ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

36.49 കോടി രൂപയുടെ മത്സ്യബന്ധന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്

പോസ്റ്റഡ് ഓണ്‍: 01 SEP 2026 4:26PM by PIB Thiruvananthpuram
കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മത്സ്യബന്ധന വകുപ്പ് 2026 സെപ്റ്റംബർ 1-ന് പുതുച്ചേരിയിലെ കാമരാജർ മണിമണ്ഡപത്തിൽ പി.എം.എം.എസ്.വൈക്ക് കീഴിലുള്ള മത്സ്യബന്ധന അടിസ്ഥാനസൗകര്യ പദ്ധതിയുടെ ഉദ്ഘാടനവും നീല സമ്പദ് വ്യവസ്ഥയ്ക്ക് കീഴിലുള്ള സഹകരണാധിഷ്ഠിത കടൽപ്പായൽ കൃഷിക്കായുള്ള ബഹുതല ശേഷി വികസന കോൺക്ലേവും സംഘടിപ്പിച്ചു. മത്സ്യബന്ധന അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീരദേശ സമൂഹങ്ങൾക്ക് സുസ്ഥിര ഉപജീവന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യശൃംഖലാ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹകരണാധിഷ്ഠിത സമീപനത്തിലൂടെ വികസനം വേഗത്തിലാക്കുന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 
 
വനിതകൾ ഉൾപ്പെടെയുള്ള മത്സ്യകർഷകരും മത്സ്യത്തൊഴിലാളികളും നേരിട്ടും, കേന്ദ്ര മത്സ്യബന്ധന വകുപ്പ്, പുതുച്ചേരി ഗവണ്മെൻ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും മത്സ്യബന്ധന മൂല്യശൃംഖലാ രംഗത്തെ പങ്കാളികളും ചടങ്ങിൽ പങ്കെടുത്തു.
 
പി.എം.എം.എസ്.വൈക്ക് കീഴിൽ ഉദ്ഘാടനം ചെയ്ത മൂന്ന് പദ്ധതികളായ തേങ്ങായ്ത്തിട്ട് ഫിഷിംഗ് ഹാർബർ ആധുനികവൽക്കരണം, നല്ലവാട് ഫിഷ് ലാൻഡിംഗ് സെൻ്റർ, കാരക്കലിലെ അഡ്വാൻസ്ഡ് സെൻ്റർ ഫോർ ഇന്നവേഷൻ ആൻഡ് കപ്പാസിറ്റി ഡെവലപ്‌മെൻ്റ് ഇൻ സീവീഡ് ഫാമിംഗ് എന്നിവ കേവലം അടിസ്ഥാനസൗകര്യ പദ്ധതികൾ മാത്രമല്ലെന്നും മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനം ശക്തിപ്പെടുത്തുന്ന ദീർഘകാല ആസ്തികളാണെന്നും കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. പി.എം.എം.എസ്.വൈ, എഫ്.ഐ.ഡി.എഫ്, പി.എം-എം.കെ.എസ്.എസ്.വൈ തുടങ്ങിയ മുൻനിര പദ്ധതികളുടെ പരിവർത്തനാത്മക സ്വാധീനം എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ മത്സ്യോത്പാദനം 2013-14 ലെ 95.7 ലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 197.7 ലക്ഷം ടണ്ണായി ഉയർന്നുവെന്നും ഈ കാലയളവിൽ മത്സ്യബന്ധന കയറ്റുമതിയിൽ വലിയ വളർച്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമുദ്ര വിഭവങ്ങളുടെ ഇതുവരെ പ്രയോജനപ്പെടുത്താത്ത വൻ സാധ്യതകൾ എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യൻ പതാക വാഹക കപ്പലുകൾക്ക് പ്രത്യേക സാമ്പത്തിക മേഖലയിലും (EEZ) ഉൾക്കടലുകളിലും മത്സ്യബന്ധനം നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും ഗവണ്മെൻ്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആക്സസ് പാസുകളും അധികാരപത്രങ്ങളും അവതരിപ്പിച്ചുവെന്നും പറഞ്ഞു. സഹകരണ സംഘങ്ങൾ, വനിതാ സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യബന്ധന സഹകരണ സംഘങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഉൾക്കടൽ മത്സ്യബന്ധനത്തിനുള്ള അധികാരപത്രം ലഭിക്കുന്നതിനുള്ള ഫീസ് മത്സ്യബന്ധന വകുപ്പ് 25,000 രൂപയിൽ നിന്ന് 5,000 രൂപയായി കുറച്ചു. ട്യൂണ (ചൂര) പോലുള്ള ഉയർന്ന മൂല്യമുള്ള മത്സ്യങ്ങളെ ലക്ഷ്യമിട്ട് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് മത്സ്യത്തൊഴിലാളികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വരാനിരിക്കുന്ന പി.എം.എം.എസ്.വൈ 2.0-ന് കീഴിൽ ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കുള്ള പിന്തുണ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വനിതാ മത്സ്യത്തൊഴിലാളികൾക്ക് സുസ്ഥിര ഉപജീവന മാർഗ്ഗമെന്ന നിലയിൽ കടൽപ്പായൽ കൃഷിയുടെ സാധ്യതകളെക്കുറിച്ചും മന്ത്രി സംസാരിച്ചു. 67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മാഹി ഫിഷിംഗ് ഹാർബർ പദ്ധതിയുടെ വികസനത്തിന് പിന്തുണ നൽകാനുള്ള കേന്ദ്രത്തിൻ്റെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുകയും പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സമൃദ്ധിക്കുമുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരന്തര പിന്തുണ വീണ്ടും ഉറപ്പുനൽകുകയും ചെയ്തു.
പ്രത്യേക സാമ്പത്തിക മേഖലയിലും (EEZ) ഉൾക്കടലുകളിലും മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ കൊണ്ടുവന്ന വ്യവസ്ഥകൾ പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അത് കോർപ്പറേറ്റ് താൽപ്പര്യങ്ങളെ സംരക്ഷിക്കുന്ന നടപടികളായി തെറ്റിദ്ധരിക്കപ്പെടരുതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ആക്സസ് പാസുകളും അധികാരപത്രവും നൽകുന്നതിൽ മത്സ്യബന്ധന സഹകരണ സംഘങ്ങൾ, വനിതാ സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് ഗവണ്മെൻ്റ്  മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന മൂല്യമുള്ള മത്സ്യങ്ങൾക്കായി ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സാമ്പത്തിക രംഗം, ഭക്ഷ്യസുരക്ഷ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ശക്തിപ്പെടുത്തുന്നതിൽ മത്സ്യബന്ധന മേഖലയ്ക്കുള്ള നിർണായക പങ്ക് കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മത്സ്യബന്ധന സമൂഹങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഗവണ്മെൻ്റിൻ്റെ പ്രധാന മുൻഗണനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
മത്സ്യബന്ധന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പി.എം.എം.എസ്.വൈക്ക് കീഴിൽ ഒരു ക്ലസ്റ്റർ അധിഷ്ഠിത സമീപനം കേന്ദ്ര ഗവണ്മെൻ്റ്  സ്വീകരിക്കുകയും കാരക്കലിനെ ഫിഷിംഗ് ഹാർബർ ക്ലസ്റ്ററായി പ്രഖ്യാപിക്കുകയുംചെയ്തു. 119.94 കോടി രൂപയുടെ നിക്ഷേപത്തിൽ കാരക്കലിൽ മികവുറ്റതും സംയോജിതവുമായ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പദ്ധതി സുരക്ഷിതമായ ബോട്ട് ബർത്തിംഗ്, ശുചിത്വപൂർവ്വം മത്സ്യo കൈകാര്യം ചെയ്യൽ, കാര്യക്ഷമമായ മത്സ്യ വിപണനം എന്നിവയ്ക്കുള്ള ആധുനിക അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതോടൊപ്പം മത്സ്യബന്ധന മൂല്യശൃംഖലയിലുടനീളം പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ഈ സംയോജിത ക്ലസ്റ്റർ സമീപനം അടിസ്ഥാനസൗകര്യങ്ങൾ, ധനസഹായം, സാങ്കേതികവിദ്യ, മൂല്യവർദ്ധന, വിപണി എന്നിവ ലഭ്യമാക്കുന്നതിലൂടെ മത്സ്യ കർഷക ഉൽപാദന സംഘങ്ങളുടെയും (FFPO) മത്സ്യബന്ധന സഹകരണ സംഘങ്ങളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് മൂല്യശൃംഖലയിലുടനീളം കൂട്ടായ പങ്കാളിത്തം സാധ്യമാക്കുകയും പുതുച്ചേരിയുടെ ഇതുവരെ പ്രയോജനപ്പെടുത്താത്ത മത്സ്യബന്ധന സാധ്യതകൾ തുറന്നുനൽകുകയും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഇത് തീരദേശ സമൂഹങ്ങൾക്ക് സുസ്ഥിര ഉപജീവന അവസരങ്ങൾ  സൃഷ്ടിക്കുകയും ചെയ്യും.
***

( റിലീസ് ഐ.ഡി: 2305754) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Tamil