പരിസ്ഥിതി, വനം മന്ത്രാലയം
സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ജൈവവൈവിധ്യ കൗൺസിലുകളുടെയും 16-ാമത് ദേശീയ യോഗത്തിന് ചണ്ഡീഗഡിൽ തുടക്കം; സംസ്ഥാന-പ്രാദേശിക തലങ്ങളിലെ ജൈവവൈവിധ്യ ഭരണനിര്‍വഹണ ചട്ടക്കൂടിൻ്റെ ഫലപ്രദമായ നടത്തിപ്പ് ചർച്ചയാകും
പോസ്റ്റഡ് ഓണ്‍:
06 SEP 2026 1:32PM by PIB Thiruvananthpuram
സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ജൈവവൈവിധ്യ കൗൺസിലുകളുടെയും 16-ാമത് ദേശീയതല യോഗത്തിന് ഇന്ന് ചണ്ഡീഗഡിൽ തുടക്കമായി. ദേശീയ ജൈവവൈവിധ്യ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ യോഗം 2026 സെപ്റ്റംബർ 6, 7 തീയതികളിലാണ് ചേരുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജൈവവൈവിധ്യ ബോർഡുകളുടെയും കൗൺസിലുകളുടെയും അധ്യക്ഷന്മാർ, മെമ്പർ സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിദഗ്ധർ, ശാസ്ത്രജ്ഞർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പഞ്ചാബ് ഗവർണറും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിൻ്റെ അഡ്മിനിസ്ട്രേറ്ററുമായ ശ്രീ ഗുലാബ് ചന്ദ് കട്ടാരിയ, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, ഹരിയാന പരിസ്ഥിതി-വനം-വന്യജീവി മന്ത്രി ശ്രീ റാവു നർബീർ സിങ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകി. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയ സെക്രട്ടറി ശ്രീ തന്മയ് കുമാർ, ഫോറസ്റ്റ് ഡയറക്ടർ ജനറലും സ്പെഷ്യൽ സെക്രട്ടറിയുമായ ശ്രീ സുശീൽ കുമാർ അവസ്തി, അഡീഷണൽ സെക്രട്ടറി ശ്രീ അശുതോഷ് അഗ്നിഹോത്രി, ദേശീയ ജൈവവൈവിധ്യ അതോറിറ്റി ചെയർപേഴ്‌സൺ ശ്രീ വീരേന്ദ്ര തിവാരി, കേന്ദ്ര മന്ത്രാലയത്തിലെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ജൈവവൈവിധ്യ കൗൺസിലുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ സമ്പന്ന ജൈവ പൈതൃകവും പരമ്പരാഗത പരിസ്ഥിതി സംരക്ഷണ മൂല്യങ്ങളും ശ്രീ ഗുലാബ് ചന്ദ് കട്ടാരിയ ചടങ്ങില്‍ എടുത്തുപറഞ്ഞു. ഭക്ഷ്യ-ജല സുരക്ഷ, ഉപജീവനമാർഗങ്ങൾ, സുസ്ഥിര വികസനം എന്നിവയുമായി പാരിസ്ഥിതിക സുരക്ഷയ്ക്ക് വലിയ ബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗത അറിവുകളെയും ജനപങ്കാളിത്തത്തെയും ആധുനിക രീതികളുമായി സംയോജിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. തണ്ണീർത്തടങ്ങൾ, നദീതീര ആവാസവ്യവസ്ഥകൾ, കാർഷിക ജൈവവൈവിധ്യം എന്നിവയുടെ പാരിസ്ഥിതിക പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച ഗവർണർ ജൈവവൈവിധ്യ പരിപാലന സമിതികളെയും ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകളെയും ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ജൈവവൈവിധ്യ സ്ഥാപനങ്ങളും പ്രാദേശിക സമൂഹങ്ങളും തമ്മിൽ കൂടുതൽ ശക്തമായ ഏകോപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പാരമ്പര്യ പരിസ്ഥിതി അവബോധത്തെക്കുറിച്ച് പരാമർശിച്ച ശ്രീ ഭൂപേന്ദർ യാദവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലെ 'മിഷൻ ലൈഫ്', 'ഏക് പേഡ് മാ കേ നാം', 'അമൃത് സരോവർ', 'ഹരിത ക്രെഡിറ്റ് സംരംഭം' തുടങ്ങിയ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. ഈ പരിസ്ഥിതി സംരക്ഷണ യാത്രയിൽ ശാസ്ത്രീയ മികവിനൊപ്പം പരമ്പരാഗത ജനകീയ വിജ്ഞാനത്തെയും ഇന്ത്യ ഒപ്പം ചേർക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2002-ലെ ജൈവവൈവിധ്യ നിയമം പരാമർശിച്ച മന്ത്രി 2023-ലെ ജൈവവൈവിധ്യ (ഭേദഗതി) നിയമവും 2024-ലെ ജൈവവൈവിധ്യ ചട്ടങ്ങളും ജൈവവൈവിധ്യ ഭരണനിര്‍വഹണ ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി. ഭേദഗതി ചെയ്ത ചട്ടക്കൂടിനനുസൃതമായി ചട്ടങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും നിർവഹണ പ്രക്രിയകളും ക്രമീകരിക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ജൈവവൈവിധ്യ കൺവെൻഷനിലേക്കുള്ള ഏഴാമത് ദേശീയ റിപ്പോർട്ടും ജൈവ വിഭവങ്ങളുടെ ലഭ്യതയും നേട്ടങ്ങളുടെ തുല്യമായ പങ്കിടലുമായി ബന്ധപ്പെട്ട നഗോയ പ്രോട്ടോക്കോൾ സംബന്ധിച്ച ഒന്നാമത് ദേശീയ റിപ്പോർട്ടും സമർപ്പിച്ചത് ഉൾപ്പെടെ അന്താരാഷ്ട്ര ജൈവവൈവിധ്യ പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. പദ്ധതികൾ താഴെത്തട്ടിൽ നടപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ യാദവ് രാജ്യത്തെ 2.76 ലക്ഷത്തിലധികം വരുന്ന ജൈവവൈവിധ്യ പരിപാലന സമിതികളെ പൂർണ പ്രവർത്തനക്ഷമവും ഫലപ്രദവുമാക്കാൻ ആഹ്വാനം ചെയ്തു. ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സജീവ ആസൂത്രണ ഉപകരണങ്ങളായി മാറണമെന്നും പ്രാദേശിക ജൈവവൈവിധ്യവും അനുബന്ധ പരമ്പരാഗത വിജ്ഞാനവും സംബന്ധിച്ച വിവരങ്ങൾ പ്രാദേശിക ആസൂത്രണത്തിനും സുസ്ഥിര വികസനത്തിനും പ്രയോജനപ്പെടുത്താൻ ഇത് സഹായകമാകുമെന്നും വ്യക്തമാക്കി.

ജൈവ വിഭവങ്ങളുടെ ലഭ്യതയും നേട്ടങ്ങളുടെ തുല്യമായ പങ്കിടലും (എബിഎസ്) സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ച് സംസാരിച്ച മന്ത്രി കർഷകർ, പ്രാദേശിക സമൂഹങ്ങൾ, ജൈവവൈവിധ്യ പരിപാലന സമിതികള്‍, സംസ്ഥാന ജൈവവൈവിധ്യ ബോർഡുകൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജൈവവൈവിധ്യ കൗണ്‍സിലുകള്‍, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് ദേശീയ ജൈവവൈവിധ്യ അതോറിറ്റി 200 കോടിയിലധികം രൂപയുടെ എബിഎസ് ഫണ്ട് കൈമാറിയതായി വ്യക്തമാക്കി. പ്രകൃതി സംരക്ഷണത്തിനും സുസ്ഥിര ഉപജീവനത്തിനും സംഭാവന നൽകുന്നതിനൊപ്പം എബിഎസ് വഴി സമൂഹത്തിന് പ്രകടമായ നേട്ടങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ കഴിഞ്ഞ ഒരു വർഷത്തെ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന പ്രവര്‍ത്തനരേഖ ഉൾപ്പെടെ വിജ്ഞാന പ്രസിദ്ധീകരണങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. എബിഎസ് പദ്ധതിയുടെ സമഗ്ര രൂപരേഖയും ഗുണഭോക്താക്കൾക്കിടയിലെ ഫണ്ട് വിതരണവും വ്യക്തമാക്കുന്നതാണിത്.
ജൈവവൈവിധ്യവും കാലാവസ്ഥാ പ്രവർത്തനങ്ങളും തമ്മിലെ പരസ്പര ബന്ധം എടുത്തുപറഞ്ഞ ശ്രീ ഭൂപേന്ദർ യാദവ് 'സമഗ്ര ഗവൺമെൻ്റ്', 'സമ്പൂർണ സമൂഹം' എന്നീ സമീപനങ്ങൾ പിന്തുടർന്ന് ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കനുസൃതമായി വർഷങ്ങളായി ഇന്ത്യ നടത്തിവരുന്ന നിർണായക ചുവടുവെപ്പുകളെ പരാമർശിച്ചു. കുൻമിങ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനനുസൃതമായി തയ്യാറാക്കിയ 2024–2030 കാലയളവിലെ ഇന്ത്യയുടെ പുതുക്കിയ 'ദേശീയ ജൈവവൈവിധ്യ തന്ത്രവും കർമപദ്ധതിയും (NBSAP) സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. ആവാസവ്യവസ്ഥ പുനഃസ്ഥാപനം, ജീവജാലങ്ങളുടെയും സ്വാഭാവിക ആവാസവ്യവസ്ഥകളുടെയും സംരക്ഷണം, കാർഷിക ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഭൂപ്രകൃതി എന്നിവയിൽ നിര്‍ണായക ഫലങ്ങളുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള '30-ബൈ-30' സംരക്ഷണ ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഹരിയാന നടത്തുന്ന ശ്രമങ്ങളെ ചടങ്ങില്‍ എടുത്തുപറഞ്ഞ ശ്രീ റാവു നർബീർ സിങ് സംസ്ഥാന-പ്രാദേശിക തലങ്ങളിൽ ജൈവവൈവിധ്യ ഭരണസംവിധാനം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം വിശദീകരിച്ചു. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിൽ ഹരിയാനയിലെ ജൈവവൈവിധ്യ പരിപാലന സമിതികളുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം ബിഎംസികൾക്കും പ്രാദേശിക സമൂഹങ്ങൾക്കും കൂടുതൽ പരിശീലനവും ശേഷി വികസനവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

അനുഭവങ്ങളും നൂതനാശയങ്ങളും നിർവഹണ വെല്ലുവിളികളും പങ്കുവെക്കാനും ജൈവവൈവിധ്യ ഭരണനിര്‍വഹണം ശക്തിപ്പെടുത്തുന്നതിന് പ്രായോഗിക നടപടികൾ ചർച്ച ചെയ്യാനും രണ്ടു ദിവസത്തെ ദേശീയതല യോഗം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേദിയൊരുക്കും. കൂടുതൽ കരുത്തുറ്റ സ്ഥാപനപരമായ സംവിധാനങ്ങൾ രൂപീകരിക്കാനും ജൈവവൈവിധ്യ പരിപാലന സമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകളുടെ ഗുണനിലവാരവും ഉപയോഗവും വർധിപ്പിക്കാനും ശേഷി വികസനത്തിനും സംസ്ഥാന-പ്രാദേശിക തലങ്ങളിൽ ജൈവവൈവിധ്യ ഭരണനിര്‍വഹണ ചട്ടക്കൂട് കൂടുതൽ ഫലപ്രദമായി നടപ്പാക്കാനും ഈ ചർച്ചകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
****
( റിലീസ് ഐ.ഡി: 2307176)
സന്ദര്‍ശക കൗണ്ടര്‍ : 6