ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ ഇറ്റാനഗറിലെ ന്യെദര്‍ നാംലോ സന്ദര്‍ശിച്ചു; തനത് വിശ്വാസവും സംസ്‌കാരവും വിജ്ഞാന സമ്പ്രദായങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു

പോസ്റ്റഡ് ഓണ്‍: 09 SEP 2026 4:10PM by PIB Thiruvananthpuram

അരുണാചല്‍ പ്രദേശിലെ ന്യായിഷി (Nyishi) സമുദായത്തിന്റെയും മറ്റ് തദ്ദേശീയ വിഭാഗങ്ങളുടെയും തനത് ഡോണി-പോളോ  വിശ്വാസവുമായി ബന്ധപ്പെട്ട പവിത്രമായ ആരാധനാലയവും കമ്മ്യൂണിറ്റി ഹബ്ബുമായ ഇറ്റാനഗറിലെ ന്യെദര്‍ നാംലോ  ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് സന്ദര്‍ശിച്ചു. പ്രാര്‍ത്ഥനാ ഹാളില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച ഉപരാഷ്ട്രപതിക്ക് ന്യായിഷി തദ്ദേശീയ വിശ്വാസങ്ങള്‍, പ്രാര്‍ത്ഥനാ രീതികള്‍, യെര്‍ക്കോ  തദ്ദേശീയ ഗുരുകുല സമ്പ്രദായം, പരമ്പരാഗത അറിവുകളുടെയും ഔഷധ രീതികളുടെയും സംരക്ഷണം, മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് ഭാരവാഹികള്‍ വിശദീകരണം നല്‍കി.

തന്റെ ആദ്യ അരുണാചല്‍ പ്രദേശ് സന്ദര്‍ശനവേളയില്‍ 'ന്യെദര്‍ നാംലോ'യിലെത്താന്‍ സാധിച്ചതില്‍ ഏറെ ധന്യത തോന്നുന്നതായി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. 'പാരമ്പര്യങ്ങള്‍ ആധുനിക ചിന്തകളായി മാറുകയും എന്നാല്‍ ആധുനിക ചിന്തകള്‍ പാരമ്പര്യങ്ങളെ നശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പുണ്യഭൂമിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ 'നാനാത്വത്തില്‍ ഏകത്വം' എന്ന മഹത്തായ ആശയത്തിന്റെ അഭിമാനകരമായ പ്രതീകമാണ് അരുണാചല്‍ പ്രദേശെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. പുരാതന ആചാരങ്ങളും ആധുനിക ആഗ്രഹങ്ങളും ഇവിടെ ഒന്നിച്ച് മുന്നേറുകയാണ്. രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയും അതിര്‍ത്തികളും കാത്തുസൂക്ഷിക്കുന്ന അഭിമാനികളായ കാവലാളുകളാണ് അരുണാചല്‍ പ്രദേശിലെ ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഡോണി-പോളോ പാരമ്പര്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, പ്രകൃതി, സത്യം, സൗഹാര്‍ദ്ദം, കൂട്ടായ്മ എന്നിവയ്ക്ക് ഈ പാരമ്പര്യം നല്‍കുന്ന ഊന്നല്‍ ആധുനിക ലോകത്തിനും ഏറെ പ്രസക്തമാണെന്ന് പറഞ്ഞു. രാജ്യത്തിന്റെ വികസനം സാംസ്‌കാരിക സംരക്ഷണവുമായി കൈകോര്‍ത്തു വേണം മുന്നേറാനെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ന്യായിഷി ന്യീഡുങ് മുങ്-ജ്വങ് റല്ലുങ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഉപരാഷ്ട്രപതി പ്രശംസിച്ചു. പാരമ്പര്യ ആചാരങ്ങളുടെ ഡോക്യുമെന്റേഷന്‍, ഗവേഷണം, പരമ്പരാഗത ഉത്സവങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, തദ്ദേശീയ നിയമങ്ങളുടെയും സാമൂഹിക മൂല്യങ്ങളുടെയും സംരക്ഷണം എന്നിവയില്‍ സംഘടന നടത്തുന്ന സേവനങ്ങള്‍ സമൂഹത്തിന്റെ സാംസ്‌കാരിക ഭാവിക്ക് സുപ്രധാന സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യായിഷി വിഭാഗത്തിന്റെ യെര്‍കോ ഗുരുകുല സമ്പ്രദായത്തെയും ഉപരാഷ്ട്രപതി യോഗത്തില്‍ പ്രശംസിച്ചു. സമകാലിക വിദ്യാഭ്യാസവും തദ്ദേശീയ അറിവുകളും കൂട്ടിയിണക്കുന്ന മികച്ചൊരു മാതൃകയാണിതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വേരുകളുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനിക അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ  'വികസനവും പൈതൃകവും' എന്ന വീക്ഷണത്തെ പരാമര്‍ശിച്ചുകൊണ്ട്, ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ ഇന്ത്യയുടെ ഭൂതകാലത്തിന്റെ കാവല്‍ക്കാര്‍ മാത്രമല്ല, രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലെ സുപ്രധാന പങ്കാളികള്‍ കൂടിയാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു. 'ജന്‍ജാതീയ ഗൗരവ് ദിവസ്'  ആചരിക്കുന്നത് ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ വിലമതിക്കാനാവാത്ത സംഭാവനകളിലേക്ക് വീണ്ടും ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശീയ പാരമ്പര്യങ്ങളുടെ സംരക്ഷണത്തെ 'വോക്കല്‍ ഫോര്‍ ലോക്കല്‍', 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്'  എന്നിവയുടെ മൂല്യങ്ങളുമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''തനത് സംസ്‌കാരത്തിന്റെ സംരക്ഷണം എന്നത് മാറ്റങ്ങളെ ചെറുക്കലല്ല. മറിച്ച്, ആ മാറ്റങ്ങള്‍ നമ്മുടെ തനതായ വ്യക്തിത്വത്തെ  തകര്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തലാണ്,' അദ്ദേഹം പറഞ്ഞു. തങ്ങളുടെ മാതൃഭാഷയോടും പാരമ്പര്യങ്ങളോടും ഉള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനിക ശാസ്ത്രം, സാങ്കേതികവിദ്യ, ആഗോള നൈപുണ്യങ്ങള്‍ എന്നിവ നെഞ്ചിലേറ്റാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, ഇന്ത്യയുടെ ആഗ്രഹങ്ങള്‍ ആധുനികമായിരിക്കണമെന്നും എന്നാല്‍ രാജ്യം അതിന്റെ നാഗരികവും സാംസ്്കാരികവുമായ മൂല്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതായിരിക്കണമെന്നും പ്രസ്താവിച്ചു.

ന്യെദര്‍ നാംലോ പ്രസ്ഥാനത്തിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഈ പവിത്രമായ സ്ഥലം സമാധാനം, ഐക്യം, പ്രകൃതിയോടുള്ള ആദരം, സാമൂഹിക ഐക്യം, ശക്തമായ  സാഹോദര്യ മനോഭാവം എന്നിവയ്ക്ക് തുടര്‍ന്നും പ്രചോദനമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു

അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) കൈവല്യ ത്രിവിക്രം പര്‍നായിക്, മുഖ്യമന്ത്രി ശ്രീ പെമ ഖണ്ഡു, ഉപമുഖ്യമന്ത്രി ശ്രീ ചൗന മേന്‍, പാര്‍ലമെന്റ് അംഗം ശ്രീ തായ് തഗക്, ആഭ്യന്തര-തദ്ദേശീയ കാര്യ മന്ത്രി ശ്രീ മാമാ നതുങ്, ചീഫ് സെക്രട്ടറി ശ്രീ മനീഷ് കുമാര്‍ ഗുപ്ത എന്നീ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

***


( റിലീസ് ഐ.ഡി: 2308652) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Tamil