ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു


കേരളകൗമുദിയുടെ 115 വർഷങ്ങൾ വിശ്വസ്തതയുടെയും ധൈര്യത്തിന്റെയും കരുത്തുറ്റ ആശയങ്ങളുടെയും തെളിവ്: ഉപരാഷ്ട്രപതി

നിർമിത ബുദ്ധി (എ.ഐ) യുഗത്തിൽ വിശ്വസനീയവും ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവർത്തനം വേണമെന്ന് ഉപരാഷ്ട്രപതി

മാധ്യമപ്രവർത്തനം പൗരന്മാരെ വിവരങ്ങൾ അറിയിക്കുന്നതും പ്രചോദിപ്പിക്കുന്നതും ശാക്തീകരിക്കുന്നതുമായിരിക്കണം: ഉപരാഷ്ട്രപതി

ജനവിശ്വാസമാണ് ഒരു പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്: ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 30 AUG 2026 12:45PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ആലപ്പുഴയിൽ നടന്ന കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു. കേരളകൗമുദിയുടെ 115 വർഷത്തെ പ്രയാണം വിശ്വസ്തതയുടെയും ധൈര്യത്തിന്റെയും ആശയങ്ങളുടെ നിലനിൽക്കുന്ന കരുത്തിന്റെയും തെളിവാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

1911-ൽ ശ്രീ സി. വി. കുഞ്ഞിരാമൻ തുടക്കമിട്ട കേരളകൗമുദിയുടെ പാരമ്പര്യം ഓർമ്മിപ്പിച്ച ഉപരാഷ്ട്രപതി, സാമൂഹിക ഉണർവിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമുയർത്തുന്നതിനും പത്രം നിർണായക സംഭാവന നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റിയതിൽ കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, 2026 ഓഗസ്റ്റ് 12-ന് ബിൽ പാസാക്കുമ്പോൾ താനായിരുന്നു രാജ്യസഭയുടെ അധ്യക്ഷത വഹിച്ചിരുന്നതെന്ന് അനുസ്മരിച്ചു. ഒരു ചരിത്രപരമായ തെറ്റ് തിരുത്തിയതിന്റെ സന്തോഷമാണ് അംഗങ്ങളിൽ നിഴലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആദിശങ്കരാചാര്യരുടെ അദ്വൈത സന്ദേശം, ശ്രീനാരായണഗുരുവിന്റെ സമത്വ സന്ദേശം, മന്നത്ത് പത്മനാഭന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ എന്നിവ ഭാരതത്തിന് കേരളം നൽകിയ മികച്ച സംഭാവനകളിൽ ഉൾപ്പെടുന്നുവെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മാധ്യമപ്രവർത്തനം അച്ചടിയിൽ നിന്ന് ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സാമൂഹിക മാധ്യമങ്ങൾ, നിർമിത ബുദ്ധി (എഐ) എന്നിവയിലേക്ക് മാറിയെങ്കിലും വിശ്വസനീയമായ വിവരങ്ങളും മാധ്യമ ധാർമ്മികതയും പ്രധാനമായി നിലനിൽക്കുന്നുവെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. കൃത്യത, നിഷ്പക്ഷത, സ്വാതന്ത്ര്യം, ഉത്തരവാദിത്തം എന്നിവയിലൂടെ നേടിയെടുക്കുന്ന ജനവിശ്വാസമാണ് ഒരു പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിയാത്മകമായ മാധ്യമപ്രവർത്തനത്തിന് ആഹ്വാനം ചെയ്ത ശ്രീ സി. പി. രാധാകൃഷ്ണൻ, നവീനാശയങ്ങൾ, ശാസ്ത്ര നേട്ടങ്ങൾ, കാരുണ്യപ്രവർത്തനങ്ങൾ, സാമൂഹിക സേവനം, പോസിറ്റീവായ സാമൂഹിക മാറ്റങ്ങൾ എന്നിവയ്ക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്ന് അഭ്യർത്ഥിച്ചു. അതുവഴി സമൂഹത്തെ ബോധവൽക്കരിക്കാനും രാഷ്ട്രനിർമ്മാണത്തിനായി പൗരന്മാരെ പ്രചോദിപ്പിക്കാനും സാധിക്കും.

വികസനവും പരിസ്ഥിതി പ്രശ്നങ്ങളും തമ്മിൽ സന്തുലിതമായ സമീപനം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയോ വികസനത്തെ എതിർക്കുകയോ ചെയ്യുന്നതിന് പകരം പ്രായോഗിക പരിഹാരങ്ങളിലൂടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഊന്നിപ്പറഞ്ഞു. നദികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സമയബന്ധിതവും അനുയോജ്യവുമായ നടപടികളിലൂടെ അവയുടെ ആഴവും ആരോഗ്യവും സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞു.

സത്യം, വിശ്വസനീയത, ജനവിശ്വാസം എന്നിവ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളായി ഉയർത്തിപ്പിടിക്കാനും മലയാള മാധ്യമരംഗത്തെ ശക്തമായ ശബ്ദമായി തുടരാനും കേരളകൗമുദിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ കേരളകൗമുദി എക്‌സലൻസ് അവാർഡുകളും ഉപരാഷ്ട്രപതി വിതരണം ചെയ്തു.

കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോൺ, ആലപ്പുഴ എം.എൽ.എ ശ്രീ എ. ഡി. തോമസ്, ചാത്തന്നൂർ എം.എൽ.എ ശ്രീ ബി. ബി. ഗോപകുമാർ, കേരളകൗമുദി ചീഫ് എഡിറ്റർ ശ്രീ ദീപു രവി, ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ എന്നിവർ പങ്കെടുത്തു.

-SK-

( റിലീസ് ഐ.ഡി: 2304652) സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil