പരിസ്ഥിതി, വനം മന്ത്രാലയം
കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും ചേർന്ന് വേൾഡ് സർക്കുലർ ഇക്കോണമി ഫോറം (WCEF) 2026 ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
15 SEP 2026 12:20PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവും ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലും ചേർന്ന് വേൾഡ് സർക്കുലർ ഇക്കോണമി ഫോറം (WCEF) 2026 ഇന്ന് ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്തു. 'വർത്തുള സമ്പദ്‌വ്യവസ്ഥ: ജനക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പരിവർത്തനം' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 15 മുതൽ 18 വരെയാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ അർജുൻഭായ് മോധ്‌വാഡിയ, ഗുജറാത്ത് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ പ്രവീൺഭായ് മാലി, ഇന്ത്യയിലെ ഫിൻലൻഡ് അംബാസഡർ മിക്കോ കിവികോസ്‌കി, നെതർലൻഡ്‌സിലെ സാമ്പത്തിക കാര്യ, കാലാവസ്ഥാ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (സർക്കുലർ ഇക്കോണമി) മാരീക്ക് സ്‌പൈക്കർബോർ, സിത്ര (SITRA) പ്രസിഡൻ്റ് ആറ്റെ യാസ്‌കെലൈനൻ എന്നിവരും കേന്ദ്ര ഗവണ്മൻ്റ് , ഗുജറാത്ത് ഗവണ്മൻ്റ് എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

ദക്ഷിണേഷ്യയിൽ ആദ്യമായി വേൾഡ് സർക്കുലർ ഇക്കോണമി ഫോറത്തിന് (WCEF) വേദിയാകാൻ കഴിഞ്ഞത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന ആഗോള നേതൃത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. 'മിഷൻ ലൈഫ്' ആഗോള വർത്തുള സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ അടിത്തറയായി ഉയർന്നുവരികയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകത്തിന് മുന്നിൽ പ്രായോഗികമായ വർത്തുള സമ്പദ്‌വ്യവസ്ഥാ പ്രവർത്തനരീതികൾ പ്രദർശിപ്പിക്കാൻ ഈ ഫോറത്തിന് സാധിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

വികസനത്തിനും പരിസ്ഥിതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, പരിസ്ഥിതി സംരക്ഷണ രംഗത്ത് ഗുജറാത്ത് നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. പരമ്പരാഗത വർത്തുള സമ്പദ്‌വ്യവസ്ഥാ രീതികളെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, സോമനാഥ് ക്ഷേത്രത്തിലെ വഴിപാട് വസ്തുക്കൾ പുനഃചംക്രമണം ചെയ്ത് പുനരുപയോഗിക്കാവുന്ന വിഭവങ്ങളാക്കി മാറ്റുകയും പ്രാദേശിക സമൂഹങ്ങൾക്ക് ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടി. പുനരുപയോഗ സംസ്കാരവും മാലിന്യത്തെ സമ്പത്താക്കി മാറ്റുക എന്ന ആശയവും വളരെക്കാലമായി ഭാരതീയ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിനാകെ പ്രയോജനപ്പെടുന്ന പ്രായോഗികമായ വർത്തുള പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ട് 'വസുധൈവ കുടുംബകം' എന്ന ആശയത്തിൻ്റെ അന്തഃസത്ത ഉൾക്കൊള്ളാൻ WCEF മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വർത്തുള സമ്പദ്‌വ്യവസ്ഥ എന്നത് "പുതിയൊരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് പൗരാണിക ജ്ഞാനത്തെ പുതിയൊരു വീക്ഷണത്തിലൂടെ നോക്കിക്കാണലാണ്" എന്ന് ശ്രീ ഭൂപേന്ദർ യാദവ് തൻ്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. പുനരുപയോഗം, അറ്റകുറ്റപ്പണി നടത്തി പുനരുപയോഗിക്കൽ, വിഭവങ്ങളോടുള്ള ആദരവ് എന്നീ തത്വങ്ങൾ ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ അടിത്തറയിൽ ആഴത്തിൽ വേരൂന്നിയവയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇന്ന് നയഭാഷയിൽ നാം 'സർക്കുലാരിറ്റി' എന്ന് വിശേഷിപ്പിക്കുന്നത്, ഒരുകാലത്ത് സാധാരണ ഭാരതീയ ജീവിതത്തിൻ്റെ സാമാന്യബോധം മാത്രമായിരുന്നു - അതായത്, മാറ്റിസ്ഥാപിക്കുന്നതിന് മുൻപ് നന്നാക്കുക, ഉപേക്ഷിക്കുന്നതിന് മുൻപ് പുനരുപയോഗിക്കുക, പാഴായിപ്പോകുന്നതിന് മുൻപ് വീണ്ടെടുക്കുക എന്നതായിരുന്നു അത്,” അദ്ദേഹം വ്യക്തമാക്കി. വികസനത്തിനും പരിസ്ഥിതിക്കും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയെന്നതല്ല നമ്മുടെ മുന്നിലുള്ള വെല്ലുവിളിയെന്നും, മറിച്ച് വികസനത്തെ കൂടുതൽ വിഭവകാര്യക്ഷമവും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമാക്കി മാറ്റാനുള്ള മികച്ചൊരു അവസരമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. "നാം എത്രമാത്രം മാലിന്യം പുനഃചംക്രമണം ചെയ്യുന്നു എന്നതിലല്ല, മറിച്ച് എത്ര കുറഞ്ഞ മൂല്യമേ പാഴാകാൻ നാം അനുവദിക്കുന്നുള്ളൂ എന്നതിലാണ് ഒരു വർത്തുള സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ വിജയം കുടികൊള്ളുന്നത്," എന്ന് വ്യക്തമാക്കിയ അദ്ദേഹം, സുസ്ഥിരമായ വർത്തുള ഭാവിക്കായി പുതിയ പങ്കാളിത്തങ്ങളും പരിഹാരങ്ങളും രൂപപ്പെടുത്താൻ WCEF 2026-ന് സാധിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, നിർദ്ദിഷ്ട മേഖലകൾക്കായുള്ള മാലിന്യ സംസ്കരണ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയും വിപുലീകരിച്ച ഉൽപ്പാദക ഉത്തരവാദിത്തം (EPR) നടപ്പാക്കിയും നിയന്ത്രണ പരിഷ്കാരങ്ങളിലൂടെയും ചട്ടങ്ങൾ പാലിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ഇന്ത്യ വർത്തുള സമ്പദ്‌വ്യവസ്ഥയിലേക്ക് ചുവടുവെച്ചതായി ശ്രീ യാദവ് എടുത്തുപറഞ്ഞു. "മാലിന്യത്തെ ഒരു ഉൽപ്പന്നത്തിൻ്റെ യാത്രയുടെ അവസാനമായി ഇനി കണക്കാക്കരുത്, മറിച്ച് മറ്റൊരു വിഭവചക്രത്തിൻ്റെ തുടക്കമായി കാണണം" എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2026 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്, വിവിധ ഇ.പി.ആർ ചട്ടക്കൂടുകൾക്ക് കീഴിൽ 83,000-ലധികം ഉൽപ്പാദകരും 4,802 പുനഃചംക്രമണ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നിയന്ത്രിത മാലിന്യ വിഭാഗങ്ങളിലായി ഏകദേശം 482.24 ലക്ഷം മെട്രിക് ടൺ മാലിന്യം സംസ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിയമങ്ങൾ കൊണ്ടുമാത്രം വർത്തുള സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയില്ലെന്നും ആളുകൾ എങ്ങനെ ഉപഭോഗം നടത്തുന്നു എന്നതിൽ നിന്നുകൂടിയാണ് വർത്തുളത ആരംഭിക്കേണ്ടതെന്നും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലി (LiFE) എന്ന ആശയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പുനഃചംക്രമണ പ്ലാൻ്റുകളിൽ മാത്രമായി വർത്തുള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാവില്ലെന്നും, മറിച്ച് വിപണികളിൽ നിന്ന് ആരംഭിച്ച് വീടുകളിൽ തുടരുകയും ഒടുവിൽ അത് ദൈനംദിന ജീവിതത്തിലെ ശീലമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്പര സഹകരണത്തിൽ അധിഷ്ഠിതമായ ഒന്നാണ് വർത്തുളത എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഒരു രാജ്യത്തിനോ കമ്പനിക്കോ സമൂഹത്തിനോ മാത്രമായി ഈ ചക്രം പൂർത്തിയാക്കാനാവില്ലെന്നും, വിജ്ഞാനവും സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും ഉത്തരവാദിത്തങ്ങളും അതിർത്തികൾക്കും വിവിധ മേഖലകൾക്കും അതീതമായി കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയുടെ വേളയിൽ തുടക്കം കുറിച്ച റിസോഴ്സ് എഫിഷ്യൻസി ആൻഡ് സർക്കുലർ ഇക്കോണമി ഇൻഡസ്ട്രി കൊയലിഷൻ (RECEIC) ഉൾപ്പെടെ, വർത്തുള സമ്പദ്‌വ്യവസ്ഥയുടെ രംഗത്ത് ഇന്ത്യ നടത്തുന്ന അന്താരാഷ്ട്ര സഹകരണങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. അതോടൊപ്പം, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിക്ക് കീഴിൽ വർത്തുള സമ്പദ്‌വ്യവസ്ഥയെ സുസ്ഥിര ജീവിതശൈലി, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, പൊരുത്തപ്പെടൽ എന്നിവയോടൊപ്പം പരസ്പരബന്ധിതമായ മുൻഗണനാ വിഷയങ്ങളായി ഉയർത്തിക്കാട്ടിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമി പര്യാപ്തമാണെന്നും എന്നാൽ എല്ലാവരുടെയും അത്യാഗ്രഹം നിറവേറ്റാൻ കഴിയില്ലെന്നുമുള്ള മഹാത്മാഗാന്ധിയുടെ സന്ദേശം ചടങ്ങിൽ സംസാരിച്ച ശ്രീ അർജുൻഭായ് മോധ്‌വാഡിയ അനുസ്മരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിൽ വർത്തുള സമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറ പാകിയെന്നും മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലിൻ്റെ നേതൃത്വത്തിൽ അതിപ്പോൾ മുന്നോട്ട് പോകുകയാണെന്നും, ഇതിലൂടെ ഗുജറാത്തിനെ വർത്തുള പരിവർത്തനത്തിൻ്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി മാലിന്യങ്ങളെ വിഭവങ്ങളായും, വിഭവങ്ങളെ മൂല്യവത്തായ ഉൽപ്പന്നങ്ങളായും മാറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വർത്തുളത എന്നത് വേറിട്ടുനിൽക്കുന്ന ഒരു പാരിസ്ഥിതിക അജണ്ടയല്ലെന്നും, മറിച്ച് വളർച്ചയെക്കുറിച്ചുള്ള അടിസ്ഥാന ചിന്താഗതിയാണെന്നും, അത് ഫിൻലൻഡിൻ്റെ ദേശീയ നയത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ടെന്നും മിക്കോ കിവികോസ്‌കി പറഞ്ഞു. 2035-ഓടെ വിഭവ ഉപഭോഗം 2015-ലെ നിരക്കിനേക്കാൾ താഴെയായി നിലനിർത്താനുള്ള ഫിൻലൻഡിൻ്റെ ലക്ഷ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന നൂറിലധികം ഫിന്നിഷ് കമ്പനികൾ സുസ്ഥിര സാങ്കേതികവിദ്യകളിലും വർത്തുള തത്വങ്ങളിലും അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. എന്ത് ഉൽപ്പാദിപ്പിക്കുന്നുവെന്നും അതിൻ്റെ മൂല്യം എത്രത്തോളം കാലം നിലനിർത്താമെന്നും പുനർവിചിന്തനം ചെയ്തുകൊണ്ട് വർത്തുളതയെ ഉൽപ്പാദന ശൃംഖലയുടെ തുടക്കഘട്ടങ്ങളിലേക്ക് തന്നെ കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഒരിക്കലും സൃഷ്ടിക്കപ്പെടാത്ത മാലിന്യമാണ് ഏറ്റവും മികച്ച മാലിന്യം" എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യ-ഫിൻലൻഡ് ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
വർത്തുള പരിവർത്തനം ഡച്ച് വ്യവസായ നയത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും 2050-ഓടെ പൂർണ്ണമായും വർത്തുള സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുക എന്നതാണ് ലക്ഷ്യമെന്നും മാരീക്ക് സ്‌പൈക്കർബോർ വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിൽ കൈവരിച്ച പുരോഗതിയും വർത്തുള സമ്പദ്‌വ്യവസ്ഥാ നിയമവും വിപുലീകരിച്ച ഉൽപ്പാദക ഉത്തരവാദിത്ത (EPR) സംവിധാനങ്ങളും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടിയ അവർ, വർത്തുള മൂല്യശൃംഖലകൾ കെട്ടിപ്പടുക്കുന്നതിന് അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു. WCEF 2026-ൽ ഇരുപതിലധികം ഡച്ച് കമ്പനികളും സംഘടനകളും പങ്കെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, വൻകിട കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും വർത്തുളത ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ പ്രകടിപ്പിക്കുന്ന ഊർജ്ജസ്വലതയെയും അഭിലാഷത്തെയും പ്രശംസിച്ചു.
തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് വേദിയിലെ WCEF2026 പ്രദർശനം ഉദ്ഘാടനം ചെയ്യുകയും സന്ദർശിച്ച് വിലയിരുത്തുകയും ചെയ്തു. പ്രായോഗികമായ വർത്തുള പരിഹാരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് 135 ദേശീയ-അന്തർദേശീയ പ്രദർശകരാണ് ഇതിൽ പങ്കെടുക്കുന്നത്. വ്യവസായ പ്രമുഖർ, സംരംഭകർ, നൂതനാശയക്കാർ, ഗവേഷകർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകുന്നവർ എന്നിവരുൾപ്പെടെ 62 രാജ്യങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിലെ 3,600-ലധികം പങ്കാളികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന വേളയിൽ വിശിഷ്ടാതിഥികൾ രണ്ട് പ്രസിദ്ധീകരണങ്ങളും പ്രകാശനം ചെയ്തു. 'ശുദ്ധീകരിച്ച മലിനജലത്തിൻ്റെ പുനരുപയോഗത്തിനായുള്ള മികച്ച പ്രവർത്തനരീതികൾ', 'സുസ്ഥിരതയെ മുന്നോട്ട് നയിക്കൽ - ഇന്ത്യയുടെ വർത്തുള സമ്പദ്‌വ്യവസ്ഥയിലേക്കും ഇ.പി.ആർ. സംരംഭങ്ങളിലേക്കുമുള്ള ഒരു വഴികാട്ടി’ എന്നിവയാണവ.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB), ഫിൻലൻഡിൻ്റെ ഫിന്നിഷ് ഇന്നൊവേഷൻ ഫണ്ട് സിത്ര, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC), ഗുജറാത്ത് ഗവണ്മൻ്റ് , ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് (GPCB) എന്നിവ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
****
( റിലീസ് ഐ.ഡി: 2310428)
സന്ദര്‍ശക കൗണ്ടര്‍ : 4