ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് "എ-" വിഭാഗത്തിലേക്ക് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി (JCR); ഇന്ത്യയിപ്പോൾ സ്ഥിരതയാർന്നത് എന്ന ഗണത്തിൽ

പോസ്റ്റഡ് ഓണ്‍: 02 SEP 2026 6:37PM by PIB Thiruvananthpuram

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബിബിബി+ ൽ നിന്ന് എ- ആയി ഉയർത്തിയ ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ (JCR) നടപടിയെ ഇന്ത്യാ ഗവണ്മെൻ്റ്   സ്വാഗതം ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സമീപഭാവിയിൽ സ്ഥിരതയാർന്നത് എന്ന ഗണത്തിൽ തുടരുമെന്ന് ജെസിആർ അറിയിച്ചു. ഇന്ത്യയുടെ സമഗ്ര സാമ്പത്തിക അന്തരീക്ഷത്തിൽ വർദ്ധിച്ച ആത്മവിശ്വാസം വെളിവാക്കുന്ന തരത്തിൽ ഇന്ത്യയുടെ കൺട്രി സീലിംഗ് 'എ' വിഭാഗത്തിലേക്ക് ജെസിആർ ഉയർത്തിയിട്ടുണ്ട്.

 

രാജ്യത്തിൻ്റെ   സമ്പദ്‌വ്യവസ്ഥ ശക്തമായി വളർച്ച രേഖപ്പെടുത്തുന്നതിനാലും, സർക്കാരിൻ്റെ   സാമ്പത്തിക നയങ്ങൾ ഭാവി വളർച്ചയ്ക്ക് സുശക്തമായ അടിത്തറ സൃഷ്ടിക്കാൻ സഹായിക്കുന്നതിനാലും, സമ്പദ്‌വ്യവസ്ഥ കൂടുതൽ സുസ്ഥിരവും ആരോഗ്യകരവുമായിരിക്കുന്നതിനാലുമാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയത്. ജനങ്ങൾ കൂടുതൽ ചെലവഴിക്കുന്നതിനാലും, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഗവണ്മെൻ്റ്  ഗണ്യമായ നിക്ഷേപം നടത്തുന്നതിനാലും ഉയർന്ന നിരക്കിലുള്ള വളർച്ച ഇന്ത്യ തുടരുമെന്നും ജെസിആർ നിരീക്ഷിച്ചു. കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവ്വഹണ മന്ത്രാലയത്തിൻ്റെ   ഏറ്റവും പുതിയ GDP കണക്കുകൾ പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.8% വളർച്ച കൈവരിച്ചു. 2027 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (Q1) സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച രേഖപ്പെടുത്തി, ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികളും അനിശ്ചിതത്വവും നേരിടുന്നുണ്ടെങ്കിലും യഥാർത്ഥ ജിഡിപി 7.8% വർദ്ധിച്ചു. ഉയർന്ന ഉത് പാദനക്ഷമതയും സാമ്പത്തിക വികസനവും പിന്തുണയ്ക്കുന്ന നയങ്ങൾ പിന്തുടരുന്നതിന് റേറ്റിംഗ് ഏജൻസി ഇന്ത്യാ  ഗവണ്മെൻ്റിനെ പ്രശംസിച്ചു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനവും ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പിലാക്കലും സാമ്പത്തിക പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമവും സംഘടിതവുമാക്കി. ഈ നടപടികൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന അടിത്തറയെ ശക്തിപ്പെടുത്തുകയും ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്തു.

 

മൂലധന ചെലവിൽ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ നിക്ഷേപത്തിൽ കൂടുതൽ ഊന്നൽ നൽകിക്കൊണ്ട്, ധനകാര്യ ചെലവുകളുടെ ഗുണനിലവാരത്തിലുണ്ടായ പുരോഗതിയും ഏജൻസി അംഗീകരിച്ചു. കേന്ദ്ര  ഗവണ്മെൻ്റിൻ്റെ   ധനക്കമ്മി 2025 സാമ്പത്തിക വർഷത്തിൽ 4.7% ൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 4.4% ആയി കുറഞ്ഞു, അതേസമയം മൂലധന ചെലവ് ഉയർന്ന നിലയിൽ തുടർന്നുവെന്ന് ജെസിആർ അഭിപ്രായപ്പെട്ടു.

 

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ, പ്രത്യേകിച്ച് ബാങ്കിംഗ് മേഖല, കൂടുതൽ ശക്തവും ആരോഗ്യകരവുമായി മാറിയിരിക്കുന്നു. മോശം വായ്പകൾ കുറവായതിനാലും അവയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനാലും ബാങ്കുകൾ ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്ന് ജെസിആർ നിരീക്ഷിച്ചു. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റസി കോഡ് (ഐബിസി), മൂലധന ഇൻഫ്യൂഷൻ വഴിയുള്ള   ഗവണ്മെൻ്റ്   പിന്തുണ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കർശനമായ നിരീക്ഷണം എന്നിവ ഈ പുരോഗതിയെ പിന്തുണച്ചിട്ടുണ്ട്. സാമ്പത്തിക അപകടസാധ്യതകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ മൂലധനം ഇന്ത്യൻ ബാങ്കുകൾക്കും ഉണ്ട്, അവ നല്ല ലാഭം നേടുന്നു. മികച്ച ആസ്തി ഗുണനിലവാരവും മതിയായ മൂലധനവും ഉള്ളതിനാൽ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു.

 

ഇന്ത്യയുടെ കറൻ്റ്  അക്കൗണ്ട് കമ്മി നിയന്ത്രണത്തിലാണ്, കാരണം ഐടി, ബിസിനസ് സേവനങ്ങൾ പോലുള്ള സേവനങ്ങളിൽ നിന്ന് രാജ്യം മിച്ചം നേടുന്നു. ഇന്ത്യയ്ക്ക് വലിയ വിദേശനാണ്യ കരുതൽ ശേഖരവുമുണ്ട്, ഇത് ഹ്രസ്വകാല വിദേശ കടത്തേക്കാൾ വളരെ കൂടുതലാണ്, ഇത് അപ്രതീക്ഷിതമായ ആഗോള സാമ്പത്തിക പ്രശ്നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ രാജ്യത്തെ പ്രാപ്തമാക്കുന്നു.

 

വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യളുടെ പശ്ചാത്തലത്തിലാണ് ഈ അപ്‌ഗ്രേഡ് വരുന്നത്, സുസ്ഥിര വളർച്ച, ഫലപ്രദമായ സാമ്പത്തിക നയങ്ങൾ, മെച്ചപ്പെട്ട സാമ്പത്തിക നിലവാരം, ശക്തമായ സാമ്പത്തിക സംവിധാനം എന്നിവയാൽ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ നിരന്തരം ശക്തിപ്പെടുത്തുന്നതിനെ ഇത് അടിവരയിടുന്നു.

 

കഴിഞ്ഞ വർഷം മറ്റ് നിരവധി പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികളും ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ മോർണിംഗ്സ്റ്റാർ ഡിബിആർഎസ് ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ഉയർത്തി, തുടർന്ന് 2025 ഓഗസ്റ്റിൽ എസ് & പി ഗ്ലോബൽ റേറ്റിംഗ്‌സും ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ഉയർത്തി. പിന്നീട്, ജപ്പാനിലെ റേറ്റിംഗ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ്     ഇൻഫർമേഷൻ (ആർ & ഐ) 2025 സെപ്റ്റംബറിൽ ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി.

****


( റിലീസ് ഐ.ഡി: 2306139) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Kannada