രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രണ്ടാമത് ഇന്ത്യ-ന്യൂസിലാൻഡ് പ്രതിരോധ തന്ത്രപ്രധാന സംവാദം വെല്ലിംഗ്ടണിൽ നടന്നു

പോസ്റ്റഡ് ഓണ്‍: 25 AUG 2026 4:46PM by PIB Thiruvananthpuram
ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ രണ്ടാമത് പ്രതിരോധ തന്ത്രപ്രധാന സംവാദം 2026 ഓഗസ്റ്റ് 24-ന് വെല്ലിംഗ്ടണിൽ നടന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ അമിതാഭ് പ്രസാദ്, ന്യൂസിലാൻഡ് പ്രതിരോധ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ റിച്ചാർഡ് ഷ്മിറ്റ് എന്നിവരുടെ സംയുക്ത അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സമുദ്ര സുരക്ഷ, സംയുക്ത സൈനിക പരിശീലനം, സമഗ്ര പ്രതിരോധ സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
 
കഴിഞ്ഞ മാസം നടന്ന ഉച്ചകോടിതല യോഗത്തിൽ രൂപീകരിച്ച പൊതു ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ പുതുതായി വിപുലീകരിച്ച തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സമഗ്ര ചർച്ചകളിൽ ഇരു പ്രതിനിധി സംഘങ്ങളും പങ്കാളികളായി. 'ഇന്ത്യ-ന്യൂസിലാൻഡ് തന്ത്രപ്രധാന പങ്കാളിത്ത മാര്‍ഗരേഖ 2030'-ൽ പ്രതിപാദിച്ചിരിക്കുന്ന തന്ത്രപ്രധാന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിലാണ് പ്രധാന അജണ്ടകൾ ശ്രദ്ധകേന്ദ്രീകരിച്ചത്. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയോടുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു. സമുദ്ര, വ്യോമ, കരസേനാ വിഭാഗങ്ങളിലുടനീളം സംയുക്ത പരിശീലന അഭ്യാസങ്ങൾ, സേനകൾ തമ്മിലെ ഉദ്യോഗസ്ഥ കൈമാറ്റം, ഡിഫൻസ് സ്റ്റാഫ് കോളേജ് പങ്കാളിത്തം എന്നിവയിലൂടെ സൈനിക ബന്ധം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ പ്രതിനിധി സംഘങ്ങൾ വിശദമായി അവലോകനം ചെയ്തു.
 
സംവാദത്തിന് പുറമെ, ഇന്ത്യയിൽ നിന്നെത്തിയ പ്രതിനിധി സംഘം ന്യൂസിലാൻഡ് പ്രതിരോധ സേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും പ്രമുഖ ഉദ്യോഗസ്ഥരുമായി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. പ്രതിരോധ സേനാ ഉപമേധാവി, ന്യൂസിലാൻഡ് സംയുക്ത സേനാ കമാന്‍ഡര്‍, ഡെപ്യൂട്ടി സെക്രട്ടറി (കേപ്പബിലിറ്റി ഡെലിവറി) എന്നിവരുമായി പ്രതിനിധി സംഘം ഫലപ്രദമായ ചർച്ചകൾ നടത്തി. സംയുക്ത യുദ്ധോപകരണ സംഭരണ കാഴ്ചപ്പാടുകൾ ത്വരിതപ്പെടുത്തൽ, പ്രവർത്തന ചട്ടക്കൂടുകളുടെ ഏകോപനം, വരാനിരിക്കുന്ന പരിപാടികൾക്ക് തടസ്സമില്ലാത്ത ഏകോപനം ഉറപ്പാക്കൽ എന്നിവയിലാണ് കൂടിക്കാഴ്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
 
സ്ഥിരമായ ഉന്നതതല, മന്ത്രിതല കൈമാറ്റങ്ങളിലൂടെ ഈ മുന്നേറ്റം വേഗത്തിലാക്കാനുള്ള പരസ്പര ധാരണയോടെയാണ് യോഗം സമാപിച്ചത്. സംവാദത്തിലെ തീരുമാനങ്ങൾ പ്രതിരോധ-സുരക്ഷാ ഏകോപനത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്നും ഉഭയകക്ഷി ബന്ധത്തിന്റെ സുപ്രധാന സ്തംഭമായി മാറുമെന്നും ഇരുരാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു.
****

( റിലീസ് ഐ.ഡി: 2303337) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil