ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇറ്റാനഗറിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഡോണി-പോളോ മിഷൻ സ്കൂൾ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
09 SEP 2026 6:02PM by PIB Thiruvananthpuram
ശാരീരിക മാനസിക വെല്ലുവിളികൾ നേരിട്ടുന്ന കുട്ടികൾക്കായുള്ള ഇറ്റാനഗറിലെ ചിമ്പുവിലുള്ള ഡോണി-പോളോ മിഷൻ സ്കൂൾ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് സന്ദർശിച്ചു. അവിടത്തെ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം, സ്ഥാപനത്തിൻ്റെ വിവിധ പ്രവർത്തന മേഖലകൾ നേരിട്ട് വിലയിരുത്തുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
വിദ്യാർത്ഥികൾ വന്ദേമാതരം ആലപിക്കുന്നത് കേട്ടപ്പോൾ ഈ സ്ഥാപനത്തിലേക്കുള്ള തൻ്റെ സന്ദർശനം ആഴത്തിലുള്ള വികാരവും ദേശസ്നേഹവും തന്നിൽ നിറച്ചുവെന്നും വന്ദേമാതരം ആലപിച്ച വിദ്യാർത്ഥികളുടെ "ഹൃദയത്തിൽ നിന്നാണ്" ആ ദേശസ്നേഹം ഉയർന്നുവന്നതെന്നും ചടങ്ങിൽ സംസാരിക്കവെ ഉപരാഷ്ട്രപതി വ്യക്തമാക്കി.
അരുണാചൽ പ്രദേശ് ഗവണ്മെൻ്റ്, ഡോണി പോളോ മിഷൻ, മാനേജ്‌മെൻ്റ്, അധ്യാപകർ, പുനരധിവാസ വിദഗ്ദ്ധർ, മറ്റ് ജീവനക്കാർ എന്നിവരുടെ പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു. മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ഗവണ്മെൻ്റ് കൈവരിച്ച നേട്ടങ്ങൾ സമൂഹത്തിൻ്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാൻ ആരെയും അനുവദിക്കരുതെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ കുട്ടികളോട് അഭ്യർത്ഥിച്ചു. "ഓരോ വ്യക്തിയും സവിശേഷതകളുള്ളവരാണ്. എല്ലാവരിലും കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്," വലിയ സ്വപ്നങ്ങൾ കാണാനും, സ്വയം വിശ്വസിക്കാനും, കഠിനാധ്വാനം ചെയ്യാനും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിച്ച ശ്രീകാന്ത് ബൊല്ലയുടെ പ്രചോദനാത്മകമായ ജീവിതത്തെ മാതൃകയാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡോണി പോളോ മിഷൻ സ്കൂൾ പോലുള്ള സ്ഥാപനങ്ങൾ കേവലം വിദ്യാഭ്യാസം നൽകുക മാത്രമല്ല, പ്രത്യാശയും ആത്മാഭിമാനവും അവസരങ്ങളും ആത്മവിശ്വാസവും സ്വാശ്രയത്വവും വളർത്തുക കൂടിയാണ് ചെയ്യുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 2047-ഓടെ എല്ലാവരേയും ഉൾക്കൊള്ളുന്ന 'വികസിത ഇന്ത്യ' പടുത്തുയർത്തുന്നതിൽ ഇത്തരം സ്ഥാപനങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുടെ പരിവർത്തന സാധ്യതകളെ ഊന്നിപ്പറഞ്ഞ ശ്രീ സി.പി. രാധാകൃഷ്ണൻ, നിർമ്മിത ബുദ്ധി, ഡിജിറ്റൽ ടൂളുകൾ, സഹായ സാങ്കേതികവിദ്യകൾ എന്നിവ തടസ്സങ്ങളെ മറികടക്കാനും വിദ്യാഭ്യാസം കൂടുതൽ പ്രാപ്യവും വ്യക്തിഗതവുമാക്കാനും സഹായിക്കുമെന്ന് പ്രസ്താവിച്ചു. എഐ അധിഷ്ഠിത പഠന സാമഗ്രികൾ ഒരുക്കുന്നതിനും വിദ്യാർത്ഥികൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനുമുള്ള മിഷൻ്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളെ പരിചരിക്കുന്നതിൽ അധ്യാപകരും ജീവനക്കാരും കാണിക്കുന്ന അസാധാരണമായ ക്ഷമയെയും കരുണയെയും അർപ്പണബോധത്തെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. കുട്ടികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്കിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൻ്റെ പ്രസംഗം ഉപസംഹരിക്കവേ, 'ഇന്ന് നിങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു,' എന്ന് അദ്ദേഹം പറയുകയും, വിദ്യാർത്ഥികളിൽ നിന്നും അവരുടെ നിശ്ചയദാർഢ്യത്തിൽ നിന്നും തനിക്ക് ലഭിച്ച പ്രചോദനത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
അരുണാചൽ പ്രദേശ് ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ (റിട്ട.) കൈവല്യ ത്രിവിക്രം പർനായിക്, മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ശ്രീ ചൗന മേൻ, സാമൂഹിക നീതി, ശാക്തീകരണ, ഗോത്രവർഗ്ഗ കാര്യ വകുപ്പ് മന്ത്രി ശ്രീ കൊൻ്റോ ജിനി, സംസ്ഥാന ഗവണ്മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥർ, ഡോണി പോളോ മിഷൻ പ്രതിനിധികൾ, മാനേജ്‌മെൻ്റ് പ്രതിനിധികൾ, അധ്യാപകർ, പുനരധിവാസ വിദഗ്ദ്ധർ, ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
രാവിലെ ഇറ്റാനഗറിലെ ജെ.എൻ. സ്റ്റേറ്റ് മ്യൂസിയം സന്ദർശിച്ച ഉപരാഷ്ട്രപതി, അരുണാചൽ പ്രദേശിൻ്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും സമ്പന്നമായ വംശീയ പാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും മ്യൂസിയം വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു. തലമുറകൾ തമ്മിലുള്ള നിർണായക കണ്ണിയായി വർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും തദ്ദേശീയ സംസ്കാരത്തെക്കുറിച്ചുള്ള അഭിമാനം വളർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
***
( റിലീസ് ഐ.ഡി: 2308538)
സന്ദര്‍ശക കൗണ്ടര്‍ : 5