പരിസ്ഥിതി, വനം മന്ത്രാലയം
എണ്ണം തിട്ടപ്പെടുത്തല്‍, റേഡിയോ കോളര്‍ നിരീക്ഷണം, ജനിതക വിശകലനം എന്നിവയുള്‍പ്പെടെ ഹിമപ്പുലികളുടെ സംരക്ഷണത്തിൽ കൈവരിച്ച ശാസ്ത്രാധിഷ്ഠിത പുരോഗതി മോസ്കോ വട്ടമേശ യോഗത്തില്‍ വിശദീകരിച്ച് ഇന്ത്യ
പോസ്റ്റഡ് ഓണ്‍:
27 AUG 2026 12:10PM by PIB Thiruvananthpuram
റഷ്യയിലെ മോസ്കോയില്‍ റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ എ.എൻ. സെവർട്സോവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജി ആൻഡ് ഇവല്യൂഷനിൽ 2026 ഓഗസ്റ്റ് 26-ന് 'ഹിമപ്പുലി : പഠനവും സംരക്ഷണവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച റഷ്യൻ-ഇന്ത്യൻ വട്ടമേശ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. ഹിമപ്പുലി ഗവേഷണത്തിലും സംരക്ഷണത്തിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'ഇർബിസ്' അന്തര്‍മേഖലാ അസോസിയേഷനും ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസും തമ്മിൽ 2025 ഡിസംബറിൽ ഒപ്പുവെച്ച പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

ആധുനിക ശാസ്ത്രീയ മാർഗങ്ങളിലൂടെ ഹിമപ്പുലി സംരക്ഷണ രംഗത്ത് രാജ്യം കൈവരിച്ച പുരോഗതി കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം യോഗത്തിൽ വിശദീകരിച്ചു. ഹിമപ്പുലികളുടെ എണ്ണം തിട്ടപ്പെടുത്തൽ, റേഡിയോ കോളര്‍ നിരീക്ഷണം, ജനിതക വിശകലനം എന്നിവയിൽ കൈവരിച്ച മുന്നേറ്റങ്ങള്‍ വിശദീകരിച്ച വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശാസ്ത്രീയ ഉപാധികളുടെ വർധിച്ചുവരുന്ന പങ്ക് വ്യക്തമാക്കി.
റഷ്യൻ ഫെഡറേഷന്റെ പ്രകൃതിവിഭവ-പരിസ്ഥിതി മന്ത്രാലയം, റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ കീഴിലെ എ.എൻ. സെവർട്സോവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജി ആൻഡ് ഇവല്യൂഷൻ, മോസ്കോ മൃഗശാല, റോസ്പ്രിറോഡ്‌നാഡ്‌സോർ എന്നിവയുടെ പ്രതിനിധികളും ഹിമപ്പുലി ഗവേഷണ-സംരക്ഷണ മേഖലയിലെ വിദഗ്ധരും യോഗത്തിൽ സംബന്ധിച്ചു. ഹിമപ്പുലികളുടെ ശാസ്ത്രീയ പഠനത്തിനും സംരക്ഷണത്തിനും സംയുക്ത പ്രവർത്തന മാതൃകകൾ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച വിഷയാധിഷ്ഠിത ചർച്ചകളിൽ ഇന്ത്യൻ പ്രതിനിധി സംഘം സജീവമായി പങ്കെടുത്തു.
ഹിമപ്പുലികളുടെ ഗവേഷണം, നിരീക്ഷണം, സംരക്ഷണം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താനും അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കാനും ഇന്ത്യയ്ക്കും അന്താരാഷ്ട്ര പങ്കാളികൾക്കും ഈ വട്ടമേശ യോഗം മികച്ച വേദിയായി മാറി.
***
( റിലീസ് ഐ.ഡി: 2304054)
സന്ദര്‍ശക കൗണ്ടര്‍ : 11