ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു; 'കോൺഫ്ലുവൻസ് 3.0' ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 31 AUG 2026 5:49PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിൽ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (RSET) രജത ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുകയും "ഇന്ത്യ, എഐയുടെ സ്വാധീനം" എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള വ്യവസായ-അക്കാദമിക ഉച്ചകോടിയായ 'കോൺഫ്ലുവൻസ് 3.0' ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

സാക്ഷരത, സാമൂഹിക വികസനം, മാനവ വിഭവശേഷി എന്നിവയിൽ കേരളം കൈവരിച്ച നേട്ടങ്ങളെ എടുത്തുപറഞ്ഞ ശ്രീ സി.പി. രാധാകൃഷ്ണൻ, സാങ്കേതിക വിദഗ്ദ്ധരെ മാത്രമല്ല, പൊതുസമൂഹ നേതാക്കളെയും വാർത്തെടുക്കാൻ രാജഗിരി സംഭാവന നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. 25 വർഷം പൂർത്തിയാക്കിയ സ്ഥാപനത്തെ അഭിനന്ദിച്ച അദ്ദേഹം, മൂല്യങ്ങളും സാങ്കേതിക മികവും കോർത്തിണക്കുന്നതിലുള്ള സ്ഥാപനത്തിൻ്റെ പ്രതിജ്ഞാബദ്ധതയെ പ്രശംസിച്ചു.
 
കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിൻ്റെയും (സി.എം.ഐ) വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും പാരമ്പര്യവും സംഭാവനകളും സ്മരിച്ച അദ്ദേഹം, വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനും സ്ത്രീ വിദ്യാഭ്യാസവും മുതിർന്നവരിൽ സാക്ഷരതയും പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യവും വിശപ്പും പഠനത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അവർ നടത്തിയ സവിശേഷ ശ്രമങ്ങളെ എടുത്തുപറഞ്ഞു.
 
സാങ്കേതികവിദ്യാധിഷ്ഠിത ലോകത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസം ബിരുദങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന് പറഞ്ഞു. "നാം കേവലം ബിരുദധാരികളെ സൃഷ്ടിച്ചാൽ മാത്രം പോരാ; വിപണിയുടെ ആവശ്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്," എന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണം, നൂതനാശയങ്ങൾ, പ്രശ്നപരിഹാരം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 
'കോൺഫ്ലുവൻസ് 3.0' ഉച്ചകോടിയെ പ്രശംസിച്ചുകൊണ്ട്, ഇന്ത്യയെ സാങ്കേതികവിദ്യയുടെയും സ്റ്റാർട്ടപ്പുകളുടെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് ശക്തമായ വ്യവസായ-അക്കാദമിക പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. ഇന്ത്യയുടെ പൈതൃക മൂല്യങ്ങളിൽ അധിഷ്ഠിതമായി നിന്നുകൊണ്ട് തന്നെ നൂതനമായ അധ്യാപനരീതികൾ, അന്തർ വിജ്ഞാനമേഖലാ ഗവേഷണങ്ങൾ, നിർമ്മിത ബുദ്ധിയുടെ ഉത്തരവാദിത്വപൂർവമായ ഉപയോഗം, അർത്ഥവത്തായ അന്താരാഷ്ട്ര സഹകരണങ്ങൾ എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
 
കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ചൈനയിൽ ഉണ്ടായ മാറ്റത്തെ പരാമർശിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ഉന്നതവിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിലെ നിരന്തരമായ നിക്ഷേപത്തിൻ്റെ പ്രാധാന്യമാണ് അവിടുത്തെ പുരോഗതി പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. ഗവേഷണ അധിഷ്ഠിത ഉന്നതവിദ്യാഭ്യാസം ശക്തിപ്പെടുത്താനും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹം കേരളത്തോട് അഭ്യർത്ഥിച്ചു.
 
കേരളത്തിലെ പരിമിതമായ ഭൂലഭ്യതയും ഉയർന്ന ഭൂമിവിലയും വലിയ പരമ്പരാഗത വ്യവസായങ്ങൾക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ സി.പി. രാധാകൃഷ്ണൻ സാങ്കേതികവിദ്യ-ജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ശക്തമായ വിദ്യാഭ്യാസ അടിത്തറയ്ക്കും കഴിവുറ്റ ജനവിഭാഗത്തിനും അത്യാധുനിക സാങ്കേതികവിദ്യാ സംരംഭങ്ങളെ ആകർഷിക്കാനും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രവാസ ജീവിതം കുറയ്ക്കാനും തിരിച്ചുവരവ് സാധ്യമാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
 
"ലഹരിവസ്തുക്കൾ വേണ്ടെന്ന് വെക്കുക" എന്ന് ഉപരാഷ്ട്രപതി യുവാക്കളോട് ശക്തമായി അഭ്യർത്ഥിച്ചു. കുട്ടിക്കാലത്ത് അമ്മ നൽകിയ ഉപദേശം അനുസ്മരിച്ച അദ്ദേഹം താൽക്കാലിക സുഖങ്ങൾക്ക് വലിയ പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും തകർക്കാൻ കഴിയുമെന്ന് പറഞ്ഞു. വ്യക്തിഗത വികസനത്തിനൊപ്പം സമൂഹത്തിനും മാനവികതയ്ക്കുമായി വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തു.
 
രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ തറക്കല്ലിടലും ഉപരാഷ്ട്രപതി നിർവ്വഹിച്ചു. ഇത് സ്ഥാപനത്തിൻ്റെ വളർച്ചയുടെയും അക്കാദമിക മികവിൻ്റെയും യാത്രയിലെ മറ്റൊരു നാഴികക്കല്ലായി മാറി.
 
ചടങ്ങിൽ കേരളം ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരളം മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ, കേന്ദ്ര പെട്രോളിയം- പുനരുപയോഗ ഊർജ്ജ, വിനോദസഞ്ചാര സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേരളം ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം. ജോൺ, ആർ.എസ്.ഇ.ടി മാനേജ്‌മെൻ്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്തു.
 
****
 

( റിലീസ് ഐ.ഡി: 2305165) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil