംവിധാനങ്ങൾ, ആഴക്കടൽ പ്രവർത്തനങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായം എന്നിവ ആവശ്യമാണെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി. ഇത്തരം അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിലൂടെ പ്രവേശന പാസുകളുടെ പ്രയോജനം പരമാവധി വർധിപ്പിക്കാനും ഉല്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന മേഖലയുടെ പൂർണ സാധ്യതകൾ പുറത്തെടുക്കാനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി.

 

സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗം, മത്സ്യബന്ധന യാനങ്ങളുടെ നവീകരണം, നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം, ശേഷി വികസനം, ധനസഹായ സംവിധാനങ്ങൾ, മൂല്യവർധന, ഉല്പന്ന ഉറവിടം കണ്ടെത്താനുള്ള സംവിധാനങ്ങൾ, വിദേശ വിപണി ലഭ്യത എന്നിവയുൾപ്പെടെ ആഴക്കടൽ മത്സ്യബന്ധന മൂല്യശൃംഖലയെ സമഗ്രമായി ഉൾക്കൊള്ളുന്ന അഞ്ച് സാങ്കേതിക സെഷനുകൾ ശില്പശാലയിലുണ്ടായിരുന്നു. 'ഇന്ത്യയുടെ നീല സമ്പദ്‍വ്യവസ്ഥയുടെ സാധ്യതകൾ: സമുദ്രോല്പന്ന കയറ്റുമതി വർധിപ്പിക്കാന്‍ പ്രത്യേക സാമ്പത്തിക മേഖലകളിലെയും അന്താരാഷ്ട്ര സമുദ്ര മേഖലയിലെയും ആഴക്കടൽ മത്സ്യബന്ധന അവസരങ്ങൾ', 'ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ പരിവർത്തനം: ആധുനിക യാന സാങ്കേതികവിദ്യകളും ആഗോള മാതൃകകളും', 'ഭാവി സജ്ജമായ ആഴക്കടൽ മത്സ്യത്തൊഴിലാളി സമൂഹത്തെ വാർത്തെടുക്കൽ: പ്രത്യേക പരിശീലനവും നൈപുണ്യ-ശേഷി വികസനവും', 'ആഴക്കടൽ മത്സ്യബന്ധനത്തിന് ധനസഹായ സംവിധാനങ്ങൾ', 'ആഴക്കടൽ ശേഖരണത്തിൽ നിന്ന് ആഗോള വിപണിയിലേക്ക്: സംസ്കരണം, മൂല്യവർധന, ഉറവിടം കണ്ടെത്തല്‍, കയറ്റുമതി ചട്ടങ്ങൾ' എന്നിവയായിരുന്നു വിവിധ സെഷനുകളിലെ വിഷയങ്ങൾ. ഗവണ്‍മെന്റ്, ഗവേഷണ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ മേഖല, അന്താരാഷ്ട്ര സംഘടനകൾ എന്നിവയിലെ വിദഗ്ധരും മത്സ്യത്തൊഴിലാളി പ്രതിനിധികളുമടക്കം 19 പ്രഭാഷകർ അഞ്ച് സാങ്കേതിക സെഷനുകളിലെ ചർച്ചകളിൽ പങ്കെടുത്തു.

 

ട്യൂണ, കൂന്തള്‍ തുടങ്ങി ഉയർന്ന മൂല്യമുള്ള സമുദ്രവിഭവങ്ങളിലൂടെ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് പ്രഭാഷകർ ഒന്നടങ്കം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളുടെ വരുമാനവും സമുദ്രോല്പന്ന കയറ്റുമതിയും വർധിപ്പിക്കുന്നതിന് പരമ്പരാഗത തീരദേശ മത്സ്യബന്ധനത്തിൽ നിന്ന് മാറി ആധുനിക യാനങ്ങൾ, നൂതന മത്സ്യബന്ധന സാങ്കേതികവിദ്യകൾ, ശീതീകരണ സംഭരണ-വിതരണ അടിസ്ഥാനസൗകര്യങ്ങള്‍, ശാസ്ത്രീയ മത്സ്യ സംസ്കരണം, ഉറവിടം കണ്ടെത്താനുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ എന്നിവ പ്രയോജനപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. അത്യാധുനിക മത്സ്യബന്ധന യാനങ്ങൾ, യാനങ്ങളിലെ യന്ത്രവല്‍കൃത സംസ്കരണം, ഇലക്ട്രോണിക് നിരീക്ഷണം, സുസ്ഥിര മത്സ്യബന്ധന പരിപാലനം എന്നിവയിലെ ഐസ്‌ലൻഡിന്റെ മികച്ച മാതൃകകൾ ഐസ്‌ലൻഡിലെ ഇന്ത്യൻ അംബാസഡർ ശ്രീ ആർ. രവീന്ദ്ര പങ്കുവെച്ചു. ഒപ്പം സമുദ്രവിഭവങ്ങളിൽനിന്ന് പരമാവധി മൂല്യം ലഭ്യമാക്കുന്നതിന് മത്സ്യത്തിന്റെ എല്ലാ ഭാഗങ്ങളും പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതി അവലംബിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

 

നൈപുണ്യ വികസനം, പ്രായോഗിക പരിശീലനം, കുറഞ്ഞ പലിശയ്ക്ക് വായ്പകൾ, സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ, ആധുനിക തുറമുഖ സൗകര്യങ്ങൾ, ആശയവിനിമയ-സുരക്ഷാ സംവിധാനങ്ങൾ, ലഭ്യമാകുന്ന മത്സ്യങ്ങളുടെ ഡിജിറ്റൽ വിവരശേഖരണം, കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുടെ പ്രാധാന്യവും ചർച്ചകളിൽ ഉയർന്നു. മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിലേക്ക് വിജയകരമായി മാറുന്നതിനും സമുദ്ര സമ്പദ്‍വ്യവസ്ഥയുടെ പൂർണ നേട്ടം കൈവരിക്കുന്നതിനും ശേഷി വികസനവും കുറഞ്ഞ നിരക്കിലെ വായ്പകളും മത്സ്യത്തൊഴിലാളി സൗഹൃദ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും അനിവാര്യമാണെന്ന് പങ്കെടുത്തവരും പ്രതിനിധികളും വ്യക്തമാക്കി.

നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ, സഹകരണ സംഘങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവന്നതിലൂടെ ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നിർണായക വേദിയായി ശില്പശാല മാറി. ചർച്ചകളിൽ ഉയർന്നുവന്ന ശിപാർശകൾ മേഖലയിലെ പ്രായോഗിക വെല്ലുവിളികൾ പരിഹരിക്കുന്നതിലും സാങ്കേതികവിദ്യ, നൈപുണ്യം, വിപണി എന്നിവയുടെ ലഭ്യത ഉറപ്പാക്കി ആഴക്കടൽ മത്സ്യബന്ധനത്തിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കും.

***


( റിലീസ് ഐ.ഡി: 2311718) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Kannada