ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
കേരളത്തിലെ ഇക്കോസെന്‍സ് സ്‌കോളര്‍ഷിപ്പുകള്‍: മാലിന്യ സംസ്‌കരണത്തില്‍ മുന്നണിപ്പോരാളികളാവാന്‍ 46000 വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നു
പോസ്റ്റഡ് ഓണ്‍:
14 SEP 2026 5:26PM by PIB Thiruvananthpuram
ക്ലാസ് മുറികള്‍ മുതല്‍ സമൂഹതലത്തില്‍ വരെ, സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0 (നഗര ശുചിത്വ ഭാരത ദൗത്യം രണ്ടാം ഘട്ടം) പ്രകാരം, കേരളത്തിലെ ഇക്കോസെന്‍സ് (പരിസ്ഥിതി അവബോധം) സംരംഭം വിദ്യാര്‍ത്ഥികളെ മാലിന്യ സംസ്‌കരണത്തിന്റെ സജീവ മുന്നണിപ്പോരാളികളാക്കി മാറ്റുന്നു. ഏതാണ്ട് 46,000 സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കിയ ഈ പരിപാടി, യുവ പൗരന്മാരില്‍ പരിസ്ഥിതി സൗഹൃദ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും സുസ്ഥിര ശീലങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

മാലിന്യ രഹിത നഗരത്തിലേക്കുള്ള യാത്ര ഒരു മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നല്ലാതെ ഒരു ക്ലാസ് മുറിക്കുള്ളില്‍ ആരംഭിക്കാന്‍ കഴിഞ്ഞാലോ? കേരളം അതാണ് കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലുടനീളം, സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0 (എസ്.ബി.എം-യു 2.0) അടിസ്ഥാന സൗകര്യങ്ങള്‍ക്കും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്കും അപ്പുറം ജനങ്ങളുടെ പങ്കാളിത്തത്തിലും സ്വഭാവ മാറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതുതലമുറ സംരംഭത്തിന് നേതൃത്വം നല്‍കുന്നു. കുട്ടികളെയും യുവാക്കളെയും പ്രായോഗിക മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, ഈ പരിപാടികള്‍ മാലിന്യം തരംതിരിക്കല്‍, പുനരുപയോഗം, വിഭവ സംരക്ഷണം, സുസ്ഥിര ജീവിതം എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ സഹായിക്കുന്നു.

കേരളത്തിലെ സ്റ്റുഡന്റ് ഗ്രീന്‍ ബ്രിഗേഡ് സ്‌കോളര്‍ഷിപ്പ് - ഇക്കോസെന്‍സ് ഈ സമീപനത്തിന്റെ ശക്തമായ ഒരു ഉദാഹരണമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍, കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഈ സംരംഭം സ്‌കൂളുകളെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് യുവമനസ്സുകള്‍ പഠിക്കുക മാത്രമല്ല - അവര്‍ അത് സജീവമായി പരിശീലിക്കുകയും ചെയ്യുന്ന ഇടങ്ങളാക്കി മാറ്റുകയാണ്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍, കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ ഇക്കോസെന്‍സ്, മാലിന്യ സംസ്‌കരണത്തില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഒരു തലമുറയെ ഹരിത നൈപുണ്യത്താല്‍ സജ്ജരായവരും ശക്തമായ പാരിസ്ഥിതിക ഉത്തരവാദിത്വബോധമുള്ളവരുമായി പരിപോഷിപ്പിക്കുന്നതിനൊപ്പം , മാലിന്യ സംസ്‌കരണത്തില്‍ സജീവമായി ഇടപെടുന്ന 50,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.

ബോധവത്കരണം സൃഷ്ടിക്കുന്നതിനപ്പുറത്തേക്ക് ഈ സ്‌കോളര്‍ഷിപ്പ് പരിപാടി മുന്നേറുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ രീതികള്‍ പ്രോത്സാഹിപ്പിക്കുക, മാലിന്യ സംബന്ധമായ പ്രാ
ദേശിക വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, മാലിന്യ ഉത്പാദനം കുറയ്ക്കുക, സുസ്ഥിര മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചുള്ള പ്രായോഗിക ധാരണ വളര്‍ത്തുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.
ഈ പദ്ധതി പ്രകാരം, ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും 50 വിദ്യാര്‍ത്ഥികളെയും, ഓരോ മുനിസിപ്പാലിറ്റിയില്‍ നിന്നും 75 വിദ്യാര്‍ത്ഥികളെയും, ഓരോ കോര്‍പ്പറേഷനില്‍ നിന്നും 100 വിദ്യാര്‍ത്ഥികളെയും സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തു. ഈ വര്‍ഷം, യു.പി വിഭാഗത്തില്‍ 6, 7 ക്ലാസുകളിലെയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 8, 9 ക്ലാസുകളിലെയും, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 1,500 രൂപയുടെ സ്‌കോളര്‍ഷിപ്പും ഒരു അംഗീകാര സര്‍ട്ടിഫിക്കറ്റും ലഭിക്കും, ഇത് സ്വച്ഛതയിലേക്കുള്ള അവരുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യമാണ് പങ്കാളിത്തത്തിന്റെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത്. ഈ വര്‍ഷം, 986 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 45,880 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഏകദേശം 9,000 സ്‌കൂളുകളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു, ഇത് ഈ സംരംഭത്തെ പഠനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും സംസ്ഥാനവ്യാപക മുന്നേറ്റമാക്കി മാറ്റി.
ക്ലാസ് മുറികളിലെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നതിനുപകരം, മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ, വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മാലിന്യ ഉത്പാദനം കുറയ്ക്കുന്നതിനുള്ള വഴികള്‍, ഹരിത പ്രോട്ടോക്കോള്‍ പാലിക്കല്‍, ഹരിത വിദ്യാലയത്തിന്റേയും ശുചിത്വ വിദ്യാലയ സംരംഭങ്ങളുടെ തത്വങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്തു. ജൈവവളനിര്‍മ്മാണത്തെ കുറിച്ചും പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെക്കുറിച്ചും അവര്‍ക്ക് പ്രായോഗിക പരിജ്ഞാനം ലഭിച്ചു.
സ്‌കൂള്‍ തലത്തില്‍, വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഉറവിടതല മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള ചവറ്റുകൊട്ടകള്‍ സ്ഥാപിക്കല്‍, ജൈവമാലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കല്‍, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗൃഹ സന്ദര്‍ശനം, ഉപയോഗശൂന്യമായ വസ്തുക്കളുടെ പരസ്പര വിനിമയ കേന്ദ്രം (സ്വാപ്പ് ഷോപ്പുകള്‍), ശുചിത്വ ക്ലബ്ബുകള്‍ എന്നിവയിലും വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി, അതേസമയം കരകൗശല പ്രവര്‍ത്തനങ്ങളിലൂടെ പാഴ് വസ്തുക്കള്‍ ക്രിയാത്മകമായി പുനരുപയോഗിക്കുകയും ചെയ്തു.
അജൈവമാലിന്യ ശേഖരണ കേന്ദ്രങ്ങള്‍(മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍/ എം.സി.എഫ്), വിഭവ വീണ്ടെടുക്കല്‍ കേന്ദ്രങ്ങള്‍ (റിസോഴ്സ് റിക്കവറി ഫെസിലിറ്റികള്‍ /ആര്‍.ആര്‍.എഫ്) എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിലൂടെ ലഭിച്ച പ്രായോഗിക പരിചയമായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകര്‍ഷണം. വീടുകളില്‍ നിന്ന് പുറത്തുപോയതിനുശേഷം മാലിന്യങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചു. ഫലപ്രദമായ വിഭവ വീണ്ടെടുക്കലിനും ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കേണ്ടതിന്റെ പ്രാധാന്യം അത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
തങ്ങളുടെ സമൂഹങ്ങളിലെ മാലിന്യ സംസ്‌കരണ ആശങ്കകള്‍ തിരിച്ചറിയുന്നതിലും പരിഹരിക്കുന്നതിലും സജീവമായ പങ്കു വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുക എന്നിവ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു, ഇത് പരിപാടിയിലെ യുവ പങ്കാളികളെ അവരുടെ കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും ഉത്തരവാദിത്തമുള്ള മാലിന്യ രീതികളുടെ അംബാസഡര്‍മാരാകാന്‍ പ്രാപ്തരാക്കുന്നു.
നവംബര്‍ മാസത്തില്‍, കേരളത്തിലുടനീളമുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ഹരിത അസംബ്ലികള്‍ (ഹരിത സഭകള്‍) സംഘടിപ്പിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആശയങ്ങള്‍ പങ്കിടുന്നതിനും മികച്ച മാലിന്യ സംസ്‌കരണത്തിനുള്ള പരിഹാരങ്ങള്‍ കൂട്ടായി പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള മറ്റൊരു വേദി ഇത് വിദ്യാര്‍ത്ഥികള്‍ക്കായി സൃഷ്ടിച്ചു.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി വിദ്യാര്‍ത്ഥികളെ പ്രതിഷ്ഠിച്ചുകൊണ്ട്, സുസ്ഥിര സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ യുവാക്കള്‍ക്ക് എങ്ങനെ ശക്തമായ പങ്കാളികളാകാമെന്നത് ഇക്കോസെന്‍സ് കാണിച്ചുതരുന്നു. വീടുകളില്‍ മാലിന്യങ്ങള്‍ തരംതിരിക്കുന്നതും ജൈവമാലിന്യങ്ങള്‍ ജൈവവളമാക്കുന്നതും മുതല്‍, പാഴ് വസ്തുക്കള്‍ പുനരുപയോഗിക്കുന്നതും വിഭവ വീണ്ടെടുക്കലിനെക്കുറിച്ച് മനസ്സിലാക്കുന്നതും വരെ, വിദ്യാര്‍ത്ഥികള്‍ സ്വച്ഛതയെക്കുറിച്ച് പഠിക്കുക മാത്രമല്ല, അത് പ്രായോഗികമായി പരിശീലിക്കുക കൂടിയാണ് അവര്‍ ചെയ്യുന്നത്.
***
( റിലീസ് ഐ.ഡി: 2310272)
സന്ദര്‍ശക കൗണ്ടര്‍ : 18