രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഐഎൻഎസ് നിപുൺ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തു

പോസ്റ്റഡ് ഓണ്‍: 31 AUG 2026 4:43PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ നിസ്താർ ക്ലാസിലെ രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസ്സലായ (DSV) ഐഎൻഎസ് നിപുൺ 2026 ഓഗസ്റ്റ് 31-ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിൽ കമ്മീഷൻ ചെയ്തു. ഇതിലൂടെ സേനയുടെ ആഴക്കടൽ ഡൈവിംഗ്, വെള്ളത്തിനടിയിലുള്ള ഇടപെടലുകൾ, അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങൾ എന്നിവയിലെ ശേഷി ഗണ്യമായി വർദ്ധിക്കും.

പശ്ചിമ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വത്സ്യായൻ്റെ സാന്നിധ്യത്തിൽ, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ കമ്മീഷനിംഗ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർ, വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (HSL) പ്രതിനിധികൾ, വിമുക്തഭടന്മാർ, വിശിഷ്ടാതിഥികൾ, കമ്മീഷൻ ചെയ്യുന്ന കപ്പലിലെ ജീവനക്കാരുടെ കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഐഎൻഎസ് നിപുൺ, ഇന്ത്യൻ നാവികസേനയുടെ സമുദ്രാന്തർ ശേഷിക്ക് കരുത്തുപകരുന്ന നിർണ്ണായകമായ കൂട്ടിച്ചേർക്കലാണ്. സാങ്കേതികമായി സങ്കീർണ്ണമായ പ്രത്യേക നാവിക പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ഇന്ത്യ കൈവരിച്ച വളർച്ചയെയാണ് ഇതിൻ്റെ കമ്മീഷനിംഗ് അടയാളപ്പെടുത്തുന്നത്. ഒപ്പം, പ്രതിരോധ കപ്പൽ നിർമ്മാണ രംഗത്തെ ആത്മനിർഭരതയിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. നാവികസേനയുടെ തദ്ദേശീയ ശേഷി ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ കപ്പൽശാലകളും ആഭ്യന്തര വ്യവസായ മേഖലയും അനുബന്ധ ഏജൻസികളും നൽകുന്ന സംഭാവനകളും ഇത് എടുത്തുകാണിക്കുന്നു.

ആഴക്കടൽ ഡൈവിംഗിനും സമുദ്രാന്തർ പ്രവർത്തനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് ഐഎൻഎസ് നിപുൺ. സാച്ചുറേഷൻ, എയർ, ഹീലിയോക്സ് ഡൈവിംഗുകൾക്ക് പിന്തുണ നൽകാൻ ശേഷിയുള്ള ഈ കപ്പലിൽ, നിരീക്ഷണങ്ങൾക്കും ഇടപെടലുകൾക്കുമായി വിദൂര നിയന്ത്രിത സമുദ്രാന്തർ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലെ പ്രത്യേക ഡൈവിംഗ് കോംപ്ലക്സ്, ഡൈനാമിക് പൊസിഷനിംഗ് ശേഷി, അനുബന്ധ ലൈഫ് സപ്പോർട്ട്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ കടലിലെ സങ്കീർണ്ണമായ ദൗത്യങ്ങൾ ദീർഘകാലം തടസ്സമില്ലാതെ നിർവ്വഹിക്കാൻ സഹായിക്കുന്നു.

അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ഐഎൻഎസ് നിപുണിന് ശേഷിയുണ്ട്. ഇത് വെള്ളത്തിനടിയിലുള്ള അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ കരുത്ത് ഗണ്യമായി വർദ്ധിപ്പിക്കും. സമാന ശ്രേണിയിലുള്ള ഐഎൻഎസ് നിസ്താറിനൊപ്പം, ഡൈവിംഗ്, സമുദ്രാന്തർ ഇടപെടലുകൾ, കടലിൽ മുങ്ങിക്കിടക്കുന്ന വസ്തുക്കൾ വീണ്ടെടുക്കൽ, അന്തർവാഹിനി രക്ഷാപ്രവർത്തനം എന്നിവയിൽ  നാവികസേനയുടെ പ്രത്യേക ശേഷി ഐഎൻഎസ് നിപുൺ വർദ്ധിപ്പിക്കുന്നു.

കപ്പലിൻ്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും അതിൻ്റെ പ്രത്യേക ദൗത്യത്തെയും സമുദ്രത്തിൻ്റെ  ആഴങ്ങളിലേക്ക് കടന്നുചെല്ലുന്ന നാവികരെയുമാണ് പ്രതിഫലിപ്പിക്കുന്നത്. സമുദ്രാന്തരീക്ഷത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മേഖലകളിൽ പ്രവർത്തിക്കാൻ ആവശ്യമായ ദൃഢനിശ്ചയം, വൈദഗ്ദ്ധ്യം, സഹനശേഷി എന്നിവയാണ് 'ഫാർ ബിനീത്, ഫ്യൂ ബിയോണ്ട്' എന്ന ആപ്തവാക്യം വ്യക്തമാക്കുന്നത്.


ഇന്ത്യൻ നാവികസേന, ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ആഭ്യന്തര വ്യാവസായിക ശൃംഖല എന്നിവ തമ്മിലുള്ള മികച്ച ഏകോപനത്തിൻ്റെ ഫലമാണ് ഐഎൻഎസ് നിപുണിൻ്റെ സേനയിൽ ഉൾപ്പെടുത്തലെന്ന് നാവികസേനാ മേധാവി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. കടലിലെ പരീക്ഷണങ്ങൾക്കിടെ ഒരൊറ്റ യാത്രയിൽത്തന്നെ കപ്പലിലെ എല്ലാ ഡൈവിംഗ് സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത വിജയകരമായി തെളിയിക്കാനായത് രാജ്യത്തിൻ്റെ സാങ്കേതിക ആത്മവിശ്വാസത്തിൻ്റെയും എഞ്ചിനീയറിംഗ് മികവിൻ്റെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ മത്സരാധിഷ്ഠിതമായ സമുദ്രാന്തരീക്ഷവും ആഗോള സമുദ്രപാതകൾക്ക് നേരെയുള്ള ഭീഷണികളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പോരാട്ട സന്നദ്ധതയ്ക്കാണ് ഇന്ത്യൻ നാവികസേന ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് നാവികസേനാ മേധാവി ഊന്നിപ്പറഞ്ഞു. പശ്ചിമ നാവിക കമാൻഡിന് കീഴിൽ പടിഞ്ഞാറൻ തീരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎൻഎസ് നിപുൺ, വിവിധ തലങ്ങളിലുള്ള ദൗത്യങ്ങൾ തുടരുന്നതിന് ആവശ്യമായ പ്രത്യേക സമുദ്രാന്തർ ശേഷിക്ക് ശക്തമായ കൂട്ടിച്ചേർക്കലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ വിരലിലെണ്ണാവുന്ന ചില നാവികസേനകൾക്ക് മാത്രം ലഭ്യമായ ഇത്തരം സവിശേഷ ശേഷികൾ ഐഎൻഎസ് നിപുണിനുണ്ടെന്നും, ഇന്ത്യൻ നാവികസേനയുടെയോ പങ്കാളിത്ത രാജ്യങ്ങളുടെയോ അന്തർവാഹിനികൾ അപകടത്തിൽപ്പെടുമ്പോൾ അതിവേഗം രക്ഷാപ്രവർത്തനം നടത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സവിശേഷത ഈ മേഖലയിലെ 'മുൻഗണനാ അന്തർവാഹിനി രക്ഷാ പങ്കാളി' എന്ന നിലയിൽ ഇന്ത്യയെ ഉയർത്തുന്നതിനൊപ്പം, കടലിനടിയിലെ രക്ഷാ പ്രവർത്തനങ്ങൾക്കും മാനുഷിക സഹായ-ദുരന്ത നിവാരണ (HADR) ദൗത്യങ്ങൾക്കും പ്രത്യേക പിന്തുണ നൽകുകയും ചെയ്യുന്നു.

കമ്മീഷനിംഗ് സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അത്യാധുനികമായ ഒരു പ്ലാറ്റ്‌ഫോം മാത്രമല്ല, ഈ കപ്പലിൻ്റെ ആത്മാവിനെ രൂപപ്പെടുത്താനും ഉരുക്കിൻ്റെ കരുത്തിലേക്ക് ചൈതന്യം പകരാനുമുള്ള വലിയ ഉത്തരവാദിത്തം കൂടിയാണ് അവരിൽ നിക്ഷിപ്തമായിരിക്കുന്നതെന്ന് നാവികസേനാ മേധാവി പറഞ്ഞു. 'നിശ്ചയ്, നിർഭയ്, നിപുൺ' (ദൃഢനിശ്ചയം, നിർഭയത്വം, തൊഴിൽ വൈദഗ്ധ്യം) എന്ന കപ്പലിൻ്റെ ആപ്തവാക്യത്തിനൊത്ത് പ്രവർത്തിക്കാനും കർത്തവ്യബോധം, ആദരവ്, ധൈര്യം എന്നീ നാവികമൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.

കമ്മീഷനിംഗ് പെന്നൻ്റ്  ഉയർത്തിയതോടെ, ഐഎൻഎസ് നിപുൺ ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി. ആഴക്കടലിൽ പ്രവർത്തിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനും ഇന്ത്യയുടെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംഭാവന നൽകുന്നതിനും കപ്പൽ പൂർണ്ണ സജ്ജമാണ്.
 
 
 
 
 
****
 

( റിലീസ് ഐ.ഡി: 2305267) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil , Telugu