ഉപരാഷ്ട്രപതിയുടെ കാര്യാലയം
ചെന്നൈയിൽ നടന്ന ഇന്ത്യ വാൽവ്സ് 2026-ൽ ഉപരാഷ്ട്രപതി ഇന്ത്യ വാൽവ് രജിസ്ട്രി പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
05 SEP 2026 4:42PM by PIB Thiruvananthpuram
വാൽവുലാർ, സ്ട്രക്ചറൽ ഹൃദ്രോഗങ്ങളുടെ ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ചെന്നൈയിൽ സംഘടിപ്പിച്ച ദേശീയ അക്കാദമിക് സമ്മേളനമായ ഇന്ത്യ വാൽവ്സ് 2026-ൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഇന്ത്യ വാൽവ് രജിസ്ട്രി പുറത്തിറക്കി.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജന്മാർ, ഗവേഷകർ, ആരോഗ്യവിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഉപരാഷ്ട്രപതി, ക്ലിനിക്കൽ വൈദഗ്ധ്യം, ശാസ്ത്രീയ അന്വേഷണം, നൂതനാശയങ്ങൾ, പരസ്പര സഹകരണം എന്നിവയുടെ സംയോജനം മാനവരാശിയെ സേവിക്കുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണെന്ന് പറഞ്ഞു.
ഓരോ മെഡിക്കൽ ചികിത്സാരീതിക്കും ക്ലിനിക്കൽ തീരുമാനത്തിനും ശാസ്ത്രീയ പുരോഗതിക്കും പിന്നിൽ, കൂടുതൽ കാലം ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിക്കാൻ ആഗ്രഹിക്കുന്ന രോഗിയായ ഒരു മനുഷ്യനുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹൃദ്രോഗ ചികിത്സാ രംഗത്ത് കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ സി.പി. രാധാകൃഷ്ണൻ, വാൽവുലാർ, സ്ട്രക്ചറൽ ഹൃദ്രോഗങ്ങൾ പ്രധാനപ്പെട്ടതും വർദ്ധിച്ചുവരുന്നതുമായ ഒരു വെല്ലുവിളിയായി തുടരുമ്പോഴും, വൈദ്യശാസ്ത്രരംഗത്തുണ്ടായ പുരോഗതി ഇത്തരം രോഗങ്ങളുടെ ചികിത്സാരീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
വൈദ്യശാസ്ത്രരംഗത്തെ ഓരോ പുതിയ മുന്നേറ്റവും അതിൻ്റെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് ഉറപ്പുവരുത്താനുള്ള പുതിയൊരു ഉത്തരവാദിത്തം കൂടി കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആരോഗ്യസംരക്ഷണം എന്നത് മനുഷ്യാവകാശമാണെന്നും അത് എല്ലാവർക്കും പ്രാപ്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ വാൽവ് രജിസ്ട്രിയുടെ തുടക്കം ഈ ദിശയിലുള്ള സുപ്രധാന ചുവടുവെയ്പ്പാണെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഹൃദയ വാൽവ് ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളെയും അവരുടെ ചികിത്സകളെയും കാലക്രമേണയുള്ള ഫലങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ചിട്ടയായി രേഖപ്പെടുത്തുന്നതിലൂടെ, വ്യക്തിഗത ക്ലിനിക്കൽ അനുഭവങ്ങളെ കൂട്ടായ മെഡിക്കൽ വിജ്ഞാനമാക്കി മാറ്റാൻ വാൽവ് രജിസ്ട്രിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ക്ലിനിക്കൽ തെളിവുകൾ രൂപപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ സി.പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. നൂതന വാൽവ് ചികിത്സകൾക്കും മറ്റ് ഹൃദയസംബന്ധമായ ചികിത്സാ നടപടിക്രമങ്ങൾക്കുമായി പല രാജ്യങ്ങളും ദേശീയ രജിസ്ട്രികൾ വികസിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയിൽ ഇത്തരമൊരു സഹകരണ സംരംഭം ആരംഭിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്തു.
ഇത്തരം രജിസ്ട്രികൾ "നമ്മുടെ രാജ്യത്തെ ജനങ്ങൾക്കായി നമ്മുടെ രാജ്യത്തിൻ്റെ സ്വന്തം വിവരശേഖരം" രൂപപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ചികിത്സാ ഫലങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും, വെല്ലുവിളികളും വിടവുകളും തിരിച്ചറിയാനും, അനുഭവങ്ങളിൽ നിന്ന് പഠിക്കാനും, രോഗീപരിചരണം കൂടുതൽ മെച്ചപ്പെടുത്താനും ഇത് മെഡിക്കൽ സമൂഹത്തെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ വൈദഗ്ധ്യത്തിൻ്റെയും നൂതനാശയങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെക്കുറിച്ച് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സ്വന്തം ജനങ്ങൾക്ക് വാക്സിൻ വികസിപ്പിച്ചു നൽകുക മാത്രമല്ല, നൂറോളം രാജ്യങ്ങളിലേക്ക് വാക്സിൻ വിതരണം ചെയ്തതിലൂടെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന മെഡിക്കൽ, സാങ്കേതിക ശേഷി ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടതായി വ്യക്തമാക്കി.
"നമ്മുടെ ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ എന്നിവർ ലോകമെമ്പാടും ആദരിക്കപ്പെടുന്നവരാണ്. നൂതന മെഡിക്കൽ ചികിത്സാരീതികളിൽ ഇന്ത്യ ശ്രദ്ധേയമായ മികവ് തെളിയിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ദേശീയ ലക്ഷ്യത്തെക്കുറിച്ച് പരാമർശിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, വികസിത ഇന്ത്യ എന്നത് ആരോഗ്യസമ്പന്നമായ ഭാരതം കൂടിയായിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.
നൂതനാശയങ്ങളും സാങ്കേതികവിദ്യയും ശാസ്ത്രീയ പുരോഗതിയും ആത്യന്തികമായി മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിൽ എത്രത്തോളം പ്രയോജനപ്പെടുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്ന ഒരു ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാൻ കൂട്ടായ പരിശ്രമങ്ങൾ വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ശ്രീ സി.പി. രാധാകൃഷ്ണൻ തൻ്റെ പ്രസംഗം ഉപസംഹരിച്ചത്.
തമിഴ്നാട് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് മന്ത്രി തിരു കെ.ജി. അരുൺരാജ്, ചെന്നൈ അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജി. സെങ്കോട്ടുവേലു, ന്യൂഡൽഹി ഫോർട്ടിസ് എസ്കോർട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയാക് സയൻസസ് ചെയർമാൻ ഡോ. അശോക് സേത്ത്, ഗുരുഗ്രാം മേദാന്ത–ദി മെഡിസിറ്റിയിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി ചെയർമാൻ ഡോ. പ്രവീൺ ചന്ദ്ര എന്നിവരും പ്രമുഖ കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജന്മാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യ വാൽവ്സ് 2026, ഇന്ത്യ വാൽവ് രജിസ്ട്രി എന്നിവയെക്കുറിച്ച്
വാൽവുലാർ, സ്ട്രക്ചറൽ ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ആശയവിനിമയം, പരിശീലനം, സംയുക്ത ഗവേഷണം എന്നിവയ്ക്കായി രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജന്മാർ, ഗവേഷകർ, ആരോഗ്യപ്രവർത്തകർ എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്ന ദേശീയ അക്കാദമിക് സമ്മേളനമാണ് ഇന്ത്യ വാൽവ്സ് 2026.
ഇന്ത്യയിലുടനീളം നടക്കുന്ന ട്രാൻസ്‌കത്തീറ്റർ വാൽവ് ചികിത്സകളുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ ചിട്ടയായും സുരക്ഷിതമായും വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെയും ശേഖരിക്കുന്നതിനായുള്ള സംയുക്ത മൾട്ടി-സെൻ്റർ സംരംഭമാണ് ഇന്ത്യ വാൽവ് രജിസ്ട്രി. ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ക്ലിനിക്കൽ തെളിവുകൾ ശക്തിപ്പെടുത്തുന്നതിനും രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.
***
( റിലീസ് ഐ.ഡി: 2307080)
സന്ദര്‍ശക കൗണ്ടര്‍ : 3