വാണിജ്യ വ്യവസായ മന്ത്രാലയം
3 ലക്ഷം രൂപ വരെ മൂല്യമുള്ള ചരക്ക് കയറ്റുമതിയ്ക്ക് RCMC നിർബന്ധമാക്കുന്ന വ്യവസ്ഥയിൽ സർക്കാർ ഇളവ് വരുത്തി
പോസ്റ്റഡ് ഓണ്‍:
16 SEP 2026 2:45PM by PIB Thiruvananthpuram
₹3 ലക്ഷം വരെ മൂല്യമുള്ള ചരക്കുകൾ കയറ്റുമതി ചെയ്യുമ്പോൾ RCMC (രജിസ്ട്രേഷൻ-കം-മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്) നിബന്ധനയിൽ സർക്കാർ ഇളവ് വരുത്തി. പുതിയവരും ആദ്യമായി കയറ്റുമതി ചെയ്യുന്നവരും നേരിടുന്ന നടപടിക്രമപരമായ ബുദ്ധിമുട്ടുകളും അനുബന്ധ അനുവർത്തന ബാധ്യതകളും ലഘൂകരിച്ച് കയറ്റുമതി പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. അതോടൊപ്പം, തപാൽ, കൊറിയർ സേവനങ്ങൾ, ആധുനികവും വളർന്നുവരുന്നതുമായ വിതരണ മാർഗങ്ങൾ എന്നിവയിലൂടെ കയറ്റുമതി കൂടുതൽ സുഗമമാക്കാനും ഈ ഇളവ് സഹായിക്കും.
വിദേശ വ്യാപാര നയം, 2023-ലെ ഖണ്ഡിക 2.57-ൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഭേദഗതി കൊണ്ടുവന്നു. ഭേദഗതി പ്രകാരം, വിദേശ വ്യാപാര നയത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് RCMC (രജിസ്ട്രേഷൻ-കം-മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്) അഥവാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായ സാഹചര്യങ്ങളിൽപ്പോലും, ₹3 ലക്ഷം വരെ ‘ഫ്രീ-ഓൺ-ബോർഡ്’ (FOB) മൂല്യമുള്ള ചരക്ക് കയറ്റുമതിയ്ക്ക് ഇത്തരം സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. എന്നാൽ, ₹3 ലക്ഷം കവിയുന്ന ചരക്ക് കയറ്റുമതിയ്ക്ക്, സാധുവായ RCMC അല്ലെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും ആവശ്യമായി വരും.
കഴിഞ്ഞ അഞ്ച് വർഷത്തെ (2021–22 മുതൽ 2025–26 വരെ) വിവരങ്ങൾ പരിശോധിക്കുമ്പോൾ, പല കയറ്റുമതി ഇടപാടുകളും കുറഞ്ഞ മൂല്യമുള്ളവയാണെന്ന് കാണാം; എന്നാൽ ഇന്ത്യയുടെ ആകെ കയറ്റുമതി വരുമാനത്തിൽ ഇവയുടെ പങ്ക് വളരെ ചെറുതാണ്. ഉദാഹരണത്തിന്, 3,000 യുഎസ് ഡോളർ വരെ മൂല്യമുള്ള കയറ്റുമതികൾ ആകെ ഷിപ്പിംഗ് ബില്ലുകളുടെ 43 ശതമാനം വരുമെങ്കിലും, രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതി മൂല്യത്തിൽ ഇവയുടെ സംഭാവന 0.86 ശതമാനം മാത്രമാണ്. അതിനാൽ, ഈ ഇളവ് വലിയൊരു വിഭാഗം ചെറുകിട കയറ്റുമതിക്കാർക്കും കുറഞ്ഞ മൂല്യമുള്ള കയറ്റുമതി ഇടപാടുകൾക്കും പ്രയോജനകരമാകും; അതേസമയം, ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യത്തിൽ ഇതിന്റെ സ്വാധീനം വളരെ പരിമിതമായിരിക്കും.
നിലവിൽ, വിദേശ വ്യാപാര നയപ്രകാരം (Foreign Trade Policy) ആവശ്യമുള്ളപ്പോഴെല്ലാം, കയറ്റുമതിക്കാർ ബന്ധപ്പെട്ട 'എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിൽ' നിന്നോ 'കമ്മോഡിറ്റി ബോർഡിൽ' നിന്നോ രജിസ്ട്രേഷൻ-കം-മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. കയറ്റുമതി രംഗത്ത് പുതുതായി എത്തുന്നവർക്കോ, ഇടയ്ക്കിടെ മാത്രം കയറ്റുമതി ചെയ്യുന്നവർക്കോ, ചെറിയ മൂല്യമുള്ള ചരക്കുകൾ കൈകാര്യം ചെയ്യുന്നവർക്കോ ഇത് കൂടുതൽ കടലാസ് ജോലികളും നടപടിക്രമങ്ങളും സൃഷ്ടിക്കുന്നു. ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിന് മുൻപായി, ശരിയായ രജിസ്ട്രേഷൻ അതോറിറ്റിയെ കണ്ടെത്തുക, ആവശ്യമായ രേഖകൾ സമർപ്പിക്കുക, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക എന്നിവയെല്ലാം അവർ ചെയ്യേണ്ടതുണ്ട്.
ഈ പുതിയ നടപടി MSME-കൾ, കരകൗശല വിദഗ്ധർ, ചെറുകിട സംരംഭങ്ങൾ, ആദ്യമായി കയറ്റുമതി ചെയ്യുന്നവർ എന്നിവർക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കുന്നത് സുഗമമാക്കുന്നു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ചെറിയ മൂല്യമുള്ള കയറ്റുമതികൾക്ക് RCMC നേടേണ്ടതുണ്ടെന്ന നിബന്ധന ഒഴിവാക്കുന്നതിലൂടെ, പ്രാഥമികമായ രേഖാസമർപ്പണവും നിയമപരമായ നടപടിക്രമങ്ങളും സർക്കാർ ലഘൂകരിക്കുകയാണ്. ഇതിലൂടെ, പുതിയ കയറ്റുമതിക്കാർക്ക് തുടക്കത്തിൽ തന്നെ സങ്കീർണ്ണമായ നിയന്ത്രണ നടപടികൾ നേരിടാതെ, വിദേശ വിപണികളിൽ ഉത്പന്നങ്ങൾ വിൽക്കാനും ആവശ്യകത മനസ്സിലാക്കാനും ക്രമേണ കയറ്റുമതി പ്രവർത്തനങ്ങളിൽ പരിചയം നേടാനും സാധിക്കുന്നു.
കയറ്റുമതിക്കാർ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുകയും 3 ലക്ഷം രൂപയിലധികം മൂല്യമുള്ള ചരക്കുകൾ കൈകാര്യം ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ, അവർക്ക് 'എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകളിലോ' (Export Promotion Councils) 'കമ്മോഡിറ്റി ബോർഡുകളിലോ' (Commodity Boards) അംഗങ്ങളാകാവുന്നതാണ്. ഇതിലൂടെ, കയറ്റുമതി പ്രോത്സാഹന പരിപാടികൾ, വിദേശ വിപണികളിലേക്ക് പ്രവേശിക്കുന്നതിനുള്ള സഹായം, വിപണി വിവരങ്ങൾ, അന്താരാഷ്ട്ര ബിസിനസ്സ് വിപുലീകരിക്കാൻ സഹായിക്കുന്ന മറ്റ് സ്ഥാപനപരമായ സേവനങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ അവർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.
RCMC മുൻകൂട്ടി നേടാതെ തന്നെ നിശ്ചിത പരിധിയിലുള്ള ചെറിയ മൂല്യമുള്ള ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുന്നതിലൂടെ, പുതിയവരും ആദ്യമായി കയറ്റുമതി ചെയ്യുന്നവരും ഇടയ്ക്കിടെ മാത്രം കയറ്റുമതി ചെയ്യുന്നവരുമായവർക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കുന്നത് ഈ നടപടി എളുപ്പമാക്കുന്നു. പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ കുറഞ്ഞ നടപടിക്രമങ്ങളും നിയമപരമായ നിബന്ധനകളും മാത്രം പാലിച്ചുകൊണ്ട് വിദേശ വിപണികളിൽ തങ്ങളുടെ ഉത്ന്നങ്ങൾ പരീക്ഷിക്കാനും കയറ്റുമതിയിൽ പരിചയം നേടാനും സാധിക്കുന്നതിനാൽ, MSME-കൾ, ചെറുകിട സംരംഭങ്ങൾ, കരകൗശല വിദഗ്ധർ, നിർമ്മാതാക്കൾ, സംരംഭകർ എന്നിവർക്ക് ഇത് വിശിഷ്യാ പ്രയോജനകരമാണ്.
ഈ ഇളവ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, തപാൽ സേവനങ്ങൾ, കൊറിയർ സേവനങ്ങൾ, മറ്റ് ആധുനിക കയറ്റുമതി മാർഗ്ഗങ്ങൾ എന്നിവയിലൂടെ തങ്ങളുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യാനും കയറ്റുമതി ചെയ്യാനും ബിസിനസ്സുകളെ സഹായിക്കും. വിദേശ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ചെറുകിട സംരംഭങ്ങളെയും പുതിയ കയറ്റുമതിക്കാരെയും ഇത്തരം മാർഗ്ഗങ്ങൾ കൂടുതൽ സഹായിക്കുന്നു. കുറഞ്ഞ മൂല്യമുള്ളതും എന്നാൽ ഇളവിന് അർഹമായതുമായ ചരക്ക് നീക്കങ്ങളുടെ കാര്യത്തിൽ നടപടിക്രമങ്ങളും പാലിക്കേണ്ട നിബന്ധനകളും ലഘൂകരിക്കുന്നതിലൂടെ, ഇത്തരം ബിസിനസ്സുകൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള വിൽപ്പന കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കാൻ ഈ നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയതും വളർന്നുവരുന്നതുമായ കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര വിപണികളിലേക്ക് ഘട്ടംഘട്ടമായി പ്രവേശിക്കാനും അവിടെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും ഈ നടപടി സഹായിക്കും. തുടക്കത്തിൽ, കുറഞ്ഞ നടപടിക്രമങ്ങൾ പാലിച്ച് ചെറിയ മൂല്യമുള്ള ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അവർക്ക് സാധിക്കും. ബിസിനസ്സ് വളരുകയും ഉയർന്ന മൂല്യമുള്ള ചരക്കുകൾ കൈകാര്യം ചെയ്തു തുടങ്ങുകയും ചെയ്യുമ്പോൾ, അവർക്ക് RCMC അംഗത്വം നേടാനാകും. അതുവഴി കയറ്റുമതി പ്രോത്സാഹന പരിപാടികൾ, വിപണി പ്രവേശനത്തിനുള്ള സഹായം, മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് സ്ഥാപനപരമായ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ പിന്തുണ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും അവർക്ക് അവസരം ലഭിക്കും.
വലിയ മൂല്യമുള്ള കയറ്റുമതികൾക്കുള്ള നിലവിലെ ചട്ടങ്ങളിൽ മാറ്റമുണ്ടാകില്ല. ചെറിയ മൂല്യമുള്ള കയറ്റുമതി ചരക്കുകൾക്ക് മാത്രമാണ് പുതിയ ഇളവ് ബാധകമാകുന്നത്. കയറ്റുമതി ചെയ്യുന്ന ചരക്കിന്റെ മൂല്യം 3 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ബാധകമായ ചട്ടങ്ങൾ പ്രകാരം സർട്ടിഫിക്കേഷൻ ആവശ്യമുള്ള സാഹചര്യങ്ങളിൽ കയറ്റുമതിക്കാർ RCMC അല്ലെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.
കൂടുതൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ കയറ്റുമതി മേഖലയിലേക്ക് കടന്നുവരാനും, ക്രമേണ കയറ്റുമതി പ്രോത്സാഹന കൗൺസിലുകളുടെയും (EPC) കമ്മോഡിറ്റി ബോർഡുകളുടെയും ഭാഗമാകാനും ഈ നടപടി പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാരംഭഘട്ടത്തിലെ രേഖാസമർപ്പണവും അനുബന്ധ നടപടിക്രമങ്ങളും ലഘൂകരിക്കുന്നതിലൂടെ, ചെറുകിട സംരംഭങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. കയറ്റുമതി ബിസിനസ്സ് വളരുകയും കയറ്റുമതിയുടെ മൂല്യം 3 ലക്ഷം രൂപയിൽ അധികരിക്കുകയും ചെയ്യുമ്പോൾ, അവർക്ക് RCMC നേടാനും ബന്ധപ്പെട്ട EPC-യിലോ കമ്മോഡിറ്റി ബോർഡിലോ അംഗമാകാനും കഴിയും; ഇതിലൂടെ കയറ്റുമതി പ്രോത്സാഹന പരിപാടികൾ, വിപണി അവസരങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് സ്ഥാപനപരമായ പിന്തുണ എന്നിവ ലഭ്യമാക്കാൻ അവർക്ക് സാധിക്കും.
കയറ്റുമതി നടപടിക്രമങ്ങൾ ലളിതമാക്കാനും, അനുബന്ധ രേഖകളുടെയും പാലിക്കേണ്ട ചട്ടങ്ങളുടെയും ബാഹുല്യം കുറയ്ക്കാനുമുള്ള സർക്കാരിന്റെ താത്പര്യമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. വിദേശ വിപണികളിൽ പ്രവേശിക്കുന്നതും അവിടെ പ്രവർത്തനം നടത്തുന്നതും സുഗമമാക്കിക്കൊണ്ട്, കൂടുതൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ആദ്യമായി കയറ്റുമതി ചെയ്യുന്നവരെയും പുതിയ ബിസിനസ്സുകളെയും അന്താരാഷ്ട്ര വ്യാപാരത്തിൽ പങ്കാളികളാക്കാൻ ഇത് ലക്ഷ്യമിടുന്നു.
*****
( റിലീസ് ഐ.ഡി: 2310946)
സന്ദര്‍ശക കൗണ്ടര്‍ : 9