ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

എക്സ്-മിൽ പഞ്ചസാര വിലയിൽ ഏകദേശം 20% ഇടിവ്; ചില്ലറവിൽപ്പന വിലയിലും കുറവ് രേഖപ്പെടുത്തി

വിപണിയിൽ പഞ്ചസാര ലഭ്യത വർധിപ്പിക്കുന്നതിനും വേഗത്തിലുള്ള നീക്കം ഉറപ്പാക്കുന്നതിനും നടപടികളുമായി ഗവണ്മെൻ്റ്

പോസ്റ്റഡ് ഓണ്‍: 28 AUG 2026 3:03PM by PIB Thiruvananthpuram
ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമമായി വിതരണം കുറയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി നിരവധി മുൻകരുതൽ നടപടികൾ ഗവണ്മെൻ്റ്  സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മില്ലുകളിൽനിന്ന് വിൽക്കുന്ന പഞ്ചസാരയുടെ വിലയിൽ (Ex-Mill Price) ഏകദേശം 20 ശതമാനം കുറവുണ്ടായിട്ടുണ്ട്. ചില്ലറവിൽപ്പന വിലയും കുറയാൻ തുടങ്ങി. വിതരണശൃംഖലയിലുണ്ടാകുന്ന മാറ്റങ്ങളുടെ സ്വാഭാവിക പ്രതിഫലനമെന്നോണം, എക്‌സ്-മിൽ വിലയിലെ ഇടിവിന് അനുസരിച്ച് ചില്ലറ വിലയും ഉടൻ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തുടനീളമുള്ള പഞ്ചസാരയുടെ വില, ശേഖരം, വിതരണം എന്നിവ ഗവണ്മെൻ്റ്    സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതിയായ ലഭ്യതയുടെ പ്രയോജനം ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിരവധി മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ശേഖരം ഉണ്ടെങ്കിലും, സമീപകാലത്തുണ്ടായ കനത്ത വിലവർധന പ്രധാനമായും പൂഴ്ത്തിവയ്പ്പും ഊഹാപോഹങ്ങളും മൂലമായിരുന്നു എന്നാണ് എക്സ്-മിൽ, ച‌ില്ലറവിൽപ്പന വിലകളിലെ ഈ കുറവ് വ്യക്തമാക്കുന്നത്.

നേരിട്ടുള്ള പരിശോധനയിൽ രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ശേഖരമുള്ളതായി സ്ഥിരീകരിച്ചു

പഞ്ചസാര മില്ലുകളിലെ ശേഖരം നേരിട്ട് പരിശോധിക്കുന്നതിനായി രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ, രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെന്ന് വീണ്ടും സ്ഥിരീകരിച്ചു. പല മില്ലുകളിലും ഗവണ്മെൻ്റിനു സമർപ്പിച്ച പ്രതിമാസ കണക്കുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ പഞ്ചസാര ശേഖരിച്ചിരിക്കുന്നതായി കണ്ടെത്തി. രാജ്യത്ത് പഞ്ചസാരയ്ക്ക് ക്ഷാമമില്ലെന്നും അതിനാൽ പരിഭ്രാന്തരായി പഞ്ചസാര വാങ്ങുകയോ അമിതമായി ശേഖരിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും പരിശോധന വ്യക്തമാക്കുന്നു. ചില പഞ്ചസാര മില്ലുകൾ ‘ഷോർട്ട് സെല്ലിങ്’ (Short Selling) നടത്തുന്നതായും കണ്ടെത്തി. അതായത്, പ്രതിമാസ ക്വാട്ട പ്രകാരം അനുവദിച്ചിട്ടുള്ള അളവിനേക്കാൾ കുറവ് പഞ്ചസാര മാത്രമാണ് ചില മില്ലുകൾ വിപണിയിൽ വിൽക്കുന്നത്. ആവശ്യത്തിന് പഞ്ചസാര ശേഖരമുണ്ടായിട്ടും ഇത്തരം രീതികൾ വിപണിയിലെ പഞ്ചസാരയുടെ ലഭ്യത അനാവശ്യമായി കുറയ്ക്കാൻ ഇടയാക്കുന്നു.

സെപ്റ്റംബർ മുതൽ ദ്വൈവാര അടിസ്ഥാനത്തിലുള്ള പഞ്ചസാര ക്വാട്ട സംവിധാനം

ചില സന്ദർഭങ്ങളിൽ മാസത്തിൻ്റെ  തുടക്കത്തിൽ മില്ലുകൾ വിൽക്കുന്ന പഞ്ചസാര വാങ്ങുന്നവർ മാസാവസാനത്തോടെയാണ് വിതരണം ചെയ്യുകയോ ഏറ്റുവാങ്ങുകയോ ചെയ്യുന്നതെന്ന് ഗവണ്മെൻ്റ്    കണ്ടെത്തി. ഈ രീതി വിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഞ്ചസാര സമയബന്ധിതമായി വിപണിയിലെത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി, നിലവിലുള്ള പ്രതിമാസ ക്വാട്ട സംവിധാനത്തിന് പകരം സെപ്റ്റംബർ മുതൽ രണ്ടാഴ്ച അടിസ്ഥാനത്തിലുള്ള പഞ്ചസാര ക്വാട്ട സംവിധാനം നടപ്പാക്കാൻ ഗവണ്മെൻ്റ്    തീരുമാനിച്ചു. പുതിയ ദ്വൈവാര ക്വാട്ട പ്രകാരം, മില്ലുകൾക്ക് അനുവദിച്ചിട്ടുള്ള പഞ്ചസാരയുടെ കുറഞ്ഞത് 40 ശതമാനം ആദ്യ ആഴ്ചയിൽ വിൽക്കണം. ബാക്കി തൊട്ടടുത്ത ആഴ്ചയിലും മില്ലുകൾ വിറ്റഴിക്കണം.

ദ്വൈവാര അടിസ്ഥാനത്തിലുള്ള ക്വാട്ട സംവിധാനം ഇനി പറയുന്ന കാര്യങ്ങളിൽ ഗവണ്മെൻ്റിനു സഹായകമാകും

  • ആവശ്യകതയും വിതരണവും സൂക്ഷ്മമായി നിരീക്ഷിക്കൽ
  • വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കൽ
  • പഞ്ചസാരയുടെ വിതരണം കൃത്രിമമായി നിയന്ത്രിക്കുന്ന സാഹചര്യം തടയൽ
  • വിപണിയിൽ ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനായി ആവശ്യമുള്ളപ്പോഴെല്ലാം അധിക ക്വാട്ട അനുവദിക്കൽ

ഈ ഇളവുകളുള്ള സംവിധാനത്തിലൂടെ, രാജ്യത്തെ യഥാർഥ ആഭ്യന്തര ആവശ്യകതയ്ക്ക് അനുസൃതമായി പഞ്ചസാരയുടെ വിതരണം ക്രമീകരിക്കാനാകും.

വിൽപ്പന നടത്തി ഏഴ് ദിവസത്തിനകം പഞ്ചസാര അയയ്ക്കണം

വിൽപ്പന നടത്തിയ പഞ്ചസാര ഏഴ് ദിവസത്തിനകം മില്ലിൽ നിന്ന് വിതരണം ചെയ്യണമെന്ന് പഞ്ചസാര മില്ലുകൾക്ക് നേരത്തെ തന്നെ ഗവണ്മെൻ്റ്    നിർദേശം നൽകിയിട്ടുണ്ട്. ദ്വൈവാര അടിസ്ഥാനത്തിലുള്ള ക്വാട്ട സംവിധാനവും വിൽപ്പനയ്ക്ക് ശേഷം ഏഴ് ദിവസത്തിനകം നിർബന്ധമായും പഞ്ചസാര അയയ്ക്കണമെന്ന വ്യവസ്ഥയും, വിതരണശൃംഖലയിലൂടെയുള്ള പഞ്ചസാരയുടെ നീക്കം കൂടുതൽ കാര്യക്ഷമമാക്കും. ഇതുവഴി മില്ലുകളിൽ നിന്ന് പഞ്ചസാര വ്യാപാരികളിലേക്കും തുടർന്ന് ഉപഭോക്താക്കളിലേക്കും വേഗത്തിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനാകും. അതോടൊപ്പം, പഞ്ചസാര അനാവശ്യമായി ശേഖരിച്ചുവയ്ക്കുന്നതും വിലവർധന പ്രതീക്ഷിച്ച് അമിതമായി സ്റ്റോക്ക് സൂക്ഷിക്കുന്നതും തടയാനും ഇത് സഹായിക്കും. പഞ്ചസാര വൻതോതിൽ ഉപയോഗിക്കുന്നവരും അവരുടെ പ്രവർത്തന ആവശ്യങ്ങൾക്കപ്പുറം ശേഖരിച്ചുവയ്ക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

പുതിയ പഞ്ചസാര സീസൺ ലഭ്യത കൂടുതൽ വർധിപ്പിക്കും

പുതിയ പഞ്ചസാര സീസണിലേക്കുള്ള കരിമ്പ് അരയ്ക്കൽ ഒക്ടോബർ 15-ന് ആരംഭിക്കും. ഒക്ടോബർ മാസത്തിൽ 10 ലക്ഷം മെട്രിക് ടണ്ണിലധികം പഞ്ചസാര ഉൽപ്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറിൽ ഉൽപ്പാദിപ്പിക്കുന്ന പഞ്ചസാരയ്ക്ക് നിയന്ത്രണമില്ലാതെ വിൽപ്പന നടത്താൻ പഞ്ചസാര മില്ലുകൾക്ക് ഗവണ്മെൻ്റ്    അനുമതി നൽകിയിട്ടുണ്ട്. ഇതുവഴി പുതിയ സീസണിലെ പഞ്ചസാര എത്രയും വേഗം ആഭ്യന്തര വിപണിയിൽ ലഭ്യമാക്കാൻ കഴിയും. നവംബർ മാസത്തിൽ ഏകദേശം 45 ലക്ഷം മെട്രിക് ടൺ (LMT) പഞ്ചസാര ഉൽപ്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഭ്യന്തര ഉപഭോഗത്തിനായി വലിയ അളവിൽ അധിക പഞ്ചസാര ലഭ്യമാക്കും.

ഉപഭോക്താക്കൾക്ക് ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെന്ന് ഗവണ്മെൻ്റിൻ്റെ   ഉറപ്പ്

രാജ്യത്ത് പഞ്ചസാരയ്ക്ക് ക്ഷാമമില്ലെന്ന് ഗവണ്മെൻ്റ്    വീണ്ടും ഉപഭോക്താക്കളെ അറിയിച്ചു. രാജ്യത്തുടനീളം, പ്രത്യേകിച്ച് വരാനിരിക്കുന്ന ഉത്സവ സീസണിൽ, ന്യായമായ വിലയിൽ പഞ്ചസാരയുടെ മതിയായതും തടസ്സമില്ലാത്തതുമായ ലഭ്യത ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗവണ്മെൻ്റ്    വ്യക്തമാക്കി.

പ്രസക്ത വിവരങ്ങൾ

  • എക്‌സ്-മിൽ പഞ്ചസാര വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 20 ശതമാനം കുറവുണ്ടായി. ചില്ലറവിൽപ്പന വിലയിലും ഇന്നലെ മുതൽ കുറവ് രേഖപ്പെടുത്തി. എക്‌സ്-മിൽ വിലയിലെ ഇടിവിന് പിന്നാലെ ചില്ലറ വിലയിലും ഉടൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഗവണ്മെൻ്റ്    നടത്തിയ പഞ്ചസാര ശേഖരത്തിൻ്റെ  ഭൗതിക പരിശോധനയിൽ, രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെന്ന് സ്ഥിരീകരിച്ചു. പല പഞ്ചസാര മില്ലുകളിലും പ്രതിമാസ കണക്കുകളിൽ കാണിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ശേഖരം കണ്ടെത്തി.
  • നിലവിലുള്ള പ്രതിമാസ പഞ്ചസാര ക്വാട്ട സംവിധാനത്തിന് പകരം സെപ്റ്റംബർ മുതൽ പ്രതിവാര ക്വാട്ട സംവിധാനം നടപ്പാക്കും. ഇതുവഴി വിപണിയിലെ സ്ഥിതിഗതികൾ ഏകദേശം തത്സമയം നിരീക്ഷിക്കാനും ആവശ്യമായപ്പോൾ അധിക ക്വോട്ട അനുവദിക്കാനും ഗവണ്മെൻ്റിനു കഴിയും.
  • മില്ലുകൾ വിൽക്കുന്ന പഞ്ചസാര ഏഴ് ദിവസത്തിനകം നിർബന്ധമായും വിതരണം ചെയ്യണം. ഇതുവഴി മില്ലുകളിൽ നിന്ന് വ്യാപാരികളിലേക്കും ആഭ്യന്തര വിപണിയിലേക്കും പഞ്ചസാര വേഗത്തിൽ എത്തിക്കുകയും അനാവശ്യമായി ശേഖരിച്ചുവയ്ക്കുന്നത് തടയുകയും ചെയ്യും.
  • കൂടുതൽ പഞ്ചസാര വിപണിയിലെത്തുന്നു: അഡ്വാൻസ് ഓതറൈസേഷൻ സ്കീമിന് കീഴിൽ കൊണ്ടുവന്ന പഞ്ചസാര സംസ്കരിച്ച് വിൽക്കാൻ ശുദ്ധീകരണശാലകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അധിക ശേഖരം കൈവശമുള്ള വ്യാപാരികളും വൻകിട ഉപഭോക്താക്കളും പഞ്ചസാര വിപണിയിൽ എത്തിക്കുന്നുണ്ട്.
  • മുൻകൂട്ടിയുള്ള കരിമ്പ് അരയ്ക്കലും പുതിയ സീസണിലെ ഉൽപ്പാദനവും പഞ്ചസാരയുടെ ലഭ്യത ഗണ്യമായി വർധിപ്പിക്കും: കർണാടകയിലും മഹാരാഷ്ട്രയിലും പ്രവർത്തിക്കുന്ന മില്ലുകൾ സെപ്റ്റംബറിൽ ഏകദേശം 2 ലക്ഷം മെട്രിക് ടൺ അധിക പഞ്ചസാര വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഒക്ടോബറിൽ 10 ലക്ഷം മെട്രിക് ടണ്ണിലധികവും, നവംബറിൽ ഏകദേശം 45 ലക്ഷം മെട്രിക് ടണ്ണും ഉൽപ്പാദിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
 
****
 

( റിലീസ് ഐ.ഡി: 2304355) സന്ദര്‍ശക കൗണ്ടര്‍ : 8