പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

26-ാമത് SCO ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 01 SEP 2026 1:58PM by PIB Thiruvananthpuram

കിർഗിസ്ഥാൻ പ്രസിഡന്റ്,

വിശിഷ്ട വ്യക്തികളേ,

നമസ്കാരം!

SCO-യുടെ 25-ാം വാർഷികത്തിന്റെ ഈ സവിശേഷ വേളയിൽ നിങ്ങൾക്കൊപ്പം ഇവിടെ ഉണ്ടായിരിക്കാൻ കഴിഞ്ഞത് എനിക്ക് അതിയായ സന്തോഷമുണ്ട്.

ബിഷ്കെക്കിൽ ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഹൃദ്യമായ സത്കാരത്തിനും പ്രസിഡന്റ് ജപറോവിനോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.

കിർഗിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ ഇവിടെ ഉണ്ടാകാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. പ്രസിഡന്റിനും കിർഗിസ്ഥാൻ ജനതയ്ക്കും ഞാൻ ഒരിക്കൽ കൂടി എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.

ഇന്ന് ഉസ്ബെക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസിഡന്റിനും ഉസ്ബെക്കിസ്ഥാൻ ജനതയ്ക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.

വേൾഡ് നൊമാഡ് ഗെയിംസിന്റെ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ കിർഗിസ്ഥാന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും നമ്മുടെ പങ്കിട്ട പാരമ്പര്യത്തിന്റെയും ഒരു ദൃശ്യം നാമെല്ലാവരും കണ്ടു. ഈ പങ്കിട്ട പാരമ്പര്യവും ജനങ്ങൾ തമ്മിലുള്ള നമ്മുടെ ആഴത്തിലുള്ള ബന്ധവുമാണ് SCO കുടുംബത്തിന്റെ ഏറ്റവും വലിയ കരുത്തുകളിൽ ചിലത്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 25 വർഷമായി യുറേഷ്യയുടെ വിശാലമായ പ്രദേശത്തുടനീളം സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ ഒരു പാരമ്പര്യം SCO വികസിപ്പിച്ചെടുത്തു. നാമൊന്നിച്ച്, നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിന് മാത്രമല്ല, മനുഷ്യരാശിയുടെ പുരോഗതിക്കും വിലയേറിയ സംഭാവനകൾ നൽകി. ഈ 25 വർഷത്തിനിടയിൽ സഹകരണത്തിന് ശക്തമായ ഒരു അടിത്തറ നാം പാകി. അടുത്ത 25 വർഷത്തിനുള്ളിൽ ഈ സഹകരണത്തെ പ്രകടമായ ഫലങ്ങളാക്കി മാറ്റുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

ലോകം അനിശ്ചിതത്വത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്ന ഈ ഘട്ടത്തിൽ, നമ്മുടെ പങ്കിട്ട ഭൂമിശാസ്ത്രത്തെ നമ്മൾ പങ്കിട്ട അവസരങ്ങളാക്കി മാറ്റണം. നമ്മുടെ ശ്രമങ്ങളിലൂടെ നമ്മുടെ ജനങ്ങളുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ നാംം കൊണ്ടുവരികയും വേണം.

സുഹൃത്തുക്കളേ,

കഴിഞ്ഞ യോഗത്തിൽ SCO-യ്ക്കായുള്ള ഇന്ത്യയുടെ വീക്ഷണത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങൾ ഞാൻ വിശദീകരിച്ചിരുന്നു:

S - സെക്യൂരിറ്റി (സുരക്ഷ),

C – കണക്റ്റിവിറ്റി (ബന്ധിപ്പിക്കൽ)

O – ഓപ്പർച്യൂണിറ്റി (അവസരം)

ഈ മൂന്ന് സ്തംഭങ്ങളെ വെറും വീക്ഷണത്തിനപ്പുറത്തേക്ക് മാറ്റാനും അവയെ പ്രകടമായ ഫലങ്ങളാക്കി മാറ്റാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനുള്ള പ്രഥമവും പ്രധാനപ്പെട്ടതുമായ ആവശ്യകത സമാധാനവും സുരക്ഷയുമാണ്. ഭീകരവാദം മനുഷ്യരാശിക്കാകെ വലിയൊരു വെല്ലുവിളിയായി തുടരുകയാണ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരു ആക്ഷൻ-റിയാക്ഷൻ (പ്രതികരണ) സമീപനത്തിൽ മാത്രം ഒതുങ്ങിനിൽക്കാൻ കഴിയില്ല.

ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദാശയങ്ങൾ പ്രചരിപ്പിക്കൽ, സുരക്ഷിത താവളങ്ങൾ ഒരുക്കൽ എന്നിവയുടെ മുഴുവൻ ആവാസവ്യവസ്ഥയെയും നമ്മൾ തകർത്തെറിയണം. ഈ ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ലെന്ന് നാം ഒരേ സ്വരത്തിൽ വ്യക്തമാക്കുകയും വേണം.

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക്, ഭീകരവാദം ആർക്കും ഒരു തന്ത്രപ്രധാനമായ ആസ്തിയായി മാറാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം നാം നൽകണം.

സമാധാനപരവും സുരക്ഷിതവുമായ ഒരു യുറേഷ്യയെക്കുറിച്ചുള്ള നമ്മുടെ പങ്കിട്ട അഭിലാഷം അഫ്ഗാനിസ്ഥാനിലെ സമാധാനവും സ്ഥിരതയുമായി അടുത്ത ബന്ധമുള്ളതുമാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് വികസനവും മാനുഷിക സഹായവും നൽകുന്നതിൽ ഇന്ത്യ പങ്കുവഹിക്കുന്നു, അത് തുടരുകയും ചെയ്യും.

പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഇന്നത്തെ ലോകത്ത് സുരക്ഷയുടെ പരിധി കൂടുതൽ വിശാലമായിട്ടുണ്ട്. ഒരു പ്രദേശത്തെ സംഘർഷം ആ പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് പശ്ചിമേഷ്യയിലെ പ്രതിസന്ധി തെളിയിച്ചിട്ടുണ്ട്. അതിന്റെ ആഘാതം ലോകമെമ്പാടും അനുഭവപ്പെടുകയും ഊർജ്ജ സുരക്ഷ, സമുദ്ര വ്യാപാരം, വിതരണ ശൃംഖലകൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം തടസ്സങ്ങളുടെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കുന്നത് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളാണ്. അതിനാൽ, എല്ലാ തർക്കങ്ങളും സംഘർഷങ്ങളും യുദ്ധക്കളത്തിലല്ല, മറിച്ച് സംവാദങ്ങളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പരിഹരിക്കേണ്ടതെന്ന് ഇന്ത്യ തുടർച്ചയായി ആവശ്യപ്പെടുന്നു.

മയക്കുമരുന്നുകടത്ത് എന്നത് ഒരു കുറ്റകൃത്യം മാത്രമല്ല; അത് നമ്മുടെ യുവതലമുറയ്ക്കും പ്രാദേശിക സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ്. സുരക്ഷാ ഭീഷണികൾ, സംഘടിത കുറ്റകൃത്യങ്ങൾ, വിവര സുരക്ഷ, മയക്കുമരുന്ന് തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ SCO-യുടെ കീഴിൽ സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ ഒരു നല്ല ചുവടുവെപ്പാണ്. ഈ കേന്ദ്രങ്ങളെ പ്രായോഗിക ഏകോപനത്തിനും സമയബന്ധിതമായ നടപടികൾക്കുമുള്ള ഫലപ്രദമായ മാർഗ്ഗമാക്കി നമ്മൾ മാറ്റണം.

സുഹൃത്തുക്കളേ,

നമ്മുടെ പങ്കിട്ട വികസനത്തിന്റെ രണ്ടാമത്തെ സ്തംഭം ശക്തവും വിശ്വസനീയവുമായ കണക്റ്റിവിറ്റിയാണ്. വിപണികളെ ബന്ധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും വികസനത്തിന് പുതിയ വഴികൾ തുറക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും ഇത്തരം ശ്രമങ്ങൾ എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കേണ്ടത് അത്രതന്നെ അത്യന്താപേക്ഷിതമാണ്. ഇത് SCO ചാർട്ടറിന്റെ അടിസ്ഥാനപരമായ കാതൽ കൂടിയാണ്.

മുന്നോട്ട് പോകുമ്പോൾ, കണക്റ്റിവിറ്റിയുടെ വ്യാപ്തി കൂടുതൽ വിശാലമാകും. റോഡുകൾ, റെയിൽവേ, വ്യോമ ഇടനാഴികൾ എന്നിവയ്ക്കൊപ്പം നമ്മൾ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും ഡിജിറ്റൽ രേഖകൾ പ്രോത്സാഹിപ്പിക്കുകയും ലോജിസ്റ്റിക്സ് ശൃംഖലകളെ കൂടുതൽ കാര്യക്ഷമമാക്കുകയും വേണം.

സുഹൃത്തുക്കളേ,

മൂന്നാമത്തെ സ്തംഭം — അവസരം 

SCO സഹകരണത്തിന്റെ നേട്ടങ്ങൾ നമ്മുടെ ജനങ്ങളിലേക്ക് നേരിട്ട് എത്തണം എന്നാണ് ഇതിനർത്ഥം. നമ്മുടെ ഏറ്റവും വലിയ കരുത്ത് നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം SCO എന്നത് മികച്ച സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും സംഗമസ്ഥാനമാണ്. SCO-യുടെ വരാനിരിക്കുന്ന 25 വർഷങ്ങളിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം നമ്മുടെ സഹകരണത്തിന്റെ കേന്ദ്രബിന്ദുവായി തുടരണം.

നമ്മുടെ ശ്രമങ്ങൾ യുവാക്കൾക്കായി എത്രത്തോളം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു, നമ്മുടെ സംരംഭകർക്കായി എത്ര പുതിയ വിപണികൾ തുറക്കപ്പെടുന്നു, സാങ്കേതികവിദ്യയിൽ നിന്ന് നമ്മുടെ കർഷകർക്ക് എത്രത്തോളം പ്രയോജനം ലഭിക്കുന്നു, നമ്മുടെ പൗരന്മാരുടെ ജീവിതം എത്രത്തോളം മെച്ചപ്പെടുന്നു എന്നതായിരിക്കണം നമ്മുടെ വിജയത്തിന്റെ യഥാർത്ഥ അളവുകോൽ.

"സുരക്ഷ, കണക്റ്റിവിറ്റി, അവസരം" എന്നതിന്റെ യഥാർത്ഥ അർത്ഥം ഇതാണ്.

SCO-യിലെ നമ്മുടെ സഹകരണം കേവലം ഗവൺമെന്റുകളാൽ നയിക്കപ്പെടുന്നത് മാത്രമായിരിക്കരുത്; അത് ജനങ്ങളാൽ നയിക്കപ്പെടുന്നത് കൂടി ആയിരിക്കണം. കിർഗിസ്ഥാന്റെ അധ്യക്ഷതയിൽ SCO-യ്ക്കുള്ളിൽ യുവജന പങ്കാളിത്തത്തിന് പ്രത്യേക ഊന്നൽ നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. SCO സ്റ്റാർട്ടപ്പ് ഫോറം, യംഗ് ഓതേഴ്സ് കോൺക്ലേവ്, യംഗ് സയന്റിസ്റ്റ്സ് ഫോറം തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യ SCO സിവിലൈസേഷണൽ ഡയലോഗ് ഫോറം എന്ന ആശയം മുന്നോട്ടുവെച്ചു. ഇതിന്റെ ആദ്യ സമ്മേളനം ഈ വർഷം ഇന്ത്യയിൽ വെച്ച് നടക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ ഈ ഫോറം SCO-യ്ക്കുള്ളിൽ ഊർജ്ജസ്വലമായ സംഭാഷണത്തിനുള്ള ഒരു ശക്തമായ വേദിയായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

കിർഗിസ്ഥാന്റെ മഹാനായ സാഹിത്യകാരൻ ചിംഗിസ് അയ്ത്മാറ്റോവ് മനോഹരവും ആഴമേറിയതുമായ ഒരു ചിന്ത ലോകത്തിന് നൽകി. നമ്മെ വിഭജിക്കുന്ന കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നമ്മെ ഒന്നാക്കുന്ന കാര്യങ്ങളിൽ കുറഞ്ഞ ശ്രദ്ധ നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സന്ദേശം ഇന്ന് SCO-യ്ക്കും ഒരുപോലെ പ്രസക്തമാണ്. നമ്മുടെ വൈവിധ്യമാണ് നമ്മുടെ വ്യക്തിത്വം, നമ്മുടെ പങ്കിട്ട ലക്ഷ്യമാണ് നമ്മുടെ കരുത്ത്. ബിഷ്കെക്കിൽ നിന്ന് ഈ നിശ്ചയദാർഢ്യത്തോടെ നമ്മൾ മുന്നോട്ട് പോകണം:

പങ്കിട്ട ഭൂമിശാസ്ത്രത്തിൽ നിന്ന് പങ്കിട്ട അവസരങ്ങളിലേക്ക്,

വീക്ഷണത്തിൽ നിന്ന് പ്രായോഗിക ഫലങ്ങളിലേക്ക്,

ഗവൺമെന്റ് നയിക്കുന്ന സഹകരണത്തിൽ നിന്ന് ജനങ്ങൾ നയിക്കുന്ന പങ്കാളിത്തത്തിലേക്ക്.

അതേ വിശ്വാസത്തോടും പ്രതിജ്ഞാബദ്ധതയോടും കൂടി SCO കുടുംബത്തിന്റെ ഒരുമിച്ചുള്ള യാത്രയിൽ സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണ്.

വളരെയധികം നന്ദി.

നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലായിരുന്നു നടത്തിയത്.

 

-SK-


( റിലീസ് ഐ.ഡി: 2305766) സന്ദര്‍ശക കൗണ്ടര്‍ : 6