ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി കൊച്ചി കപ്പൽ നിർമ്മാണ ശാലയും ഡ്രൈഡോക്ക്‌സ് വേൾഡും ചേർന്ന് സംയുക്ത സംരംഭം രൂപീകരിച്ചു

പോസ്റ്റഡ് ഓണ്‍: 11 SEP 2026 9:35PM by PIB Thiruvananthpuram

ഇന്ത്യയിലെ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി കൊച്ചി കപ്പൽ നിർമ്മാണ ശാലയും ഡ്രൈഡോക്ക്‌സ് വേൾഡും ചേർന്ന് ഒരു പുതിയ സംയുക്ത സംരംഭത്തിന് രൂപം നൽകി.

 

ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടി 2026-നോടനുബന്ധിച്ച്, കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി സർബാനന്ദ സോനോവാൾ, യുഎഇ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷിമി എന്നിവരുടെ സാന്നിധ്യത്തിൽ ഇതിനായി കരാർ ഒപ്പുവെച്ചു. ഡ്രൈഡോക്ക്സ് വേൾഡ് സിഇഒ ഡോ. റാഡോ ആന്റോലോവിക്, കൊച്ചി കപ്പൽ നിർമ്മാണ ശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി. ജെ. എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

 

'ഇന്ത്യ മാരിടൈം വീക്ക് 2025'-നിടെ ഡ്രൈഡോക്ക്‌സ് വേൾഡും (DDW), CSL ഉം ഒപ്പുവെച്ച ധാരണാപത്രത്തെ (MoU) അടിസ്ഥാനമാക്കിയാണ് കരാറിന് അന്തിമരൂപം നല്കിയിരിക്കുന്നത്; കപ്പൽ അറ്റകുറ്റപ്പണികളിലും അനുബന്ധ സമുദ്ര സേവനങ്ങളിലും സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഇരു സ്ഥാപനങ്ങളും അന്ന് ധാരണയിലെത്തിയിരുന്നു. 50:50 അനുപാതത്തിലുള്ള ഒരു സംയുക്ത സംരംഭത്തിലൂടെ ഇപ്പോൾ ഈ സഹകരണം ഔപചാരികമായി നിലവിൽ വന്നു. ഇന്ത്യയിലെ കപ്പൽ അറ്റകുറ്റപ്പണി മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.

 

കരാർ പ്രകാരം, കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ISRF) സംയുക്ത സംരംഭം പ്രവർത്തിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യും; ഇതിലൂടെ വിവിധ തരത്തിലുള്ള കപ്പലുകൾക്ക് അറ്റകുറ്റപ്പണി സേവനങ്ങൾ നൽകുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കാനും ദേശീയ, അന്തർദേശീയ, പ്രാദേശിക ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റാനും സാധിക്കും.

 

ഈ പങ്കാളിത്തം സമുദ്ര സേവന കേന്ദ്രമെന്ന നിലയിലുള്ള കൊച്ചിയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു; അതോടൊപ്പം, കേരളത്തിലെ കപ്പൽ അറ്റകുറ്റപ്പണി, എൻജിനീയറിംഗ്, ഫാബ്രിക്കേഷൻ, അനുബന്ധ സമുദ്ര സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾക്കും വ്യവസായ സാദ്ധ്യതകൾക്കും വഴിയൊരുക്കാനും ഈ സംരംഭത്തിന് സാധിക്കും.

 

“കൊച്ചി കപ്പൽ നിർമ്മാണ ശാലയും ഡ്രൈഡോക്സ് വേൾഡും തമ്മിലുള്ള ഈ പങ്കാളിത്തം ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപാര-വാണിജ്യ ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള ശക്തമായ ഇടപെടലുകളും വഴി പുരോഗതി പ്രാപിച്ച ഇന്ത്യ-യുഎഇ ദീർഘകാല സമുദ്ര-വാണിജ്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ സംരംഭം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സമാന കാഴ്ചപ്പാടും ശക്തമായ പ്രതിബദ്ധതയും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾക്ക് പുതിയ ഊർജം പകരുകയാണ്. ഇന്ത്യയുടെ വളർന്നുവരുന്ന കപ്പൽനിർമാണ-അറ്റകുറ്റപ്പണി ശേഷിയും യുഎഇയുടെ ആഗോള സമുദ്ര-വാണിജ്യ മേഖലയിലെ വൈദഗ്ധ്യവും സമന്വയിപ്പിക്കുന്നതിലൂടെ , ഈ സംയുക്ത സംരംഭം പുതിയ സാദ്ധ്യതകളും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങളും സാമ്പത്തിക സാദ്ധ്യതകളും സൃഷ്ടിക്കും. കൊച്ചിയെ ഒരു സുപ്രധാന സമുദ്ര സേവന കേന്ദ്രമെന്ന നിലയിൽ അടയാളപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ, ലോകത്തെ പ്രമുഖ സമുദ്ര-വാണിജ്യ ശക്തികളിലൊന്നായി മാറുന്നതിനുള്ള പ്രയാണത്തിലാണ് ഇന്ത്യ. ‘മാരിടൈം അമൃത് കാൽ വിഷൻ 2047’ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിർണായക ചുവടുവയ്പ്പാണ് ഈ പങ്കാളിത്തം.”

 

യുഎഇയുടെ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ആദരണീയ ഒമ്രാൻ ഷറഫ് അൽ ഹാഷിമി പറഞ്ഞു: “പരസ്പര വിശ്വാസം, ശക്തമായ സാമ്പത്തിക സഹകരണം, വളർച്ചയ്ക്കും വികസനത്തിനുമായി പുതിയ സാദ്ധ്യതകൾ കണ്ടെത്താനുള്ള പൊതുവായ ലക്ഷ്യം എന്നിവയിൽ അധിഷ്ഠിതമായ ദീർഘകാല ബന്ധമാണ് യുഎഇയും ഇന്ത്യയും തമ്മിലുള്ളത്. ഇന്ത്യയുടെ സമുദ്രമേഖലയിലെ ശേഷി വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും പരസ്പരപൂരകമായ വൈദഗ്ധ്യവും അനുഭവസമ്പത്തും സംയോജിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഡ്രൈഡോക്സ് വേൾഡും കൊച്ചി കപ്പൽ നിർമ്മാണ ശാലയും തമ്മിലുള്ള ഈ സംയുക്ത സംരംഭം. ഇന്ത്യയുടെ വളർന്നുവരുന്ന സമുദ്രമേഖലാ സാദ്ധ്യതകളെ യുഎഇയുടെ ആഗോള അനുഭവസമ്പത്തുമായി സമന്വയിപ്പിക്കുന്നതിലൂടെ, കൂടുതൽ കാര്യക്ഷമവും ആധുനികവുമായ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ വികസിപ്പിക്കാനും സമുദ്രഗതാഗത മേഖലയിലെ പരസ്പര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങൾക്കും സാധിക്കും. അതോടൊപ്പം, ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങളുടെ സ്ഥായിയായ വളർച്ചയ്ക്കും ഈ സഹകരണം പുതിയ അവസരങ്ങൾ സൃഷ്ടിക്കും.”

 

 

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി വിജയ് കുമാർ പറഞ്ഞു: “ഈ സംയുക്ത സംരംഭം കൊച്ചിയിൽ മാത്രം പരിമിതപ്പെടുന്നതല്ല; കപ്പൽ അറ്റകുറ്റപ്പണിയിലും പരിവർത്തനത്തിലും മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വിശാലമായ തീരപ്രദേശങ്ങളിലുടനീളം നടപ്പാക്കാൻ കഴിയുന്ന ഒരു മാതൃക കൂടിയാണിത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനവും ആഗോള വ്യാപാര പാതകളുമായുള്ള സാമീപ്യവും പ്രയോജനപ്പെടുത്തി, ഈ സംയുക്ത സംരംഭം വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വിദേശനാണ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനും ആയിരക്കണക്കിന് വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. കപ്പൽനിർമാണത്തിലും കപ്പൽ അറ്റകുറ്റപ്പണിയിലും ഇന്ത്യയെ ആഗോള ശക്തിയായി ഉയർത്തുകയെന്ന ‘മാരിടൈം അമൃത് കാൽ വിഷൻ 2047’ന്റെ ലക്ഷ്യങ്ങൾക്ക് അനുപൂരകമാണ് ഈ സംരംഭം. സംയുക്ത സംരംഭത്തിനുള്ള ഈ കരാർ ഒപ്പിടുന്നത് ഒരു ബിസിനസ് കരാർ എന്നതിലുപരി, ഇന്ത്യയുടെ സമുദ്രമേഖലയുടെ ഭാവി ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ഒരു പ്രഖ്യാപനം കൂടിയാണ്. ആഗോളതലത്തിൽ മത്സരിക്കാനും ലോകോത്തര നിലവാരത്തിലുള്ള സമുദ്ര സേവനങ്ങൾ നൽകാനും, അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും തന്ത്രപ്രധാനമായ ശേഷികളും കൂടുതൽ ശക്തിപ്പെടുത്തുന്ന ദീർഘകാല പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും ഇന്ത്യ സന്നദ്ധമാണെന്നതിന്റെ വ്യക്തമായ സന്ദേശമാണിത്.”

 

ഡ്രൈഡോക്സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ ആന്റലോവിച്ച് (PhD) പറഞ്ഞു: “കൊച്ചി കപ്പൽ നിർമ്മാണ ശാലയുമായുള്ള ഈ പങ്കാളിത്തം ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്. കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ശക്തമായ അടിത്തറയിലാണ് ഈ സംയുക്ത സംരംഭം രൂപംകൊണ്ടിരിക്കുന്നത്. കൊച്ചി കപ്പൽ നിർമ്മാണ ശാലയുടെ പ്രാദേശിക വൈദഗ്ധ്യവും വൈദഗ്ധ്യമുള്ള തൊഴിൽ ശേഷിയും ഡ്രൈഡോക്സ് വേൾഡിന്റെ ആഗോള തലത്തിലെ പരിചയസമ്പത്തും സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട്, ലോകോത്തര നിലവാരത്തിലുള്ള കപ്പൽ അറ്റകുറ്റപ്പണി സേവനങ്ങൾ ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊച്ചിയിൽ ഒരു പ്രധാന കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിൽ മാത്രം ഈ പങ്കാളിത്തത്തിന്റെ സാധ്യതകൾ പരിമിതപ്പെടുന്നില്ല. ഇന്ത്യയിലുടനീളം കപ്പൽ അറ്റകുറ്റപ്പണി, നിർമ്മാണം എന്നിവയിലെ ശേഷി കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വലിയ സാധ്യതകളാണ് ഈ സംരംഭത്തിൽ ഞങ്ങൾ കാണുന്നത്.”

 

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി. ജെ. പറഞ്ഞു:

“ആഗോള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ യാത്രയിൽ ഡ്രൈഡോക്സ് വേൾഡ് ദുബായുമായുള്ള ഈ സംയുക്ത സംരംഭം ഒരു നിർണായക ചുവടുവയ്പ്പാണ്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ആഴത്തിലുള്ള ആഭ്യന്തര പരിചയസമ്പത്തും ഡ്രൈഡോക്സ് വേൾഡിന്റെ ലോകോത്തര സാങ്കേതിക വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതിലൂടെ, ബിസിനസ് വളർച്ചയ്ക്കപ്പുറം ആഗോളതലത്തിലെ മികച്ച പ്രവർത്തനരീതികൾ സ്വീകരിക്കാനും കപ്പൽ അറ്റകുറ്റപ്പണികൾക്കെടുക്കുന്ന ശരാശരി സമയം കുറയ്ക്കാനും ഗുണനിലവാരത്തിനും സുരക്ഷയ്ക്കും പുതിയ മാനദണ്ഡങ്ങൾ ഉയർത്തിക്കാട്ടാനും നമുക്ക് സാധിക്കും. കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയെ (ISRF) കേന്ദ്രീകരിച്ചുള്ള ഈ പങ്കാളിത്തം, ശക്തമായ ഒരു കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്ററിന്റെ വളർച്ചയ്ക്ക് ഉത്തേജനം പകരുന്നതിനൊപ്പം കൂടുതൽ അന്താരാഷ്ട്ര കപ്പലുകളെ ആകർഷിക്കുകയും ഉന്നത വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇതുവഴി ‘മാരിടൈം ഇന്ത്യ 2030’, ‘അമൃത് കാൽ വിഷൻ 2047’ എന്നീ ദേശീയ ദർശനങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കൂടുതൽ ശക്തമായ സംഭാവന നൽകാൻ സാധിക്കും.”

 

CSL -ന്റെ സ്ഥാപിത കപ്പൽനിർമാണ-അറ്റകുറ്റപ്പണി ശേഷി, എഞ്ചിനീയറിംഗ് വൈദഗ്ധ്യം, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി എന്നിവയുമായി ഡ്രൈഡോക്സ് വേൾഡിന്റെ ലോകോത്തര കപ്പൽ അറ്റകുറ്റപ്പണി, പരിവർത്തന പ്രവർത്തനങ്ങൾ, ഓഫ്‌ഷോർ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (EPC) എന്നീ മേഖലകളിലെ ആഗോള പരിചയസമ്പത്തും സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിച്ചാണ് ഈ പങ്കാളിത്തം മുന്നേറുന്നത്. പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് പാതകളോട് തന്ത്രപരമായ സാമീപ്യമുള്ള ഈ സൗകര്യത്തിൽ അത്യാധുനിക ഷിപ്പ് ലിഫ്റ്റ് സംവിധാനവും വിവിധ വലുപ്പത്തിലും വിഭാഗത്തിലുമുള്ള കപ്പലുകൾക്ക് സേവനം നൽകാൻ കഴിയുന്ന ആധുനിക ഡോക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

 

സംയുക്ത സംരംഭത്തിൽ ഡ്രൈഡോക്സ് വേൾഡും കൊച്ചി കപ്പൽ നിർമ്മാണശാലയും 50 ശതമാനം വീതം ഓഹരി പങ്കാളിത്തം വഹിക്കും. ഇരു കക്ഷികളും തുല്യമായ ഓഹരി പങ്കാളിത്തത്തിലൂടെ സംയുക്ത സംരംഭത്തിന്റെ പ്രാരംഭ മൂലധനം ഉറപ്പാക്കും.

 

 

 

 

 

***

 

 


( റിലീസ് ഐ.ഡി: 2309377) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu