ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ഇന്ത്യയുടെ നീല സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലക്ഷദ്വീപിലെ അഗത്തിയിൽ സംഘടിപ്പിച്ച ഫിഷറീസ് ജനസമ്പർക്ക പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുത്തു
ചൂര, കടൽപ്പായൽ, അലങ്കാരമത്സ്യ ശേഖരം തുടങ്ങിയ ഉയർന്ന മൂല്യമുള്ള ദ്വീപ് വിഭവങ്ങളുടെ വമ്പിച്ച സാധ്യതകൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിന് ഊന്നൽ നൽകി
പോസ്റ്റഡ് ഓണ്‍:
31 AUG 2026 2:34PM by PIB Thiruvananthpuram
കേന്ദ്ര മൽസ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 31-ന് ലക്ഷദ്വീപിലെ അഗത്തിയിൽ ഫിഷറീസ് ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ചൂര (ട്യൂണ), കടൽപ്പായൽ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഫിഷറീസ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളെയും (FFPO) ഫിഷറീസ് സഹകരണ സംഘങ്ങളെയും ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. അലങ്കാര മത്സ്യകൃഷി വികസനത്തിനായുള്ള "മിഷൻ രംഗീൻ മച്ച്ലി 2031" തന്ത്രപരമായ കർമപദ്ധതിയും ചടങ്ങിൽ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്; കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ദാമൻ ദീവ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ ഖോഡാ പട്ടേൽ എന്നിവർ സന്നിഹിതരായിരുന്നു. വനിതകൾ ഉൾപ്പെടെയുള്ള മൽസ്യക്കർഷകരുടെയും മൽസ്യത്തൊഴിലാളികളുടെയും പങ്കാളിത്തത്തിനും പരിപാടി സാക്ഷ്യം വഹിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഭരണകൂടം, ഫിഷറീസ് ക്ലസ്റ്ററുകളുടെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ, ലക്ഷദ്വീപിനെ രാജ്യത്തിൻ്റെ അമൂല്യമായ ഒരു സാഗര സമ്പത്തായി വിശേഷിപ്പിക്കുകയും 4,200 ചതുരശ്ര കിലോമീറ്റർ ലഗൂൺ പ്രദേശവും ഏകദേശം 4 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രത്യേക സാമ്പത്തിക മേഖലയുമുള്ള ഇതിൻ്റെ വമ്പിച്ച മത്‍സ്യബന്ധന സാദ്ധ്യതകളെ എടുത്തുപറയുകയും ചെയ്തു. നീല സമ്പദ് വ്യവസ്ഥയിലൂടെ സുസ്ഥിര വളർച്ചയുടെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിലേക്ക് നയിക്കുന്നതിന് കേന്ദ്ര ഗവണ്മെൻ്റ്, ലക്ഷദ്വീപ് ഭരണകൂടം, ശാസ്ത്ര സ്ഥാപനങ്ങൾ, മൽസ്യബന്ധന സമൂഹങ്ങൾ എന്നിവരുടെ കൂട്ടായ പ്രതിജ്ഞാബദ്ധതയാണ് ഈ അവബോധ പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൽസ്യബന്ധന, അക്വാകൾച്ചർ മേഖലകളെ സാമ്പത്തിക രംഗത്തെ 'ഉയർന്നുവരുന്ന മേഖല' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് (PMMSY) കീഴിൽ ലക്ഷദ്വീപിനായി 62 കോടിയിലധികം രൂപയുടെ ഫിഷറീസ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയതിനെ അഭിനന്ദിച്ചു.

പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നും ഉൾക്കടലുകളിൽ നിന്നും സുസ്ഥിരമായ രീതിയിൽ മൽസ്യവിഭവങ്ങൾ ശേഖരിക്കുന്നതിനായി ഗവണ്മെൻ്റ് പ്രഖ്യാപിച്ച അനുകൂലമായ ചട്ടക്കൂടിനെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, ഇത് ആഴക്കടൽ വിഭവങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്താനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും മൽസ്യത്തൊഴിലാളികളെ ശാക്തീകരിക്കുമെന്ന് പ്രസ്താവിച്ചു. ലക്ഷദ്വീപിന് 94,000 ടൺ ട്യൂണയും ട്യൂണ വർഗ മത്‍സ്യ ഇനങ്ങളും ഉൾപ്പെടെ ഒരു ലക്ഷം ടണ്ണിലധികം മൽസ്യ സമ്പദ്ശേഷിയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മൽസ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ആഗോള സീഫുഡ് വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തമാക്കുന്നതിനും ശാസ്ത്രീയ മൽസ്യബന്ധനം, ഡിജിറ്റൽ ഓതറൈസേഷൻ സംവിധാനങ്ങൾ, കപ്പൽ നിരീക്ഷണം, അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ, സുസ്ഥിര മൽസ്യബന്ധനരീതികൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. മൽസ്യബന്ധന മേഖലയുടെ ദീർഘകാല സമൃദ്ധി ഉറപ്പാക്കുന്നതിനും 'വികസിത ഇന്ത്യ 2047' എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും സമുദ്ര വിഭവങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്വമുള്ള മൽസ്യബന്ധനരീതികളുടെ നിർവഹണവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ (DSFVs) വാങ്ങുന്നതിനുള്ള ധനസഹായം, ദ്വീപുകളുടെ ടൂറിസം സാധ്യതകൾക്ക് അനുയോജ്യമായ വിനോദ മത്സ്യബന്ധനത്തിൻ്റെ പ്രോത്സാഹനം, പരമ്പരാഗത-മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾക്കുള്ള സുരക്ഷാ കിറ്റുകളുടെ വിതരണം, മത്സ്യത്തൊഴിലാളികൾക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡുകൾ (KCC) ലഭ്യമാക്കൽ, പഴയ മത്സ്യബന്ധന ബോട്ടുകളും വലകളും മാറ്റുന്നതിനുള്ള സഹായം, വാർത്താ വിനിമയ-ട്രാക്കിംഗ് ഉപകരണങ്ങളുടെ വിതരണം എന്നിവയുൾപ്പെടെ PMMSY പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉപരാഷ്ട്രപതി, ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു. ആന്ത്രോത്ത് ദ്വീപിലെ മത്സ്യം ഫിഷർമെൻ സഹകരണ സൊസൈറ്റി ലിമിറ്റഡ് പ്രസിഡൻ്റ് ശ്രീമതി ഹലീമ കെ ചെറിയാടം; സ്വകാര്യ സംരംഭകരായ ശ്രീ അൽത്താഫ് മുനവ്വർ തൻവീർ, ശ്രീ നൂർ മുഹമ്മദ്, ശ്രീ അമീൻ ബിൻ മുഹമ്മദ് സി എൻ; ബോട്ട് ഉടമകളായ ശ്രീ സാദിഖ് എസ്, ശ്രീ നൗഷാദ് ഖാൻ നഷീദ മഹൽ, ശ്രീ ആഷിഖ്, ശ്രീ കിടാവ് കുഞ്ഞിഖദിയപ്പട; മത്സ്യത്തൊഴിലാളികളായ ശ്രീ അബൂബക്കർ ഉറിയോട, ശ്രീ സബീഹ് മുബാറക് എന്നിവർ ആനുകൂല്യങ്ങൾ ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു.
ലക്ഷദ്വീപിലെ മത്സ്യബന്ധന സമൂഹങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുക, കടലിലെ സുരക്ഷ മെച്ചപ്പെടുത്തുക, മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കുക, വിപണി ലഭ്യത വിപുലീകരിക്കുക എന്നിവയ്ക്കായി ഒരു സമഗ്ര കർമ്മരേഖ തയ്യാറാക്കുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ പ്രതിജ്ഞാബദ്ധതയെയാണ് ഈ ജനസമ്പർക്ക പരിപാടി പ്രതിഫലിപ്പിക്കുന്നത് എന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പ്രസ്താവിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നീല വിപ്ലവം, FIDF, PMMSY, PMMKSSY എന്നിവയുൾപ്പെടെ നടപ്പിലാക്കിയ പരിവർത്തനപരമായ സംരംഭങ്ങൾ മത്സ്യബന്ധന മേഖലയുടെ വളർച്ച ഗണ്യമായി ത്വരിതപ്പെടുത്തിയതായി അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ മത്സ്യ ഉൽപ്പാദനം 2013-14 ലെ 95.7 ലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 197.75 ലക്ഷം ടണ്ണായി ഉയർന്നുവെന്നും, വ്യാപാര വെല്ലുവിളികൾക്കിടയിലും കടൽവിഭവ കയറ്റുമതി 2025-26 ൽ സർവകാല ഉയർന്ന റെക്കോർഡായ 73,890 കോടി രൂപയിലെത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ഉയർന്ന മൂല്യമുള്ള ട്യൂണ വിഭവങ്ങളുടെ വമ്പിച്ച സാധ്യത എടുത്തുപറഞ്ഞ അദ്ദേഹം, മത്സ്യത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ, FPO-കൾ, വനിതാ സംരംഭങ്ങൾ എന്നിവർക്ക് പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ദ്വീപ് വിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. കൂടാതെ, പ്രത്യേക സാമ്പത്തിക മേഖലയിലെ സുസ്ഥിര മത്സ്യബന്ധന ചട്ടങ്ങൾ 2025, ഉൾക്കടലുകളിലെ സുസ്ഥിര മത്സ്യബന്ധന മാർഗ്ഗനിർദ്ദേശങ്ങൾ 2025 എന്നിവയുൾപ്പെടെയുള്ള ഗവണ്മെൻ്റിൻ്റെ നയപരമായ തീരുമാനങ്ങൾ ഉത്തരവാദിത്വ പൂർവമായ ആഴക്കടൽ മത്സ്യബന്ധന വികസനത്തിന് വഴിയൊരുക്കുന്നുവെന്നും, ഇതിൻ്റെ ഭാഗമായി ആക്സസ് പാസും ഓതറൈസേഷൻ കത്തും പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ നീല സമ്പദ് വ്യവസ്ഥയിൽ ലക്ഷദ്വീപിനുള്ള തന്ത്രപ്രധാനമായ പ്രാധാന്യം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ എടുത്തുപറഞ്ഞു. കരഭൂമിയുടെ വിസ്തൃതി ചെറുതാണെങ്കിലും ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഏകദേശം 17% ലക്ഷദ്വീപിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയറ്റുമതി മത്സരശേഷിയും മത്സ്യത്തൊഴിലാളികളുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സുസ്ഥിരതാ സർട്ടിഫിക്കേഷൻ നേടുന്നതിനും ആഗോളതലത്തിൽ "ലക്ഷദ്വീപ് സുസ്ഥിര ട്യൂണ" ബ്രാൻഡ് വികസിപ്പിക്കുന്നതിനും ഗവണ്മെൻ്റ് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിനെ കടൽപ്പായൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ICAR-CMFRI യുമായി സഹകരിച്ച് ഒരു സീവീഡ് ബാങ്ക് അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്ത്രീകൾ, യുവാക്കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഏകദേശം 2 കോടി രൂപയുടെ നിക്ഷേപത്തോടെ 575 സീവീഡ് കൃഷി യൂണിറ്റുകൾ പ്രോത്സാഹിപ്പിച്ചു വരുന്നു. അലങ്കാര മത്സ്യബന്ധനത്തിൻ്റെ സാധ്യതകൾ എടുത്തുപറഞ്ഞ അദ്ദേഹം, ലക്ഷദ്വീപിൽ 300-ലധികം അലങ്കാര മത്സ്യ ഇനങ്ങൾ ഉണ്ടെന്നും അഗത്തിയിൽ ഒരു അലങ്കാര മത്സ്യ ഹാച്ചറി സ്ഥാപിച്ചിട്ടുണ്ടെന്നും PMMSY പ്രകാരം മൂന്ന് മത്സ്യ വളർത്തൽ യൂണിറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും പ്രസ്താവിച്ചു. കൂടാതെ, മത്സ്യബന്ധന അധിഷ്ഠിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ദ്വീപ് സമൂഹങ്ങൾക്ക് കൂടുതൽ വരുമാന അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി PMMSY പ്രകാരം 19 വിനോദ മത്സ്യബന്ധന യൂണിറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയൂ അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ ഖോഡാ പട്ടേൽ, ദ്വീപുകളിലെ ഇനിയും പ്രയോജനപ്പെടുത്താത്ത മത്സ്യബന്ധന സാധ്യതകൾ എടുത്തുപറഞ്ഞു. പ്രധാനമായും ഉയർന്ന മൂല്യമുള്ള യെല്ലോഫിൻ, സ്കിപ്പ്ജാക്ക് ട്യൂണ എന്നിവയുൾപ്പെടെ പ്രതിവർഷം ഏകദേശം ഒരു ലക്ഷം മെട്രിക് ടൺ മത്സ്യബന്ധനത്തിന് സാധ്യത കണക്കാക്കിയിട്ടുണ്ടെങ്കിലും നിലവിലെ മത്സ്യ ബന്ധനം കേവലം 15,000 മെട്രിക് ടൺ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്യൂണ മത്സ്യബന്ധനം, ആഴക്കടൽ മത്സ്യബന്ധനം, കടൽപ്പായൽ കൃഷി, മത്സ്യ സംസ്കരണം എന്നിവയിലെ കൃത്യമായ ഇടപെടലുകളിലൂടെ ഈ വിടവ് നികത്താൻ ഗവണ്മെൻ്റ് കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര ഗവണ്മെൻ്റിൻ്റെ സഹായത്തോടെ, ഓരോന്നിനും ഏകദേശം 1.2 കോടി രൂപ ചെലവ് വരുന്ന 16 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ പൂർണ്ണ സാമ്പത്തിക സഹായത്തോടെ മത്സ്യത്തൊഴിലാളികൾക്കായി അനുവദിച്ചിട്ടുണ്ടെന്നും അവയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ദ്വീപുകളിലുടനീളമുള്ള കടൽപ്പായൽ കൃഷിയുടെ വലിയ സാധ്യതകൾ എടുത്തുപറഞ്ഞ അഡ്മിനിസ്ട്രേറ്റർ, മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ, മൂല്യവർദ്ധന, സംസ്‌കരണം എന്നിവയിലെ പുതിയ സംരംഭങ്ങളും വരാനിരിക്കുന്ന ലക്ഷദ്വീപ് മത്സ്യബന്ധന നയവും വലിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവിച്ചു. വരും വർഷങ്ങളിൽ മത്സ്യബന്ധന അധിഷ്ഠിത നീല സമ്പദ് വ്യവസ്ഥയുടെ വികസനത്തിൽ ലക്ഷദ്വീപ് ഒരു മാതൃകാ പ്രദേശമായി ഉയർന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ മത്സ്യബന്ധന, അക്വാകൾച്ചർ രംഗത്ത് ലക്ഷദ്വീപിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ടെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി എടുത്തുപറഞ്ഞു. ലക്ഷദ്വീപും ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപ സമൂഹങ്ങളും ചേർന്ന് രാജ്യത്തിൻ്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ അൻപത് ശതമാനത്തോളമാണ് സംഭാവന ചെയ്യുന്നത്. ദ്വീപുകൾക്ക് ചുറ്റുമുള്ള സമ്പന്നമായ സമുദ്രമേഖല ട്യൂണ മത്സ്യബന്ധനം, ആഴക്കടൽ മത്സ്യബന്ധനം, മാരികൾച്ചർ, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം എന്നിവയ്ക്ക് വൻ അവസരങ്ങളാണ് നൽകുന്നത്. പ്രത്യേക സാമ്പത്തിക മേഖലയിലെ ചട്ടങ്ങൾ 2025, ഉൾക്കടലുകളിലെ സുസ്ഥിര മത്സ്യബന്ധന മാർഗ്ഗനിർദ്ദേശങ്ങൾ 2025 എന്നിവയിലൂടെ സുസ്ഥിര ആഴക്കടൽ മത്സ്യബന്ധനത്തിന് ഗവണ്മെൻ്റ് അനുകൂലമായ ഒരു ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ടെന്നും, ഒപ്പം PMMSY പ്രകാരം വൻ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സീവീഡ് ബാങ്ക് സ്ഥാപിക്കുന്നതും ലക്ഷദ്വീപിനെ സീവീഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കുന്നതും പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും നീല സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നൽകുകയും ചെയ്യുമെന്നും; മത്സ്യത്തൊഴിലാളികളുടെ വരുമാനം, കഴിവുകൾ, സുരക്ഷ, വിപണി ലഭ്യത, ആധുനിക സാങ്കേതികവിദ്യകളുടെ സ്വീകാര്യത എന്നിവ വർദ്ധിപ്പിക്കുന്നതിൽ നിരന്തരം ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്യൂണ, ട്യൂണ സമാന ഇനങ്ങൾ, കടൽപ്പായൽ, അലങ്കാര മത്സ്യങ്ങൾ, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ ദ്വീപ് സമൂഹങ്ങളെ പ്രാപ്തരാക്കുന്നതിനായി ധനകാര്യ, സാങ്കേതിക, ശേഷി വികസന പിന്തുണകളിലൂടെ മത്സ്യ കർഷക ഉത്പാദന സംഘടനകളെയും (FFPOs) ഫിഷറീസ് സഹകരണ സംഘങ്ങളെയും ഗവണ്മെൻ്റ് ശക്തിപ്പെടുത്തി വരുന്നു. മത്സ്യത്തൊഴിലാളികൾക്കും മറ്റ് ഫിഷറീസ് പങ്കാളികൾക്കും ഉൽപ്പന്നങ്ങളുടെ സമാഹരണം, മൂല്യവർദ്ധന, വിപണി ലഭ്യത, വരുമാന അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്താനാണ് ഈ ഇടപെടലുകൾ ലക്ഷ്യമിടുന്നത്.
പശ്ചാത്തലം
ഏകദേശം 11,099 കിലോമീറ്റർ നീളമുള്ള തീരദേശവും ഏകദേശം 24 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന സവിശേഷ സാമ്പത്തിക മേഖലയുമായി വിശാലവും വൈവിധ്യപൂർണ്ണവുമായ സമുദ്രവിഭവ സമ്പത്തിനാൽ ഇന്ത്യ അനുഗ്രഹീതമാണ്. ഇന്ത്യയുടെ ഇ.ഇ.ഇസെഡിനുള്ളിലെ സമുദ്ര മത്സ്യബന്ധന സാധ്യത 58.6 ലക്ഷം മെട്രിക് ടണ്ണായി കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 50 ലക്ഷം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പിന്തുണയ്ക്കുകയും ഭക്ഷ്യസുരക്ഷ, പോഷകാഹാരം, തൊഴിൽ, വരുമാന ഉൽപ്പാദനം, കയറ്റുമതി വരുമാനം എന്നിവയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. നിലവിൽ ലോകത്തിലെ മുൻനിര ഫിഷറീസ്, അക്വാകൾച്ചർ ഉൽപ്പാദന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 73,890 കോടി രൂപയുടെ കടൽ വിഭവങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
മിക്ക മത്സ്യബന്ധന പ്രവർത്തനങ്ങളും തീരത്തുനിന്ന് 40–50 നോട്ടിക്കൽ മൈലിനുള്ളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, ആഴക്കടലുകളും ദേശീയ അധികാരപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളും ഉയർന്ന മൂല്യമുള്ള വർഗ്ഗങ്ങളെ, പ്രത്യേകിച്ച് ട്യൂണ, ട്യൂണ വർഗ വിഭവങ്ങളെ ശേഖരിക്കുന്നതിന് വലിയ അവസരങ്ങൾ നൽകുന്നു. സുസ്ഥിര സമുദ്ര മത്സ്യബന്ധനത്തിൻ്റെ തന്ത്രപ്രധാന പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യൻ പതാകവാഹക മത്സ്യബന്ധന യാനങ്ങൾ വഴി ഉൾക്കടലുകളിൽ സുസ്ഥിര മത്സ്യബന്ധനം നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2025 ഉൾപ്പെടെ, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നും ഉൾക്കടലുകളിൽ നിന്നും സുസ്ഥിരമായി മത്സ്യബന്ധനം നടത്തുന്നതിനുള്ള അനുകൂല ചട്ടക്കൂട് കേന്ദ്ര ഗവണ്മെൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷദ്വീപിൻ്റെ സമുദ്ര, ഫിഷറീസ് മേഖലയുടെ നട്ടെല്ലായി വർത്തിക്കുന്ന യെല്ലോഫിൻ ട്യൂണ, സ്കിപ്പ്ജാക്ക് ട്യൂണ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ട്യൂണ ഇനങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നമായ സമുദ്ര മത്സ്യവിഭവങ്ങളാൽ ദ്വീപ് അനുഗ്രഹീതമാണ്. വിശാലവും ഉൽപ്പാദനക്ഷമവുമായ സമുദ്ര ആവാസവ്യവസ്ഥയുടെ പിന്തുണയോടെ, വാണിജ്യ പ്രാധാന്യമുള്ള ഈ ഇനങ്ങൾ സുസ്ഥിരമായ രീതിയിൽ മത്സ്യബന്ധനം, മൂല്യവർദ്ധന, കയറ്റുമതി, ഉപജീവന ഉൽപ്പാദനം എന്നിവയ്ക്ക് വലിയ അവസരങ്ങൾ നൽകുന്നു. ഇത് ട്യൂണ അധിഷ്ഠിത മത്സ്യബന്ധനത്തിൻ്റെയും നീല സമ്പദ് വ്യവസ്ഥയുടെ വികസനത്തിൻ്റെയും പ്രധാന കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റുന്നു.
***
( റിലീസ് ഐ.ഡി: 2305137)
സന്ദര്‍ശക കൗണ്ടര്‍ : 8