വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങളുടെ ദൈര്‍ഘ്യം സംബന്ധിച്ച സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ (റദ്ദാക്കല്‍) ചട്ടങ്ങള്‍, 2026 ട്രായ് (TRAI) പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
10 SEP 2026 7:24PM by PIB Thiruvananthpuram
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI), 2012 മെയ് 14ന് പുറപ്പെടുവിച്ച 'ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങളുടെ ദൈര്‍ഘ്യം സംബന്ധിച്ച സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ സംബന്ധിച്ച ചട്ടങ്ങള്‍, 2012' (2012ലെ 15-ാം നമ്പര്‍) റദ്ദാക്കി. ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, 2026 സെപ്റ്റംബര്‍ 10ന് 'ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങളുടെ ദൈര്‍ഘ്യം സംബന്ധിച്ച സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ (റദ്ദാക്കല്‍) ചട്ടങ്ങള്‍, 2026' (2026ലെ 4-ാം നമ്പര്‍) TRAI വിജ്ഞാപനം ചെയ്തു. ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന തീയതി മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.
'സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ (ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങളുടെ ദൈര്‍ഘ്യം) സംബന്ധിച്ച ചട്ടങ്ങള്‍, 2012' പ്രകാരം, ഒരു പരിപാടിയുടെ സംപ്രേക്ഷണത്തിനിടെ ഒരു മണിക്കൂറിനിടയില്‍ പരസ്യങ്ങള്‍ക്കായി പരമാവധി 12 മിനിറ്റ് മാത്രമേ അനുവദിക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കൂടാതെ, വരിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി സേവനദാതാക്കള്‍ക്ക് ആവശ്യമായ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഈ ചട്ടങ്ങള്‍ അധികാരം നല്‍കിയിരുന്നു.
'കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് ചട്ടങ്ങള്‍, 1994'ലെ ചട്ടം 7ലെ ഉപചട്ടം (11) പ്രകാരം നിശ്ചയിച്ചിട്ടുള്ള പരസ്യ ദൈര്‍ഘ്യ പരിധി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ ചട്ടങ്ങളുടെ പ്രധാന ഉദ്ദേശ്യം. ടെലിവിഷന്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നടപടിയെന്ന നിലയിലാണ് ഈ വ്യവസ്ഥകള്‍ ആവിഷ്‌കരിച്ചിരുന്നത്.
2026 ഓഗസ്റ്റ് 21ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെ, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (ങകആ) 'കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍, 1994'ലെ ചട്ടം 7ലെ ഉപചട്ടം (11) ഒഴിവാക്കി. ഇതോടെ ടെലിവിഷന്‍ ചാനലുകളില്‍ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി കൊണ്ടുവന്ന ഒരു മണിക്കൂറില്‍ പരമാവധി 12 മിനിറ്റ് എന്ന സമയപരിധി നീക്കം ചെയ്യപ്പെട്ടു. ടെലിവിഷന്‍ പ്രക്ഷേപണ മേഖലയിലുണ്ടായ ഗണ്യമായ മാറ്റങ്ങള്‍, വര്‍ധിച്ചുവരുന്ന മത്സരം, ഉപഭോക്താക്കള്‍ക്ക് ലഭ്യമായ വിപുലമായ തിരഞ്ഞെടുപ്പുകള്‍ എന്നിവ കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചത്. ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് മേഖലയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
പരസ്യങ്ങളുടെ ദൈര്‍ഘ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി നീക്കം ചെയ്ത സാഹചര്യത്തില്‍, TRAI ചട്ടങ്ങളില്‍ ഇതുസംബന്ധിച്ച നിയന്ത്രണ വ്യവസ്ഥകള്‍ തുടര്‍ന്നും നിലനിര്‍ത്തുന്നത് 'കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍, 1994'ലെ ചട്ടം 7(11)ന്റെ നിലവിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്ത സാഹചര്യം സൃഷ്ടിക്കും.
അതനുസരിച്ച്, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് അനുപൂരകമായി, 'സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ (ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങളുടെ ദൈര്‍ഘ്യം) ചട്ടങ്ങള്‍, 2012'ഉം അതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും റദ്ദാക്കാന്‍ TRAI തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, 'സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ (ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങളുടെ ദൈര്‍ഘ്യം) (റദ്ദാക്കല്‍) ചട്ടങ്ങള്‍, 2026' ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതാണ്.
****
( റിലീസ് ഐ.ഡി: 2308934)
സന്ദര്‍ശക കൗണ്ടര്‍ : 6