ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

52-ാമത് ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി പുരസ്കാര ദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 13 SEP 2026 7:46PM by PIB Thiruvananthpuram

മുംബൈയിൽ 52-ാമത് ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി പുരസ്കാര ദാന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് സംഘവി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

 

ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയ്ക്കും സമൃദ്ധിക്കും ആഗോള പ്രശസ്തിക്കും നിരന്തര സംഭാവനകൾ നൽകുന്ന ജെംസ് ആന്‍ഡ് ജ്വല്ലറി പുരസ്കാരങ്ങൾ ഇത്രയധികം പ്രതിഭാശാലികൾക്ക്  സമ്മാനിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പുരസ്കാര ദാന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യ ഡയമണ്ട് ബോർഡിൻ്റെ ഈ സംരംഭം രാജ്യത്തിൻ്റെ ആത്മവിശ്വാസത്തിൻ്റെയും നൈപുണ്യത്തിൻ്റെയും സമൃദ്ധിയുടെയും ആഗോള അഭിലാഷങ്ങളുടെയും പ്രതിഫലനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ രത്ന-ആഭരണ രംഗത്തെ ആഗോള കേന്ദ്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

CR3_0627.JPG.jpeg

1975-ൽ ഈ പുരസ്കാരത്തിന് തുടക്കം കുറിക്കുമ്പോള്‍ അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഈ ചെറിയ സംരംഭം രാജ്യത്തെ രത്ന-ആഭരണ വ്യവസായത്തിൻ്റെ അഭിമാനകരമായ വേദിയായി മാറുമെന്നോ ദേശീയ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചയിലും എംഎസ്എംഇ മേഖലയുടെ വിപുലീകരണത്തിലും ഇത്രയേറെ പങ്കുവഹിക്കുമെന്നോ ആരും കരുതിയിരിക്കില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് ആദരിക്കപ്പെട്ടവരിൽ കയറ്റുമതിക്കാരും നിർമ്മാതാക്കളും ബാങ്കർമാരും വനിതാ സംരംഭകരുമെല്ലാം ഉൾപ്പെടുന്നുണ്ടെന്നും അവർ ഒരുമിച്ച് ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്ത്യയുടെ കയറ്റുമതിയുടെ പ്രധാന സ്തംഭമായി രത്ന-ആഭരണ വ്യവസായത്തെ മാറ്റിയെടുക്കുന്നതിൽ രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ വലിയ സംഭാവന നൽകിയതായി ശ്രീ അമിത് ഷാ പറഞ്ഞു. ഭാരത് ഡയമണ്ട് ബോർസ്  ഇന്ന് ലോകമെങ്ങും ഇന്ത്യയുടെ രത്ന-ആഭരണ വ്യാപാരത്തിൻ്റെ പ്രതീകമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞ 12 വർഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഗവണ്മെൻ്റ് രാജ്യത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവന്നതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 2014-ൽ 'ഫ്രജൈൽ ഫൈവ്' അഥവാ അഞ്ച് ദുർബല സമ്പദ്‌ വ്യവസ്ഥകൾ എന്ന വിഭാഗത്തിലായിരുന്ന ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌ വ്യവസ്ഥകളിലൊന്നായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. നടപ്പുസാമ്പത്തിക വർഷം ഒന്നാം പാദത്തിലെ ജിഡിപി കണക്കുകൾ അടുത്തിടെ പുറത്തുവന്നതായും 7.8 ശതമാനം വളർച്ചാ നിരക്കോടെ ലോകത്ത് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌ വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവന്നതായും അദ്ദേഹം പറഞ്ഞു. ഈ മാറ്റം സാമ്പത്തിക രംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ഓരോ മേഖലയിലും മാറ്റം കൊണ്ടുവരാൻ പ്രധാനമന്ത്രി മോദി പ്രവർത്തിച്ചിട്ടുണ്ടെന്നും ശ്രീ അമിത് ഷാ വ്യക്തമാക്കി.

 

അടിസ്ഥാന സൗകര്യ വികസന രംഗത്തെ സമഗ്ര മുന്നേറ്റങ്ങളുടെ ഭാഗമായി മുംബൈയിലെ സീപ്‌സിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടുത്തിടെ 'ഭാരത് രത്നം മെഗാ കോമൺ ഫെസിലിറ്റി സെൻ്റർ' ഉദ്ഘാടനം ചെയ്ത കാര്യം ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. 1.25 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ച ഈ കേന്ദ്രത്തിൽ 3D പ്രിൻ്റിങ്, കാസ്റ്റിങ്, റിഫൈനിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഏകദേശം 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നും ഒരു ലക്ഷം പേർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്ന നിർണായക പദ്ധതിയാണ് 'ഇന്ത്യ ജ്വല്ലറി പാർക്ക്' എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, വൈദ്യുതി നിരക്കിലെ ഇളവുകൾ, വര്‍ധിപ്പിച്ച സബ്‌സിഡി നിരക്കുകൾ എന്നിവയടക്കം നിരവധി ആനുകൂല്യങ്ങൾ മഹാരാഷ്ട്ര ഗവണ്മെൻ്റും അനുവദിച്ചിട്ടുണ്ട്. 2025-ൽ ഈ വ്യവസായം 2.44 ലക്ഷം കോടി രൂപയിലെത്തിയിരുന്നതായും ഇത് രാജ്യത്തിൻ്റെ ചരക്ക് കയറ്റുമതിയുടെ 6.3 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏകദേശം 75 ലക്ഷം പേർക്കാണ് ഈ മേഖല പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നത്.

 

അമേരിക്ക, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഹോങ്കോങ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രധാന സ്രോതസ്സായി ഇന്ന് ഇന്ത്യ മാറിയിട്ടുണ്ടെന്നും ഇത് ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. യൂറോപ്യൻ യൂണിയൻ, യുഎഇ, ഓസ്‌ട്രേലിയ, ഒമാൻ, യുകെ എന്നീ രാജ്യങ്ങളുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ വ്യാപാരം വിപുലീകരിക്കുന്നതിന് മികച്ച അവസരങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്മെൻ്റിൻ്റെ പിന്തുണയോടെ പുതിയ വിപണികളും പുതിയ വ്യാപാര വഴികളും അവസരങ്ങളും കണ്ടെത്താൻ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നാം മുന്നേറേണ്ടതുണ്ട്. ലോകത്തെ കട്ട് ആൻഡ് പോളിഷ് വജ്രങ്ങളുടെ 90 ശതമാനത്തിലധികവും സംസ്കരിക്കുന്നത് ഇന്ത്യയിലാണെന്നും, ഇത് രാജ്യത്തെ ജ്വല്ലറി വ്യവസായത്തിൻ്റെ കരുത്തിൻ്റെയും സംരംഭകത്വ മികവിൻ്റെയും ഏറ്റവും വലിയ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.  

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.pib.gov.in/PressReleasePage.aspx?PRID=2309852&reg=48&lang=2 

***


( റിലീസ് ഐ.ഡി: 2309915) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati