ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ അടുത്ത തലമുറ അക്വാകൾച്ചർ (മത്സ്യകൃഷി): ആത്മനിർഭർ ഭാരത്, വികസിത ഭാരത് കാഴ്ചപ്പാടുകൾക്കായി സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ ആർ.എ.എസ്, ബയോ-ഫ്ലോക്ക് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തൽ

പോസ്റ്റഡ് ഓണ്‍: 07 SEP 2026 3:05PM by PIB Thiruvananthpuram

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്ന സുപ്രധാന സ്തംഭമായി മത്സ്യബന്ധന-മത്സ്യകൃഷി മേഖല ഉയർന്നുവന്നിട്ടുണ്ട്. ഉൽപ്പാദനം, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവയടങ്ങുന്ന വിപുലമായ മൂല്യ ശൃംഖലയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം, ഏകദേശം മൂന്ന് കോടിയോളം വരുന്ന മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും ഉപജീവനത്തെ ഈ മേഖല പിന്തുണയ്ക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദക രാജ്യമാണ് ഇന്ന് ഇന്ത്യ; ആഗോള മത്സ്യ ഉൽപ്പാദനത്തിന്റെ 8 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. കൂടാതെ, അക്വാകൾച്ചർ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തും, ചെമ്മീൻ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്തും, സ്വാഭാവിക മത്സ്യബന്ധനത്തിൽ രണ്ടാം സ്ഥാനത്തും ഇന്ത്യ നിലകൊള്ളുന്നു. ഭക്ഷ്യ-പോഷകാഹാര സുരക്ഷ, ഗ്രാമീണ പുരോഗതി, വിദേശനാണ്യ വരുമാനം, രാജ്യത്തിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥാ ലക്ഷ്യങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ മേഖലയ്ക്കുള്ള തന്ത്രപ്രധാനമായ പ്രാധാന്യമാണ് ഇത്തരം നേട്ടങ്ങൾ വ്യക്തമാക്കുന്നത്.

സുസ്ഥിരമായ നയ പിന്തുണയും അഭൂതപൂർവ്വമായ പൊതു നിക്ഷേപവുമാണ് ഈ പരിവർത്തനത്തിന് ആധാരം. മത്സ്യബന്ധന, മത്സ്യകൃഷി  മേഖലകളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള വിവിധ പ്രമുഖ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയുമായി 2015 മുതൽ ഇന്ത്യാ ഗവണ്മെന്റ്  ₹39,272 കോടിയിലധികം തുകയുടെ സഞ്ചിത നിക്ഷേപത്തിന് അംഗീകാരം നൽകുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ ഉൽപ്പാദന സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ ആധുനികീകരിക്കുകയും സാങ്കേതികവിദ്യ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് സുസ്ഥിരവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു മത്സ്യബന്ധന മേഖലയ്ക്ക് അടിത്തറയിട്ടു.

കഴിഞ്ഞ ദശകത്തിൽ ഈ മേഖല കൈവരിച്ച ശ്രദ്ധേയമായ വളർച്ചാ നിരക്കിൽ ഇത്തരം ഇടപെടലുകളുടെ സ്വാധീനം വ്യക്തമാണ്. വാർഷിക മത്സ്യ ഉൽപ്പാദനം 2013-14 ലെ 95.79 ലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ റെക്കോർഡ് നിലയായ 198 ലക്ഷം ടണ്ണായി ഇരട്ടിയിലധികം വർദ്ധിച്ചു. ഈ വളർച്ചയുടെ ഭൂരിഭാഗവും ഉൾനാടൻ മത്സ്യബന്ധനത്തിന്റെയും അക്വാകൾച്ചറിന്റെയും ത്വരിതഗതിയിലുള്ള വികാസം മൂലമാണ് സംഭവിച്ചത്. ഇതേ കാലയളവിൽ ഇവയുടെ ഉൽപ്പാദനം 61.36 ലക്ഷം ടണ്ണിൽ നിന്ന് 151.60 ലക്ഷം ടണ്ണായി (147% വർദ്ധനവ്) ഉയർന്നു. ഇന്ത്യയുടെ കടൽവിഭവ കയറ്റുമതിയും സമാനമായ വളർച്ച പ്രകടമാക്കി; 2013-14 ലെ ₹30,213 കോടിയിൽ നിന്ന് 2025-26 ൽ റെക്കോർഡ് നിലയായ ₹73,890 കോടിയായി ഇരട്ടിയിലധികം വർദ്ധിച്ചു. വർദ്ധിച്ചുവരുന്ന സങ്കീർണ്ണമായ ആഗോള വ്യാപാര അന്തരീക്ഷത്തിനിടയിലും താരിഫ് സംബന്ധമായ വെല്ലുവിളികൾക്കിടയിലും കൈവരിച്ച ഈ സുസ്ഥിര കയറ്റുമതി വളർച്ച, ഇന്ത്യൻ കടൽവിഭവ ഉൽപ്പന്നങ്ങളുടെ കാര്യക്ഷമതയെയും മത്സരശേഷിയെയും ആഗോള സ്വീകാര്യതയെയും അടിവരയിടുന്നു.

മൽസ്യകൃഷിയിൽ, സാങ്കേതികവിദ്യയുടെ ഉപയോഗമാണ് ഈ മേഖലയുടെ മാറ്റത്തിന് പ്രധാന കാരണമായത്. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് (PMMSY) കീഴിൽ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റംസ് (RAS), ബയോ-ഫ്ലോക്ക് (Biofloc) സാങ്കേതികവിദ്യ തുടങ്ങിയ നൂതന ഉൽപ്പാദന സംവിധാനങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ തീവ്രവും വിഭവ-കാര്യക്ഷമവും വാണിജ്യപരമായി ആകർഷകവുമായ മത്സ്യകൃഷി രീതികളിലേക്ക് മാറാൻ സഹായിക്കുന്നു. കൂടുമത്സ്യകൃഷിയും മറ്റ് ആധുനിക കൃഷിരീതികളും ചേർന്ന്, ആഭ്യന്തരവും ആഗോളവുമായ ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള കൂടുതൽ ഉൽപ്പാദനക്ഷമവും സുസ്ഥിരവുമായ അക്വാകൾച്ചർ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഈ നവ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റംസും (RAS) ബയോ-ഫ്ലോക്ക് സാങ്കേതികവിദ്യയും നിയന്ത്രിത അന്തരീക്ഷത്തിൽ മത്സ്യങ്ങളെ വളർത്താൻ സഹായിക്കുന്ന പുതിയ തലമുറ അക്വാകൾച്ചർ രീതികളെ പ്രതിനിധാനം ചെയ്യുന്നു. അനുയോജ്യമായ വളർച്ചാ സാഹചര്യങ്ങൾ നിലനിർത്താൻ ജല ശുദ്ധീകരണത്തെയും പുനരുപയോഗത്തെയും ആർ.എ.എസ് (RAS) ആശ്രയിക്കുമ്പോൾ, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുമായി ബയോ-ഫ്ലോക്ക് സാങ്കേതികവിദ്യ ഉപകാരപ്രദമായ സൂക്ഷ്മജീവികളെ പ്രയോജനപ്പെടുത്തുന്നു. പരമ്പരാഗത അക്വാകൾച്ചർ സാധ്യമല്ലാത്ത സ്ഥലങ്ങളിലും വൈവിധ്യമാർന്ന കാലാവസ്ഥാ സാഹചര്യങ്ങളിലും മത്സ്യകൃഷി സാധ്യമാക്കിക്കൊണ്ട് ഈ സാങ്കേതികവിദ്യകൾ അക്വാകൾച്ചറിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. 90-95% വരെ ജലം പുനരുപയോഗിക്കുന്നതിലൂടെ, ആർ.എ.എസ് കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ചുള്ള മത്സ്യ ഉൽപ്പാദനത്തെ പിന്തുണയ്ക്കുകയും നഗര ഉപഭോഗ കേന്ദ്രങ്ങൾക്കും കയറ്റുമതി കേന്ദ്രങ്ങൾക്കും സമീപം കൃഷി യൂണിറ്റുകൾ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് (PMMSY) കീഴിൽ 9,467 ആർ.എ.എസ് (RAS) യൂണിറ്റുകൾക്കും 4,573 ബയോ-ഫ്ലോക്ക് യൂണിറ്റുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഇത് വർഷം മുഴുവനുമുള്ള മത്സ്യകൃഷി സാധ്യമാക്കുകയും പരമ്പരാഗത മേഖലകൾക്ക് പുറത്തേക്ക് അക്വാകൾച്ചർ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതിനായി PMMSY ക്ക് കീഴിൽ ₹4,120 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് മത്സ്യബന്ധന ഉൽപ്പാദന സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനും നൂതന അക്വാകൾച്ചർ രീതികൾ വേഗത്തിലാക്കുന്നതിനും ഗവണ്മെന്റ്  നൽകുന്ന പ്രാധാന്യത്തെ കാണിക്കുന്നു.

ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം, മൂല്യവർദ്ധിത കടൽവിഭവ കയറ്റുമതിയിൽ ഇന്ത്യയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ആർ.എ.എസ് (RAS), ബയോ-ഫ്ലോക്ക്  സാങ്കേതികവിദ്യകൾ സഹായിക്കുന്നു. നിയന്ത്രിത അന്തരീക്ഷത്തിലുള്ള കൃഷിരീതികളിലൂടെ ഗുണനിലവാരം, കണ്ടെത്തൽ സൗകര്യം, ജൈവസുരക്ഷ എന്നിവ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കുന്നു; ആഗോള സമുദ്ര വിപണിയിൽ ഇവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഈ മേഖല മൂല്യവർദ്ധനയിലേക്കും കയറ്റുമതി അധിഷ്ഠിത ഉൽപ്പാദനത്തിലേക്കും ചുവടുവെക്കുമ്പോൾ, ഇന്ത്യൻ സമുദ്ര വിഭവങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിലും അന്താരാഷ്ട്ര വിപണിയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിലും ഇത്തരം സാങ്കേതികവിദ്യകളിൽ ഊന്നിയുള്ള അക്വാകൾച്ചർ സംവിധാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കും.

ആർ.എ.എസ്, ബയോ-ഫ്ലോക്ക് സാങ്കേതികവിദ്യകളുടെ വൈവിധ്യമാർന്ന ഉപയോഗം രാജ്യത്തുടനീളമുള്ള പ്രത്യേക അക്വാകൾച്ചർ മേഖലകളുടെ വികാസത്തിനും വഴിയൊരുക്കുന്നു. ജമ്മുകശ്മീർ, ലാഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ തണുത്ത കാലാവസ്ഥയുള്ള മേഖലകളിൽ ട്രൗട്ട് പോലുള്ള ഉയർന്ന മൂല്യമുള്ള മത്സ്യകൃഷിക്കായി  ഈ സംവിധാനങ്ങൾ കൂടുതലായി ഉപയോഗിച്ചു വരുന്നു. കൂടാതെ, ഉപ്പുരസമുള്ള വെള്ളത്തിലും കായൽ ജലാശയങ്ങളിലും കയറ്റുമതി ലക്ഷ്യമിട്ടുള്ള ചെമ്മീൻ കൃഷിയെയും ഇവ പിന്തുണയ്ക്കുന്നു. അലങ്കാരമത്സ്യ വളർത്തൽ കേന്ദ്രങ്ങളിലെ ഇവയുടെ ഉപയോഗം ഈ മേഖലയിലെ വിപണിയെ ശക്തിപ്പെടുത്തുകയും സംരംഭകർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യുന്നു. മൊത്തത്തിൽ, ഈ സാങ്കേതികവിദ്യകൾ അക്വാകൾച്ചറിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും ഉയർന്ന മൂല്യമുള്ള മത്സ്യബന്ധന മേഖലയിൽ പുതിയ വളർച്ചാ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സാങ്കേതികവിദ്യ, നൂതനാശയം, സുസ്ഥിരത എന്നിവയുടെ തുടർച്ചയായ സംയോജനമായിരിക്കും ഭാരതത്തിന്റെ മത്സ്യബന്ധന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നത്. കരുത്തുറ്റതും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു സമുദ്ര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ രാജ്യം ശ്രമിക്കുമ്പോൾ, ആർ.എ.എസ്, ബയോ-ഫ്ലോക്ക് സംവിധാനങ്ങളെ ഡിജിറ്റൽ നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ, നിർമ്മിതബുദ്ധി, ഡ്രോൺ സേവനങ്ങൾ, പുനരുപയോഗ ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയുമായി സമന്വയിപ്പിക്കുന്നത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും. ചെമ്മീൻ, ട്രൗട്ട്, സിബാസ്, തിലാപ്പിയ, വരാൽ, പംഗാഷ്യസ് തുടങ്ങിയ ഉയർന്ന മൂല്യമുള്ള മത്സ്യങ്ങളിലേക്ക് അക്വാകൾച്ചർ വൈവിധ്യവത്കരിക്കുന്നത് അന്താരാഷ്ട്ര വിപണികളിലേക്ക് മെച്ചപ്പെട്ട പ്രവേശനവും കൂടുതൽ സാമ്പത്തിക നേട്ടവും ഉറപ്പാക്കും. തുടർച്ചയായ നൈപുണ്യ വികസനം, വ്യവസായ പങ്കാളിത്തം, ശക്തമായ നയചട്ടക്കൂട് എന്നിവയുടെ പിന്തുണയോടെ, സുസ്ഥിരവും സമൃദ്ധവുമായ സമുദ്ര സമ്പദ്‌വ്യവസ്ഥയും വികസിത ഭാരതമെന്ന കാഴ്ചപ്പാടും യാഥാർത്ഥ്യമാക്കുന്നതിൽ ഈ സാങ്കേതികവിദ്യാധിഷ്ഠിത ഉൽ‌പാദന സംവിധാനങ്ങൾക്ക് പരിവർത്തനാത്മകമായ പങ്ക് വഹിക്കാൻ സാധിക്കും.

 

-SK-


( റിലീസ് ഐ.ഡി: 2307594) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Kannada