കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
2,879 പേർ രജിസ്റ്റർ ചെയ്ത കോർപ്പറേറ്റ് മിത്ര കോഴ്‌സിൻ്റെ ആദ്യ ബാച്ച് ആരംഭിച്ചു
പോസ്റ്റഡ് ഓണ്‍:
04 SEP 2026 8:15PM by PIB Thiruvananthpuram
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ (MCA) മാർഗ്ഗനിർദ്ദേശപ്രകാരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ICAI), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ICoAI) എന്നിവ ചേർന്ന് നടത്തുന്ന കോർപ്പറേറ്റ് മിത്ര കോഴ്‌സിൻ്റെ ആദ്യ ബാച്ച് ആരംഭിച്ചു. 2,879 പേരാണ് ആദ്യ ബാച്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോർപ്പറേറ്റ് മിത്ര ലേണിംഗ് മാനേജ്‌മെൻ്റ് സിസ്റ്റത്തിന് (LMS) തുടക്കം കുറിച്ചതോടെ, കോഴ്സിൻ്റെ ക്രമബദ്ധമായ പഠനത്തിനും ശേഷി വികസനത്തിനുമുള്ള ഘട്ടത്തിന് ഇതോടെ തുടക്കമായി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) ബിസിനസ്സ് നടത്തിപ്പിലും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിലും പിന്തുണയ്ക്കാൻ പ്രാപ്തരായ, പരിശീലനം നേടിയ സർട്ടിഫൈഡ് പാരാപ്രൊഫഷണലുകളുടെ ഒരു വിഭാഗത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2026-27 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ഗവണ്മെൻ്റ് കോർപ്പറേറ്റ് മിത്ര പദ്ധതി പ്രഖ്യാപിച്ചത്. ഐസിഎഐ, ഐസിഎസ്ഐ, ഐസിഒഎഐ എന്നിവയുടെ പ്രൊഫഷണൽ വൈദഗ്ധ്യവും ഐഐടി മദ്രാസ്, ഐഐടി മദ്രാസ് പ്രവർത്തക്, സ്വയം പ്ലസ് എന്നിവയുടെ സാങ്കേതിക, അക്കാദമിക പിന്തുണയും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ന്യൂഡൽഹിയിലെ ഐസിഎഐ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോഴ്‌സിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീമതി അനിത ഷാ അകല്ല, മന്ത്രാലയത്തിലെ ഡയറക്ടർ-പിഐ ശ്രീ മഹേന്ദ്ര കുമാർ, ഐസിഎഐ പ്രസിഡൻ്റ് സിഎ പ്രസന്ന കുമാർ ഡി, വൈസ് പ്രസിഡൻ്റ് സിഎ മങ്കേഷ് പി. കിനാരെ, സെക്രട്ടറി സിഎ (ഡോ.) ജയ് കുമാർ ബത്ര എന്നിവരുൾപ്പെടെയുള്ള ഐസിഎഐ നേതൃത്വത്തിൻ്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് സിഎംഎ ചിത്തരഞ്ജൻ ചതോപാധ്യായ, വൈസ് പ്രസിഡൻ്റ് സിഎംഎ മനോജ് കുമാർ ആനന്ദ് എന്നിവരും മൂന്ന് പ്രൊഫഷണൽ സ്ഥാപനങ്ങളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ പിന്തുണ നൽകുന്നതിനായി, നൈപുണ്യമുള്ള സർട്ടിഫൈഡ് പാരാപ്രൊഫഷണലുകളുടെ ഒരു നിര സൃഷ്ടിക്കുകയാണ് കോർപ്പറേറ്റ് മിത്ര കോഴ്‌സിൻ്റെ ലക്ഷ്യം. ഇതുവഴി ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമഗ്രമായ സാമ്പത്തിക വളർച്ച കൈവരിക്കാനും സാധിക്കും.
സംരംഭകർക്ക് നിയമപരമായ ബാധ്യതകൾ ഭാരമായി തോന്നാത്ത തരത്തിൽ ലളിതമാക്കാനും ആവശ്യമായ അറിവുകൾ എളുപ്പത്തിൽ ലഭ്യമാക്കാനുമാണ് കോർപ്പറേറ്റ് മിത്ര ശ്രമിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീമതി അനിത ഷാ അകല്ല പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെ വെറുമൊരു ബാധ്യത എന്നതിലുപരി വിശ്വാസ്യത, സുതാര്യത, ഉത്തരവാദിത്തം, വ്യവസ്ഥാപിതമായ വളർച്ച എന്നിവ ഉറപ്പാക്കുന്നതിനുള്ള സഹായഘടകമാക്കി മാറ്റുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
12 മാസമാണ് കോർപ്പറേറ്റ് മിത്ര കോഴ്‌സിൻ്റെ കാലാവധി. ഇതിനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ ആറുമാസം റെക്കോർഡ് ചെയ്ത വീഡിയോ പ്രഭാഷണങ്ങളിലൂടെ ഏകദേശം 150 മണിക്കൂർ ദൈർഘ്യമുള്ള ക്രമബദ്ധമായ അക്കാദമിക് പഠനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന്, ഐസിഎഐ, ഐസിഎസ്ഐ , ഐസിഒഎഐ എന്നിവയിലെ അംഗങ്ങളുടെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആറുമാസത്തെ തൊഴിൽ പരിശീലനം നൽകും. ഇതിലൂടെ പഠിതാക്കൾക്ക് നേരിട്ടുള്ള പ്രായോഗിക തൊഴിൽ പരിചയം ഉറപ്പാക്കാൻ സാധിക്കും
എംഎസ്എംഇകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവയ്ക്ക് ആവശ്യമായ പിന്തുണകളെക്കുറിച്ചും സമഗ്രമായ അറിവ് പഠിതാക്കൾക്ക് പകർന്നുനൽകുന്ന രീതിയിലാണ് കോഴ്‌സിൻ്റെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള റെക്കോർഡ് ചെയ്ത ക്ലാസുകൾ, റഫറൻസ് സാമഗ്രികൾ, മൂല്യനിർണ്ണയങ്ങൾ, അറിയിപ്പുകൾ, പതിവുചോദ്യങ്ങൾ (FAQs), ചർച്ചാ വേദികൾ എന്നിവ ഈ ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ പഠിതാക്കൾക്ക് ലഭ്യമാക്കും.
ഇന്ത്യയിലെ എംഎസ്എംഇ മേഖലയുടെ വളർച്ചയ്ക്കും ഔപചാരികവൽക്കരണത്തിനും സംഭാവന നൽകാൻ പ്രാപ്തരായ, വൈദഗ്ധ്യമുള്ള പാരാപ്രൊഫഷണലുകളുടെ ഒരു നിരയെ വാർത്തെടുക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് കോർപ്പറേറ്റ് മിത്ര കോഴ്‌സിൻ്റെ തുടക്കം അടയാളപ്പെടുത്തുന്നത്.
****
( റിലീസ് ഐ.ഡി: 2306867)
സന്ദര്‍ശക കൗണ്ടര്‍ : 3