ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഗുവഹാത്തിയിലെ ഗീതാനഗർ കോളേജിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
06 SEP 2026 2:02PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഗുവഹാത്തിയിലെ ഗീതാനഗർ കോളേജിൻ്റെ (പഴയ കന്യാ മഹാവിദ്യാലയം) സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. കോളേജിൻ്റെ പുതിയ അക്കാദമിക് ബ്ലോക്കിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ ,ഉന്നതവിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ സ്ഥാപനത്തെ അഭിനന്ദിച്ച അദ്ദേഹം, അസമിലെ വിദ്യാഭ്യാസ - സാമൂഹിക വികസനത്തിന്, വിശിഷ്യാ വിദ്യാഭ്യാസം, അറിവ്, ആത്മവിശ്വാസം എന്നിവയിലൂടെ യുവതികളെ ശാക്തീകരിക്കുന്നതിൽ ഗീതാനഗർ കോളേജിൻ്റെ സംഭാവനകൾ നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെയും പാരമ്പര്യങ്ങളുടെയും ഭൂമികയായി ഉപരാഷ്ട്രപതി അസമിനെ വിശേഷിപ്പിച്ചു. ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, തനത് പാരമ്പര്യങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സാംസ്കാരിക മേഖലയ്ക് സംസ്ഥാനം നൽകിയ സവിശേഷ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന് എന്നും നിലനിൽക്കുന്ന പ്രചോദനമായി തുടരുന്ന ലചിത് ബർഫുകൻ്റെ വീര്യത്തെയും രാജ്യസ്നേഹത്തെയും ഉപരാഷ്ട്രപതി അനുസ്മരിക്കുകയും ചെയ്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകുന്ന പ്രാധാന്യത്തെ ഉയർത്തിക്കാട്ടിയ ഉപരാഷ്ട്രപതി, സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വനങ്ങളും ലോകപ്രശസ്തമായ തേയിലത്തോട്ടങ്ങളുമുള്ള അസം വലിയ വികസന സാധ്യതകളുള്ള മണ്ണാണെന്നും, ഇന്ന് സമാനതകളില്ലാത്ത വികസന ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും നിരീക്ഷിച്ചു.
വിദ്യാഭ്യാസത്തിൻ്റെ പരിവർത്തനാത്മക സ്വഭാവത്തെ പ്രകീർത്തിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ഉദ്യോഗാർത്ഥികളാക്കി മാറ്റുക മാത്രമല്ല വേണ്ടതെന്നും, മറിച്ച് ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക പ്രതിജ്ഞാബദ്ധത, രാഷ്ട്രനിർമ്മാണം എന്നിവയിൽ അർപ്പണബോധമുള്ള പൗരന്മാരായി വാർത്തെടുക്കുകയാണ് വേണ്ടതെന്ന് കൂട്ടിച്ചേർത്തു.
മയക്കുമരുന്നിനെതിരെ 'ലഹരി അരുത്' (No to Drugs) പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഉപരാഷ്ട്രപതി, ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സുഹൃത്തുക്കളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും യുവാക്കളോട് അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ഉത്തരവാദിത്തമുള്ള തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും തങ്ങളുടെ സമയവും ആരോഗ്യവും ഭാവിയും സുരക്ഷിതമാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ യുവശക്തിയാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധി, ഡിജിറ്റൽ സാങ്കേതിക വിദ്യ, ബയോടെക്നോളജി, ബഹിരാകാശ ഗവേഷണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മുൻനിര പങ്ക് വഹിക്കാൻ യുവാക്കളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ അസം കൈവരിച്ച പുരോഗതിയെയും മാറ്റങ്ങളെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. സമീപവർഷങ്ങളിൽ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്ന സംസ്ഥാനങ്ങളിലൊന്നായി അസം ഉയർന്നുവന്നതായി അദ്ദേഹം നിരീക്ഷിച്ചു. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, തൊഴിലവസരങ്ങൾ, ദുരന്തനിവാരണം എന്നിവയ്ക്ക് പുറമേ തോട്ടം തൊഴിലാളി സമൂഹങ്ങളുടെ ഉന്നമനത്തിനായി നടക്കുന്ന വൻ നിക്ഷേപങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ, വിദ്യാഭ്യാസ മന്ത്രി ഡോ. രണോജ് പെഗു, ചീഫ് സെക്രട്ടറി ഡോ. രവി കോട്ട, ഉന്നതവിദ്യാഭ്യാസ വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമായ ശ്രീ നാരായൺ കൻവാർ, ഗീതാനഗർ കോളേജ് പ്രിൻസിപ്പൽ ഡോ. സത്യജിത് കലിത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
നേരത്തെ, ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദോളോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചേർന്ന് സ്വീകരിച്ചു.
ഉപരാഷ്ട്രപതി 2026 സെപ്റ്റംബർ 6 മുതൽ 9 വരെ അസം, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നാല് ദിവസത്തെ സന്ദർശനം നടത്തും. അസം സന്ദർശന വേളയിൽ അദ്ദേഹം ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ ബിരുദദാന ചടങ്ങിലും ഗുവാഹത്തി സർവകലാശാലയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും.
****
( റിലീസ് ഐ.ഡി: 2307161)
സന്ദര്‍ശക കൗണ്ടര്‍ : 4