|
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
അനുബന്ധ, ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസവും പ്രൊഫഷണൽ മാനദണ്ഡങ്ങളും ശക്തിപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം
NCAHP നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ 33 പുതിയ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ UGC അവതരിപ്പിച്ചു; നിലവിലുള്ള 21 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ ഘടനയിൽ മാറ്റം വരുത്തി
പോസ്റ്റഡ് ഓണ്‍:
02 SEP 2026 5:48PM by PIB Thiruvananthpuram
രാജ്യത്തിൻറെ ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സജ്ജമായ വൈദഗ്ധ്യവും പരിശീലനവും ആർജ്ജിച്ച ആരോഗ്യ സംരക്ഷണ വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതിനായി അനുബന്ധ, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ വിദ്യാഭ്യാസം, പരിശീലനം, പ്രൊഫഷണൽ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പ്രവർത്തിച്ചു വരികയാണ്. ഈ ഉദ്യമത്തിന്റെ ഭാഗമായി, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) 33 പുതിയ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും നിലവിലുള്ള 21 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളെ പുനഃക്രമീകരിക്കുകയും ചെയ്തു. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷനുകൾ (NCAHP) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഈ കോഴ്സുകൾ പാലിക്കും.
1956-ലെ യുജിസി നിയമത്തിലെ സെക്ഷൻ 22(3) പ്രകാരം ബിരുദ പ്രോഗ്രാമുകളുടെ പട്ടികയിലും ഘടനയിലും മാറ്റം വരുത്തുന്നതിനുള്ള അഞ്ചാം ഭേദഗതി (No. F.21-12/2026(CPP-II) – (UIN:3/2026)) 2026 ഓഗസ്റ്റ് 27 ന് UGC വിജ്ഞാപനം ചെയ്തു. പ്രസ്തുത ഭേദഗതി 2026 ഓഗസ്റ്റ് 31-ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലുടനീളം അനുബന്ധ, ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസം കൂടുതൽ സ്ഥിരതയാർന്നതും നിലവാരമുള്ളതുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. സുപ്രധാന ആരോഗ്യ സംരക്ഷണ മേഖലകളിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഇത് സഹായിക്കും.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, UGC, NCAHP ടീം എന്നിവരുടെ ശ്രമങ്ങളെ NCAHP ചെയർപേഴ്‌സൺ ഡോ. യജ്ഞ ഉൻമേഷ് ശുക്ല അഭിനന്ദിച്ചു. പുതിയ UGC വിജ്ഞാപനം ഇന്ത്യയിലെ അനുബന്ധ, ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ മേഖലയിലുടനീളം സമാന മാനദണ്ഡങ്ങൾ സാധ്യമാകുമെന്ന് അവർ വിശദീകരിച്ചു. കോഴ്‌സ് ദൈർഘ്യം, ബിരുദ നാമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. "ഒരു രാഷ്ട്രം, ഒരു പാഠ്യപദ്ധതി" എന്ന സമീപനം ഇത് പിന്തുടരുന്നു. 2021 ലെ NCAHP നിയമത്തിന് കീഴിൽ വരുന്ന അനുബന്ധ, ആരോഗ്യ സംരക്ഷണ പ്രൊഫഷനുകളുമായി ബന്ധപ്പെട്ട കോഴ്സുകളെയും തൊഴിലവസരങ്ങളെയും കുറിച്ച് വ്യക്തവും ഏകീകൃതവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിജ്ഞാപനം വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകും.
ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഒപ്‌റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി സയൻസസ്, എമർജൻസി മെഡിക്കൽ ടെക്‌നോളജി, അനസ്‌തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി, ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ്, സൈക്കോളജി, മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്യാട്രിക് സോഷ്യൽ വർക്ക്, മെഡിക്കൽ റേഡിയോളജി, ഇമേജിംഗ് ആൻഡ് തെറാപ്പിറ്റിക് ടെക്‌നോളജി, ഫിസിഷ്യൻ അസോസിയേറ്റ്, റെസ്പിറേറ്ററി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് വിജ്ഞാപനം ചെയ്തത്. ബിരുദ നാമകരണം, ചുരുക്കെഴുത്ത്, ദൈർഘ്യം, പ്രവേശന യോഗ്യത എന്നിവ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്, ചില പ്രോഗ്രാമുകളുടെ കോഴ്‌സ് കാലാവധിയും പരിഷ്കരിച്ചിട്ടുണ്ട്.
മാസ്റ്റർ ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ഒമ്പത്, മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പിയിൽ എട്ട്, മാസ്റ്റർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ നാല്, മാസ്റ്റർ ഓഫ് മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്നോളജിയിൽ മൂന്ന്, മാസ്റ്റർ ഓഫ് റെസ്പിറേറ്ററി ടെക്നോളജിയിൽ രണ്ട് സ്പെഷ്യലൈസേഷനുകൾ അടക്കമുള്ള സ്പെഷ്യലൈസേഷൻ-അധിഷ്ഠിത ബിരുദങ്ങൾക്ക് വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. ഇത് വിദ്യാർത്ഥികളുടെ അക്കാദമിക് അവസരങ്ങൾ വിപുലീകരിക്കുകയും ആരോഗ്യ സംരക്ഷണ മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായ പ്രത്യേക പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാൻ സർവകലാശാലകളെ പ്രാപ്തമാക്കുകയും ചെയ്യും.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദതല യോഗ്യതകളുമായി ബിരുദ നാമകരണത്തെ ഏകീകരിച്ചുകൊണ്ട് അനുബന്ധ, ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസത്തിൽ സ്ഥാപനപരമായ തുല്യതയും ഏകീകൃത ദേശീയ നിലവാരവും സ്ഥാപിക്കുക എന്നതാണ് പരിഷ്കരണത്തിന്റെ ലക്ഷ്യം. ഇത് കൂടുതൽ വിദ്യാർത്ഥികളെ ഈ മേഖല തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വ്യക്തമായ അക്കാദമിക്, കരിയർ ലക്ഷ്യങ്ങൾ നൽകുകയും ഇന്ത്യൻ അനുബന്ധ, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ ചലനാത്മകതയും അന്താരാഷ്ട്ര അംഗീകാരവും സുഗമമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
2021 ലെ NCAHP നിയമപ്രകാരം, അനുബന്ധ, ആരോഗ്യ സംരക്ഷണ മേഖലകളിലെ ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും പ്രൊഫഷണൽ സേവനങ്ങളും നിയന്ത്രിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള നിയമപരമായ ഉത്തരവാദിത്തം NCAHP നിർവഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, 28 വ്യത്യസ്ത മേഖലകൾ ഉൾക്കൊള്ളുന്ന 18 യോഗ്യതാ അധിഷ്ഠിത പാഠ്യപദ്ധതികൾ NCAHP ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം കോഴ്‌സുകൾ, സിലബസ്, ബിരുദനാമങ്ങൾ എന്നിവ സ്ഥിരതയാർന്നതും നിലവാരമുള്ളതുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം, അതുവഴി വിദ്യാർത്ഥികൾക്ക് രാജ്യമെമ്പാടും സമാനമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭിക്കും.
യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതി ആശുപത്രികളിലോ അനുബന്ധ പ്രാക്ടീസിംഗ് സൗകര്യങ്ങളിലോ മതിയായ കാലയളവുള്ള ഇന്റേൺഷിപ്പുകളിലൂടെ പ്രായോഗിക ക്ലിനിക്കൽ പരിശീലനത്തിന് പ്രത്യേക ഊന്നൽ നൽകുന്നു. ഫലപ്രദമായ ആരോഗ്യ സംരക്ഷണ വിതരണത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യം, പ്രൊഫഷണൽ ശേഷി, ക്ലിനിക്കൽ എക്സ്പോഷർ എന്നിവ വിദ്യാർത്ഥികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ സമീപനം സഹായകമാകും.
പരിഷ്കാരങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി, 2026-27 അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി നിർബന്ധമായും നടപ്പിലാക്കണമെന്ന് NCAHP എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, മറ്റ് പങ്കാളികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (DMLT) കോഴ്സ് ആരംഭിക്കാൻ വേണ്ട നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. തുടർന്നുള്ള അധ്യയന വർഷം മുതൽ നടപ്പിലാക്കുന്നതിനായി ശേഷിക്കുന്ന യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതി അന്തിമമാക്കാനും കമ്മീഷൻ പ്രവർത്തിച്ചു പോരുന്നു.
ബഹുമുഖ ആരോഗ്യ സംരക്ഷണ വിതരണത്തിന്റെ അനിവാര്യ ഘടകമായ, വിദഗ്ദ്ധ പരിശീലനം ലഭിച്ചതും യോഗ്യതയുള്ളതുമായ അനുബന്ധ, ആരോഗ്യ സംരക്ഷണ പ്രവർത്തകരുടെ ലഭ്യത ശക്തിപ്പെടുത്താൻ ഈ നടപടികൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. നടപടികൾ, വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കും വ്യക്തതയും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം പ്രൊഫഷണൽ വളർച്ചയ്ക്കും ചലനാത്മകതയ്ക്കും മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം https://egazette.gov.in/(S(ueyx02zyglkszuhrd3rzsl1j))/ViewPDF.aspx എന്ന ലിങ്കിൽ ലഭ്യമാണ്.
( റിലീസ് ഐ.ഡി: 2306233)
|