പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ചാക്രിക സമ്പദ്‌ വ്യവസ്ഥ: ജനക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പരിവർത്തനം' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 15 മുതൽ 18 വരെ ഗാന്ധിനഗറിൽ നടക്കുന്ന 2026-ലെ വേൾഡ് സർക്കുലർ ഇക്കോണമി ഫോറത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

പോസ്റ്റഡ് ഓണ്‍: 13 SEP 2026 2:22PM by PIB Thiruvananthpuram


വേൾഡ് സർക്കുലർ ഇക്കോണമി ഫോറത്തിന് (WCEF) 2026 സെപ്റ്റംബർ 15 മുതൽ 18 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും. ദക്ഷിണേഷ്യയിൽ ആദ്യമായി നടക്കുന്ന ഈ ഫോറം, സെപ്റ്റംബർ 15-ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവും ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലും ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്യും. 'ചാക്രിക സമ്പദ്‌ വ്യവസ്ഥ: ജനക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പരിവർത്തനം' എന്ന പ്രമേയത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്. ഗുജറാത്ത് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ അർജുൻഭായ് മോധ്‌വാഡിയ, ഇന്ത്യയിലെ ഫിൻലൻഡ് അംബാസഡർ ശ്രീ മിക്കോ കിവികോസ്‌കി, നെതർലാൻഡ്‌സ് സാമ്പത്തിക കാര്യ, കാലാവസ്ഥാ മന്ത്രാലയം പ്രതിനിധി മരീക്ക സ്പൈക്കർബോർ എന്നിവർക്കൊപ്പം കേന്ദ്ര-ഗുജറാത്ത് ഗവണ്മെൻ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ലഭ്യമായ വസ്തുക്കളും ഉൽപ്പന്നങ്ങളും പുനരുപയോഗിക്കുക, അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുക, പുനഃചംക്രമണം ചെയ്യുക, അതുവഴി അവയെ മൂല്യവത്തായ വിഭവങ്ങളായി സമ്പദ്‌ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരിക എന്നിവയിലാണ് ചാക്രിക സമ്പദ്‌ വ്യവസ്ഥയുടെ ആശയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, ആധുനിക ചാക്രിക  സമ്പദ്‌ വ്യവസ്ഥയിലേക്ക് ചുവടുവെച്ചുകൊണ്ട് പരിസ്ഥിതി ഭരണത്തിൽ വൻ പരിവർത്തനത്തിനാണ് ഇന്ത്യ നേതൃത്വം നൽകുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി), കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC), ഫിൻലൻഡിൻ്റെ ഫിന്നിഷ് ഇന്നൊവേഷൻ ഫണ്ട് സിത്ര, ഗുജറാത്ത് ഗവണ്മെൻ്റ് , ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് (ജിപിസിബി) എന്നിവ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ചാക്രിക സമ്പദ്‌ വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതികൾ അവതരിപ്പിക്കുകയും അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് 2026-ലെ വേൾഡ് സർക്കുലർ ഇക്കോണമി ഫോറത്തിൻ്റെ പ്രധാന ലക്ഷ്യം. വ്യവസായ പ്രമുഖർ, സംരംഭകർ, നൂതനാശയക്കാർ, ഗവേഷകർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകുന്നവർ എന്നിവരുൾപ്പെടെ 65-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിലെ രണ്ടായിരത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ആഗോള സഹകരണവും ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായുള്ള ശക്തമായ ഇടപെടലും സാധ്യമാക്കുക, ചാക്രിക  സമ്പദ്‌ വ്യവസ്ഥയ്ക്കായുള്ള ധനസമാഹരണവും സ്വകാര്യമേഖലാ നിക്ഷേപവും പ്രോത്സാഹിപ്പിക്കുക, നയപരമായ ചർച്ചകളും വിവിധ മേഖലകൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുക, അതോടൊപ്പം ചാക്രിക സമ്പദ്‌ വ്യവസ്ഥയ്ക്കായുള്ള നൂതനാശയങ്ങൾ, ഡിജിറ്റലൈസേഷൻ, സാങ്കേതികവിദ്യ എന്നിവ വികസിപ്പിക്കുക തുടങ്ങിയവയ്ക്ക് ഈ ഫോറം വഴിയൊരുക്കും.

2026 സെപ്റ്റംബർ 15, 16 തീയതികളിൽ നടക്കുന്ന ഫോറത്തിൽ നിർമ്മിത ബുദ്ധിയുടെ പ്രയോഗം, തൊഴിൽ സാധ്യതകൾ, ഊർജ്ജോത്പാദനം, ധനകാര്യം, ഭരണനിർവ്വഹണം, സുസ്ഥിര ഉൽപ്പന്നങ്ങൾ, വ്യാവസായിക പരിഹാരങ്ങൾ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, യുവജന നേതൃത്വം എന്നീ വിഷയങ്ങളിൽ 4 പ്ലീനറി സെഷനുകളും 16 സമാന്തര വിഷയാധിഷ്ഠിത സെഷനുകളും ഉണ്ടായിരിക്കും. കൂടാതെ, പരിപാടിയുടെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ 125-ലധികം ദേശീയ-അന്തർദേശീയ പ്രദർശകർ പങ്കെടുക്കും. സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചെടുത്ത പ്രായോഗിക പരിഹാരങ്ങളും നിക്ഷേപം ആകർഷിക്കാൻ ശേഷിയുള്ള നൂതനാശയങ്ങളും ഇവിടെ പ്രദർശിപ്പിക്കും.

വേൾഡ് സർക്കുലർ ഇക്കോണമി ഫോറത്തിൻ്റെ ഭാഗമായി, സുസ്ഥിര ഉപഭോഗ-ഉൽപ്പാദന രീതികൾക്കായുള്ള പത്തുവർഷ കർമ്മ പദ്ധതിയുടെ (10 YFP) ബോർഡ് യോഗം സെപ്റ്റംബർ 15-ന് ഗാന്ധിനഗറിൽ നേരിട്ട് ചേരും. സുസ്ഥിര ഉപഭോഗവും ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യം ദീർഘകാലമായി പുലർത്തിവരുന്ന നേതൃത്വത്തിൻ്റെ പ്രതിഫലനമെന്നോണം അടുത്തിടെ ഇന്ത്യ ഈ ബോർഡിൻ്റെ സഹ-അധ്യക്ഷ പദവി ഏറ്റെടുത്തിരുന്നു. സെപ്റ്റംബർ 17, 18 തീയതികളിൽ വിവിധ ആഗോള പങ്കാളികൾ ചേർന്ന് 80 ആക്സിലറേറ്റർ സെഷനുകൾ സ്വതന്ത്രമായി സംഘടിപ്പിക്കും. ഗാന്ധിനഗറിലും ലോകമെമ്പാടുമുള്ള മറ്റ് കേന്ദ്രങ്ങളിലുമായി നേരിട്ടും ഓൺലൈൻ/ഹൈബ്രിഡ് രൂപത്തിലുമായിരിക്കും ഈ സെഷനുകൾ നടക്കുക.

ഗുജറാത്ത് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ അർജുൻഭായ് ദേവാഭായ് മോധ്‌വാഡിയ സമാപന ചടങ്ങിൽ മുഖ്യാതിഥിയാകും. ഫിൻലൻഡ് കാലാവസ്ഥാ, പരിസ്ഥിതി മന്ത്രി സാരി മുൾട്ടാല, ഗുജറാത്ത് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ പ്രവീൺഭായ് മാലി, സിത്ര ഇൻ്റർനാഷണൽ പ്രോഗ്രാംസ് ഡയറക്ടർ ക്രിസ്റ്റോ ലെഹ്‌ടോണൻ, എന്നിവരോടൊപ്പം കേന്ദ്ര-ഗുജറാത്ത് ഗവണ്മെൻ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. അടുത്ത ആതിഥേയ രാജ്യത്തിന് സിത്ര ഇൻ്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ ഔപചാരികമായി ചുമതല കൈമാറുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. ചാക്രിക  സമ്പദ്‌ വ്യവസ്ഥയുടെ തത്ത്വങ്ങൾ സ്വീകരിക്കുന്നതിലൂടെ കൂടുതൽ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും സമൃദ്ധവുമായ ഒരു ആഗോള സമ്പദ്‌ വ്യവസ്ഥ കെട്ടിപ്പടുക്കാൻ ലോകത്തിന് സാധിക്കുമെന്ന സന്ദേശത്തോടെയായിരിക്കും ഫോറം സമാപിക്കുക.

****


( റിലീസ് ഐ.ഡി: 2309807) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati