ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ മൊയ്‌രംഗിലെ INA മ്യൂസിയവും ഇംഫാൽ സൈനിക് സ്കൂളും സന്ദർശിച്ചു
ഇന്ത്യയുടെ അവിഭാജ്യവും മനോഹരവുമായ ഭാഗമാണ് വടക്കുകിഴക്കൻ മേഖല; അവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനവും സംഭാവനയും പ്രശംസനീയമാണ്: ഉപരാഷ്ട്രപതി
ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന മനോഭാവം ശക്തിപ്പെടുത്തുന്നതിൽ സൈനിക് സ്കൂളുകൾക്ക് പ്രത്യേക പങ്കുണ്ട്: ഉപരാഷ്ട്രപതി
വികസിത ഭാരതത്തിന് സംഭാവന നൽകുന്നതിനായി എല്ലാ ദിവസവും നിങ്ങളുടെ കർത്തവ്യം നിർവഹിക്കുക: ഇംഫാൽ സൈനിക് സ്കൂൾ കേഡറ്റുകളോട് ഉപരാഷ്ട്രപതി
ദേശസ്നേഹത്തിന്റെയും അഖണ്ഡതയുടെയും കാലാതീത മൂല്യങ്ങളെ സാങ്കേതിക അവബോധം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള ശേഷി എന്നിവയുമായി സമന്വയിപ്പിക്കാൻ കേഡറ്റുകളോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
08 SEP 2026 4:30PM by PIB Thiruvananthpuram
ഇന്ത്യൻ നാഷണൽ ആർമിയുടെ (INA) ധീരതയ്ക്കും ത്യാഗത്തിനും പ്രണാമമർപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ ഇന്ന് മണിപ്പൂരിലെ മൊയ്‌രംഗിലുള്ള INA മ്യൂസിയം സന്ദർശിച്ചു. ഇന്ത്യൻ മെയിൻലാൻഡിൽ ഐഎൻഎ ആദ്യമായി ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയ ചരിത്രപ്രസിദ്ധമായ സ്ഥലം സന്ദർശിച്ച അദ്ദേഹം, ഐഎൻഎ യുദ്ധ മ്യൂസിയം ഗ്യാലറി സന്ദർശിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹം പുഷ്പാർച്ചനയും നടത്തി.
തുടർന്ന് ഉപരാഷ്ട്രപതി ഇംഫാൽ സൈനിക് സ്കൂൾ സന്ദർശിക്കുകയും യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. കേഡറ്റുകൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.
സ്കൂളിൽ വെച്ച് തന്റെ മൊയ്‌രംഗ് സന്ദർശനത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഐഎൻഎ വഹിച്ച ചരിത്രപരമായ പങ്ക് അനുസ്മരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധിപേർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഒരുപാട് സ്വാതന്ത്ര്യസമര സേനാനികൾ ഐഎൻഎയിൽ ചേരുകയും രാജ്യത്തിനായി ജീവത്യാഗം വരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള തന്റെ സമീപകാല സന്ദർശനം അനുസ്മരിച്ച അദ്ദേഹം, ഈ ചരിത്ര സ്ഥലങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ധീരത, ദേശസ്നേഹം, ത്യാഗങ്ങൾ എന്നിവ യുവതലമുറയെ ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞു.
ഒരു സ്ഥാപനത്തിന്റെ യഥാർത്ഥ പാരമ്പര്യം പ്രതിഫലിക്കുന്നത് അതിന്റെ കെട്ടിടങ്ങളിലോ രേഖകളിലോ മാത്രമല്ല, മറിച്ച് അവിടുത്തെ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്വഭാവ മഹിമയിലാണെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. അച്ചടക്കം, ധൈര്യം, നേതൃത്വപാടവം എന്നിവ വികസിപ്പിച്ചെടുക്കാൻ അദ്ദേഹം കേഡറ്റുകളോട് ആഹ്വാനം ചെയ്തു.
"നിങ്ങൾക്ക് പ്രതിഭ കുറവാണെങ്കിൽ പോലും അച്ചടക്കമുണ്ടെങ്കിൽ നിങ്ങൾ ശോഭിക്കും," എന്നുപറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, അച്ചടക്കം മികവിലേക്കുള്ള അടിത്തറ പാകുന്നുവെന്ന് ഊന്നിപ്പറഞ്ഞു. മറ്റൊരാൾ അനാവശ്യമായി ഉപദ്രവിക്കപ്പെടുമ്പോൾ അവർക്കായി നിലകൊള്ളുന്നതും യഥാർത്ഥ ധീരതയാണെന്ന് ധീരതയെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഒരു യഥാർത്ഥ നേതാവ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാതൃക കാണിക്കുകയും മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുകയും ശരിയായ തീരുമാനമെടുക്കാൻ ധാർമ്മിക ധൈര്യം കാണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദേശീയോദ്ഗ്രഥനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, ഭാഷകൾ, ആചാരങ്ങൾ, പ്രദേശങ്ങൾ എന്നിവയിലെ ഇന്ത്യയുടെ വൈവിധ്യം ഒരു പൊതു ദേശീയ സ്വത്വത്താൽ ഏകോപിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും പരിശീലിക്കുകയും ഭക്ഷണം കഴിക്കുകയും കളിക്കുകയും ചെയ്യുന്നതിനാൽ ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന മനോഭാവം ശക്തിപ്പെടുത്തുന്നതിൽ സൈനിക് സ്കൂളുകൾക്ക് പ്രത്യേക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അച്ചടക്കം, അഖണ്ഡത, ദേശസ്നേഹം എന്നിവയുടെ കാലാതീതമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സാഹചര്യങ്ങളോട് പൊരുത്തപ്പെടാവുന്നതും നൂതനവും സാങ്കേതികവുമായ അവബോധമുള്ളവരായി മാറാനും സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം കേഡറ്റുകളോട് ആഹ്വാനം ചെയ്തു. നിർമിത ബുദ്ധി, ബഹിരാകാശ സാങ്കേതികവിദ്യ, ബയോടെക്നോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ് തുടങ്ങിയ ഉയർന്നുവരുന്ന മേഖലകൾ യുവതലമുറയ്ക്ക് പുതിയ അവസരങ്ങൾ നൽകുന്ന മേഖലകളാണെന്ന് അദ്ദേഹം പരാമർശിച്ചു.
കേഡറ്റുകളുമായുള്ള ആശയവിനിമയത്തിനിടെ വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ അവിഭാജ്യവും മനോഹരവുമായ ഭാഗമായി ഉപരാഷ്ട്രപതി വിശേഷിപ്പിക്കുകയും അവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തെയും സംഭാവനകളെയും പ്രശംസിക്കുകയും ചെയ്തു. ലോകത്തിലെ ഒരേയൊരു മാറ്റമില്ലാത്ത കാര്യം മാറ്റമാണെന്ന് നിരീക്ഷിച്ച അദ്ദേഹം, മാറ്റങ്ങളുമായി പൊരുത്തപ്പെടുമ്പോൾ തന്നെ ഉള്ളിലെ നന്മ നിലനിർത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിൽ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികൾ അനുഭവിച്ച കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ ഈ ചരിത്രപ്രസിദ്ധമായ സ്ഥലം സന്ദർശിക്കാൻ ശ്രീ സി.പി.രാധാകൃഷ്ണൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഇത്തരം സന്ദർശനങ്ങൾ ദേശസ്നേഹം ഉണർത്തുകയും സ്വാതന്ത്ര്യസമര കാലത്തെ ത്യാഗങ്ങളെക്കുറിച്ച് യുവതലമുറയെ ഓർമ്മിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വിദ്യാർത്ഥിക്കും ദിവസവും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്ത്, കർത്തവ്യ നിർവഹണത്തിലൂടെ സംഭാവന നൽകാൻ കഴിയുമെന്ന് വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കിനെക്കുറിച്ച് സംസാരിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ ദിവസവും തങ്ങളാൽ കഴിയുന്നത് പരമാവധി ചെയ്യുന്നത് വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കൂട്ടായ സംഭാവന നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മണിപ്പൂർ ഗവർണർ ശ്രീ അജയ് കുമാർ ഭല്ല, മുഖ്യമന്ത്രി ശ്രീ വൈ.ഖേംചന്ദ് സിംഗ്, പ്രതിരോധ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീമതി ദീപ്തി മൊഹിൽ ചൗള, പ്രതിരോധ മന്ത്രാലയം സൈനിക് സ്കൂൾ സൊസൈറ്റി ഇൻസ്പെക്റ്റിംഗ് ഓഫീസർ VSM മേജർ ജനറൽ ശുഭങ്കർ ബസു, ബ്രിഗേഡിയർ അമിത് ചാറ്റർജി, ഇംഫാൽ സൈനിക് സ്കൂൾ പ്രിൻസിപ്പൽ കേണൽ എ.രാജീവ് തുടങ്ങിയവരും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
SK
*****
( റിലീസ് ഐ.ഡി: 2308067)
സന്ദര്‍ശക കൗണ്ടര്‍ : 8