റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
NHAI രാജ്മാർഗ്‌യാത്ര ആപ്പിൽ ‘വൺ ടാഗ്’ ഫാസ്‌ടാഗ് പോർട്ടബിലിറ്റി സേവനം ലഭ്യമാക്കുന്നു
പോസ്റ്റഡ് ഓണ്‍:
17 SEP 2026 4:15PM by PIB Thiruvananthpuram
ഫാസ്‌ടാഗ് ഉപയോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനായി, ‘വൺ ടാഗ്’ ഫാസ്‌ടാഗ് പോർട്ടബിലിറ്റി സേവനം ഇപ്പോൾ ദേശീയപാത അതോറിറ്റിയുടെ (NHAI) രാജ്മാർഗ്‌യാത്ര ആപ്പിൽ ലഭ്യമാണ്. ഈ നടപടി വഴി ഫാസ്‌ടാഗ് ഉപയോക്താക്കൾക്ക് വാഹനത്തിൽ പതിച്ചിട്ടുള്ള നിലവിലെ ടാഗ് മാറ്റാതെ തന്നെ തങ്ങളുടെ ഇഷ്യൂവർ ബാങ്കിനെ മാറ്റാൻ സാധിക്കും. പുതിയ ടാഗ് വാങ്ങേണ്ടതിന്റെ ആവശ്യകത ഇത് ഒഴിവാക്കുന്നു. രാജ്മാർഗ്‌യാത്ര ആപ്പിൽ ലഭ്യമായ ഫാസ്‌ടാഗ് വാർഷിക പാസ്, ഫാസ്‌ടാഗ് ലോക്കൽ പാസ്, എമർജൻസി ഹെൽപ്പ് ലൈൻ 1033 തുടങ്ങിയ പൗരകേന്ദ്രീകൃത സേവനങ്ങളെ 'വൺ ടാഗ്’ പോർട്ടബിലിറ്റി സൗകര്യം കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്.
രാജ്മാർഗ്‌യാത്ര ആപ്പ് ഉപയോക്താക്കളെ ഫാസ്‌ടാഗ് പോർട്ടബിലിറ്റി പ്രക്രിയയിൽ സഹായിക്കുന്നു . ഫാസ്‌ടാഗ് ഉപയോക്താക്കൾക്ക് ആപ്പിൽ ലോഗിൻ ചെയ്ത് തങ്ങളുടെ വാഹന രജിസ്ട്രേഷൻ നമ്പർ നൽകി യോഗ്യത പരിശോധിക്കാവുന്നതാണ്. നിലവിലെ ഇഷ്യൂവർ ബാങ്കിൽ നിന്ന് ഉപയോക്താവിന് ആറ് അക്കങ്ങളുള്ള മൊബൈൽ വെരിഫിക്കേഷൻ കോഡ് (MVC) ലഭിക്കും. അംഗീകാരത്തിന് ശേഷം, ഉപയോക്താവ് ഒരു പുതിയ ഇഷ്യൂവറെ തിരഞ്ഞെടുക്കുകയും പോർട്ടബിലിറ്റി പ്രക്രിയ പൂർത്തിയാക്കുന്നതിനായി പുതിയ ഇഷ്യൂവറുമായി കസ്റ്റമർ വെരിഫിക്കേഷനും വാലറ്റ് ഓൺബോർഡിംഗും പൂർത്തിയാക്കുകയും വേണം. പോർട്ടബിലിറ്റി വിജയകരമായി പൂർത്തിയാക്കിയ ശേഷം, വാഹന രജിസ്ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള നിലവിലെ ഫാസ്‌ടാഗ് ഐഡി മാറ്റമില്ലാതെ തുടരും. ഇത് ഉപയോക്താക്കൾക്ക് ഒരേ ടാഗ് ഉപയോഗിച്ച് തന്നെ മറ്റൊരു ഇഷ്യൂവർ ബാങ്ക് സേവനം തേടാൻ സഹായിക്കുന്നു.
പോർട്ടബിലിറ്റി പൂർത്തിയായ ശേഷം, മുൻപത്തെ ഇഷ്യൂവർ ബാങ്ക് നിലവിലുള്ള ഫാസ്‌ടാഗ് വാലറ്റ് അവസാനിപ്പിക്കുകയും, ബാധകമായ മാറ്റങ്ങൾക്ക് ശേഷം ബാക്കിയുള്ള തുക റീഫണ്ട് ചെയ്യുകയും ചെയ്യും. കൂടാതെ, പരസ്പര പ്രവർത്തനക്ഷമമായ ഫാസ്‌ടാഗിന്, വീണ്ടും പോർട്ട് ചെയ്യുന്നതിന് മുൻപ് 6 മാസത്തെ കൂളിംഗ് പീരീഡ് ഉണ്ടായിരിക്കുന്നതാണ്.
‘വൺ ടാഗ്’ സംരംഭം ഫാസ്‌ടാഗുകളുടെ നിർമ്മാണം വീണ്ടും നടത്തുന്നതിന്റെ ആവശ്യകത കുറയ്ക്കുന്നതിലൂടെ ഫാസ്‌ടാഗ് ക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും, ഇതുവഴി പ്രവർത്തനച്ചെലവുകളും വിതരണവും, റീഇഷ്യുവൻസ് ചെലവുകളും കുറയുന്നു. ഇഷ്യൂവറെ മാറ്റുന്ന പ്രക്രിയ കൂടുതൽ എളുപ്പമാക്കാനും, ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ വർദ്ധിപ്പിക്കാനും, കൂടുതൽ കാര്യക്ഷമമായ ഒരു ഫാസ്‌ടാഗ് സംവിധാനത്തിന് സംഭാവന നൽകാനും ‘വൺ ടാഗ്’ സഹായിക്കും.
98 ശതമാനത്തിലധികം ഉപയോഗ നിരക്കും ഏകദേശം 13 കോടി ഉപയോക്താക്കളുമുള്ള ഫാസ്‌ടാഗ്, രാജ്യത്തെ ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. ‘വൺ ടാഗ്’ അവതരിപ്പിച്ചത് ഡിജിറ്റൽ ടോൾ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും നിലവിലുള്ള ടാഗ് നിലനിർത്തിക്കൊണ്ടുതന്നെ ഫാസ്‌ടാഗ് ഉപയോക്താക്കൾക്ക് കൂടുതൽ സാധ്യതകളും മികച്ച സൗകര്യവും നൽകുകയും ചെയ്യും.
***
( റിലീസ് ഐ.ഡി: 2311639)
സന്ദര്‍ശക കൗണ്ടര്‍ : 5