മുൻ കർണാടക മുഖ്യമന്ത്രിയും പ്രഗത്ഭ രാജ്യതന്ത്രജ്ഞനുമായ ശ്രീ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ വിധാൻ സൗധയിൽ ഉപരാഷ്ട്രപതി ശ്രീ സി. പി രാധാകൃഷ്ണൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാനായ രാജ്യതന്ത്രജ്ഞനും ദേശീയവാദിയും മികച്ച നേതാക്കളെ വാർത്തെടുത്ത വ്യക്തിയുമായിരുന്ന ശ്രീ ഹെഗ്‌ഡെയുടെ കാലത്ത് കർണാടക മികച്ച ഭരണ മാതൃക സൃഷ്ടിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിച്ച ഉപരാഷ്ട്രപതി കർണാടക ജില്ലാ പരിഷത്ത്, താലൂക്ക് പഞ്ചായത്ത് സമിതികൾ, മണ്ഡൽ പഞ്ചായത്തുകൾ, ന്യായ പഞ്ചായത്തുകൾ എന്നിവ സംബന്ധിച്ച 1985-ലെ നിയമം ഭരണനിർവഹണം കൂടുതൽ ജനങ്ങളിലേക്കെത്തിച്ചതായി ചൂണ്ടിക്കാട്ടി. പിന്നീട് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകിയ 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാട് കൂടുതൽ ശക്തിപ്പെട്ടുവെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ശ്രീ ഹെഗ്‌ഡെയുമായുള്ള വ്യക്തിപരമായ ഓർമകൾ പങ്കുവെച്ച ശ്രീ സി. പി രാധാകൃഷ്ണൻ പണത്തെക്കുറിച്ച് അദ്ദേഹം നൽകിയ ലളിതമായ നിർവചനം ഓര്‍ത്തെടുത്തു: "നല്ല വീട്, നല്ല ആരോഗ്യം, നല്ല വിദ്യാഭ്യാസം, ഒരു നല്ല വാഹനം എന്നിവ ഉൾപ്പെടുന്ന സുഖകരമായ ജീവിതം... ഇതിലപ്പുറം പണത്തിന് എന്താണ് പ്രസക്തി?" എന്ന അദ്ദേഹത്തിന്റെ ചോദ്യം ജീവിതത്തോടുള്ള ലളിതമായ കാഴ്ചപ്പാടും ദർശനവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഉത്തരവാദിത്തപൂര്‍ണ ഭരണത്തിന് ശ്രീ ഹെഗ്‌ഡെ നൽകിയ പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി കർണാടകയിലെ ലോകായുക്ത ശാക്തീകരണം അനുസ്മരിക്കുകയും പൊതുപദവികൾ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കരുത്തുറ്റ സംസ്ഥാനങ്ങൾ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും കരുത്തുറ്റ തദ്ദേശ ഭരണകൂടങ്ങൾ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും ശാക്തീകരിക്കപ്പെട്ട പൗരന്മാർ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് കരുത്തേകുമെന്നും ശ്രീ ഹെഗ്‌ഡെ വിശ്വാസം പുലര്‍ത്തിയിരുന്നതായും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
സ്ഥാപനങ്ങളെയും നേതാക്കളെയും വാർത്തെടുത്ത വ്യക്തിയാണ് ശ്രീ ഹെഗ്‌ഡെയെന്ന് വിശേഷിപ്പിച്ച ശ്രീ സി. പി രാധാകൃഷ്ണൻ ഇപ്രകാരം പറഞ്ഞു: "മഹാൻമാരായ നേതാക്കൾക്ക് ഒരു നിമിഷത്തെ മാറ്റിമറിക്കാനാവും; എന്നാൽ മഹത്തായ സ്ഥാപനങ്ങളെ പടുത്തുയർത്തുന്നവർ തലമുറകളെ തന്നെ മാറ്റിമറിക്കും." ശ്രീ ഹെഗ്‌ഡെയുടെ സത്യസന്ധത, ധൈര്യം, പൊതുസേവന പ്രതിബദ്ധത എന്നിവ മാതൃകയാക്കാനും 'രാഷ്ട്രം പ്രഥമം' എന്ന ആശയം ഉയർത്തിപ്പിടിക്കാനും യുവതലമുറയോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെയാകും അദ്ദേഹത്തിന്റെ സ്മരണകൾക്ക് നൽകാനാവുന്ന ഏറ്റവും അർത്ഥവത്തായ ആദരവെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ശ്രീ ഡി. കെ ശിവകുമാർ, മുൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി, മുൻ മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ എന്നിവരുൾപ്പെടെ പ്രമുഖരും ശ്രീ ഹെഗ്‌ഡെയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
****